February 19, 2024
February 19, 2024
ഷാർജ: ഷാർജയിൽ നിന്ന് ശനിയാഴ്ച രാത്രി കാണാതായ ഓട്ടിസം ബാധിച്ച ഫെലിക്സ് ജെബി തോമസിനെ (18) ഇന്നലെ (ഞായറാഴ്ച) രാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണ്ടെത്തിയതായി പിതാവ് അറിയിച്ചു. ഫെലിക്‌സ് ജെബി തോമസിനെ എയർപോർട്ടിൽ കണ്ടതായി ഒരു യാത്രക്കാരൻ അറിയിക്കുകയായിരുന്നു. കുട്ടി സുരക്ഷിതമാണെന്നും ഷാർജയിലെ കുവൈത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പിതാവ് പ്രതികരിച്ചു.
ഷാർജയിലെ സിറ്റി സെൻ്ററിൽ അമ്മയ്ക്കും അനുജത്തിക്കുമൊപ്പം ഷോപ്പിംഗിന് പോയ ഫെലിക്‌സിനെ ശനിയാഴ്ച കാണാതാവുകയായിരുന്നു. കുടുംബത്തിൻ്റെ പരാതിയിൽ ഷാർജ പോലീസ് കേസ് ഫയൽ ചെയ്യുകയും കുട്ടിയെ കണ്ടെത്താൻ വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു. സോഷ്യൽ മീഡിയയിലും കുടുംബം കുട്ടിയെ കാണാതായതായി പോസ്റ്റ് ചെയ്തിരുന്നു. സമീപ പ്രദേശത്തെ കെട്ടിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
ദുബായിൽ നിന്ന് കുവൈത്തിലേക്ക് പോവുകയായിരുന്ന ഒരു മലയാളിയാണ് കുട്ടിയുടെ തിരിച്ചറിഞ്ഞ് അച്ഛനെ വിളിച്ച് വിവരമറിയിച്ചത്.
“എൻ്റെ മകനെ എയർപോർട്ടിൽ വെച്ച് കണ്ടപ്പോൾ അയാൾക്ക് സംശയം തോന്നി. കുവൈത്തിൽ വിമാനമിറങ്ങിയ ശേഷം വാർത്തകളും സോഷ്യൽ മീഡിയകളും പരിശോധിച്ച് മകനെ കാണാനില്ലേ എന്ന് ചോദിച്ച് ബന്ധപ്പെട്ടു. അങ്ങനെയാണ് ഫെലിക്സ് എയർപോർട്ടിൽ ഉണ്ടെന്ന് ഞങ്ങൾ അറിഞ്ഞത്.
“അവൻ വളരെ ക്ഷീണിതനാണ്, ഉറങ്ങിയിരുന്നില്ല. ഒരുപാട് നേരം നടന്നിട്ട് കാലുകൾ നീരു വന്നിട്ടുണ്ട്. അതിനാൽ, അവൻ ഇപ്പോൾ ചികിത്സയിലാണ്, ”ജെബി തോമസ് പറഞ്ഞു.
മകനെ കണ്ടെത്താൻ സഹായിച്ച യാത്രക്കാരനും അവനെ തിരയാൻ സഹായിച്ച എല്ലാവർക്കും ജെബി തോമസ് നന്ദി അറിയിച്ചു.
“പോലീസ്, സഭാംഗങ്ങൾ, സ്കൂൾ (ഷാർജയിലെ അൽ ഇബ്തിസാമ സെൻ്റർ ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ്), എൻ്റെ കമ്പനിയിലെ സഹപ്രവർത്തകർ, മാധ്യമങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും സഹായിച്ച എല്ലാവരോടും ഞങ്ങൾ നന്ദി പറയുന്നു.” - പിതാവ് പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F