Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം,ഉടൻ തീരുമാനമെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി

August 25, 2021

August 25, 2021

ദോഹ: കോവിഡ് ബാധിച്ച്  വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അടിന്തിരമായി തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചു.ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് സുപ്രധാനമായ ഹൈക്കോടതി വിധി.ഡൽഹി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ അധ്യക്ഷനായ ജസ്റ്റിസ് ജ്യോതി സിംഗ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. പ്രവാസി ലീഗൽ സെല്ലിനു വേണ്ടി അഡ്വ. ശ്രീവിഘ്നേഷ് ഹാജരായി.

പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി ധനസഹായം നൽകുക, കോവിഡ് മഹാമാരി മൂലം വിദേശത്ത് മരണപ്പെട്ട ഇന്ത്യൻ പ്രവാസികളുടെ കണക്കുകൾ കൃത്യമായി ശേഖരിച്ച് തുടർ നടപടികൾക്കായി കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര മിഷനുകൾക്ക് നിർദ്ദേശം നൽകുക, കോവിഡ് മഹാമാരി മൂലം വിദേശത്ത് മാതാപിതാക്കൾ മരണപ്പെട്ട പ്രവാസികളുടെ ഇന്ത്യക്കാരായ കുട്ടികൾക്ക് പി എം കെയർ ഫണ്ടിൽ നിന്ന് സാമ്പത്തിക സഹായം നൽകുക എന്നീ വിഷയങ്ങൾ ഉന്നയിച്ചിരുന്നു.

ജൂലൈ ആദ്യവാരത്തിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി നഷ്ടപരിഹാര ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി, മെംബർ സെക്രട്ടറി എന്നിവർക്ക് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമും പ്രവാസി ലീഗൽ സെൽ കൺട്രി ഘടകങ്ങളും ചേർന്ന് നിവേദനം സമർപ്പിച്ചിരുന്നു.

സുപ്രീം കോടതി ആദ്യം അനുവദിച്ച സമയപരിധി തീർന്നിട്ടും പ്രവാസികൾക്ക് അനുകൂലമായ നിലപാട് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് വൈകിയതിനാലാണ് പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈകോടതിയെ സമീപിച്ചതും ഇപ്പോൾ വിധി പുറപ്പെടുവിച്ചതും.

ഇന്ത്യൻ ഭരണഘടന പ്രകാരം പൗരന്മാരുടെ മൗലിക അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും ഇന്ത്യയിലുള്ള പൗരന്മാരെപ്പോലെ തന്നെ പ്രവാസികളായ പൗരന്മാർക്കും സർക്കാരിന്റെ ക്ഷേമപദ്ധതികളിൽ പൂർണ്ണമായ അവകാശമുണ്ടെന്നും പ്രവാസികളെ ഒഴിവാക്കി നിർത്തുന്നത് ഭരണഘടനയുടെ 14-ാം വകുപ്പായ തുല്യതയുടെ ലംഘനമായി പരിഗണിക്കാവുന്നതാണെന്നും, കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട പ്രവാസികളുടെ കുടുംബാംഗങ്ങളേയും ആനുകൂല്യത്തിനായി പരിഗണിക്കേണ്ടതാണെന്നും ഹർജിയിൽ ബോധിപ്പിച്ചിരുന്നു.

വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ചു കൊണ്ടാണ് ഹൈകോടതിയുടെ വിധി വന്നിട്ടുള്ളത്. ആയതിനാൽ കേന്ദ്ര സർക്കാർ തീരുമാനം ഉടൻ പ്രതീക്ഷിക്കുന്നതായി അഡ്വ. ജോസ് അബ്രഹാം, ഖത്തർ കൺട്രി ഹെഡ് അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.


Latest Related News