Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലെബനാനിൽ ഇസ്രായേൽ ആക്രമണം; ഹമാസ് നേതാവ് സാലിഹ് അൽ ആറൂറി കൊല്ലപ്പെട്ടു

January 03, 2024

news_malayalam_israel_hamas_attack_updates

January 03, 2024

ന്യൂസ്‌റൂം ബ്യുറോ

ബൈയ്റൂത്ത്: ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇന്നലെ (ചൊവ്വാഴ്ച) ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവടക്കം 3 പേർ കൊല്ലപ്പെട്ടു. ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഡെപ്യൂട്ടി ചെയർമാൻ സാലിഹ് അൽ ആറൂറിയാണ് കൊല്ലപ്പെട്ടതെന്ന് ഹിസ്ബുല്ലയുടെ അൽ-മനാർ ടെലിവിഷൻ സ്റ്റേഷൻ റിപ്പോർട്ട് ചെയ്തു. അൽഖസ്സാം കമാന്റർമാരായ സാമിർ ഫൻദി, അസ്സാം അൽ അഖ്റ എന്നിവരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 

ഹാദി നസ്‌റല്ല ഹൈവേക്ക് സമീപം ജംഗ്ഷനോട് ചേർന്നാണ് സ്‌ഫോടനമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ നേതാവാണ് സാലിഹ് അൽ അരൂരി. ഇസ്രായേൽ ജയിലുകളിൽ നിരവധി തവണ തടവ് അനുഭവിച്ച ഇദ്ദേഹം 2010ലാണ് ജയിൽ മോചിതനായത്. ഇറാനുമായും ലെബനാനിലെ ഹിസ്ബുല്ലയുമായും ഏറ്റവും അടുത്ത ബന്ധമുള്ള ഹമാസ് നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.

അതേസമയം, സാലിഹ്​ അൽ ആറൂരിയുടെ കൊലപാതകത്തില്‍ ശക്തമായ തിരിച്ചടി ഉറപ്പാണെന്ന്​ ഫലസ്തീൻ സംഘടനകൾക്ക് പുറമെ ഹിസ്​ബുല്ലയും ഹൂത്തികളും ഇറാനും മുന്നറിയിപ്പ് നല്‍കി. ലബനാനു നേരെയുള്ള ഏത് ​ആക്രമണവും കടുത്ത പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് കഴിഞ്ഞ ദിവസം ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ല പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബൈറൂത്തിൽ ഹമാസിന്റെ മുതിർന്ന നേതാവിന്റെ വധം.

എന്നാൽ, ഹമാസ്​ നേതാവിന്റെ വധത്തെ കുറിച്ച്​ പരസ്യ പ്രതികരണത്തിന്​ ഇസ്രായേലും അമേരിക്കയും ഇതുവരെ തയാറായിട്ടില്ല. ആരും ഒന്നും പ്രതികരിക്കരുതെന്ന്​ മന്ത്രിമാർക്ക്​ നെതന്യാഹുവിന്റെ മുന്നറിയിപ്പുള്ളതായാണ് റിപ്പോർട്ട്​. അമേരിക്കയെ മുൻകൂട്ടി അറിയിക്കാതെയാണ്​ ആറൂരിയെ കൊലപ്പെടുത്തിയതെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

അതിനിടെ, ഗസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22,000 കടന്നു. ഇന്നലെ (ചൊവ്വ) മാത്രം 207 പേർ കൊല്ലപ്പെട്ടതായി ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണം പൂർണമായി നിർത്താതെ ബന്ദിമോചന ചർച്ചക്കില്ലെന്ന്​ ഹമാസ്​ മധ്യസ്​ഥ രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News