Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ജിസിസി ഉച്ചകോടി നാളെ,ഗൾഫ് പ്രതിസന്ധിക്ക് 'പരിമിതമായ പരിഹാരം' മാത്രമെന്ന് നിരീക്ഷകർ

December 09, 2019

December 09, 2019

അൻവർ പാലേരി  
ദോഹ : കഴിഞ്ഞ രണ്ടര വർഷത്തിലേറെയായി തുടരുന്ന ഗൾഫ് പ്രതിസന്ധിക്ക് നാളെ റിയാദിൽ ചേരാനിരിക്കുന്ന നാൽപതാമത് ഉച്ചകോടിയിൽ പരിഹാരമാകുമോ? ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹവും അറബ് ലോകവും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആകാംക്ഷയോടെ ഉന്നയിക്കുന്ന പ്രധാന ചോദ്യമാണിത്. സൌദി അടക്കമുള്ള രാജ്യങ്ങൾ ഖത്തറുമായി തുടരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉച്ചകോടിയിൽ ഇടപെടലുണ്ടാകുമെന്ന കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ലയുടെയും മറ്റ് ഉന്നതതല നേതാക്കളുടെയും പ്രസ്താവനകളാണ് ഇത്തരമൊരു സാധ്യതയിലേക്ക് ആദ്യം വിരൽ ചൂണ്ടിയത്. തൊട്ടുപിന്നാലെ ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹിമാൻ അൽതാനി സൗദിയിൽ അപ്രഖ്യാപിത സന്ദർശനം നടത്തിയതായും ഖത്തറിനെതിരായ ഉപരോധം പിൻവലിക്കാമെന്ന് ഉറപ്പ് ലഭിച്ചതായും സൗദിയിലെ മുതിർന്ന അറബ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

വാൾസ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട ഈ വെളിപ്പെടുത്തലിനെ പിന്തുടർന്നാണ് ഗൾഫ് പ്രതിസന്ധി പരിഹരിക്കപ്പെടാൻ പോകുന്നുവെന്ന തരത്തിൽ ലോകമാധ്യമങ്ങൾ ഇതുസംബന്ധിച്ച് തുടർച്ചയായി വാർത്തകൾ നൽകിയത്. എന്നാൽ വാൾസ്ട്രീറ്റ് ജേർണലിന്റെ ഈ വെളിപ്പെടുത്തലിന് പിന്നിലും ചില 'ഗൂഢാലോചനകൾ' ഉള്ളതായി ചിലർ നിരീക്ഷിക്കുന്നുണ്ട്. വാറൻ സ്ട്രോബൽ,ഡയൻ ഡിസൻബോം എന്നിവർ ചേർന്ന് തയാറാക്കിയ വാൾസ്ട്രീറ്റ് ജേർണലിലെ വെളിപ്പെടുത്തൽ, പ്രതിസന്ധി പരിഹരിക്കപ്പെടുന്നതു വരെ സ്വകാര്യമാക്കി വെക്കാൻ ഉദ്ദേശിച്ചിരുന്ന സൗദി-ഖത്തർ കൂടിക്കാഴ്ചയെ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്താൻ ചിലർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഖത്തറും സൗദിയും തമ്മിൽ അടുക്കുന്നതിൽ അതൃപ്തിയുള്ള യു.എ.ഇ യാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

അതേസമയം,വാൾസ്ട്രീറ്റ് ജേർണൽ നടത്തിയ വാർത്തയ്ക്ക് ശേഷം റോമിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഫോറിൻ പോളിസി സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തിൽ ഇതുവരെയുണ്ടായിരുന്ന സ്തംഭനാവസ്ഥ നീങ്ങിയിട്ടുണ്ടെന്നും ഇരു കക്ഷികളും ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നും മാത്രമാണ് ഖത്തർ വിദേശകാര്യ മന്ത്രി അബ്ദുൽ റഹ്‌മാൻ അൽതാനി പറഞ്ഞത്. പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

ഇതോടൊപ്പം ഖത്തറിൽ നടന്ന ഇരുപത്തിനാലാമത്‌ അറേബ്യൻ ഗൾഫ് കപ്പിൽ സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ അവസാന നിമിഷം പങ്കെടുത്തതും സൗദിയുടെയും ബഹ്‌റൈന്റെയും താരങ്ങളെയും  ഒഫീഷ്യലുകളെയും വഹിച്ചുകൊണ്ടുള്ള അതാത് രാജ്യങ്ങളുടെ വിമാനങ്ങൾ ദോഹയിൽ പറന്നിറങ്ങിയതും പ്രതീക്ഷയ്ക്ക് വക നൽകി. എന്നാൽ യു.എ.ഇ അപ്പോഴും ഇത്തരമൊരു നീക്കത്തിന് മുതിർന്നിരുന്നില്ല. യു.എ.ഇ താരങ്ങൾ അയൽ രാജ്യം വഴിയാണ് ദോഹയിൽ എത്തിയത്. ഇതിന് പിന്നാലെ നാൽപതാമത് റിയാദ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഖത്തർ അമീർ ഷെയ്ഖ് തമീമിന് സ്വന്തം കൈപ്പടയിലുള്ള കത്ത് കൈമാറിയതും പ്രതിസന്ധി നീങ്ങുന്നതിന്റെ ശുഭസൂചനയായാണ് വിലയിരുത്തപ്പെട്ടത്.

അതേസമയം,വർഷങ്ങളായി ഖത്തറും അയൽരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ചില അഭിപ്രായ വ്യത്യാസങ്ങളും രണ്ടര വർഷമായി തുടരുന്ന ഉപരോധവും ഒരൊറ്റ ദിവസത്തെ ഉച്ചകോടിയിൽ പരിഹരിക്കപ്പെടുക ദുഷ്കരമായിരിക്കുമെന്ന നിരീക്ഷണമാണ് ഇപ്പോൾ പുറത്തുവരുന്നത്. ജിസിസി രാജ്യങ്ങളുടെ 'ഭാഗികമായ കൂടിച്ചേരൽ' മാത്രമാണ് നാളത്തെ ഉച്ചകോടിയിൽ ഉണ്ടാവുകയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. യു.എ.ഇ ഇപ്പോഴും ഖത്തറുമായി അനുരഞ്ജനത്തിന് തയാറായിട്ടില്ലെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

നേരത്തെ കുവൈത്തിൽ നടത്താനിരുന്ന നാൽപതാമത് ജിസിസി ഉച്ചകോടിയാണ് പിന്നീട് റിയാദിലേക്ക് മാറ്റിയത്. ഉച്ചകോടിയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയോ മറ്റ് ഉന്നതതല പ്രതിനിധികളോ പങ്കെടുക്കുന്ന കാര്യം ഖത്തർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞതവണ റിയാദിൽ ചേർന്ന മുപ്പത്തിയൊൻപതാമത് ജിസിസി ഉച്ചകോടിയിലേക്ക് ഖത്തർ അമീറിന് സൗദി രാജാവിന്റെ ക്ഷണം ഉണ്ടായിരുന്നെങ്കിലും അന്നത്തെ വിദേശകാര്യ സഹമന്ത്രിയായിരുന്ന സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പങ്കെടുത്തത്. ഈ സാഹചര്യത്തിൽ നാളെ നടക്കുന്ന റിയാദ് ഉച്ചകോടിയിലും വലിയ മാറ്റങ്ങളൊന്നും സംഭവിക്കില്ലെന്നാണ് നിരീക്ഷകർ നൽകുന്ന സൂചന.

അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ മുൻ ഉദ്യോഗസ്ഥനും നിലവിൽ യമനിലെ അമേരിക്കൻ സ്ഥാനപതിയുമായ ജെറാൾഡ് ഫിയസ്റ്റയിൻ പറയുന്നത് യു.എ.ഇ ക്കും ഖത്തറിനുമിടയിൽ അനുരഞ്ജനത്തിനുള്ള വ്യക്തമായ സൂചനകളൊന്നും ഇനിയും കാണുന്നില്ല എന്നാണ്. അതേസമയം, മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ കാശൊഗിയുടെ വധവുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പ്രതിച്ഛായ അന്താരാഷ്ട്ര തലത്തിൽ മോശമായ സാഹചര്യത്തിൽ ഖത്തറുമായുള്ള ബന്ധം ഇതേനിലയിൽ അധികകാലം തുടരാനാവില്ലെന്ന നിലപാടാണ് സൗദിക്കുള്ളത്. കശൊഗിയുടെ വധത്തിന് ഉത്തരവാദിയായ മുഹമ്മദ് ബിൻ സൽമാനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെ ഡെമോക്രാസ്റ്റുകളും റിപ്പബ്ലിക്കൻ പാർട്ടിക്കാരും ഒരുപോലെ രംഗത്തവരുന്ന സാഹചര്യത്തിൽ തനിച്ചു മുന്നോട്ടുപോകുന്നത് സൗദിക്ക് കൂടുതൽ നഷ്ടമുണ്ടാക്കുമെന്നും ജെറാൾഡ് ഫിയസ്റ്റയിൻ നിരീക്ഷിക്കുന്നു.(വാൾസ്ട്രീറ്റ് ജേർണൽ)
കഴിഞ്ഞ സെപ്തംബറിൽ അമേരിക്കയിലെ പബ്ലിക് ബ്രോഡ്കാസ്റ്റിങ് സർവീസിലെ മാർട്ടിൻ സ്മിത്തുമായി സംസാരിക്കുന്നതിനിടെ,കശൊഗിയുടെ കൊലപാതകം നടത്തിയത് തനിക്ക് കീഴിലുള്ള ഉദ്യോഗസ്ഥരാണെന്നും അതിനാൽ വധത്തിൽ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും മുഹമ്മദ് ബിൻ സൽമാൻ തുറന്ന് സമ്മതിച്ചിരുന്നു.

ജിസിസിയുടെ 'ഭാഗികമായ' കൂടിച്ചേരലിന് മാത്രമേ സാധ്യത കാണുന്നുള്ളൂ. ഖത്തറിനെ ഒപ്പം നിർത്താതെ അധികകാലം മുന്നോട്ടു പോകുന്നത് സൗദിയുടെ പ്രതിഛായയെയും യശസ്സിനെയും പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവ് അവർക്കുണ്ട്.അതേസമയം ഖത്തറുമായി അനുരഞ്ജനത്തിന് തയാറാകാൻ യു.എ.ഇ യുടെ നേതാക്കൾ ഇപ്പോഴും കാണിക്കുന്ന വിമുഖത ജിസിസിയുടെ പൂർണമായ അനുരഞ്ജനത്തിന് തടസ്സമാകും - വാഷിംഗ്ടൺ ഡിസിയിലെ അറബ് സെന്റർ ഗവേഷകനും രാഷ്ട്രീയ നിരീക്ഷകനുമായ ഇമാദ് ഹർബ് അൽ ജസീറയോട് പറഞ്ഞു.

ജിസിസി ഉച്ചകോടിയിൽ അനുരഞ്ജനം പ്രഖ്യാപിച്ചുകൊണ്ട് ഒരു പ്രമേയം പാസാക്കിയാലും ഉപരോധം ജിസിസി ക്കുണ്ടാക്കിയ വലിയ തിരിച്ചടികളും ദുരനുഭവങ്ങളും അത്രയെളുപ്പം പരിഹരിക്കപ്പെടില്ലെന്ന് ഗൾഫിലെ പ്രമുഖ നിരീക്ഷകൻ അബ്ദുല്ലാ ബാബൂദ് അഭിപ്രായപ്പെട്ടു. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പൂർണാർത്ഥത്തിലുള്ള സമന്വയവും  വിശ്വാസവും സാധ്യമാകണമെങ്കിൽ അല്പം കൂടി സമയവും കഠിനാധ്വാനവും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു (അൽജസീറ)
ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News