Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ അറബ് ഗായകൻ നാദിർ അബ്ദുൽസലാം മലയാള സിനിമയിൽ സജീവമാകുന്നു,തുടക്കം ലാൽജോസ് ചിത്രത്തിൽ

January 20, 2022

January 20, 2022

അൻവർ പാലേരി 
ദോഹ : അറബ് സംഗീതലോകത്ത് പ്രശസ്തനായ നാദിർ അബ്ദുൽ സലാം മലയാള സിനിമയിലും സജീവമാകുന്നു.ലാൽജോസ് സംവിധാനം ചെയ്ത 'മ്യാവൂ' എന്ന സിനിമയിലെ ടൈറ്റിൽ ഗാനം ആലപിച്ചുകൊണ്ടാണ് മലയാള സിനിമാ സംഗീതലോകത്തേക്കുള്ള നാദിറിന്റെ അരങ്ങേറ്റം.യു.എ.ഇയുടെ പശ്ചാത്തലത്തിൽ ലാൽജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധാനം നിർവഹിച്ചത്.'മെഹ്‌ജാബി' എന്നു തുടങ്ങുന്ന ഗാനത്തിലെ അറബിക് ഭാഗമാണ് നാദിർ ആലപിച്ചത്.ജസ്റ്റിൻ വർഗീസാണ് മലയാളത്തിൽ ശബ്ദം നൽകിയത്.

മ്യാവൂവിന് ശേഷം നിരവധി അവസരങ്ങളാണ് മലയാള സിനിമാലോകത്തു നിന്നും നാദിറിനെ തേടിയെത്തുന്നത്.രമേശ് നാരായണന്റെ സംഗീത സംവിധാനത്തിൽ മറ്റൊരു മലയാള ചിത്രത്തിൽ കൂടി നാദിർ പാടാനിരിക്കുകയാണ്.അൽഫോൻസ് ജോസഫുമായി ചേർന്നുള്ള മറ്റൊരു പ്രൊജക്റ്റിനെ കുറിച്ചും ചർച്ചകൾ പുരോഗമിക്കുന്നതായി നാദിർ അബ്ദുൽ സലാം 'ന്യൂസ്‌റൂമിനോട് പറഞ്ഞു.മ്യാവൂവിലെ ഗാനം കേട്ട് മലയാള സിനിമ ലോകത്തു നിന്നും സ്റ്റീഫൻ ദേവസ്സി ഉൾപെടെ നിരവധി പേർ ബന്ധപ്പെട്ടതായും നാദിർ പറഞ്ഞു.

 

2019 ൽ ദോഹയിൽ നടന്ന അറേബ്യൻ ഗൾഫ് കപ്പിന് വേണ്ടി ഖത്തർ ടീമിനെ പ്രശംസിച്ചു കൊണ്ട് സംഗീത സംവിധാനം ചെയ്ത "കായിദ-യൽമആലി" എന്ന പരമ്പരാഗത ഖലീജി ഗാനം ഖത്തറികൾക്കിടയിൽ ഹിറ്റായതോടെ സംഗീത സംവിധാന രംഗത്തു നിരവധി ഓഫറുകളാണ് നാദിർ അബ്ദുൽ സലാമിനെ തേടി എത്തിയത്. അറബിയിൽ ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച ഗാനം "അൽ കാസ്" ചാനലാണ് സംപ്രേഷണം ചെയ്തത്. ഷെയ്ഖ് ജോആൻ ബിൻ ഹമദ് ആൽഥാനി ട്വിറ്ററിലും  ഇൻസ്റ്റഗ്രാമിലും പങ്കുവെച്ച ഗാനം ആദ്യ ദിനം തന്നെ ഒരു ലക്ഷത്തിലധികം പേർ ആസ്വദിച്ചു. "ഷെല്ല" എന്ന പരമ്പരാഗത  ശൈലിയിലുള്ള ഈ ഗാനം ചിട്ടപ്പെടുത്തിയത് ഒരു മലയാളിയാണെന്നത് അറബികൾ അത്ഭുതത്തോടെയാണ് വിലയിരുത്തിയത്. 

കഴിഞ്ഞ രണ്ടു ഖത്തർ ദേശീയ ദിനങ്ങളിലും വിവിധ ഖത്തരി ഗായകർക്ക് വേണ്ടി അറബ് പരമ്പരാഗത ശൈലിയിലുള്ള നിരവധി  ഗാനങ്ങളാണ്  നാദിറിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയത്. ഇതിൽ മിക്കവയും ഖത്തറിലെ അറബ്  ടെലിവിഷൻ ചാനലുകളാണ് സംപ്രേഷണം ചെയ്തത്.

മൂന്ന് വയസ്സുമുതൽ ഖത്തറിൽ വിവിധ സംഗീത പരിപാടികളിൽ സജീവ സാന്നിധ്യമായ നാദിർ ഖത്തർ മ്യൂസിക് അക്കാഡമിയിൽ നിന്നും ശാസ്ത്രീയമായി അറബ് സംഗീതം അഭ്യസിച്ച ഏക ഇന്ത്യക്കാരൻ കൂടിയാണ്. ആറു വർഷം ഖത്തർ മ്യുസിക് അക്കാദമി അംബാസഡറായിരുന്നു.2006 ൽ ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസ് ഉത്‌ഘാടന വേദിയിൽ ഖത്തറിന്റെ ദേശീയഗാനമാലപിക്കാൻ അറബ് ഗായകർക്കൊപ്പം അവസരം ലഭിച്ചതും അപൂർവനേട്ടമാണ്.2012 ൽ ഖത്തറിലെ കതാര ആംഫി തിയേറ്ററിൽ ബ്രിട്ടീഷ് ഗായകൻ സാമി യൂസുഫിനോടൊപ്പം പാടാൻ അവസരം ലഭിച്ചു.തുടർന്ന് 2013 -ൽ സാമി യൂസുഫിന്റെ  "അൻഡാന്റെ റെക്കോഡ്‌സ്" മായി കരാറിൽ ഒപ്പുവെച്ചു.

ദുബായ് ടെലിവിഷൻ അറബ് ഗായകർക്കിടയിൽ നടത്തിയ ഒഡിഷനിൽ നാദിർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ലെബനാനിലും ദുബായിലുമായി അറബ് ഗായകരെ ഉൾപ്പെടുത്തി നടത്തിയ  പരിപാടിയിൽ 15 അറബ് രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 80 അറബ് ഗായകരിൽ 32 പേർ മാത്രമാണ് മത്സരത്തിന് യോഗ്യത നേടിയത്. അതിൽ ഏറ്റവും ശ്രദ്ധേയരായ 5 മത്സരാർത്ഥികളിൽ ഒരാളായി തെരഞ്ഞെടുത്തത് നാദിറിനെയായിരുന്നു. 

ഖത്തർ മ്യൂസിക് അക്കാദമിയിൽ നിന്നും സ്കോളർഷിപ്പോടെ അറബ് സംഗീതം അഭ്യസിച്ച നാദിർ അബ്ദുൽ സലാം 2011 മുതൽ ആറു വർഷം ഖത്തർ മ്യൂസിക് അക്കാദമിയുടെ അംബാസിഡറായിരുന്നു. 

മ്യൂസിക് തിയറിയിൽ ലണ്ടൻ റോയൽ കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും ഗ്രേഡുകൾ കരസ്ഥമാക്കിയ ശേഷം മലേഷ്യയിലെ ലിംകോക് വിങ്ങ്"യൂണിവേഴ്സിറ്റിയും  അംബാസ്സഡർ സ്ഥാനം നൽകി ആദരിച്ചു.ഈ യൂണിവേഴ്‌സിറ്റിയിൽ നിന്നു തന്നെയാണ് പിന്നീട്  സ്കോളര്ഷിപ്പോടെ  "റെക്കോർഡിങ് ആർട്സി" ൽ (സൗണ്ട് എഞ്ചിനീയറിംഗ്) ബിരുദം കരസ്ഥമാക്കിയതും.

ബിരുദ പഠനം പൂർത്തിയാക്കി ഖത്തറിൽ തിരിച്ചെത്തിയ നാദിർ ഖത്തറിന്റെ ആസ്ഥാന ഗായകൻ അലി അബ്ദുൽ സത്താറുമായി സഹകരിച്ചു കൊണ്ട് അറബ് സംഗീത സംവിധാനത്തിലേക്ക് കടന്നിരിക്കുകയാണ്. അറബ് സംഗീതത്തിൻറെ ഇന്ത്യൻ അംബാസഡർ എന്നാണു ഖത്തറിലെ സ്ഥാനപതിമാർ നാദിറിനെ വിശേഷിപ്പിച്ചത്. അനവധി പുരസ്കാരങ്ങളും നാദിർ കരസ്ഥമാക്കിയിട്ടുണ്ട്.അറബ് സംഗീതോപകരണമായ ഔദില്‍ വൈദഗ്ധ്യം നേടിയ നാദിര്‍ മികച്ച പിയാനോ വായനക്കാരന്‍ കൂടിയാണ്.
സംഗീതത്തില്‍ ഇതിനകം വ്യക്തിമുദ്ര പതിപിച്ച നാദിര്‍ ഖത്തര്‍ യുനീക് ടാലന്റ്, ടാലന്റ് ഓഫ് ദി ഇയര്‍ 2012 എന്നീ പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

ചെറിയ പ്രായം മുതൽ ഖത്തറിലെയും ഗൾഫിലെയും അറബ് സംഗീത വേദിയിൽ ശ്രദ്ധേയ സാന്നിധ്യമായ നാദിർ കോഴിക്കോട് കുറ്റ്യാടി സ്വദേശി അബ്ദുൽ സലാമിന്റെയും ആയഞ്ചേരി സ്വദേശിനി ബൾക്കീസിന്റെയും പത്തു മക്കളിൽ ആദ്യമകനാണ്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News