Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ദോഹ മെട്രോ മതി,ചുരുങ്ങിയ ചെലവിൽ ഖത്തറിലെ എല്ലാ മാളുകളിലും എത്താം 

December 15, 2019

December 15, 2019

ദോഹ : ദോഹ മെട്രോയുടെ മൂന്ന് ലൈനുകളും പൂർണമായും പ്രവർത്തന സജ്ജമായതോടെ രാജ്യനിവാസികൾക്ക് യാത്രാചിലവിൽ ഗണ്യമായ കുറവാണ് ഉണ്ടായത്. സ്വന്തമായി വാഹനങ്ങളില്ലാത്ത സാധാരണക്കാരായ ആളുകൾക്ക് രാജ്യത്തെ ഏതെങ്കിലും മാളിൽ പോയി സാധനങ്ങൾ വാങ്ങി തിരിച്ചുവരാൻ ഏറ്റവും ചുരുങ്ങിയത് 40  ഖത്തർ റിയാലെങ്കിലും വേണമായിരുന്നു.ഇതിന്റെ സ്ഥാനത്ത് മെട്രോ ഉപയോഗിക്കുകയാണെങ്കിൽ വെറും 4 റിയാൽ കൊണ്ട് കാര്യം സാധിക്കാം. ഓരോ സ്റ്റേഷനിലും ഇറങ്ങി മാളുകളിലേക്കും തിരിച്ചും യാത്ര ചെയ്യാൻ സൗജന്യ മെട്രോ ലിങ്ക് ബസ് സർവീസുകളും ഏർപെടുത്തിയിട്ടുണ്ട്.

ദോഹ ഫെസ്റ്റിവൽ സിറ്റി ( റെഡ് ലൈൻ )
ദോഹ ഫെസ്റ്റിവൽ സിറ്റി,ഐകിയ,ACE എന്നിവിടങ്ങളിലേക്ക് പോകാൻ റെഡ്‌ലൈനിൽ കയറി അവസാന സ്റ്റോപ്പായ ലുസൈൽ-QNB സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. ഇവിടെ നിന്നും സൗജന്യ മെട്രോ ലിങ്ക് ബസിൽ കയറി ഈ മൂന്ന് സ്ഥലങ്ങളിലേക്കും പോകാനാവും. അൽ വക്രയിൽ നിന്നാണ് റെഡ് ലൈൻ ആരംഭിക്കുന്നത്. റെഡ്‌ലൈനിൽ തന്നെയാണ് കയറുന്നതെങ്കിൽ 14 സ്റ്റേഷനുകൾ പിന്നിട്ട് അവസാന സ്റ്റോപ്പിൽ ഇറങ്ങിയാൽ എളുപ്പത്തിൽ ഈ കേന്ദ്രങ്ങളിൽ എത്താം. ലുസൈൽ - QNB സ്റ്റേഷന് മുന്നിൽ നിന്ന് M145 മെട്രോ ലിങ്ക് ബേസിൽ കയറിയാൽ നേരെ മേല്പറഞ്ഞ മാളുകളിൽ എത്താം.നിങ്ങളുടെ തൊട്ടടുത്തുള്ളത് ഗോൾഡ് ലൈനാണെങ്കിൽ മുശൈരിബ് സ്റ്റേഷനിൽ ഇറങ്ങി റെഡ്‌ലൈനിലേക്ക് മാറാവുന്നതാണ്. മൻസൂറാ സ്റ്റേഷനാണ് തൊട്ടടുത്തുള്ളതെങ്കിൽ മുശൈരിബ് സ്റ്റേഷനിലോ അൽബിദാ ഇന്റർചേഞ്ചിലോ ഇറങ്ങിയാൽ റെഡ്‌ലൈനിലേക്ക് മാറിക്കയറാം. അൽ റിഫയിൽ നിന്നാണ് യാത്രതിരിക്കുന്നതെങ്കിൽ അൽ ബിദാ സ്റ്റേഷനിൽ നിന്ന് റെഡ്‌ലൈനിലേക്ക് മാറുന്നതാവും ഉചിതം.

മാൾ ഓഫ് ഖത്തർ ( ഗ്രീൻ ലൈൻ )
ഗ്രീൻ ലൈനിലെ അവസാന സ്റ്റോപ്പായ അൽ റിഫാ സ്റ്റേഷനിൽ ഇറങ്ങിയാൽ നേരിട്ട് മാൾ ഓഫ് ഖത്തറിൽ ഇറങ്ങാം. റെഡ്ലൈൻ വഴിയാണ് വരുന്നതെങ്കിൽ മുശൈരിബിലോ അൽ ബിദയിലോ ഇറങ്ങി ഗ്രീൻലൈനിലേക്ക് മാറിക്കയറണം. അവസാന സ്റ്റോപ്പായ അൽ റിഫയിൽ ഇറങ്ങി നേരെ മാൾ ഓഫ് ഖത്തറിലേക്ക് പോകാം.
ഗോൾഡ് ലൈനിലെ റാസ്‌ അബൂ അബൂദ് സ്റ്റേഷനിൽ നിന്നോ അസീസിയയിൽ നിന്നോ ആണ് വരുന്നതെങ്കിൽ  മുശൈരിബ് സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ഗ്രീൻ ലൈനിലേക്ക് മാറുക. അവസാന സ്റ്റോപ്പായ അൽ റിഫയിൽ ഇറങ്ങിയാൽ നേരെ മാൾ ഓഫ് ഖത്തറിൽ എത്താം. അൽ റിഫയിൽ നിന്ന് മാൾ ഓഫ് ഖത്തറിലേക്ക് നടന്നു പോകാൻ കഴിയും.

വില്ലാജിയോ,ഹയാത്ത് പ്ലാസ ( ഗോൾഡ് ലൈൻ )
മുഐതറിലെ അസീസിയ മെട്രോ സ്റ്റേഷൻ വില്ലാജിയോ മാളിന് തൊട്ടടുത്താണ്. അതേസമയം ഹയാത്ത് പ്ലാസയിലേക്കാണ് പോകേണ്ടതെങ്കിൽ ഈ സ്റ്റേഷനിൽ നിന്നും M313 മെട്രോ ലിങ്ക് ബസ് ഉപയോഗിക്കാം.
റെഡ്‌ലൈനിലെ ലുസൈൽ - QNB സ്റ്റേഷൻ ഭാഗത്തു നിന്നോ അൽ വക്രയിൽ നിന്നോ ആണ് നിങ്ങൾ വരുന്നതെങ്കിൽ മുശൈരിബിൽ ഇറങ്ങി ഗോൾഡ് ലൈനിൽ കയറിയാൽ അസീസിയ സ്റ്റേഷനിൽ ഇറങ്ങാം. ഗോൾഡ് ലൈനിലെ റാസ്‌ ബു അബൂദ് സ്റ്റേഷൻ ഭാഗത്തു നിന്നാണ് വരുന്നതെങ്കിൽ മാറിക്കയറാതെ നേരിട്ട് അസീസിയാ സ്റ്റേഷനിൽ ഇറങ്ങി മെട്രോ ലിങ്ക് ബസിൽ കയറിയാൽ ഹയാത്ത് പ്ലാസയിൽ എത്താം.

വില്ലാജിയോ,ഹയാത്ത് പ്ലാസ എന്നിവിടങ്ങളിലേക്ക് പോകാൻ ഗ്രീൻ ലൈനിലെ മൻസൂറ,അൽ റിഫാ ഭാഗത്തുനിന്നാണ് വരുന്നതെങ്കിൽ മുശൈരിബിൽ നിന്നോ അൽ ബിദയിൽ നിന്നോ ഗോൾഡ് ലൈനിലേക്ക് മാറുക. അസീസിയാ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്.

സിറ്റി സെന്റർ, ഗേറ്റ് മാൾ (റെഡ്ലൈൻ)
റെഡ്‌ലൈനിലാണ് വരുന്നതെങ്കിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്റർ (ഡിഇസിസി) സ്റ്റോപ്പിൽ ഇറങ്ങിയാൽ രണ്ടു മാളുകളിലേക്കും നടന്നുപോകാവുന്ന ദൂരമേ ഉള്ളൂ.

ഗോൾഡ് ലൈനിലാണ് വരുന്നതെങ്കിൽ മുശൈരിബ് ഇന്റർചേഞ്ചിൽ ഇറങ്ങി റെഡ് ലൈനിലേക്ക് മാറിയാൽ ഡിഇസിസിയിൽ ഇറങ്ങി രണ്ടിടത്തേക്കും നടന്നു പോകാം.

ഗ്രീൻ ലൈനിൽ അൽ മൻസൂറ, അൽറിഫാ ഭാഗത്തു നിന്നാണ് വരുന്നതെങ്കിൽ മുശൈരിബിലോ അൽ ബിദയിലോ ഇറങ്ങി റെഡ്‌ലൈനിലേക്ക് മാറിക്കയറിയാൽ ഡിഇസിസിയിൽ ഇറങ്ങാം.

അസ്മക് മാൾ, സെന്റർ പോയിന്റ് (ഗ്രീൻലൈൻ)
ഗ്രീൻ ലൈനിൽ അൽ സദ്ദിലെ ഹമദ് ഹോസ്പിറ്റൽ സ്റ്റേഷനിൽ ഇറങ്ങിയാൽ അസ്മക് മാളും സെന്റർ പോയിന്റും തൊട്ടടുത്താണ്. സ്റ്റേഷനിൽ ഇറങ്ങി M210 മെട്രോലിങ്ക് ബസിൽ കയറിയാൽ മാളിന് എതിർവശത്ത് ഇറങ്ങാം. ലുസൈൽ- QNB സ്റ്റേഷനിൽ നിന്നോ വക്രയിൽ നിന്നോ റെഡ്ലൈൻ വഴിയാണ് വരുന്നതെങ്കിൽ അൽ ബിദയിൽ നിന്ന് ഗ്രീൻ ലൈനിലേക്ക് മാറിക്കയറിയാൽ ഹമദ് ഹോസ്പിറ്റൽ സ്റ്റോപ്പിൽ ഇറങ്ങാനാവും. ഗോൾഡ് ലൈനിൽ അസീസിയയിൽ നിന്നോ റാസ്‌ ബു അബൂദ് ഭാഗത്തുനിന്നോ ആണ് വരുന്നതെങ്കിൽ മുശൈരിബിൽ നിന്ന് ഗ്രീൻ ലൈനിലേക്ക് മാറാം.

സെന്റർ പോയിന്റ്,ബർവ വില്ലേജ്( റെഡ്ലൈൻ )
റെഡ്‌ലൈനിലെ റാസ്‌ ബു ഫോണ്ടാസ് മെട്രോസ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. ഈ സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട M126 മെട്രോലിങ്ക് ബസിൽ കയറിയാൽ ബർവ വില്ലേജിലെ സെന്റർ പോയിന്റിൽ എത്താം. റെഡ്‌ലൈനിൽ ലുസൈലിൽ നിന്നോ വക്രയിൽ നിന്നോ ആണ് വരുന്നതെങ്കിൽ നേരിട്ട് റാസ്‌ ബു ഫോണ്ടാസ് സ്റ്റേഷനിൽ ഇറങ്ങാം. ഗോൾഡ് ലൈനിലാണ് വരുന്നതെങ്കിൽ മുശൈരിബ് ഇന്റചെയ്ഞ്ചിൽ ഇറങ്ങി റെഡ് ലൈനിലേക്ക് മാറിക്കയറുക. റാസ്‌ ബു ഫോണ്ടാസ് സ്റ്റേഷനിൽ ഇറങ്ങാം. ഗ്രീൻ ലൈനിലെ അൽ റിഫാ ഭാഗത്ത് നിന്നാണ് വരുന്നതെങ്കിൽ അൽ ബിദയിലോ മുശൈരിബിലോ ഇറങ്ങി റെഡ്‌ലൈനിലേക്ക് മാറുക. മൻസൂറ ഭാഗത്ത് നിന്നാണ് വരുന്നതെങ്കിൽ മുശൈരിബിൽ നിന്ന് റെഡ്‌ലൈനിലേക്ക് മാറണം. റാസ്‌ ബു ഫോണ്ടാസ് സ്റ്റേഷനിൽ ഇറങ്ങിയാൽ ബർവയിലെ സെന്റർ പോയിന്റിൽ എത്താം.

എസ്‌ദാൻ മാൾ,അൽ വക്ര (റെഡ് ലൈൻ )
റെഡ്‌ലൈനിൽ വരുന്നവർക്ക് അൽവക്ര സ്റ്റേഷനിൽ ഇറങ്ങി M134 മെട്രോലിങ്ക് ബസ്സിൽ കയറിയാൽ എസ്ദാൻ മാളിൽ എത്താം. ഗോൾഡ് ലൈനിലാണ് വരുന്നതെങ്കിൽ മുശൈരിബ് ഇന്റർചേഞ്ചിൽ നിന്ന് റെഡ്‌ലൈനിലേക്ക് മാറിക്കയറിയാൽ അൽ വക്ര സ്റ്റേഷനിൽ ഇറങ്ങാം. മുശൈരിബ് ഇന്റർചേഞ്ചിൽ നിന്ന് എയർപോർട്ടിലേക്ക് പോകുന്ന ട്രെയിനിൽ കയറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. റെഡ്‌ലൈനിൽ തന്നെ ഇവിടെ നിന്നും വിമാനത്താവളത്തിലേക്കും സർവീസുകളുണ്ട്. അതിനാൽ വക്രയിലേക്ക് പോകുന്ന ട്രെയിനിൽ തന്നെയാണ് കയറണം.
ഗ്രീൻലൈനിലെ അൽ റിഫാ ഭാഗത്തു നിന്നാണ് വരുന്നതെങ്കിൽ അൽ ബിദയിലോ മുശൈരിബിലോ ഇറങ്ങി വക്രയിലേക്കുള്ള റെഡ്‌ലൈനിലേക്ക് മാറിക്കയറണം. മൻസൂറ ഭാഗത്തു നിന്നാണ് വരുന്നതെങ്കിൽ മുശൈരിബിൽ തന്നെ ഇറങ്ങി റെഡ് ലൈനിലേക്ക് മാറിക്കയറാൻ ശ്രദ്ധിക്കണം. വക്രയിലാണ് ഇറങ്ങേണ്ടത്.

അൻസാർ ഗാലറി (റെഡ് ലൈൻ )
അൻസാർ ഗാലറിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവർ ദോഹമെട്രോയുടെ ഗ്രീൻലൈനിലാണ് കയറേണ്ടത്. ഒഖ്ബാ ബിൻ നാഫി സ്റ്റേഷനിൽ ഇറങ്ങിയാൽ M125 മെട്രോ ലിങ്ക് ബസിൽ നേരിട്ട് അൻസാർ ഗാലറിയിൽ എത്താം. ഗോൾഡ് ലൈനിലാണ് വരുന്നതെങ്കിൽ മുശൈരിബ് ഇന്റർചേഞ്ചിൽ നിന്ന് റെഡ്‌ലൈനിൽ കയറി വക്ര ഭാഗത്തേക്ക് പോയാൽ ഒഖ്ബാ ബിൻ നാഫി സ്റ്റേഷനിൽ ഇറങ്ങാം. ഗ്രീൻ ലൈനിലാണ് വരുന്നതെങ്കിൽ അൽ ബിദയിൽ നിന്നോ മുശൈരിബിൽ നിന്നോ റെഡ്‌ലൈനിലേക്ക് മാറിക്കയറിയാൽ ഒഖ്ബാ ബിൻ നാഫി സ്റ്റേഷനിൽ എത്താം. ഇവിടെനിന്നും മെട്രോ ലിങ്ക് ബസിൽ കയറിയാൽ മതി,അൻസാർ ഗാലറിയിൽ ഇറങ്ങാം.

ടൗൺ സെന്റർ (ഗ്രീൻ ലൈൻ )
ഗ്രീൻ ലൈനിലെ അൽ മിസൈലാ സ്റ്റേഷനിൽ നിന്നാണ് ടൗൺ സെന്ററിലേക്ക് പോകേണ്ടത്. സ്റ്റേഷന് മുന്നിലുള്ള M209 മെട്രോ ലിങ്ക് ബസിൽ കയറിയാൽ ടൗൺ സെന്ററിന് മുന്നിൽ ഇറങ്ങാം. റെഡ്‌ലൈനിലെ ലുസൈൽ - QNB സ്റ്റേഷൻ വഴിയാണ് വരുന്നതെങ്കിൽ അൽ ബിദയിൽ ഇറങ്ങി അൽ റിഫാ ഭാഗത്തേക്കുള്ള ഗ്രീൻ ലൈനിൽ കയറി അൽ മിസൈലായിൽ ഇറങ്ങാം. റെഡ്‌ലൈനിൽ വക്രയിൽ നിന്നാണ് വരുന്നതെങ്കിൽ മുശൈരിബ് ഇന്റർചേഞ്ചിൽ നിന്ന് ഗ്രീൻ ലൈനിലേക്ക് മാറിക്കയറണം. ഗോൾഡ് ലൈനിൽ വരുന്നവർ മുശൈരിബിൽ നിന്നോ അൽ ബിദയിൽ നിന്നോ ഗ്രീൻ ലൈനിലേക്ക് മാറണം. മിസൈലിൽ ഇറങ്ങിയാൽ മെട്രോ ലിങ്ക് ബസ് വഴി ടൗൺ സെന്ററിൽ എത്താം.

(കടപ്പാട് : ദി പെനിൻസുല)

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News