Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ് 

April 25, 2024

news_malayalam_israel_hamas_attack_updates

April 25, 2024

ന്യൂസ്‌റൂം ഇന്റർനാഷണൽ ഡെസ്ക്

ജെറുസലേം: ഹമാസ് ബന്ദികളാക്കിയവരെ ഇസ്രായേല്‍ സർക്കാർ കൈവിട്ടുവെന്ന് ഒക്ടോബർ ഏഴ് മുതൽ ബന്ദിയായി തുടരുന്ന ഹെർഷ് ഗോള്‍ഡ്ബെർഗ് പോൾ. ഹമാസ് തന്നെയാണ്  ഹെർഷ് ഗോള്‍ഡ്ബെർഗ് പോളിന്റെ വിഡിയോ പുറത്തുവിട്ടത്.ഇസ്രായേലിൻ്റെ ബോംബാക്രമണത്തില്‍ 70 തടവുകാർ കൊല്ലപ്പെട്ടതായും അദ്ദേഹം പറയുന്നുണ്ട്. നിങ്ങള്‍ കുടുംബത്തോടൊപ്പം വിരുന്ന് നടത്തുമ്ബോള്‍, വെള്ളമോ ഭക്ഷണമോ വെളിച്ചമോ ഇല്ലാതെ ഭൂഗർഭ നരകത്തില്‍ ബന്ദികളാക്കിയ ഞങ്ങളെക്കുറിച്ച്‌ ചിന്തിക്കണം. 200 ദിവസമായി ഞങ്ങളെ ഉപേക്ഷിച്ചതിന് നിങ്ങള്‍ സ്വയം ലജ്ജിക്കണം. ഇസ്രായേലിന് ഈ ദൗത്യം പൂർത്തീകരിക്കാൻ കഴിയുന്നില്ലെങ്കില്‍ നേതൃത്വം രാജിവെച്ച്‌ വീടുകളില്‍ ഇരിക്കണമെന്നും അദ്ദേഹം വിഡിയോ സന്ദേശത്തില്‍ പറയുന്നു. 

ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്. വിഡിയോ പുറത്തുവന്നതോടെ ജെറുസലേമില്‍ വീണ്ടും പ്രതിഷേധങ്ങ ശക്തിപ്പെട്ടിട്ടുണ്ട്.. ഹമാസിന്റെ കൈവശമുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 

എപ്പോഴാണ് വിഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. അതേസമയം, തിങ്കളാഴ്ച ആരംഭിച്ച പെസഹാ അവധിക്കാലം സംബന്ധിച്ച്‌ പരാമർശിക്കുന്നുണ്ട്. കൂടാതെ ഇയാളുടെ ഇടത് കയ്യിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായും വിഡിയോയില്‍ കാണാം. 

23കാരനായ ഗോള്‍ഡ്‌ബെർഗ് പോളിൻ ട്രൈബ് ഓഫ് നോവ സംഗീതോത്സവത്തില്‍ പങ്കെടുക്കുമ്ബോഴാണ് ഹമാസിന്റെ ആക്രമണം ഉണ്ടാകുന്നത്. ഗ്രനേഡ് ആക്രമണത്തിലാണ് ഇയാളുടെ കയ്യിന്റെ ഭാഗം നഷ്ടമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ഹമാസിന്റെ കൈവശമുള്ള ബന്ദികളില്‍ ഏറെ പ്രശസ്തനായ വ്യക്തിത്വമാണ് പോളിൻ. ഇസ്രായേലിലുടനീളം അദ്ദേഹത്തിൻ്റെ ചിത്രമുള്ള പോസ്റ്ററുകള്‍ പ്രതിഷേധക്കാർ പതിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മാതാവ് റേച്ചല്‍ ഗോള്‍ഡ്‌ബെർഗ് ലോക നേതാക്കളെ കാണുകയും ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്യുകയും ചെയ്തിട്ടുണ്ട്. 

മകനെ ജീവനോടെ കണ്ടതില്‍ തങ്ങള്‍ ആശ്വസിക്കുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിൻ്റെ ആരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും മറ്റു ബന്ദികളെക്കുറിച്ചും ആശങ്കയുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഞങ്ങളെ എല്ലാവരെയും നമ്മുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ഒന്നിപ്പിക്കാനും ഈ ദുരിതം അവസാനിപ്പിക്കാനും വെടിനിർത്തല്‍ കരാറുണ്ടാക്കണമെന്ന് പിതാവ് ജോണ്‍ പോളിൻ പറഞ്ഞു. അമേരിക്കയില്‍ ജനിച്ച ഗോള്‍ഡ്‌ബെർഗ് പോളിൻ കുടുംബത്തോടൊപ്പം ഇസ്രായേലിലേക്ക് താമസം മാറ്റുകയായിരുന്നു. 

ഹമാസിൻ്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ ബുധനാഴ്ച സെൻട്രല്‍ ജറുസലേമിലെ നെതന്യാഹുവിൻ്റെ ഔദ്യോഗിക വസതിക്ക് പുറത്ത് നൂറുകണക്കിന് ഇസ്രായേലികള്‍ പ്രതിഷേധവുമായി തടിച്ചുകൂടി. തങ്ങളുടെ ബന്ധുക്കളെ മോചിപ്പിക്കാൻ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സർക്കാർ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്ന് ബന്ദികളുടെ കുടുംബങ്ങള്‍ ആരോപിച്ചു. ബന്ദികളെ തിരിച്ചുകൊണ്ടുവരാനുള്ള കരാർ ഉണ്ടാക്കാൻ സർക്കാറിനോട് ഇവർ ആവശ്യപ്പെട്ടു. പലരുടെയും കൈവശം ഗോള്‍ഡ്‌ബെർഗ്-പോളിൻ്റെ ചിത്രമടങ്ങിയ പോസ്റ്ററുകളുണ്ടായിരുന്നു. കൂടാതെ പ്രതിഷേധക്കാരില്‍ ചിലർ കാർഡ്ബോർഡ് പെട്ടികള്‍ കത്തിക്കുകയും ചെയ്തു.

'അവന്റെ ജീവനില്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്. അതിനാലാണ് ഞങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. അവനെയും മറ്റെല്ലാവരെയും എത്രയും വേഗം തിരികെ കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യാൻ സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു'- മാർച്ചില്‍ പങ്കെടുത്ത നിമ്രോദ് മാഡ്രർ പറഞ്ഞു. എല്ലാവരെയും വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരൂ എന്ന മുദ്രാവാക്യവും പ്രതിഷേധ മാർച്ചില്‍ മുഴങ്ങി. കൂടാതെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗെവിറിനെതിരെയും പ്രതിഷേധക്കാർ രംഗത്തുവന്നു. അദ്ദേഹത്തിന്റെ കാറിന് നേരെയുണ്ടായ ആക്രമണ ശ്രമം പൊലീസ് തടഞ്ഞു. 

ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിന് പിന്നാലെ 250ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. നിലവില്‍ നൂറിലധികം തടവുകാർ ഹമാസിന്റെ കൈവശമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടാതെ 30ഓളം പേർ മരിച്ചതായും കണക്കാക്കുന്നു. ബാക്കിയുള്ളവരെ നവംബറിലെ കരാർ പ്രകാരം മോചിപ്പിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News