Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ ഒറ്റക്കെട്ടായി ചോദിക്കുന്നു, 'നൂഫ് എവിടെ?'

October 16, 2021

October 16, 2021

ദോഹ : നൂഫ് അൽ മാദീദ്. രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഈ 21 കാരിയുടെ പേര് ഖത്തറിൽ ഉയർന്നു കേട്ടത്. സ്വന്തം വീട്ടിൽ തനിക്കനുഭവിക്കേണ്ടി വന്ന പീഡനങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്ത് അറിയിച്ച ഈ യുവതി ഞൊടിയിട കൊണ്ട് രാജ്യത്തെങ്ങും ചർച്ചാ വിഷയമായി. വീട്ടിലെ ജയിൽ സമാനമായ അന്തരീക്ഷത്തിൽ നിന്നും രക്ഷപ്പെട്ട യുവതി ബ്രിട്ടനിലായിരുന്നു 2019 വരെ താമസിച്ചത്. 2019 സെപ്റ്റംബർ 30 ന് താൻ ഖത്തറിലെ തന്റെ വീട്ടിലേക്ക് മടങ്ങുകയാണെന്ന് മാദീദ് ട്വിറ്ററിൽ കുറിച്ചു. ജീവിതത്തിലെ ഓരോ മാറ്റങ്ങളെയും സമൂഹമാധ്യമങ്ങളിൽ രേഖപ്പെടുത്തിയ യുവതി ഒക്ടോബർ 13 ന് 'താൻ സുരക്ഷിതയല്ല' എന്നൊരു പോസ്റ്റ് പുറത്തുവിട്ടു. അല്പസമയത്തിന് ശേഷം 'നിലവിൽ അല്പം ഭേദമുണ്ട് കാര്യങ്ങൾ' എന്നൊരു പോസ്റ്റും അതേ അക്കൗണ്ടിൽ നിന്ന് പുറത്തുവന്നു. പിന്നീടിതുവരെ ആ അക്കൗണ്ട് പ്രവർത്തിച്ചിട്ടില്ല !, മാദീദിനെന്ത് സംഭവിച്ചു എന്ന് ലോകമറിഞ്ഞിട്ടുമില്ല.. !

ഖത്തറിലെ അധികാരികൾ തന്നെ സംരക്ഷിക്കുമെന്ന വിശ്വാസത്തിലാണ് ജന്മനാട്ടിലേക്ക് തിരികെ വരാൻ മാദീദി തീരുമാനിച്ചത്. എന്നാൽ, സമൂഹമാധ്യമങ്ങളിൽ നിരവധി ആളുകൾ ഈ വിഷയം ഉന്നയിച്ചിട്ടും കൃത്യമായൊരു മറുപടി നൽകാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായില്ല. ഈ മൗനത്തിനെതിരെയാണ് സമൂഹമാധ്യമങ്ങളിൽ #noof എന്ന ഹാഷ്ടാഗിൽ ചർച്ചകൾ സജീവമാകുന്നത്. ഖത്തറിലെ സ്ത്രീപക്ഷ പ്രവർത്തകയും പണ്ഡിതയുമായ ഡോക്ടർ അമാൽ അൽ മാലിക്കിയുടെ അഭിപ്രായപ്രകാരം നൂഫ് സുരക്ഷിതയാണ്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഇവർ തയ്യാറായില്ല എങ്കിലും, തനിക്ക് കിട്ടിയ വിവരങ്ങൾ വിശ്വാസയോഗ്യമാണെന്നാണ് ഇവരുടെ വാദം. വിഷയത്തിൽ അധികാരികൾ കാണിക്കുന്ന അലംഭാവത്തെ വിമർശിക്കാനും മാലിക്കി മറന്നില്ല. സ്ഥിരീകരിക്കാനാവാത്ത ഈ വാർത്തയിൽ തൃപ്തരാകാതെ സമൂഹമാധ്യമങ്ങളിൽ നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുകയാണ് നൂഫിന്റെ അനുയായികൾ. വരും ദിവസങ്ങളിൽ അധികാരികൾ മൗനമവസാനിപ്പിച്ച് മറുപടി പറയുമെന്ന പ്രതീക്ഷയിലാണ് ഇക്കൂട്ടർ. നൂഫ് സുരക്ഷിതയാണെന്ന ശുഭവാർത്തയ്ക്കായി കാത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ.

മനുഷ്യാവകാശസംഘടനയോട് സംസാരിക്കാൻ  മാദീദിന് അവസരം ലഭിച്ചതോടെയാണ് യുവതിയുടെ ദുരിതജീവിതത്തെ കുറിച്ച് ലോകത്തിന് അറിവ് ലഭിച്ചത്. സ്വതന്ത്രമായി ചലിക്കാൻ പോലും തന്നെ അനുവദിക്കാതിരുന്ന കുടുംബം സ്കൂളിൽ പോകാൻ മാത്രമാണ് വീട്ടിൽ നിന്ന് ഇറങ്ങാൻ സമ്മതിച്ചതെന്ന് ഇവർ വെളിപ്പെടുത്തി. 2019 ലാണ് സ്വന്തം വീട്ടിൽ നിന്നും അതിസാഹസികമായി രക്ഷപ്പെട്ട മാദീദ് ഉക്രൈൻ വഴി  ബ്രിട്ടനിലെത്തുന്നത്. 2019ൽ സ്വന്തം പിതാവിന്റെ ഫോൺ കൈക്കലാക്കിയ മാദീദ് മെത്രാഷ് ആപ്പിലൂടെ ആദ്യം യാത്രാനുമതി നേടിയെടുത്തു. ശേഷം, തന്റെ മുറിയിലെ ജനലിലൂടെ പുറത്ത് ചാടി, ആദ്യം ഉക്രയിനിലേക്കും, അവിടുന്ന് ബ്രിട്ടനിലേക്കും രക്ഷപ്പെടുകയായിരുന്നു. ഈ മാസം ഖത്തറിലേക്ക് മടങ്ങും മുൻപ് പന്ത്രണ്ടായിരത്തോളം വരുന്ന തന്റെ ട്വിറ്റർ ഫോളോവേഴ്‌സിനെ  വിവരമറിയിക്കാനും മാദീദ് മറന്നില്ല. കുടുംബത്തിന്റെ പിന്തുണ ലഭിച്ചതിനാലാണ് മടങ്ങാൻ തീരുമാനിച്ചതെന്ന് സെപ്റ്റംബർ 29 ന് ട്വിറ്ററിൽ കുറിച്ച മാദീദ്, അതേ ദിവസം തന്നെ ബ്രിട്ടനിലെ തന്റെ അഭയത്തിനുള്ള അപേക്ഷ റദ്ദാക്കുകയും ചെയ്തു. ഒക്ടോബർ 11ന്, ദോഹയിലെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമാണ് മാദീദ് അടുത്ത സന്ദേശം പുറത്തുവിട്ടത്. താൻ തീർത്തും സുരക്ഷിത അല്ലെന്നും, തന്നെ കാണാൻ ഒരു അർഹതയും ഇല്ലാത്ത ആളുകൾ തന്നെ ഹോട്ടലിൽ സന്ദർശിച്ചെന്നുമായിരുന്നു ട്വീറ്റിലെ ഉള്ളടക്കം. ഈ സംഭവവികാസങ്ങളെ തുടർന്ന് താൻ പോലീസ് സ്റ്റേഷനിൽ അഭയം തേടിയെന്നും മാദീദ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു. ഹോട്ടലിൽ ചെന്ന് ഭീഷണിപ്പെടുത്തിയ  ആളുകളുടെ കൂട്ടത്തിൽ മാദീദിന്റെ പിതാവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മാദീദ് തന്റെ ജീവിതത്തിൽ ഇത്രയധികം പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നത് പകൽ പോലെ വ്യക്തമായിട്ടും അധികാരികൾ ഇടപെടാത്തത് എന്തുകൊണ്ടെന്ന ചോദ്യമുയർത്തുകയാണ് ഖത്തർ സമൂഹം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.

 


Latest Related News