November 12, 2021
November 12, 2021
ദോഹ : ലോകകപ്പ് ഫുട്‍ബോളിന് മുന്നോടിയായി ഖത്തർ ആതിഥ്യമരുളുന്ന അറബ് കപ്പിന്റെ നേരിട്ടുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു. അൽ കസറിലെ ദോഹ എക്സിബിഷൻ സെന്ററിലാണ് ഓഫ്‌ലൈൻ ടിക്കറ്റുകളുടെ പ്രധാന ഓഫീസ് ആരംഭിച്ചത്. നവംബർ 30 ന് തുടങ്ങുന്ന ടൂർണമെന്റിൽ അമീർ കപ്പിൽ വിജയികരമായി പരീക്ഷിച്ച 'ഫാൻ കാർഡ്' സംവിധാനവും അധികൃതർ ഒരുക്കിയിട്ടുണ്ട്.
അറബ് ഫുട്‍ബോൾ ലോകത്തെ 16 വമ്പന്മാരാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ടിക്കറ്റുകളുടെ അൻപത് ശതമാനവും വിറ്റഴിഞ്ഞുകഴിഞ്ഞതായി സംഘാടകർ അറിയിച്ചു. ചില ഗ്ലാമർ പോരാട്ടങ്ങളുടെ മുഴുവൻ ടിക്കറ്റുകളും ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സംഘാടകർ കൂട്ടിച്ചേർത്തു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ശേഷിക്കുന്ന ടിക്കറ്റുകളും വിറ്റഴിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ലോകകപ്പിനായി തയ്യാറാക്കിയ രണ്ട് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനവും ഫിഫ അറബ് കപ്പിലൂടെ നടക്കും. അൽ ബൈത്ത്, റാസ് അബു അബൌദ് എന്നീ സ്റ്റേഡിയങ്ങളാണ് നവംബർ 30 ന് ഉത്ഘാടനം ചെയ്യപ്പെടുക. ടിക്കറ്റ് സ്വന്തമാക്കുന്നവർ നേരിട്ടെത്തി ഫാൻ ഐഡി കാർഡ് ഏറ്റുവാങ്ങണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. മത്സരദിവസങ്ങളിൽ സൗജന്യ മെട്രോയാത്ര അടക്കം ഒരുപിടി സൗകര്യങ്ങൾ ഫാൻകാർഡ് ഉടമകൾക്കായി ഒരുക്കിയിട്ടുണ്ട്. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18നാണ് ടൂർണമെന്റിന്റെ ഫൈനൽ അരങ്ങേറുന്നത്.