Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വന്ദേ ഭാരത് മിഷൻ : ലിസ്റ്റിൽ പേരുണ്ടായാലും വിവരമറിയില്ല,നാട്ടിലേക്കുള്ള യാത്ര മുടങ്ങും 

June 13, 2020

June 13, 2020

NEWSROOM INVESTIGATION

അൻവർ പാലേരി
ദോഹ : വന്ദേ ഭാരത് മിഷനിൽ പേർ രജിസ്റ്റർ ചെയ്ത്  അവസരം കാത്തിരുന്ന നിരവധി പേർക്ക് അന്തിമ പട്ടികയിൽ ഇടം ലഭിച്ചിട്ടും ഖത്തറിലെ ഇന്ത്യൻ എംബസിയിൽ നിന്ന് നേരിൽ വിളിച്ച് വിവരം അറിയിക്കാത്തതിനാൽ നാട്ടിലേക്ക് മടങ്ങാനുള്ള അവസരങ്ങൾ നഷ്ടപ്പെടുന്നു. മാസങ്ങളായി എംബസിയിൽ പേർ രജിസ്റ്റർ ചെയ്ത് നാട്ടിലേക്ക് മടങ്ങാൻ പ്രതീക്ഷയോടെ കാത്തിരുന്ന സ്വന്തമായി ഇമെയിൽ ഐഡിയോ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള പരിജ്ഞാനമോ പോലും ഇല്ലാത്ത സാധാരണക്കാർക്കാണ് എംബസിയുടെ ഭാഗത്തു നിന്നുള്ള വീഴ്ച കാരണം ഇത്തരത്തിൽ നിരാശപ്പെടേണ്ടി വരുന്നത്. പലപ്പോഴും മറ്റു പലരുടെയും സഹായത്തോടെ,മറ്റാരുടെയെങ്കിലും ഇ മെയിൽ ഐഡി നൽകിയാണ് ഇവരിൽ പലരും രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നത്.യാത്രക്കായി തെരഞ്ഞെടുക്കപ്പെടുന്നവരെ എംബസിയിൽ നിന്നും നേരിൽ വിളിച്ചു വിവരമറിയിക്കുന്ന പതിവ് തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും ഈ രീതി പിന്നീട് അവസാനിപ്പിച്ചതാണ് പലർക്കും വിനയായത്.

നിലവിൽ നാട്ടിലേക്കുള്ള ഏതെങ്കിലും വിമാനത്തിൽ യാത്ര ചെയ്യാനായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇ-മെയിൽ,എസ്.എം.എസ് സന്ദേശങ്ങൾ മാത്രമാണ് എംബസിയിൽ നിന്ന് അയക്കുന്നത്. സ്വന്തമായി ഇ മെയിൽ വിലാസം ഉള്ള സാധാരണക്കാർ പോലും എല്ലാ ദിവസവും മെയിൽ തുറന്നു പരിശോധിക്കാത്ത സാഹചര്യത്തിൽ മറ്റുള്ളവരുടെ ഇ മെയിൽ വിലാസം നൽകിയവരുടെ കാര്യത്തിൽ കൃത്യസമയത്ത് വിവരങ്ങൾ ലഭിക്കുകയെന്നത് പ്രായോഗികമല്ല.എസ്.എം.എസുകളുടെ കാര്യവും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയാണ്.ദിവസവും വരുന്ന എസ്.എം.എസ് സന്ദേശങ്ങളെല്ലാം തുറന്നു വായിക്കുന്ന പതിവില്ലാത്ത ഭൂരിഭാഗം ആളുകൾക്കും നാട്ടിൽ പോകാനുള്ള ദിവസവും ടിക്കറ്റ് സംബന്ധിച്ച വിവരങ്ങളും അറിയിച്ചു കൊണ്ടുള്ള എംബസിയുടെ സുപ്രധാന അറിയിപ്പ് ലഭിച്ചാലും ശ്രദ്ധയിൽ പെടണമെന്നില്ല.വന്ദേ ഭാരത് മിഷൻ വഴി നാട്ടിലേക്ക് മടങ്ങാൻ തെരഞ്ഞെടുക്കപ്പെടുന്നവരെ ഇന്ത്യൻ എംബസിയിൽ നിന്നും വിവരമറിയിക്കും എന്ന ഔദ്യോഗിക അറിയിപ്പ് തങ്ങളെ ഫോണിൽ വിളിച്ചറിയിക്കും എന്ന രീതിയിൽ തന്നെയാണ് സാധാരണക്കാർ മനസിലാക്കുന്നത്. തുടക്കത്തിൽ നേരിൽ ഫോൺചെയ്ത് വിവരമറിയിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും.

എംബസിയുടെ നടപടി ക്രമങ്ങൾ വഴിപാട് മാത്രം,യാത്രക്കായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് എമിഗ്രെഷൻ തടസ്സങ്ങൾ ഉണ്ടായാൽ യാത്രക്കാരെ അക്കാര്യം അറിയിക്കുന്നില്ല

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഓരോ വിമാനത്തിലും നാട്ടിലേക്ക് പോകാൻ തെരഞ്ഞെടുക്കപ്പെട്ട യാത്രക്കാരെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും 72 മണിക്കൂർ (മൂന്ന് ദിവസം) മുമ്പ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറണമെന്നാണ് വ്യവസ്ഥ.എക്സിറ്റ് പെർമിറ്റ് ആവശ്യമുള്ളതോ മറ്റെന്തെങ്കിലും കാരണത്താൽ യാത്രാവിലക്കുള്ളവരോ പട്ടികയിൽ ഉൾപെട്ടിട്ടുണ്ടെങ്കിൽ ഇവരെ സംബന്ധിച്ച വിവരങ്ങളും രേഖകൾ ശരിയാക്കാതെ ഇവർക്ക് യാത്ര അനുവദിക്കില്ലെന്ന കാര്യവും  വളരെ പെട്ടെന്ന് തന്നെ ആഭ്യന്തര മന്ത്രാലയം ഇന്ത്യൻ എംബസിയെ അറിയിക്കും. എന്നാൽ ഇക്കാര്യം ഇന്ത്യൻ എംബസി അതാത് യാത്രക്കാരനെ ഒരു വിധത്തിലും അറിയിക്കില്ല. പകരം മാസങ്ങളായി ജോലിയും വേതനവുമില്ലാതെ മുറിയിൽ ഇരിക്കുന്ന ഈ പാവങ്ങൾ കടം വാങ്ങിയ പണം കൊണ്ട് ടാക്സി പിടിച്ചു വിമാനത്താവളത്തിലെത്തിയ ശേഷം എമിഗ്രെഷനിൽ വെച്ച് മാത്രമായിരിക്കും  ഇക്കാര്യം അറിയുക.അതേസമയം യാത്രമുടങ്ങിയ യാത്രക്കാർക്ക് പകരം മറ്റു യാത്രക്കാർ വിമാനത്താവളത്തിൽ തയാറായി ഇരിക്കുന്നുമുണ്ടാവും.

 ചുരുക്കത്തിൽ,കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭാവിയെ കുറിച്ചുള്ള ആശങ്കകളും രോഗഭീതിയുമായി കഴിയുന്ന ഇന്ത്യക്കാർക്ക് അഭയവും ആശ്രയവും നൽകാൻ ഉത്തരവാദപ്പെട്ട ഖത്തറിലെ ഇന്ത്യൻ എംബസി ഒട്ടും സുതാര്യതയില്ലാതെയാണ് പെരുമാറുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.കോൺസുലാർ സേവനങ്ങൾക്ക് ഉൾപെടെ നേരത്തെ നൽകിയ എല്ലാ ടെലിഫോൺ നമ്പറുകളും റദ്ദാക്കുകയോ വിളിച്ചാൽ കിട്ടാത്ത അവസ്ഥയോ ആയതിനാൽ പലതരത്തിലുള്ള ദുരിതങ്ങൾ നേരിടുന്ന ഇന്ത്യൻ സമൂഹം എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.ഇന്ത്യൻ എംബസി അധികൃതരോ മറ്റു ബന്ധപ്പെട്ടവരോ എത്രയും വേഗം ഇത്തരം വിഷയങ്ങളിൽ ഇടപെട്ട് ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News