ഒമാനിൽ ആപ്പിൾ പേ സേവനം ആരംഭിച്ചു
September 25, 2024
September 25, 2024
ന്യൂസ്റൂം ബ്യുറോ
മസ്കത്ത്: ഒമാനിൽ ആപ്പിൾ പേ ഡിജിറ്റൽ പേമെന്റ് സേവനം ആരംഭിച്ചു. ബാങ്ക് മസ്കത്ത്, സൊഹാർ ഇന്റർനാഷനൽ, സൊഹാർ ഇസ്ലാമിക്, ബാങ്ക് ദോഫാർ, എൻ.ബി.ഒ, ദോഫാർ ഇസ്ലാമിക്, അൽ മുസ്ൻ എന്നിവയുൾപ്പെടെ ഒമാനിലെ നിരവധി പ്രമുഖ ബാങ്കുകൾ ആപ്പിൾ പേയെ അവരുടെ സേവനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെലികോം ദാതാക്കളായ വോഡഫോണും ആപ്പിൾ പേ വഴി സേവനങ്ങൾക്ക് പണം നൽകാമെന്ന് അറിയിച്ചു.
‘ആപ്പിൾ പേ’ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് അവരുടെ ഐ ഫോൺ, ഐ പാഡ്, അല്ലെങ്കിൽ ആപ്പിൾ വാച്ച് എന്നിവയിലെ വാലറ്റ് ആപ്പിലേക്ക് അവരുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ചേർക്കാവുന്നതാണ്. ഓരോ ബാങ്കും പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമായിരിക്കും ഇത് ആക്ടിവേറ്റ് ആകുക. ഇതിന് കുറച്ച് സമയമെടുത്തേക്കുമെന്നാണ് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്.
പണമടക്കുന്നതിന് ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയാണ് ആപ്പിൾ പേ. കാർഡ് നമ്പർ വ്യാപാരികളുമായി പങ്കിടുകയോ ആപ്പിളിന്റെ സെർവറുകളിലോ വ്യക്തിഗത ഉപകരണങ്ങളിലോ സംഭരിക്കുകയോ ചെയ്യുന്നില്ല. ഉപയോക്താക്കൾക്ക് അവരുടെ വാലറ്റ് ആപ്പിലേക്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ചേർക്കുകയും ഓൺ-സ്ക്രീൻ നിർദേശങ്ങൾ പാലിക്കുകയും ചെയ്യാം. ബാങ്ക് പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, സ്റ്റോറുകളിലോ വെബ്സൈറ്റുകളിലോ ആപ്പുകളിലോ കോൺടാക്റ്റ്ലെസ് പേമെന്റുകൾക്കായി ആപ്പിൾ ഉപയോഗിക്കാമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
ഐ.ഒ.എസ് ആപ്പുകളിലും വെബിലും പേമെന്റുകൾ നടത്താൻ അനുവദിക്കുന്ന മൊബൈൽ പേമെന്റ് സേവനമാണിത്. ആക്ടീവ് ആയി കഴിഞ്ഞാൽ ഐഫോൺ ഉപയോക്താക്കൾക്ക് കാഷ് കൗണ്ടറുകളിൽ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴി നിലവിലെ പേമെന്റിന് പകരം ആപ്പിൾ പേ ഉപയോഗിച്ച് പണമടക്കാൻ സാധിക്കും.