Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
'പണ്ടോറ പേപ്പേഴ്സ്' : ഖത്തർ അമീർ ഉൾപെടെയുള്ള ഗൾഫ് ഭരണാധികാരികളും പട്ടികയിൽ ഉൾപെട്ടതായി 'മിഡിൽ ഈസ്റ്റ് ഐ'

October 05, 2021

October 05, 2021

ദോഹ :12 മില്യനോളം രഹസ്യഫയലുകൾ ചോർത്തി അന്താരാഷ്ട്ര മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഐസിഐജെ പുറത്തുവിട്ട "പണ്ടോറ കള്ളപ്പണപട്ടിക" ലോകമെങ്ങും ചർച്ചയാവുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അടക്കം ഉൾപ്പെട്ട പട്ടികയിൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള പ്രമുഖവ്യക്തിത്വങ്ങളും ഉൾപെട്ടതായി 'മിഡിലീസ്റ്റ് ഐ' റിപ്പോർട്ട് ചെയ്തു.  വിദേശരാജ്യങ്ങളിൽ സമ്പന്നർ വാങ്ങിക്കൂട്ടിയ സ്വത്തുവകകളെ വിശദീകരിക്കുന്ന പട്ടിക, ലോക ചരിത്രത്തിലെ ഏറ്റവും വലിയ നികുതിക്കൊള്ള ആണെന്നാണ് ഐസിഐജെ അവകാശപ്പെടുന്നത്. ഭരണചക്രങ്ങൾ കയ്യാളുന്ന നിരവധി പേരാണ് ഈ പട്ടികയുടെ ഭാഗമായിട്ടുള്ളത്. അറബ് ലോകത്ത് നിന്നും പട്ടികയിൽ ഉൾപെട്ടവരുടെ വിവരങ്ങൾ ചുവടെ.

യുഎഇ
ദുബായ് ഭരണാധികാരിയ ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂമിന് യൂറോപ്പിന്റെ നാനാഭാഗത്തും കണക്കിൽ പെടാത്ത സ്വത്ത് ഉണ്ടെന്നാണ് പാണ്ടോറയുടെ കണ്ടെത്തൽ. ബഹാമസിലും മറ്റുമായി മൂന്നോളം കമ്പനികൾ ബിനാമി പേരിൽ ഇദ്ദേഹം വാങ്ങിയതായും പാണ്ടോറ സാക്ഷ്യപ്പെടുത്തുന്നു. ഈ കമ്പനികൾ രെജിസ്റ്റർ ചെയ്തിരിക്കുന്നത് എമിറേറ്റ്സിലെ കമ്പനിയായ ആക്സിയം ലിമിറ്റഡ് വഴി ആണെന്നും, ഈ കമ്പനിയുടെ വലിയൊരു ഷെയർ മക്തൂമിന്റെ പേരിലാണെന്നും ആണ് വെളിപ്പെടുത്തൽ. ഫൈസൽ അൽ ബന്നയ് തുടങ്ങിയ ദുബൈയിലെ വ്യവസായപ്രമുഖർക്കും ഈ കമ്പനിയിൽ ഓഹരി ഉണ്ട്.

ഖത്തർ
ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയും മുൻ പ്രധാനമന്ത്രി ഹമദ് ബിൻ ജാസിം അൽ താനിയും പട്ടികയിൽ ഉൾപ്പെട്ടതായാണ് 'മിഡിൽ ഈസ്റ്റ് ഐ'റിപ്പോർട്ട് ചെയ്യുന്നത്.300 മില്യൺ വിലമതിക്കുന്ന ആഡംബരനൗക ഉൾപ്പെടെ നിരവധി വസ്തുക്കൾ മുൻ പ്രധാനമന്ത്രി ജാസിം അൽ താനി ബിനാമി പേരിൽ വാങ്ങിയിട്ടുണ്ടെന്നാണ് ഐസിഐജെയുടെ ആരോപണം. ഇവയിൽ പലതും സ്ഥിതിചെയ്യുന്നത് ബ്രിട്ടീഷ് ദ്വീപുകളിലും, പനാമയിലും, കെയ്മാൻ ദ്വീപിലും ആണെന്നും പണ്ടോറ പേപ്പേഴ്സ് വാദിക്കുന്നു. തന്റെയും കുടുംബത്തിന്റെയും സ്വത്തുവകകളെ നികുതിയിൽ നിന്ന് രക്ഷിക്കാനാണ് ഈ നീക്കമെന്നാണ് കണ്ടെത്തൽ.

ലണ്ടനിലെ 187 മില്യൺ വിലമതിക്കുന്ന കെട്ടിടസമുച്ചയം അടക്കം പല കെട്ടിടങ്ങളും മാതാവായ മൂസ ബിൻത് നാസറിന്റെ പേരിൽ വാങ്ങിയിട്ടുണ്ട് എന്നതാണ് ഖത്തർ അമീറിനെതിരായ ആരോപണം. ബ്രിട്ടനിലെ രണ്ട് റിയൽ എസ്റ്റേറ്റ് സംഘങ്ങളുമായി അമീറിന് ബന്ധമുണ്ടെന്നും വെളിപ്പെടുത്തലുകളുണ്ട്. ആരോപണങ്ങളോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല എന്നും ഐസിഐജെ വാർത്താ കുറിപ്പിൽ അറിയിച്ചു. പന്ത്രണ്ടോളം മില്യൺ രേഖകൾ ഇതുവരെ പുറത്തുവിട്ട പണ്ടോറ ലിസ്റ്റിൽ ലോകത്തെ പല വ്യവസായഭീമന്മാരും രാഷ്ട്ര നേതാക്കളും ഇടംപിടിച്ചിട്ടുണ്ട്.

ബഹ്‌റൈൻ
വ്യവസായ-ടൂറിസം വകുപ്പ് മന്ത്രിയായ സായദ് ബിൻ റാഷിദ്‌ അൽസയാനിയാണ് ബഹ്‌റൈനിൽ നിന്നും പാണ്ടോറയിൽ ഉൾപ്പെട്ട പ്രമുഖൻ. ബിനാമി പേരിൽ ആരംഭിച്ച "റോമൻസ്റ്റോൺ" എന്ന കമ്പനി വഴി ലണ്ടനിൽ ഭീമൻ ആഡംബരവീട് ഇദ്ദേഹം സ്വന്തമാക്കിയെന്നാണ് പാണ്ടോറ പുറത്തുവിട്ടത്. ഇതിനായി ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെയും പത്നിയുടെയും സഹായം ലഭിച്ചതായും പാണ്ടോറ വെളിപ്പെടുത്തി. മൂന്ന് ലക്ഷത്തോളം യൂറോ ആണ് ഈ ഇടപാടിനിടെ നികുതി ഇനത്തിൽ വെട്ടിച്ചത്. ഈ കച്ചവടത്തിൽ തനിക്ക് പങ്കില്ലെന്ന വാദവുമായി ടോണി ബ്ലെയറിന്റെ പത്നി ചെറി ബ്ലെയർ രംഗത്തെത്തിയിട്ടുണ്ട്.

ലെബനൻ
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴലുകയാണ് രാജ്യമെങ്കിലും, സമ്പന്നർ സ്വത്ത് വാരിക്കൂട്ടുകയാണെന്നാണ് പാണ്ടോറ വ്യക്തമാക്കുന്നത്. ലെബനൻ പ്രധാനമന്ത്രി നജീബ് മികാട്ടി പനാമയിൽ സ്വന്തമാക്കിയ വസ്തുവിന്റെ ഏകദേശമൂല്യം രണ്ട് ബില്യൺ ഡോളറാണ്. മൊണോക്കോയിൽ 10 മില്യൺ ചെലവഴിച്ച് മറ്റൊരു ആഡംബരകെട്ടിടവും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നികുതി വെട്ടിക്കാൻ വേണ്ടിയല്ല, പേപ്പർ വർക്കുകൾ എളുപ്പമാക്കാൻ വേണ്ടിയാണ് ബിനാമികളെ ഉപയോഗിച്ചതെന്ന വിചിത്രവാദമാണ് മികാട്ടിയുടെ മകൻ ഇക്കാര്യത്തിൽ ഉന്നയിക്കുന്നത്. മികാട്ടിയുടെ മുൻഗാമിയായ ഹസൻ ഡിയാബും പട്ടികയിലുണ്ട്. ആഡംബരനൗക സ്വന്തമാക്കിയ മുൻ മന്ത്രി മർവാൻ ഖെയ്‌റെഡിൻ, ലെബനൻ സെൻട്രൽ ബാങ്ക് ഗവർണർ റിയാദ് സലാമി എന്നിവരാണ് പാണ്ടോറയിൽ കുടുങ്ങിയ മറ്റ് പ്രമുഖർ

മൊറോക്കോ
മൊറോക്കോ രാജാവിന്റെ സഹോദരിയായ ലല്ല ഹസ്ന ബ്രിട്ടീഷ് ദ്വീപുകളിൽ നിരവധി വസ്തുവകകൾ വാങ്ങിയിട്ടുണ്ട് എന്നാണ് പാണ്ടോറയുടെ കണ്ടെത്തൽ. അമേരിക്കയിൽ 11 മില്യൺ വിലമതിക്കുന്ന ആഡംബരഭവനം സ്വന്തമാക്കാൻ രാജാവിന്റെ പേരിലുള്ള ഫൗണ്ടേഷനെ മറയാക്കി എന്ന ഗുരുതരആരോപണവും ഐസിഐജെ ഉന്നയിച്ചിട്ടുണ്ട്.

ജോർദാൻ
2013-2017 കാലയളവിലായി ജോർദാൻ രാജാവ് കിങ് അബ്ദുള്ള രണ്ടാമൻ വലിയൊരു ആഡംബരലോകം തന്നെ തനിക്ക് ചുറ്റും നിർമിച്ചിട്ടുണ്ട് എന്നാണ് പണ്ടോറയുടെ വെളിപ്പെടുത്തൽ. അമേരിക്കയിലും ബ്രിട്ടനിലുമായി വാങ്ങിയ 14 വീടുകളെ പറ്റിയാണ് പരാമർശം ഉള്ളത്. ബിനാമി പേരിലാണ് ഈ ഇടപാടുകൾ നടത്തിയത് എന്ന ആരോപണത്തെ എതിർത്ത് ജോർദാൻ രാജകുടുംബം രംഗത്തെത്തിയിട്ടുണ്ട്. കൃത്രിമമായി കെട്ടിച്ചമച്ച രേഖകളാണ് പുറത്തുവിട്ടവ എന്നാണ് ഇവരുടെ ഭാഷ്യം. ജോർദാനിലെ മുൻ പ്രധാനമന്ത്രിമാരായ അബ്ദുൾ കരീം കബാരിറ്റിയും നാദിർ ദഹാബിയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക

 


Latest Related News