Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
സ്ത്രീകളുടെ വിവാഹപ്രായത്തിൽ മാത്രമല്ല മാറ്റം, വിവാദനിയമത്തിന്റെ വിശദവിവരങ്ങൾ

December 22, 2021

December 22, 2021

ന്യൂഡല്‍ഹി : വിവാഹപ്രായത്തിൽ മാറ്റം വരുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനമാണ് രാജ്യത്തെങ്ങും ചർച്ചാ വിഷയം. സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കി മാറ്റുന്നതിനൊപ്പം ഏഴോളം നിയമങ്ങളിൽ അഴിച്ചുപണി നടത്താനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടാതെ, ദത്ത് സംബന്ധമായ നിയമങ്ങളിലും മാറ്റങ്ങൾ വന്നേക്കും. 

ബാല വിവാഹ നിരോധന നിയമത്തില്‍ ഉള്‍പ്പടെയാണ് മാറ്റം വരുന്നത്. എന്നാല്‍ 18 വയസ്സു തികഞ്ഞാല്‍ വ്യക്തി മേജര്‍, അതുവരെ മൈനര്‍ എന്ന് ഇന്ത്യന്‍ മജോരിറ്റി നിയമത്തിലുള്‍പ്പെടെയുള്ള വ്യവസ്ഥയ്ക്ക് മാറ്റമില്ല.ബാല വിവാഹ നിരോധന നിയമത്തില്‍ 'ചൈല്‍ഡ്' എന്നതിനുള്ള നിര്‍വചനമാണ് മാറ്റുന്നത്. 21 വയസ്സു തികയാത്ത പുരുഷനേയും 18 തികയാത്ത സ്ത്രീയേയും 'ചൈല്‍ഡ്' ആയാണ് കണക്കാക്കുന്നത്. സ്ത്രീകളുടേയും വിവാഹപ്രായം ഉയര്‍ത്തിയതോടെ പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും 21 വയസ്സുവരെ ഇനി 'ചൈല്‍ഡ്' എന്ന നിർവചനത്തിന് കീഴിലാണ് വരിക. ഇതുകൂടാതെ ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം, പാര്‍സി വിവാഹ-വിവാഹമോചന നിയമം, ഹിന്ദു വിവാഹ നിയമം, പ്രത്യേക വിവാഹ നിയമം, വിദേശിയെ വിവാഹം ചെയ്യുന്നതിനുള്ള നിയമം, ഇ‌സ്‌ലാമിക നിയമം എന്നിവയില്‍ മാറ്റം വരും. ഇസ്ലാമിക നിയമം ഒഴിച്ചുള്ള മറ്റ് നിയമങ്ങളില്‍ 18 വയസ്സാണ് സ്ത്രീക്ക് വിവാഹത്തിന് അനുവദനീയമായ കുറഞ്ഞ പ്രായം. എന്നാല്‍ മുസ്‌ലിം വ്യക്തിനിയമപ്രകാരം, പ്രായപൂര്‍ത്തിയും പക്വതയുമായാല്‍ പുരുഷനും, പ്രായപൂര്‍ത്തിയായാല്‍ സ്ത്രീക്കും വിവാഹമാവാം എന്നാണ്. സ്ത്രീക്ക് 15 വയസ്സ് എന്നതാണ് ഇ‌സ്‌ലാമിക നിയമത്തിന്റെ ആധികാരിക വ്യാഖ്യാന ഗ്രന്ഥമായ 'പ്രിന്‍സിപ്പിള്‍സ് ഓഫ് മുഹമ്മദന്‍ ലോ'യില്‍ ദിന്‍ഷ ഫര്‍ദുന്‍ജി മുല്ല വ്യക്തമാക്കിയിട്ടുള്ളത്. പുതിയ നിയമഭേദഗതി നടപ്പായാല്‍, വിവാഹത്തിന് സ്ത്രീക്കും പുരുഷനും 21 വയസ്സ് എന്നതാവും രാജ്യത്ത് എല്ലാവര്‍ക്കും ബാധകമാകുന്ന കുറഞ്ഞ പ്രായപരിധി.


ഇവ കൂടാതെ മറ്റു രണ്ടു നിയമങ്ങളില്‍ കൂടി മാറ്റം വരുന്നുണ്ട്. ഹിന്ദു മൈനോറിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ് നിയമത്തിലും (1956) ഹിന്ദു ദത്തെടുക്കല്‍-പരിപാലന നിയമത്തിലും ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്‍. ഗാര്‍ഡിയന്‍ഷിപ് നിയമത്തില്‍ മൈനര്‍ പെണ്‍കുട്ടി വിവാഹിതയായാല്‍ രക്ഷാകര്‍തൃത്വ അവകാശം ഭര്‍ത്താവിന് എന്ന വ്യവസ്ഥ ഒഴിവാക്കും. പെണ്‍കുട്ടികളുടെ രക്ഷാകര്‍തൃത്വത്തെക്കുറിച്ച്‌ പറയുന്ന വ്യവസ്ഥയില്‍ അവിവാഹിത എന്ന വാക്ക് ഒഴിവാക്കുകയും ചെയ്യും. ഹിന്ദു ദത്തെടുക്കല്‍ - പരിപാലന നിയമത്തില്‍ പറഞ്ഞിട്ടുള്ളത് മൈനര്‍ അല്ലാത്തവര്‍ക്ക് ദത്തെടുക്കാമെന്നാണ്. ഈ നിയമത്തിലെ നിര്‍വചനമനുസരിച്ച്‌, 18 വയസ്സ് തികയുംവരെയാണ് മൈനര്‍. ഈ നിര്‍വചനത്തില്‍ മാറ്റം വരുത്തുന്നില്ല. എന്നാല്‍, 21 വയസ്സില്‍ കുറയാതെ പ്രായമുള്ള പുരുഷനും സ്ത്രീക്കും ദത്തെടുക്കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുകയാണ്. പ്രായപൂര്‍ത്തിയാകാതെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്ക് അതിനെക്കുറിച്ച്‌ പരാതിയുണ്ടെങ്കില്‍ അത് 20 വയസ്സിനകം നല്‍കാമെന്നാണ് ബാല വിവാഹ നിരോധന നിയമത്തില്‍ ഇപ്പോഴുള്ള വ്യവസ്ഥ. ഇത് 23 വയസ്സാക്കി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും ബില്ലിലുണ്ട്. ഇന്നലെയാണ് സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച്‌ പാര്‍ലമെന്റ് സ്ഥിരം സമിതിയുടെ പരിശോധനയ്ക്ക് വിട്ടത്. പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ബില്‍ ലോകസഭ പരി​ഗണിക്കുക.


Latest Related News