Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
വിജയവഴിയിൽ തിരിച്ചെത്തി മുംബൈ

September 28, 2021

September 28, 2021


 
ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ആറ് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 136 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ മുംബൈ മറികടക്കുകയായിരുന്നു. മധ്യനിര ബാറ്റ്സ്മാൻമാരുടെ മികച്ച പ്രകടനമാണ് ടീമിനെ വിജയവഴിയിൽ തിരിച്ചെത്തിച്ചത്. 45 റൺസെടുത്ത സൗരഭ് തിവാരിയും, 40 റൺസെടുത്ത ഹാർദിക് പാണ്ഡ്യയുമാണ് വിജയത്തിന് ചുക്കാൻ പിടിച്ചത്. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് പുതുജീവൻ ലഭിച്ചപ്പോൾ, പഞ്ചാബിന്റെ പ്രതീക്ഷകൾ മങ്ങി.


ഇഷാൻ കിഷനും ആദം മിൽനെക്കും പകരം സൗരഭ് തിവാരിയും നഥാൻ കോട്ടർനൈലും മുംബൈ നിരയിൽ ഇടംപിടിച്ചപ്പോൾ, ഓപണർ മയങ്ക് അഗർവാളിന്റെ സ്ഥാനത്ത് മൻദീപ് സിംഗുമായാണ് പഞ്ചാബ് ഇറങ്ങിയത്. ടോസ് നേടിയ മുംബൈ എതിരാളികളെ ബാറ്റിങിനയച്ചു. ആദ്യ അഞ്ചോവറും തരക്കേടില്ലാതെ കളിച്ച പഞ്ചാബിന് അഞ്ചാം ഓവർ മുതൽ കാലിടറി തുടങ്ങി. 15 റൺസെടുത്ത മൻദീപ് സിംഗിനെ കൃണാൽ പാണ്ഡ്യ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. അടുത്ത ഓവർ എറിയാനെത്തിയ കെയ്‌റോൺ പൊള്ളാർഡ് രണ്ട് വിക്കറ്റുകളുമായാണ് മടങ്ങിയത്. കൂറ്റനടിക്കാരനായ ഗെയിലിനെ ഹാർദിക്കിന്റെ കൈകളിലെത്തിച്ച താരം അതേ ഓവറിൽ പഞ്ചാബ് നായകൻ രാഹുലിന്റെ വിക്കറ്റും പിഴുതു. നിക്കോളാസ് പൂരനെയും വൈകാതെ നഷ്ടപ്പെട്ട പഞ്ചാബിനെ, മാർക്രമും ദീപക് ഹൂഡയും ചേർന്നാണ് കരകയറ്റിയത്‌. സ്കോർബോർഡിൽ കേവലം 48 റൺസുള്ളപ്പോൾ ക്രീസിലൊന്നിച്ച സഖ്യം, വിലപ്പെട്ട 61 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്.  അവസാന ഓവറുകളിൽ റൺ വഴങ്ങാതിരിക്കാനുള്ള പതിവ് മികവ് വീണ്ടും മുംബൈ പുറത്തെടുത്തതോടെയാണ് പഞ്ചാബിന്റെ സ്കോർ 135 ൽ ഒതുങ്ങിയത്. അവസാന മൂന്ന് ഓവറിൽ വെറും 17 റൺസാണ് ടീമിന് കണ്ടെത്താനായത്. മുംബൈക്കായി പൊള്ളാർഡും ബുമ്രയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ, 42 റൺസെടുത്ത മാർക്രമാണ് പഞ്ചാബ് നിരയിൽ ടോപ് സ്‌കോറർ ആയത്.


പ്രതിരോധിക്കാനുള്ളത് ചെറിയ സ്കോറാണെന്ന തിരിച്ചറിവോടെ ഫീൽഡിങ്ങിനിറങ്ങിയ പഞ്ചാബ്, തുടക്കം മുതൽ പഴുതടച്ച രീതിയിലാണ് പന്തെറിഞ്ഞത്. പവർ പ്ലേയിൽ കൂറ്റനടികൾക്ക് മുതിരാറുള്ള ക്വിന്റൺ ഡികോക്കിനെയും, അപകടകാരിയായ രോഹിത്തിനെയും ആദ്യ ഓവർ മുതൽ സമ്മർദ്ദത്തിലാക്കാൻ പഞ്ചാബിന് കഴിഞ്ഞു. മൂന്നാം ഓവറിൽ, രവി ബിഷ്‌ണോയിയുടെ പന്തിൽ രോഹിത് ശർമ്മയെ വീഴ്ത്താനും ടീമിനായി. പിന്നാലെ എത്തിയ സൂര്യകുമാർ യാദവ് ആദ്യപന്തിൽ തന്നെ വീണതോടെ മുംബൈ അല്പം പരുങ്ങി. കടന്നാക്രമിക്കാതെ, കരുതലോടെ കളിക്കാൻ ഡികോക്കും സൗരഭ് തിവാരിയും തീരുമാനിച്ചതോടെ മുംബൈയുടെ റൺ നിരക്ക് കുറഞ്ഞു. ഷമിയുടെ പന്തിൽ ഡികോക്ക് വീണതോടെ ടീമിനെ മുന്നോട്ട് നയിക്കാനുള്ള ചുമതല സൗരഭ് തിവാരിയുടെ ചുമലിലായി. ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് തിവാരി മുന്നേറിയതോടെ മുംബൈ പതിയെ ലക്ഷ്യത്തോടടുത്തു. അവസാന 30 പന്തുകളിൽ 44 റൺസായിരുന്നു ടീമിന് വിജയിക്കാനാവശ്യം. കീഴടങ്ങാൻ കൂട്ടാക്കാതിരുന്ന പഞ്ചാബ് അടുത്ത ഓവറിൽ സൗരഭിനെ മടക്കിയെങ്കിലും, നിർണായക ഘട്ടത്തിൽ ഫോമിലേക്കുയർന്ന ഹാർദിക് മുംബൈയുടെ രക്ഷക്കെത്തി. ഷമി എറിഞ്ഞ പതിനേഴാം ഓവറിൽ പാണ്ഡ്യ സിക്‌സും ഫോറും നേടിയതോടെ മുംബൈക്ക് കളിയിൽ നേരിയ മുൻതൂക്കമായി. അടുത്ത ഓവറിൽ പൊള്ളാർഡും ആഞ്ഞടിച്ചതോടെ മുംബൈ കളി പൂർണമായും തങ്ങളുടെ വരുതിയിലാക്കുകയും ചെയ്തു. ആറ് പന്തുകൾ ബാക്കി നിൽക്കേ മുംബൈ വിലപ്പെട്ട രണ്ട് പോയിന്റുകൾ കീശയിലാക്കുകയും ചെയ്തു. 


Latest Related News