Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സഞ്ജുവിന്റെ ശ്രമം വിഫലം : ഹൈദരാബാദിന് വിജയം

September 27, 2021

September 27, 2021

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 7 വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം, 9 പന്തുകൾ ശേഷിക്കെ ഹൈദരാബാദ് മറികടക്കുകയായിരുന്നു. തുടരെ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ചുറി നേടിയ നായകൻ സഞ്ജുസാംസൺ മുന്നിൽ നിന്ന് നയിച്ചെങ്കിലും രാജസ്ഥാന് വിജയം സ്വന്തമാക്കാനായില്ല. ഈ ഐപിഎല്ലിലെ റൺവേട്ടക്കാരുടെ ലിസ്റ്റിൽ ഇതോടെ ഒന്നാമതെത്തിയ സഞ്ജു ഐപിഎല്ലിൽ മൂവായിരം റൺസെന്ന നാഴികക്കല്ലും പിന്നിട്ടു. അരങ്ങേറ്റക്കാരൻ ജേസൺ റോയിയുടെ പ്രകടനമാണ് ഹൈദരാബാദിന്റെ വിജയത്തിന് അടിത്തറ പാകിയത്.

പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ച ഹൈദരാബാദ് ഒട്ടേറെ മാറ്റങ്ങളുമായാണ് രാജസ്ഥാനെ നേരിടാനിറങ്ങിയത്. ഫോമില്ലാതുഴറുന്ന വാർണറിന് പകരം ജേസൺ റോയ്ക്ക് അവസരം നൽകിയ ടീം മധ്യനിരയിലും അഴിച്ചുപണികൾ നടത്തി. ക്രിസ് മോറിസും എവിൻ ലൂയിസും രാജസ്ഥാൻ നിരയിലേക്ക് മടങ്ങിയെത്തിയപ്പോൾ, പരിക്കേറ്റ കാർത്തിക് ത്യാഗി ആദ്യപതിനൊന്നിൽ ഉൾപെട്ടില്ല. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ആദ്യ ഓവറിൽ പതിനൊന്ന് റൺസെടുത്തെങ്കിലും, രണ്ടാം ഓവറിലെ ആദ്യപന്തിൽ ലൂയിസ് പുറത്തായി. ഭുവനേശ്വർ കുമാറിനായിരുന്നു വിക്കറ്റ്. ആ ഓവറിൽ താരം ഒരു റൺ പോലും വിട്ടുകൊടുത്തതുമില്ല. ഒരറ്റത്ത് യശ്വസി ജയ്‌സ്വാൾ ആക്രമിച്ചു മുന്നേറിയെങ്കിലും കരുതലോടെയാണ് സഞ്ജു തുടക്കത്തിൽ ബാറ്റേന്തിയത്. പവർ പ്ലേയിൽ 49 റൺസ് കണ്ടെത്തിയ രാജസ്ഥാന് ഒൻപതാം ഓവറിൽ ജയ്‌സ്വാളിനെ നഷ്ടമായി. 36 റൺസെടുത്ത യുവതാരത്തെ സന്ദീപ് ശർമ്മ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ ലിവിങ്സ്റ്റൺ വീണ്ടും നിരാശപ്പെടുത്തി. 4 റൺസ് മാത്രമെടുത്ത താരത്തെ റാഷിദ്‌ ഖാനാണ് മടക്കി അയച്ചത്. പിന്നീടാണ് ടീമിന്റെ ഗതി നിർണയിച്ച കൂട്ടുകെട്ട് പിറന്നത്. മഹിപാൽ ലോംറോർ ഒരറ്റത്ത് തപ്പി തടഞ്ഞെങ്കിലും, സഞ്ജു പതിയെ ആക്രമണമൂഡിലേക്ക് മാറുകയായിരുന്നു. റാഷിദ്‌ ഖാനെ ലോങ്ങ്‌ ഓഫിലൂടെ സിക്സറിന് പറത്തിയ താരം സിദ്ധാർഥ് കൗൾ എറിഞ്ഞ പതിനാറാം ഓവറിൽ 20 റൺസാണ് അടിച്ചെടുത്തത്. അവസാന രണ്ടോവറുകളിൽ ഉദ്ദേശിച്ചത്ര റൺസ് കണ്ടെത്താൻ കഴിഞ്ഞില്ലയെങ്കിലും, മുന്നിൽ നിന്ന് നയിച്ച സഞ്ജുവിന്റെ പ്രകടനമികവിൽ 164 റൺസെന്ന സ്കോറിലേക്കെത്താൻ രാജസ്ഥാന് സാധിച്ചു. മൂന്ന് സിക്സറുകളും ഏഴ് ഫോറുമടക്കം 82 റൺസാണ് സഞ്ജു നേടിയത്.

വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും, വാർണർക്ക് പകരമെത്തിയ ജേസൺ റോയും ചേർന്ന് തകർപ്പൻ തുടക്കമാണ് ഹൈദരാബാദിന് നൽകിയത്. തുടരെ ബൗണ്ടറികൾ നേടി മുന്നേറിയ ഇരുവരും ചേർന്ന് ആദ്യ അഞ്ചോവറിൽ 57 റൺസാണ് അടിച്ചെടുത്തത്. ആറാം ഓവർ പാർട്ട് ടൈം ബൗളർ മഹിപാൽ ലോംലോറിനെ ഏല്പിച്ച സഞ്ജുവിന് ആദ്യപന്തിൽ തന്നെ ഫലം ലഭിച്ചു. ക്രീസ് വിട്ടിറങ്ങിയ സാഹയെ സഞ്ജു സ്റ്റമ്പ് ചെയ്തതോടെ ഹൈദരാബാദിന് ആദ്യവിക്കറ്റ് നഷ്ടമായി. വൺ ഡൗണായി ഇറങ്ങിയ കെയിൻ വില്യംസൺ റോയിക്കൊത്ത പങ്കാളി ആയതോടെ വിജയത്തിനാവശ്യമായ റൺനിരക്ക് കൂടാതെ കാക്കാൻ ഹൈദരാബാദിന് കഴിഞ്ഞു. ആദ്യപത്ത് ഓവറിൽ 90 റൺസ് കണ്ടെത്തിയ ടീമിന്, അടുത്ത പത്തോവറിൽ  75 റൺസ് മാത്രമായിരുന്നു വിജയിക്കാൻ വേണ്ടത്. പതിനൊന്നാം ഓവർ എറിഞ്ഞ രാഹുൽ തെവാത്തിയയെ റോയ് തലങ്ങും വിലങ്ങും പ്രഹരിച്ചതോടെ കളി ഹൈദരാബാദിന്റെ കോർട്ടിലായി. അതേ ഓവറിൽ അൻപത് കടന്ന റോയ്, തൊട്ടടുത്ത ഓവറിൽ പുറത്താവുമ്പോഴേക്കും  60 റൺസ് സ്കോർബോർഡിൽ ചേർത്ത് കഴിഞ്ഞിരുന്നു. തുടർന്ന് ക്രീസിലെത്തിയ പ്രിയം ഗാർഗ് നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങിയെങ്കിലും, നായകൻ വില്യംസൺ ഒരറ്റത്ത് നിലയുറപ്പിച്ചത് ഹൈദരാബാദിന് ആത്മവിശ്വാസമേകി. ഏഴുവിക്കറ്റുകൾ അവശേഷിക്കെ 30 പന്തുകളിൽ 34 റൺസ് മാത്രമായിരുന്നു ഹൈദരാബാദിനും വിജയത്തിനുമിടയിലുള്ള ദൂരം. അഭിഷേക് ശർമയെ കൂട്ടുപിടിച്ച് വില്യംസൺ ടീമിനെ സീസണിലെ രണ്ടാം വിജയത്തിലേക്കെത്തിക്കുകയും ചെയ്തു.


Latest Related News