Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ജിസിസി സെക്രട്ടറി ജനറലായി മുൻ കുവൈത്ത് മന്ത്രി,ഗൾഫ് കൂട്ടായ്മ കൂടുതൽ ഐക്യപ്പെടാൻ സാധ്യത

December 15, 2019

December 15, 2019

ദോഹ : ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ സ്ഥാനം കുവൈത്തിന് ലഭിച്ചത് ഗൾഫ് പ്രശ്ന പരിഹാരം എളുപ്പമാക്കിയേക്കുമെന്ന് വിലയിരുത്തൽ. ഇക്കഴിഞ്ഞ പത്തിന് റിയാദിൽ ചേർന്ന നാൽപതാമത് ജിസിസി ഉച്ചകോടിയിലാണ് സ്ഥാനമൊഴിയുന്ന ബഹ്‌റൈൻ സ്വദേശിയായ അബ്ദുൽ ലതീഫ് ബിൻ റാഷിദ് അൽ സയാനിക്ക് പകരം മുൻ കുവൈത്ത് ധനകാര്യ മന്ത്രി നായിഫ് അൽ നജ്‌റഫിനെ പുതിയ സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തത്.

തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ സെക്രട്ടറി ജനറലിനെ തീരുമാനിച്ചതെങ്കിലും  നജ്‌റഫിന്റെ നിയമനം വലിയ കൂടിയാലോചനകൾക്ക് ശേഷം കൈക്കൊണ്ട തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്. കുവൈത്ത് ധനകാര്യ മന്ത്രിയായിരുന്ന നായിഫ് അൽ നജ്‌റഫ് കഴിഞ്ഞ നവംബർ 7 നാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. അടുത്ത ജിസിസി സെക്രട്ടറി സ്ഥാനത്തേക്ക് നജ്‌റഫ് നിയമിക്കപ്പെട്ടേക്കുമെന്ന സൂചനയും അന്ന് തന്നെ പുറത്തു വന്നിരുന്നു. വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ മന്ത്രി, കുവൈത്ത് കാപിറ്റൽ മാർക്കറ്റ്സ് അതോറിറ്റി മേധാവി, ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഡയറക്റ്റർ ബോർഡ് അംഗം എന്നീ ഔദ്യോഗിക പദവികൾ വഹിച്ചിട്ടുള്ള നായിഫ് അൽ നജ്‌റഫ് മികച്ച രാഷ്ട്രീയ നയതന്ത്രജ്ഞൻ കൂടിയായാണ് അറിയപ്പെടുന്നത്. സാമ്പത്തിക വിഷയത്തിൽ ഉന്നത ബിരുദധാരിയായ അദ്ദേഹം പി.എച്.ഡി യും നേടിയിട്ടുണ്ട്.

2011 ഏപ്രിൽ മുതൽ ജിസിസി സെക്രട്ടറി സ്ഥാനത്ത് തുടരുന്ന അബ്ദുൽ റാഷിദ് അൽ സയാനിക്ക് കീഴിൽ ജിസിസിയുടെ ഐക്യവും കെട്ടുറപ്പും ഏറെ ദുർബലമായതായാണ് വിലയിരുത്തൽ. പല വിഷയങ്ങളിലും നിക്ഷ്പക്ഷമായി നിലപാടുകൾ സ്വീകരിക്കുന്നതിൽ ജിസിസി സെക്രട്ടറി ജനറൽ എന്ന നിലയിൽ അദ്ദേഹം തികഞ്ഞ പരാജയമായിരുന്നു. 2017 ജൂണിൽ സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ,ഈജിപ്ത് എന്നീ അയൽരാജ്യങ്ങൾ ഖത്തറിനെതിരെ അന്യായമായി ഉപരോധം പ്രഖ്യാപിച്ചു മുപ്പത് മാസങ്ങൾ പൂർത്തിയായിട്ടും പ്രശ്നത്തിന് രമ്യമായ പരിഹാരം കാണാൻ കഴിയാതെ പോയത് ഗൾഫ് കൂട്ടായ്മയുടെ ദൗർബല്യമായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും വിലയിരുത്തിയത്. ഗൾഫ് രാജ്യങ്ങളെ ഗുരുതരമായി ബാധിക്കുന്ന പല വിഷയങ്ങളിലും നിർണായകമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടിയിരുന്ന ജിസിസി ഉച്ചകോടികളിൽ പലതും ചടങ്ങിന് മാത്രമുള്ളവയായി. ഈ ഘട്ടത്തിലാണ് ഗൾഫ് രാജ്യങ്ങളുടെ വളർച്ചയും കെട്ടുറപ്പും ലക്ഷ്യമാക്കി പൊതുവിഷയങ്ങളിൽ തീരുമാനമെടുക്കാൻ രൂപീകരിച്ച ജിസിസി യുടെ പ്രസക്തി തന്നെ ഇല്ലാതായതായി ഖത്തർ അഭിപ്രായപ്പെട്ടത്.

ജിസിസി സുപ്രീ കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് തുടരുന്ന യു.എ.ഇ യും ബഹ്‌റൈൻ സ്വദേശിയായ റാഷിദ് അൽ സയാനിയും തികച്ചും പക്ഷപാതപരമായാണ് നിലവിലെ പ്രതിസന്ധി പരിഹരിക്കുന്ന വിഷയത്തിൽ ഇടപെടുന്നതെന്ന ആക്ഷേപം നിസ്സാരമായി കാണാനാവില്ല. ഈ വിഷയത്തിൽ കുവൈത്ത് അമീർ നടത്തിയ നിരന്തരമായ ഇടപെടലുകളെ ദുർബലപ്പെടുത്താൻ സംഘടനയ്ക്കകത്ത് ഈ കൂട്ടുകെട്ടിന് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞു കുവൈത്ത് അമീർ നടത്തിയ സമർത്ഥമായ ഇടപെടലൈൻ തുടർന്നാണ് കുവൈത്തിന് വീണ്ടും ജിസിസിയുടെ പരമോന്നത സ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞതെന്നാണ് സൂചന. ജിസിസി രൂപീകരിച്ച 1981 ന് ശേഷം ഇതാദ്യമായാണ് കുവൈത്തിൽ നിന്നുള്ള ഒരാൾ ജി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. 1981 മെയ് 26 മുതൽ 1993 ഏപ്രിൽ വരെ കുവൈത്തിലെ അബ്ദുല്ലാ യാഖൂബ് ബിഷാറയായിരുന്നു ജിസിസി സെക്രട്ടറി ജനറൽ. 2002 ഏപ്രിൽ മുതൽ 2011 മാർച് വരെ ഖത്തറിൽ നിന്നുള്ള അബ്ദുൽ റഹ്‌മാൻ ബിൻ ഹമദ് അൽ അതിയ്യയും ജിസിസി സെക്രട്ടറി ജനറൽ പദവിയിൽ ഉണ്ടായിരുന്നു.

2020 ഏപ്രിലിൽ പുതിയ ജിസിസി സെക്രട്ടറി ജനറലായി നായിഫ് അൽ നജ്‌റഫ് സ്ഥാനമേൽക്കുന്നതോടെ ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളിൽ കുറേകൂടി നിക്ഷ്പക്ഷമായ ഇടപെടലുകൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപരോധവുമായി ബന്ധപ്പെട്ട പ്രതിസന്ധി അതിനു മുമ്പ് പരിഹരിക്കപ്പെടുകയാണെങ്കിൽ തന്നെ ഖത്തറുമായി നല്ല ബന്ധം പുലർത്തുന്ന കുവൈത്തിന് ജിസിസിയിൽ ലഭിക്കുന്ന മേധാവിത്തം ഭാവിയിൽ അംഗരാജ്യങ്ങൾക്കിടയിൽ ഐക്യം നിലനിർത്തുന്നതിന് ഏറെ സഹായകമാകും.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News