June 17, 2022
June 17, 2022
തിരുവനന്തപുരം: 17 ലക്ഷം പ്രവാസികളാണ് കോവിഡ് കാലത്ത് മടങ്ങിവന്നതെന്നും പ്രവാസികളോട് സംസ്ഥാന സര്‍ക്കാരിന് വലിയ ഉത്തരാവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.മടങ്ങി വരുന്ന പ്രവാസികളുടെ ഡാറ്റ ശേഖരണം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് നടന്ന മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന പരിപാടിയിലെ മുഖ്യമന്ത്രിയുടെ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. മുഖ്യമന്ത്രിക്കായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആണ് സന്ദേശം അറിയിച്ചത്.
കോവിഡ് കാലത്ത് മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കേന്ദ്രം ഒരു രൂപ പോലും ചെലവാക്കിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സമഗ്രമായ കുടിയേറ്റ നിയമം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരള സഭയിലെ ചര്‍ച്ചകളില്‍ സംസ്ഥാന തലത്തില്‍ പരിഹാരം കാണേണ്ടവ വേഗത്തില്‍ പരിഹരിക്കും. ദേശീയ-അന്തര്‍ദേശീയ തലത്തില്‍ പരിഹാരം കാണേണ്ടവ സംബന്ധിച്ച ശുപാര്‍ശ സംസ്ഥാനം നല്‍കും. പ്രവാസി സമൂഹത്തിന്റെ പണം മാത്രമല്ല അവരുടെ പങ്കാളിത്തവും ആശയങ്ങളും എല്ലാമാണ് ലോക കേരള സഭകൊണ്ട് ലക്ഷ്യമിട്ടതെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ഡാറ്റ ശേഖരണം നടത്തും. പുനരധിവാസത്തിന് ഇത് അനിവാര്യമാണ്. പ്രവാസികളുടെ പങ്കാളിത്തത്തോടെ ദീര്‍ഘകാല വികസന നയ സമീപനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. പുതിയ കര്‍മ്മ പദ്ധതികള്‍ വേണമെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയാണ് മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക