Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഡിസംബര്‍ 18 എങ്ങനെ ഖത്തറിന്റെ ദേശീയദിനമായി? ഖത്തര്‍ ദേശീയദിനത്തെ പറ്റി അറിയേണ്ടതെല്ലാം

December 17, 2020

December 17, 2020

ഖത്തർ  ഇന്ന്  ഏറ്റവും വലിയ ഉത്സവദിനമായ  ദേശീയ ദിനം ആഘോഷിക്കുകയാണ്.. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ആഘോഷത്തിന്റെ ആവേശത്തെ അതൊന്നും ബാധിക്കില്ല. ഖത്തരി പൗരന്മാരും വിദേശരാജ്യങ്ങളില്‍ നിന്നെത്തി ഖത്തറില്‍ ജോലി ചെയ്യുന്നവരുമെല്ലാം ഒരുപോലെ കൊണ്ടാടുന്ന ഉത്സവമാണ് ഖത്തര്‍ ദേശീയദിനം. എല്ലാം മറന്ന് ആഘോഷിക്കുന്ന ഈ അവസരത്തില്‍ ദേശീയദിനത്തെ കുറിച്ച് കൂടുതല്‍ അറിയാം.

ഖത്തര്‍ ദേശീയദിനം

എല്ലാ വര്‍ഷവും ഡിസംബര്‍ 18 നാണ് ഖത്തര്‍ ദേശീയദിനം ആഘോഷിക്കുന്നത്. രാഷ്ട്ര പിതാവായി അറിയപ്പെടുന്ന  ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി ഖത്തറിന്റെ ഭരണാധികാരിയായി ചുമതലയേറ്റത് 1878 ഡിസംബര്‍ 18 നായിരുന്നു.. അദ്ദേഹം ഭരണത്തിലേറിയതോടെയാണ് പല ഭാഗങ്ങളായി ചിതറി കിടന്നിരുന്ന രാജ്യത്തെ ഒരൊറ്റ രാഷ്ട്രമായി ഏകീകരിച്ചത്.

ഖത്തര്‍ അതിവേഗം വളര്‍ന്നതും പുതിയ ഉയരങ്ങളിലെത്തിയതും ശൈഖ് മുഹമ്മദ് ബിന്‍ താനിയുടെ  ഭരണകാലത്താണ്. അദ്ദേഹം ഭരണസാരഥ്യമേറ്റെടുത്ത ദിവസമാണ് ഖത്തര്‍ ദേശീയദിനമായി കൊണ്ടാടുന്നത്. ഖത്തര്‍ ദേശീയദിനം സ്ഥാപകദിനം എന്നും അറിയപ്പെടുന്നു. ഖത്തറിന്റെ പിതാവും സ്ഥാപകനുമായ ശൈഖ് ജാസിമിന്റെ ഉയര്‍ച്ചയെ അടയാളപ്പെടുത്തുന്ന, ആഘോഷിക്കുന്ന ദിവസമാണ് ഇത്.

ജനങ്ങള്‍ക്ക് അവരുടെ രാജ്യത്തിന്റെ ചരിത്രത്തെയും സ്വത്വത്തെയും ആദരിക്കാനും ഖത്തറിനെ മഹത്തായ രാജ്യമാക്കി മാറ്റാനായി പരിശ്രമിച്ചവരെ സ്മരിക്കാനുമുള്ള അവസരമാണ് ഖത്തര്‍ ദേശീയദിനം. 

2007 മുതലാണ് ഡിസംബര്‍ 18 ഖത്തറിന്റെ ദേശീയ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 2007 ജൂണ്‍ 21 ന് അന്നത്തെ അമീറായിരുന്ന ഹമദ് ബിന്‍ ഖലീഫ അല്‍താനിയും കിരീടാവകാശിയും ഇന്നത്തെ അമീറുമായ ശൈഖ്  തമീം ബിന്‍ ഹമദ് അല്‍താനിയും ചേര്‍ന്നാണ് ഡിസംബര്‍ 18 ഖത്തറിന്റെ ദേശീയദിനമായി പ്രഖ്യാപിച്ചത്. 

ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി

ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെയുള്ള ബാഹ്യശക്തികളോട് പൊരുതി അവരെ തോല്‍പ്പിച്ച് പ്രാദേശിക ഗോത്രങ്ങളെ ഒന്നിച്ച് ഖത്തറെന്ന കുടക്കീഴില്‍ അണിനിരത്താനായി പരിശ്രമിച്ച് അതില്‍ വിജയിച്ച ഭരണാധികാരിയാണ് ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി.

ഖത്തര്‍ ഉപദ്വീപിലെ പ്രാദേശിക ഗോത്രവര്‍ഗങ്ങള ഒന്നിപ്പിച്ചതാണ് ആധുനിക ഖത്തറിന്റെ രൂപീകരണത്തിന്റെ അടിസ്ഥാനശിലയായത്. ആ ശില പാകിയ ശൈഖ് ജാസിം 1913 ല്‍ അന്തരിക്കുന്നത് വരെ ഖത്തറിന്റെ സുല്‍ത്താനായിരുന്നു. 

സൈനികമായും രാഷ്ട്രീയമായുമുള്ള ശൈഖ് ജാസിമിന്റെ നേതൃത്വമാണ് അന്നത്തെ രണ്ട് വന്‍ ശക്തികളായിരുന്ന ബ്രിട്ടീഷുകാരുടെയും ഒട്ടോമാന്‍മാരുടെയും കണ്ണില്‍ ഖത്തറിനെ ഒരു രാജ്യമെന്ന നിലയില്‍ നിര്‍വ്വചിച്ചത്. 

ആഘോഷങ്ങള്‍ ഇങ്ങനെ

വിപുലമായാണ് ഖത്തര്‍ ദേശീയദിനം ആഘോഷിക്കാറ്. എല്ലാ വര്‍ഷവും ദേശീയദിനത്തില്‍ രാജ്യത്ത് പൊതു അവധിയാണ്. സംഗീതപരിപാടികള്‍, വെടിക്കെട്ട് തുടങ്ങി നിരവധി പരിപാടികളാണ് ഖത്തറില്‍ ദേശീയദിനാഘോഷത്തോട് അനുബന്ധിച്ച് ഉണ്ടാവുക. 

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ദേശീയദിന പരേഡ്. ദോഹ ക്രോണിക്കിളില്‍ വച്ചാണ് ദേശീയദിന പരേഡ് നടക്കുക. 


Also Read: കോവിഡാണെങ്കിലും ഖത്തറിൽ ഈ ദേശീയ ദിനം പൊളിക്കും; ചില കാരണങ്ങളും പ്രതീക്ഷകളും


ഖത്തര്‍ അമീര്‍, അമീറിന്റെ പിതാവ്, പ്രധാനമന്ത്രി, ഷൂറാ കൗണ്‍സില്‍ സ്പീക്കര്‍, കോണ്‍സുലേറ്റീവ് അസംബ്ലിയുടെ ചെയര്‍മാന്‍, ഖത്തര്‍ മന്ത്രിസഭ, സൈനിക കമാന്റര്‍മാര്‍, വിദേശ നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ ദേശീയദിന പരേഡില്‍ സന്നിഹിതരായിരിക്കും. 

പരേഡില്‍ പ്രധാനമായി പങ്കെടുക്കുന്നത് ഖത്തര്‍ സായുധ സേനയിലെയും ആഭ്യന്തര സുരക്ഷാസേനയിലെയും ഖത്തര്‍ അമീറിന് സംരക്ഷണമൊരുക്കുന്ന അമീരി ഗാര്‍ഡിലെയും അംഗങ്ങളാണ്. ഇതുവരെ 12 ദേശീയദിന പരേഡുകളാണ് ഖത്തറില്‍ നടന്നത്. 

ഖത്തര്‍ നാഷണല്‍ പാര്‍ക്കിനും അമീരി ദിവാനും ഇടയിലൂടെയാണ് പരേഡ് കടന്നു പോകുക. 

ആഘോഷങ്ങളില്ലാത്ത വർഷം

2007 മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ ഒരേയൊരു വര്‍ഷമാണ് ഖത്തര്‍ ദേശീയദിനാഘോഷങ്ങള്‍ റദ്ദാക്കിയത്. 2016 ലായിരുന്നു അത്. സിറിയയിലെ അലെപ്പോ നഗരത്തിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് 2016 ലെ ദേശീയദിനാഘോഷം ഖത്തര്‍ വേണ്ടെന്ന് വച്ചത്. 

അലെപ്പോയിലെ ജനങ്ങള്‍ക്കു നേരെ സിറിയന്‍ സര്‍ക്കാര്‍ നടത്തുന്ന ഷെല്ലാക്രമണത്തെ തുടര്‍ന്നാണ് അലെപ്പോ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഖത്തര്‍ അമീര്‍ ദേശീയദിനാഘോഷങ്ങള്‍ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത്. ഇസ്രയേലിന്റെ ആക്രമണം നേരിടുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് 2014 ല്‍ ഖത്തര്‍ ഈദ് ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു. 

ഈ വർഷം

കൊവിഡ് മഹാമാരിയുടെ ഭീതിയിലാണെങ്കിലും ഖത്തര്‍ ദേശീയദിനം ഈ വര്‍ഷവും നിയന്ത്രണങ്ങളോടെ ആഘോഷിക്കുന്നുണ്ട്. ആഘോഷങ്ങള്‍ക്കായെത്തുന്നവര്‍ കൊറോണ വൈറസിനെതിരായ പ്രതിരോധ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

ദേശീയദിന പരേഡും ഈ വര്‍ഷം മുടക്കമില്ലാതെ നടക്കും. പക്ഷേ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പരേഡില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. കൊവിഡ് കാലത്തെ നിസ്വാര്‍ത്ഥമായ സേവനത്തോടുള്ള ആദരവായാണ് ആരോഗ്യപ്രവര്‍ത്തകരെ പരേഡിന് ക്ഷണിച്ചത്. 

ഈ വര്‍ഷത്തെ ദേശീയദിനത്തിന് വേറെയും പ്രത്യേകതകള്‍ ഉണ്ട്. 2022 ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായി നിര്‍മ്മിച്ച അല്‍ റയാന്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ദേശീയദിനമായ ഡിസംബര്‍ 18 നാണ്. 48-ാമത് അമീര്‍ കപ്പിന്റെ ഫൈനല്‍ മത്സരവും ഉദ്ഘാടന ദിവസം അല്‍ റയാന്‍ സ്റ്റേഡിയത്തില്‍ നടക്കും. 

ഖത്തര്‍ റിയാല്‍ കറന്‍സിയുടെ പുതിയ സീരീസും ഈ ദേശീയദിനത്തിലാണ് ജനങ്ങളിലേക്ക് എത്തുക. കൂടാതെ 200 റിയാലിന്റെ കറന്‍സിയും ഖത്തര്‍ ദേശീയദിനത്തില്‍ ആദ്യമായി അവതരിപ്പിക്കും. 


ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News