Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തറില്‍ നല്‍കുന്ന ഫൈസര്‍ വാക്‌സിന്റെ പ്രതിരോധശേഷി ആറ് മാസത്തിനു ശേഷവും തുടരുന്നു; ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിനെതിരെയും ഫലപ്രദമെന്ന് കമ്പനി

April 02, 2021

April 02, 2021

ദോഹ: കൊവിഡ്-19 രോഗത്തിനെതിരായി അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മ്മന്‍ കമ്പനിയായ ബയോണ്‍ടെകും വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ഫലപ്രാപ്തി ആറു മാസത്തിനു ശേഷവും തുടരുന്നു. ദീര്‍ഘകാല ഫലങ്ങള്‍ വിലയിരുത്തിയാണ് ഈ നിഗമനത്തിലെത്തിയതെന്ന് കമ്പനി പറഞ്ഞു. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാക്‌സിന്റെ റെഗുലേറ്ററി നില വിപുലീകരിക്കാമെന്നും കമ്പനി പറഞ്ഞു. 

അവസാനഘട്ട ട്രയലില്‍ പങ്കെടുത്ത 46,307 പേരുടെ ഫോളോ അപ്പ് ഡാറ്റ വിശകലനം ചെയ്താണ് വാക്‌സിന്‍ ആറ് മാസത്തിനുശേഷവും ഫലപ്രദമാണെന്ന നിഗമനത്തിലെത്തിയത്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം മുതല്‍ ആറ് മാസം വരെയുള്ള രോഗലക്ഷണങ്ങള്‍ തടയുന്നതിന് വാക്‌സിന്‍ 91.3 ശതമാനം ഫലപ്രദമാണ്. അമേരിക്കയില്‍ മാത്രം വാക്‌സിന്റെ ഫലപ്രാപ്തി നിരക്ക് 92.6 ശതമാനമാണെന്ന് ഫൈസറും പങ്കാളിയായ ബയോണ്‍ടെകും പറയുന്നു. 

അതേസമയം കൊറോണ വൈറസിന്റെ B.1.351 എന്ന ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദത്തിനെതിരെ തങ്ങളുടെ വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാണെന്നത് സംബന്ധിച്ച ആദ്യ വിവരങ്ങളും കമ്പനി പുറത്തുവിട്ടു. 

ദക്ഷിണാഫ്രിക്കയില്‍ വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത 800 പേരില്‍ ഒമ്പത് പേര്‍ക്ക് കൊവിഡ് രോഗം പിടിപെട്ടു. ഇതില്‍ ആറ് പേര്‍ക്ക് B.1.351 എന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണ് ബാധിച്ചത്. ഇവര്‍ എല്ലാവരും പ്ലസിബോ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവരായിരുന്നു എന്നതിനാല്‍ വാക്‌സിന്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിനെതിരെയും ഫലപ്രദമാണെന്ന നിഗമനത്തിലാണ് കമ്പനി എത്തിയത്. 

എഫ്.ഡി.എയ്ക്ക് ബയോളജിക് ലൈസന്‍സ് അപേക്ഷ സമര്‍പ്പിക്കാന്‍ ഇപ്പോള്‍ പുറത്തുവന്ന ഫലങ്ങള്‍ തങ്ങളെ സഹായിക്കുമെന്ന് കമ്പനി പറയുന്നു. വാക്‌സിന് നിലവില്‍ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി എഫ്.ഡി.എ നല്‍കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം അവസാനിക്കുന്നത് വരെ മാത്രമാണ് ഇതിന് സാധുത ഉണ്ടാവുക. അതിന് ശേഷം എപ്പോള്‍ വേണമെങ്കിലും അനുമതി റദ്ദാക്കാം. എന്നാല്‍ ഔദ്യോഗിക അനുമതി ലഭിച്ചാല്‍ വാക്‌സിന്‍ ദീര്‍ഘകാലം ഉപയോഗിക്കാം. 

ഖത്തറില്‍ നിലവില്‍ നല്‍കുന്ന രണ്ട് വാക്‌സിനുകളില്‍ ഒന്നാണ് ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന്‍. രാജ്യത്ത് ആദ്യം അനുമതി ലഭിച്ച വാക്‌സിനാണ് ഇത്. 2020 ഡിസംബര്‍ അവസാനമാണ് ഖത്തര്‍ ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്. ഇതിനൊപ്പം മൊഡേണ വാക്‌സിനും ഇപ്പോള്‍ ഖത്തറില്‍ നല്‍കുന്നുണ്ട്. രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയ അതിവേഗം പുരോഗമിക്കുകയാണ്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News