Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വിവാദ പരാമർശം നടത്തിയ ബിജെപി നേതാക്കളെ പുറത്താക്കിയതിൽ അതൃപ്‌തി ഖത്തറിനെതിരെ വലതുപക്ഷ കാമ്പയിൻ

June 07, 2022

June 07, 2022

ദോഹ : ബിജെപി വക്താവ് നടത്തിയ പ്രവാചകനെതിരായ അപകീർത്തികരമായ പരാമർശം അറബ് മേഖലയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടാക്കിയ പ്രതിഷേധം ഇനിയും കെട്ടടങ്ങിയില്ല.ഇതേതുടർന്ന് ഇന്ത്യക്കും അറബ്-ഗൾഫ് രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധത്തിലുണ്ടായ ഉലച്ചിൽ പരിഹരിക്കാൻ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നരേന്ദ്രമോദി സർക്കാർ തുടർച്ചയായി ശ്രമിച്ചുവരുന്നുണ്ടെങ്കിലും ഇന്ത്യയിൽ മുസ്‌ലിം ന്യുനപക്ഷ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയായാണ് മിക്ക ഗൾഫ് രാജ്യങ്ങളും സംഭവത്തെ കാണുന്നത്.അതേസമയം,ഇന്ത്യക്കെതിരെ  പശ്ചിമേഷ്യയിൽ അലയടിക്കുന്ന പൊതുജന രോഷം  സാമ്പത്തിക ബഹിഷ്കരണത്തിലേക്ക് നീങ്ങുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതേതുടർന്ന് ഗൾഫ് രാജ്യങ്ങളിലെ ചില സ്ഥാപനങ്ങൾ ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിച്ചുതുടങ്ങിയതായി 'ഔട് ലുക്ക്' റിപ്പോർട്ട് ചെയ്തു.

ഇതിനിടെ,പ്രവാചകനെതിരെ വിദ്വേഷ പരാമർശം നടത്തിയ നേതാക്കളെ പുറത്താക്കിയതിൽ ബി.ജെ.പിക്കുള്ളിൽ വലിയ അസംതൃപ്‌തിയിട്ടുണ്ട്. ഖത്തറിന്റെ സമ്മർദം മൂലമാണ് നേതാക്കളെ പുറത്താക്കിയതെന്നും ഖത്തറിന് എങ്ങിനെയാണ് ഇത്രയുമധികം സ്വാധീനം ലഭിച്ചതെന്നും ഖത്തറിനെ നിശിതമായി വിമർശിച്ചുകൊണ്ട് വലതുപക്ഷ അനുഭാവികൾ ചോദിച്ചു.

ഗൾഫിൽ കുവൈത്തും ഖത്തറും മാത്രമാണ് അംബാസ്സഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചതെന്നത് ശ്രദ്ധേയമാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുന്നത്.

ഗൾഫ് രാജ്യങ്ങൾക്കെതിരെ, പ്രത്യേകിച്ചും ഖത്തറിനെതിരെ വ്യാപകമായ ആക്രമണമാണ് സംഘപരിവാർ അനുകൂലികൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ അഴിച്ചുവിട്ടത്. ഖത്തർ എയർവെയ്‌സിനെ ബഹിഷ്‌ക്കരിക്കാൻ ആഹ്വനം ചെയ്യുന്ന 'ബോയ്‌കോട്ട് ഖത്തർ എയർവെയ്‌സ്' കാമ്പയിൻ തിങ്കളാഴ്ച  ഇന്ത്യൻ ട്വിറ്ററിൽ  ടോപ് ട്രെൻഡിങ് ആയിരുന്നു.

പ്രവാചകനെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തോട് രൂക്ഷമായ ഭാഷയിലാണ് ഖത്തറിലെ വിവിധ നേതാക്കൾ പ്രതികരിച്ചത്.അംബാസഡറെ വിളിച്ചുവരുത്തിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് ഖത്തർ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ലോല ബിൻത് റാഷിദ് അൽ ഖാതിർ ട്വീറ്റ് ചെയ്തു. ഇക്കാലമത്രയൂം സഹവർത്തിത്വത്തിനും ബഹുസ്വരതക്കും അറിയപ്പെട്ടിരുന്ന ഒരു രാജ്യത്ത് ഇസ്ലാം വിരുദ്ധ പരാമർശങ്ങൾ അപകടകരമായ നിലയിൽ എത്തിയതായും ഇത് പരിഹരിച്ചില്ലെങ്കിൽ ഈ വിദ്വേഷ പ്രസംഗങ്ങൾ ലോകത്തിലെ രണ്ട് ബില്ല്യൻ മുസ്ലിംകൾക്കെതിരെയുള്ള അപമാനമായി കണക്കാക്കുമെന്നുമാണ് ലോല ബിൻത് റാഷിദ് അൽ ഖാതിർ പ്രതികരിച്ചത്.

ഖത്തർ സന്ദർശിക്കുന്ന വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡുവിന് ഖത്തർ ഡെപ്യൂട്ടി കഴിഞ്ഞ ദിവസം നല്കാനിരുന്ന ഔദ്യോഗിക വിരുന്ന് ക്യാൻസൽ ചെയ്തതായും കഴിഞ്ഞ ദിവസം റിപ്പോർട്ട് ഉണ്ടായിരുന്നു. ഡെപ്യൂട്ടി അമീറിന് കോവിഡ് സമ്പർക്കമുണ്ടായി എന്നാണ് വിരുന്ന് ക്യാൻസൽ ചെയ്യാൻ ഔദ്യോഗികമായി നൽകിയ വിശദീകരണം.

ഇന്ത്യയും ഖത്തറും തമ്മിൽ ഇതുവരെ നിലനിന്നിരുന്ന സുദൃഢമായ ഉഭയകക്ഷി ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ചില ഹിന്ദി  ടെലിവിഷൻ ചാനലുകളിലെ അവതാരകരും സമൂഹമാധ്യമങ്ങളിലെ സംഘി അനുകൂലികളും നടത്തുന്ന വിഷലിപ്തമായ പരാമർശങ്ങളും വിഷയത്തിന് എരിവ് കൂട്ടുന്നുണ്ട്. ഫലത്തിൽ ഇതിന്റെയെല്ലാം പ്രത്യാഘാതങ്ങൾ ചെന്നുതറക്കുന്നത്  ഗൾഫിൽ ജോലി ചെയ്തു ജീവിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ നെഞ്ചിലാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News