Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഇന്ത്യൻ രൂപയുടെ വിലയിടിവ് റെക്കോഡ് ഭേദിച്ചു,ഗൾഫിൽ നിന്നും നാട്ടിലേക്ക് പണമയക്കാൻ തിരക്കേറുന്നു

May 09, 2022

May 09, 2022

ദോഹ : ഇന്ത്യന്‍ രൂപയുടെ തകര്‍ച്ച റെക്കോര്‍ഡ് മറികടന്ന് കൂപ്പുകുത്തിയതിനെ തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പണമയക്കുന്നവരുടെ തിരക്ക് ഗണ്യമായി വർധിച്ചതായി റിപ്പോർട്ട്.പെരുന്നാളിന് ശേഷമുള്ള അവധി കഴിഞ്ഞു പ്രവർത്തനം പുനരാരംഭിച്ചതിന് പിന്നാലെ ഖത്തറിലെ എല്ലാ ധനവിനിമയ സ്ഥാപനങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഏതാനും ദിവസങ്ങളായി വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് കൂടി വരുന്നതും നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളെ പ്രേരിപ്പിക്കുന്നുണ്ട്.ഇതേ തുടർന്ന് നാട്ടിലേക്കയക്കുന്ന പണം ആവശ്യക്കാരുടെ കൈകളിലെത്താൻ വലിയ കാലതാമസമെടുക്കുന്നതായും ആക്ഷേപമുണ്ട്.ചില മണി എക്സ്ചേഞ്ചുകളിൽ നിന്ന് പണം നാട്ടിലേക്കെത്താൻ രണ്ടു ദിവസം മുതൽ നാലു ദിവസം വരെ വേണ്ടിവരുന്നതായി ചില മലയാളികൾ ന്യൂസ്‌റൂമിനോട് പറഞ്ഞു.

തിങ്കളാഴ്‍ച(ഇന്ന്) രാവിലെയാണ് ചരിത്രത്തിലെ ഏറ്റവും താഴ്‍ന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം കൂപ്പുകുത്തിയത്. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യൻ രൂപ 77.40 എന്ന നിലയിലെത്തി. ഈ വര്‍ഷം മാർച്ചിൽ രേഖപ്പെടുത്തിയ 76.9812 എന്ന റെക്കോർഡിനെയാണ് ഇന്ന് മറികടന്നത്. ഒറ്റ ദിവസം കൊണ്ട് 0.3 ശതമാനത്തിന്റെ ഇടിവാണ് മൂല്യത്തിലുണ്ടായത്. യുഎഇ ദിര്‍ഹത്തിനെതിരെ രാവിലെ 21.06 ആയിരുന്നു വിനിമയ നിരക്ക്, സൗദി റിയാലിന് 20.62 രൂപയും ഒമാനി റിയാലിന് 201.16 രൂപയും ഖത്തര്‍ റിയാലിന് 21.24 രൂപയും രേഖപ്പെടുത്തി. 205.71 രൂപയായിരുന്നു ബഹ്റൈന്‍ ദിനാറിന്റെ നിരക്ക്. കുവൈത്ത് ദിനാറിന് 251.65 രൂപയും തിങ്കളാഴ്‍ച രാവിലെ രേഖപ്പെടുത്തി.

ഇന്ന് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ പ്രവാസികളില്‍ പലരും നാട്ടിലേക്ക് പണമയക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ വിനിമയ നിരക്ക് ഇനിയും ഉയരുന്നതും കാത്തിരിക്കുന്നവരും കുറവല്ല.


വിദേശ നിക്ഷേപങ്ങളുടെ പിൻവലിയലാണ് രൂപയെ കൂപ്പുകുത്തിച്ചത്. 17.7 ബില്യൺ ഡോളർ നിക്ഷേപമാണ്  ഈ വർഷം ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിക്കപ്പെട്ടിട്ടുള്ളത്. വർദ്ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മി, ആഗോള ക്രൂഡ് വിലയിലെ കുതിച്ചുചാട്ടം എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രശനങ്ങളും കറൻസിയെ ബാധിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച നിരക്കുകൾ വർധിപ്പിച്ചിട്ടുപോലും  രൂപയുടെ മൂല്യത്തകർച്ച തടയാനായില്ല.

റഷ്യ -  ഉക്രൈൻ സംഘർഷം,  എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം  രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് രൂപയുടെ മൂല്യത്തെ റെക്കോർഡ് ഇടിവിലേക്ക് എത്തിക്കുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News