Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
50-മത് ഐഒഎസ്‌സിഒ വാര്‍ഷിക യോഗത്തിന് ഖത്തര്‍ വേദിയാകും

March 31, 2024

news_malayalam_50th_iocso_annual_meeting_in_qatar

March 31, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: 50-മത് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സെക്യൂരിറ്റീസ് കമ്മീഷന്റെ (IOSCO) വാര്‍ഷിക യോഗത്തിന് ഖത്തര്‍ ആതിഥേയത്വം വഹിക്കും. ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി ( ക്യുഎഫ്എംഎ)  യോഗത്തിന് നേതൃത്വം നല്‍കും. മൂലധന വിപണികളുടെ നിലവിലുള്ളതും ഭാവിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെക്കുറിച്ചും അത്തരം വിപണികളുടെ അന്താരാഷ്ട്ര റെഗുലേറ്റര്‍മാരെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന സുപ്രധാന യോഗമാണ് ന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സെക്യൂരിറ്റീസ് കമ്മീഷന്റെ വാര്‍ഷിക യോഗം. യോഗത്തിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വോട്ടുകള്‍ നേടിയാണ് ഖത്തര്‍ ആതിഥേയ രാജ്യമായത്. 

ആഗോളതലത്തില്‍ മുന്‍നിര സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള ഖത്തറിന്റെ സ്ഥാനം ശക്തിപ്പെടുത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗവും സാമ്പത്തിക മേഖലയിലുള്ള രാജ്യാന്തര വിശ്വാസവും പ്രാദേശിക, വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള ഖത്തറിന്റെ വര്‍ദ്ധിച്ചുവരുന്ന കഴിവും പ്രതിഫലിപ്പിക്കുന്നതാണ് നേട്ടം. മൂലധന വിപണി മേഖലയിലെ അന്തര്‍ദേശീയ സഹകരണവും ആശയവിനിമയവും വര്‍ദ്ധിപ്പിക്കാന്‍ യോഗത്തിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ സാധിക്കും. 

അന്താരാഷ്ട്ര സാമ്പത്തിക സമൂഹം അംഗീകരിച്ച സെക്യൂരിറ്റീസ് റെഗുലേഷന്റെ ആഗോള നിലവാരം നിശ്ചയിക്കുന്ന സ്ഥാപനമാണ് ഐഒഎസ്‌സിഒ. 2025 ജൂണ്‍ മാസത്തിലാണ് യോഗം നടക്കുക. ലോകത്തിലെ മൂലധനവിപണി മേഖലയിലെ വിദഗ്ദരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. 2005ല്‍ ഖത്തറില്‍ സ്ഥാപിതമായ ക്യുഎഫ്എംഎയുടെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അടുത്ത വര്‍ഷം രാജ്യത്ത് യോഗം ചേരുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 

മൂലധന വിപണികളിലെയും സാമ്പത്തിക മേഖലകളിലെയും പ്രധാനപ്പെട്ട വിഷയങ്ങള്‍ സംബന്ധിച്ച പാനലുകളും വര്‍ക്കിംഗ് സെഷനുകളും മീറ്റിംഗില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആഗോള സാമ്പത്തിക വിപണിയിലെ അവസരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ഒപ്പം പരിഹരിക്കാനുള്ള വഴികള്‍, സുസ്ഥിര ധനകാര്യം, കാലാവസ്ഥാ സംബന്ധമായ അപകടസാധ്യതകള്‍, പുതിയ സാങ്കേതികവിദ്യകള്‍, ഫിന്‍ടെക്, ക്രിപ്റ്റോ കറന്‍സികള്‍, ഡിജിറ്റല്‍ ആസ്തികള്‍, സാമ്പത്തിക സ്ഥിരത, നിക്ഷേപക സംരക്ഷണം, മൂലധന വിപണികളുടെ സുസ്ഥിര വികസനം നിലനിര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തല്‍ തുടങ്ങിയ വിപണികള്‍ നേരിടുന്ന വെല്ലുവിളികളും യോഗം ചര്‍ച്ച ചെയ്യും.

അതേസമയം മെയ് 26 മുതല്‍ 28 വരെ ഗ്രീസിലാണ് ഇത്തവണത്തെ വാര്‍ഷിക യോഗം നടക്കുന്നത്. ഖത്തറിനെ പ്രതിനിധീകരിച്ച് ക്യൂഎഫ്എംഎയും യോഗത്തില്‍ പങ്കെടുക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News