Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വണ്ടർ വെങ്കിടേഷ് : മുംബൈയെ തകർത്ത് കൊൽക്കത്ത

September 23, 2021

September 23, 2021

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 156 റൺസെന്ന വിജയലക്ഷ്യം കൊൽക്കത്ത 29 പന്തുകൾ ബാക്കിനിർത്തി അനായാസം മറികടക്കുകയായിരുന്നു. തുടരെ രണ്ടാം മത്സരത്തിലും മാസ്മരിക പ്രകടനം പുറത്തെടുത്ത വെങ്കിടേഷ് അയ്യറാണ് കൊൽക്കത്തയുടെ വിജയത്തിന് അടിത്തറ പാകിയത്. വെങ്കിടേഷിന് പിന്നാലെ രാഹുൽ ത്രിപാഠിയും അർദ്ധസെഞ്ചുറി നേടി. വിജയത്തോടെ കൊൽക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ കൂടുതൽ സജീവമായപ്പോൾ, മുംബൈയുടെ നില പരുങ്ങലിലായി. 

കഴിഞ്ഞ മത്സരത്തിൽ ടീമിലിടം പിടിക്കാതിരുന്ന നായകൻ രോഹിത് ശർമ മുംബൈ നിരയിലേക്ക് മടങ്ങിയെത്തിയപ്പോൾ, ബാംഗ്ലൂരിനെതിരെ വിജയിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് കൊൽക്കത്ത ഇറങ്ങിയത്. ടോസ് നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് സ്വപ്നതുല്യമായ തുടക്കമാണ് രോഹിതും ഡികോക്കും ചേർന്ന് നൽകിയത്. ആദ്യനാലോവറും സ്പിന്നർമാർക്ക് നൽകിയ മോർഗന്റെ തന്ത്രത്തെ കരുതലോടെ നേരിട്ട ഇരുവരും റൺനിരക്ക് താഴേക്ക് പോവാൻ അനുവദിച്ചതേയില്ല. പത്താമോവറിൽ സുനിൽ നരൈന്റെ പന്തിൽ രോഹിത് (33) പുറത്താവുമ്പോഴേക്കും മുംബൈ 78 റൺസ് സ്കോർബോർഡിൽ ചേർത്ത് കഴിഞ്ഞിരുന്നു. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവിനും ഇഷാൻ കിഷനും താളംകണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഡികോക്ക് അർദ്ധസെഞ്ചുറി നേടിയതോടെ മുംബൈ തരക്കേടില്ലാത്ത സ്കോറിലേക്കെത്തി. പ്രസിദ്ധ് കൃഷ്ണയെ കടന്നാക്രമിച്ച കെയ്‌റോൺ പൊള്ളാർഡിന്റെ പ്രകടനവും സ്കോർ 150 കടക്കുന്നതിൽ നിർണ്ണായകമായി. 55 റൺസെടുത്ത ഡികോക്ക് ടീമിന്റെ ടോപ്സ്‌കോറർ ആയപ്പോൾ കൊൽക്കത്തയ്ക്കായി പ്രസിദ്ധ് കൃഷ്ണയും ഫെർഗൂസനും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

ലോകോത്തര നിലവാരമുള്ള മുംബൈ പേസർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചാണ് കൊൽക്കത്ത മറുപടി ബാറ്റിംഗ് ആരംഭിച്ചത്. ഈ സീസണിലെ താരോദയമായ വെങ്കിടേഷ് അയ്യരും, സഹ ഓപണർ ശുഭ്മാൻ ഗില്ലും ചേർന്ന് ആദ്യരണ്ടോവറിൽ മുപ്പത് റൺസാണ് അടിച്ചെടുത്തത്. ജസ്പ്രീത് ബുമ്രയുടെ ആദ്യ ഓവറിൽ ഗിൽ വീണെങ്കിലും, അയ്യർ ആക്രമണം തുടർന്നു. വൺ ഡൗൺ ആയി ക്രീസിലെത്തിയ രാഹുൽ ത്രിപാഠിയും തകർപ്പൻ ഷോട്ടുകളുമായി നിറഞ്ഞാടിയതോടെ കൊൽക്കത്ത അതിവേഗം വിജയലക്ഷ്യത്തോടടുത്തു. കേവലം 26 പന്തുകളിൽ നിന്നും വെങ്കടേഷ് അയ്യർ തന്റെ കന്നി അർധസെഞ്ചുറി നേടിയതോടെ മത്സരം പൂർണമായും കൊൽക്കത്തയുടെ വരുതിയിലായി. ജസ്പ്രീത് ബുമ്രയുടെ രണ്ടാമത്തെ ഇരയായി, 53 റൺസുമായി അയ്യർ മടങ്ങുമ്പോഴേക്കും കൊൽക്കത്ത വിജയലക്ഷ്യത്തിൽ നിന്നും കേവലം 28 റൺസ് മാത്രം അകലെയായിരുന്നു. പിന്നാലെ ആക്രമണത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്ത ത്രിപാഠി ടീമിനെ വിജയത്തിലേക്കെത്തിക്കുകയും ചെയ്തു. 74 റൺസുമായി പുറത്താവാതെ നിന്ന ത്രിപാഠിയാണ് ടീമിന്റെ ടോപ്സ്‌കോറർ.


Latest Related News