ദോഹ/ന്യൂദൽഹി: ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ഇടപാടുകൾ അടുത്ത 5 വർഷത്തിനുള്ളിൽ 28 ബില്യൻ ഡോളറായി (ഏകദേശം 2.4 ലക്ഷം കോടി രൂപ) ഉയർത്താൻ ധാരണയായതായി റിപ്പോർട്ട്.ഇന്ത്യ സന്ദർശനത്തിനിടെ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയിലെത്തിയത്.നിലവിൽ 14.8 ബില്യൻ ഡോളറിന്റെ ഇടപാടുകളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. അടുത്ത 5 വർഷത്തിനിടെ ഇത് ഇരട്ടിയാകും.
ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള കരാർ ഒപ്പുവച്ചു. ഇരട്ട നികുതി ഒഴിവാക്കലിനുള്ള കരാർ പുതുക്കുകയും ചെയ്തു. ഇതോടെ നിക്ഷേപകർക്കു സ്രോതസ്സിൽ മാത്രം നികുതി അടച്ചാൽ മതി. നിക്ഷേപകന്റെ രാജ്യത്തു നികുതിയടയ്ക്കണമെന്ന അധിക ബാധ്യതയുണ്ടാകില്ല. സാമ്പത്തിക രംഗത്തെ ഇടപെടലുകൾ മെച്ചപ്പെടുത്താനും ആർക്കൈവ്സ് മാനേജ്മെന്റ്, യുവജന പങ്കാളിത്തം, കായികരംഗം എന്നീ മേഖലകളിലും ധാരണാപത്രങ്ങൾ ഒപ്പിട്ടു.
ഗൾഫ് കോഓപ്പറേഷൻ കൗൺസിലുമായി (ജിസിസി) ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഓവർസീസ് ഇന്ത്യൻ അഫയേഴ്സ് വിഭാഗം സെക്രട്ടറി അരുൺ കുമാർ ചാറ്റർജി അറിയിച്ചു. ഖത്തർ ഇൻവസ്റ്റ്മെന്റ് അതോറിറ്റി (ക്യുഐഎ) ഇന്ത്യയിൽ ഓഫിസ് തുടങ്ങുമെന്ന തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു.
ഭീകരപ്രവർത്തനം ഉൾപ്പെടെയുള്ള വിഷയങ്ങളെ ഇരു രാജ്യത്തലവൻമാരും അപലപിച്ചു. ഉഭയകക്ഷി, ബഹുമുഖ സംവിധാനങ്ങളിലൂടെ ഇതിനെ നേരിടാനും തീരുമാനിച്ചു. ഇന്റലിജൻസ് കൈമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സഹകരണം വർധിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഖത്തർ അമീറിനു രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം ഒരുക്കിയിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവുമായും അമീർ കൂടിക്കാഴ്ച നടത്തി. ഖത്തറിലെ വിവിധ ബിസിനസ് മേഖലകളിൽ നിന്നുള്ള 38 പ്രതിനിധികളും ഔദ്യോഗിക സന്ദർശനത്തിന് എത്തിയിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F