Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ആരാണ് ഖഷോഗിയെ വധിച്ചത് എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് പുതിയ യു.എസ് രഹസ്യാന്വേഷണ വിഭാഗം മേധാവിയുടെ ഉറപ്പ്

January 20, 2021

January 20, 2021

വാഷ്ങ്ടണ്‍: സൗദി മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയെ വധിച്ചത് ആരാണെന്ന് വ്യക്തമാക്കുന്ന യു.എസ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ മേധാവിയുടെ ഉറപ്പ്. ദേശീയ ഇന്റലിജന്‍സ് ഡയറക്ടറായി (ഡി.എന്‍.ഐ) പുതിയ പ്രസിഡന്റ് ജോ ബെയ്ഡന്‍ നാമനിര്‍ദ്ദേശം ചെയ്ത അവ്‌റില്‍ ഹെയ്ന്‍സാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ചൊവ്വാഴ്ച നടന്ന സെനറ്റ് ഹിയറിങ്ങിനിടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. നിയമനിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചാല്‍ തന്റെ ഓഫീസ് നിയമങ്ങള്‍ പാലിച്ച് കൊണ്ട് ഖഷോഗി വധത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് കോണ്‍ഗ്രസിന് കൈമാറുമെന്ന് അവര്‍ ഉറപ്പു നല്‍കി. കഴിഞ്ഞ ഒരു വര്‍ഷമായി കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന മാനിക്കാതെ ട്രംപ് ഭരണ കൂടം തടഞ്ഞുവച്ച റിപ്പോര്‍ട്ടാണ് ഇത്. ഖഷോഗിയുടെ കൊലപാതകത്തിന് നിര്‍ദ്ദേശം നല്‍കിയത് ആരാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. 

ട്രംപ് ഭരണകൂടത്തിന്റെ 'അമിതമായ രഹസ്യാത്മകതയും അധാര്‍മ്മികതയും' മാറ്റാനായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രധാന സെനറ്ററായ റോണ്‍ വൈഡന്‍ അവ്‌റില്‍ ഹെയ്ന്‍സിനോട് ആവശ്യപ്പെട്ടു. ഖഷോഗിയുടെ കൊലപാതകത്തെ കുറിച്ചുള്ള യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകള്‍ പുറത്തുവിടാനായി നിരന്തരമായി ശ്രമിക്കുന്ന സെനറ്ററാണ് അദ്ദേഹം. 


സെനറ്റര്‍ റോണ്‍ വൈഡന്‍

'നിങ്ങള്‍ക്ക് അറിയാവുന്നത് പോലെ, ജമാല്‍ ഖഷോഗിയുടെ ക്രൂരമായ കൊലപാതകത്തിന് ഉത്തരവാദി ആരാണെന്നതിനെ കുറിച്ചുള്ള തരംതിരിക്കപ്പെടാത്ത റിപ്പോര്‍ട്ട് കോണ്‍ഗ്രസിന് സമര്‍പ്പിക്കാന്‍ ഡി.എന്‍.ഐയോട് ആവശ്യപ്പെടുന്ന നിയമം കോണ്‍ഗ്രസ് പാസാക്കിയിട്ടുണ്ട്. നിങ്ങള്‍ ഡി.എന്‍.ഐ മേധാവിയായി സ്ഥിരീകരിക്കപ്പെട്ടാല്‍, നിയമം ആവശ്യപ്പെടുന്ന തരംതിരിക്കപ്പെടാത്ത ആ റിപ്പോര്‍ട്ട് കോണ്‍ഗ്രസിന് സമര്‍പ്പിക്കുമോ?' -ഇതായിരുന്നു ഹെയ്ന്‍സിനോടുള്ള റോണ്‍ വൈഡന്റെ ചോദ്യം. 

'അതെ സെനറ്റര്‍, തീര്‍ച്ചയായും ഞങ്ങള്‍ നിയമം പിന്തുടരും.' -ചോദ്യത്തിന് മറുപടിയായി ഹെയ്ന്‍സ് പറഞ്ഞു. 

റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെ കുറിച്ചുള്ള മറ്റൊരു ചോദ്യത്തിനും 'അതെ' എന്ന ലളിതമായ മറുപടിയാണ് അവര്‍ നല്‍കിയത്. 


ജമാല്‍ ഖഷോഗി

യു.എസ് നിവാസിയും വാഷിങ്ടണ്‍ പോസ്റ്റിന്റെയും മിഡില്‍ ഈസ്റ്റ് ഐയുടെയും കോളമിസ്റ്റുമായിരുന്ന ജമാല്‍ ഖഷോഗിയെ 2018 ലാണ് ഇസ്താംബൂളിലെ സൗദി അറേബ്യയുടെ കോണ്‍സുലേറ്റില്‍ വച്ച് സൗദി ഏജന്റുമാര്‍ കൊലപ്പെടുത്തിയത്. മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള സൗദിയുടെ മുന്നോട്ട് പോക്കിനെ നിശിതമായി വിമര്‍ശിച്ചിരുന്ന വ്യക്തിയായിരുന്നു ഖഷോഗി. 

ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ നിന്ന് ഖഷോഗി സുരക്ഷിതമായി പുറത്തു പോയി എന്നാണ് കൊലപാതകത്തിന് 17 ദിവസങ്ങള്‍ക്ക് ശേഷവും സൗദി പറഞ്ഞത്. ഒടുവില്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി സമ്മതിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ അറിവില്ലാതെ നടന്ന ഗുണ്ടാ ഓപ്പറേഷനായിരുന്നു ഖഷോഗി വധമെന്നായിരുന്നു സൗദിയുടെ നിലപാട്. 

ഖഷോഗി വധം, യെമനിലെ യുദ്ധം, മറ്റ് മനുഷ്യാവകാശ ധ്വംസനങ്ങള്‍ എന്നീ കുറ്റങ്ങള്‍ക്ക് സൗദിയെ ശിക്ഷിക്കാനാണ് യു.എസ് കോണ്‍ഗ്രസിലെ അംഗങ്ങള്‍ ശ്രമിക്കുന്നത്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News