Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ഉപരോധത്തിനുമപ്പുറം നീളുന്ന ഖത്തർ,ബഹ്‌റൈൻ തർക്കം,യഥാർത്ഥ കാരണവും ചരിത്രവും ഇതാണ് 

January 05, 2021

January 05, 2021

ന്യൂസ്‌റൂം റിസർച് ഡെസ്ക് 

ദോഹ:2017 ജൂണിൽ ഖത്തറിനെതിരെ ചില അയൽരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം സൗദി അറേബ്യ പിൻവലിച്ചുവെന്ന വാർത്ത ഗൾഫ്-അറബ് മേഖലയിൽ വലിയ പ്രത്യാശകൾ നൽകുമ്പോഴും ഇന്ന് റിയാദിലെ അൽ  ഉലയിൽ നടക്കുന്ന ഗൾഫ് ഉച്ചകോടിയിൽ യു.എ.ഇ,ബഹ്‌റൈൻ,ഈജിപ്ത്  രാജ്യങ്ങൾ എന്ത് നിലപാടെടുക്കുമെന്നാണ് ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. യു.എ.ഇയുടെ നിലപാട് തന്നെയാണ് ഇതിൽ ഏറ്റവും പ്രധാനം. ഈജിപ്ത്  ഉപരോധത്തിൽ നിന്ന് പിന്മാറാൻ ഏറെക്കുറെ സന്നദ്ധത  വിവരം.തങ്ങളുടെ വ്യോമപാത ഖത്തറിനായി തുറക്കാന് ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാനസർവീസുകൾ പുനരാരംഭിക്കാനും തയ്യാറാണെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തേഹ് അൽ സിസി അറിയിച്ചതായി ചില ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്നലെ അൽ-അറബി അൽ-ജദീദ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ബഹ്‌റൈനുമായുള്ള ഖത്തറിന്റെ പ്രശ്‌നങ്ങള്‍ക്ക് ചരിത്രപരമായ പശ്ചാത്തലം കൂടിയുണ്ടെങ്കിലും യു.എ.ഇയും ഈജിപ്തും സൗദിയും സ്വീകരിക്കുന്ന നിലപാടുകൾ പിന്തുടരുക മാത്രമായിരിക്കും ബഹ്റൈന് മുന്നിലുള്ള ഏക പോംവഴി. 

പ്രശ്‌നങ്ങളുടെ ചരിത്രം

അറബ് ലോകത്തെ രണ്ട് ചെറു രാജ്യങ്ങളാണ് ഖത്തറും ബഹ്‌റൈനും. മേല്‍പ്പറഞ്ഞതുപോലെ ഈ രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ചരിത്രപരമായ പശ്ചാത്തലം ഉണ്ട്. അതിനാല്‍ തന്നെ ഇവര്‍ തമ്മില്‍ അതിര്‍ത്തി സംബന്ധിച്ചതും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ ഒരേസമയം നിലനില്‍ക്കുന്നു. എന്താണ് ആ ചരിത്ര പശ്ചാത്തലം? 

ചരിത്രപരമായി ബഹ്‌റൈന്റെ ഭാഗമായിരുന്നു ഖത്തര്‍ എന്നാണ് ബഹ്‌റൈന്‍ അവകാശപ്പെടുന്നത്.. 1870 ല്‍ ഓട്ടോമാന്‍ സാമ്രാജ്യം അറേബ്യന്‍ ഉപദ്വീപിനെ കീഴടക്കിയപ്പോഴാണ് ഖത്തര്‍ ബഹ്‌റൈനില്‍ നിന്ന് വേര്‍പെട്ടു പോയതെന്നാണ് വാദം.ഖത്തറിന്റെ വടക്കു പടിഞ്ഞാറുള്ള ചരിത്ര നഗരമായ അല്‍ സുബാരയിലാണ് തങ്ങളുടെ വേരുകളെന്നാണ് ബഹ്‌റൈന്‍ ഭരിക്കുന്ന അല്‍ ഖലീഫ കുടുംബം അവകാശപ്പെടുന്നത്.

സൗദിയിലെ ഗോത്രങ്ങള്‍  ഓട്ടോമാന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചപ്പോള്‍ ഖത്തറിലെ കലാപം ശമിപ്പിക്കാനും ബ്രിട്ടീഷ് ആക്രമണം തടയാനും സൈന്യങ്ങളെ അയക്കുകയല്ല ഓട്ടോമാന്‍മാന്‍മാര്‍ ചെയ്തത്. പകരമായി ഓട്ടോമാന്‍ നിയന്ത്രണത്തിലായിരുന്ന ഖത്തര്‍ ഭരിക്കാന്‍ ദോഹയിലെ പ്രമുഖ വ്യാപാര ഗോത്ര നേതാവായ ജാസിം അല്‍താനിയെ ഓട്ടോമാന്‍മാര്‍ തെരഞ്ഞെടുത്തു. 

ബ്രിട്ടീഷുകാരും തുര്‍ക്കികളും തമ്മിലുള്ള ഉടമ്പടിയെ തുടര്‍ന്ന് 1913 ല്‍ ഖത്തറും ബഹ്‌റൈനും രണ്ട് സ്വതന്ത്ര രാജ്യങ്ങളായി മാറി. എന്നാല്‍ ഖത്തറിനെ കയ്യടക്കി തങ്ങളുടെ ഭാഗമാക്കാനായിരുന്നു  ബഹ്‌റൈന്റെ ശ്രമം..നേരത്തേയുണ്ടാക്കിയ ഉടമ്പടിയില്‍ അതിര്‍ത്തികള്‍ കൃത്യമായി വരച്ചിരുന്നില്ലെന്ന ചില വാദങ്ങളാണ് ബഹ്‌റൈൻ ഇതിനായി നിരത്തിയത്. ഓട്ടോമാന്‍മാര്‍ പോയ ശേഷവും ബഹ്‌റൈനും ഖത്തറും തമ്മിലുള്ള ബന്ധം നല്ല രീതിയില്‍ ആയില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടര്‍ന്നു. 

പ്രവിശ്യാ തര്‍ക്കങ്ങള്‍

ഖത്തറും ബഹ്‌റൈനും തമ്മിലുള്ള പ്രവിശ്യാ തര്‍ക്കത്തില്‍ സമുദ്രാതിര്‍ത്തി നിര്‍ണ്ണയം, അല്‍ സുബാര പ്രദേശം, ഹവാര്‍ ദ്വീപ സമൂഹം, അല്‍ വക്ര, ഉം തോയോര്‍, ബു സദദ് തുടങ്ങിയവയാണ് പ്രധാനമായും ഉള്‍പ്പെട്ടിട്ടുള്ളത്. 

മേല്‍പ്പറഞ്ഞതു പോലെ ബ്രിട്ടീഷ്-ഓട്ടോമാന്‍ കരാറില്‍ രാജ്യങ്ങളുടെ അതിര്‍ത്തി കൃത്യമായി പറയാത്തതാണ് ദോഹയും മനാമയും തമ്മിലുള്ള തര്‍ക്കത്തിനി പിന്നിലുള്ള പ്രധാന കാരണം. ഇവിടങ്ങളില്‍ എണ്ണശേഖരവും വാതകവും കണ്ടെത്തിയതോടെ തര്‍ക്ക പ്രദേശങ്ങളില്‍ ഇരുരാജ്യങ്ങളും അവകാശം ഉന്നയിച്ചു

1971 ല്‍ ഹവാര്‍ ദ്വീപുകളുടെ കാര്യത്തില്‍ ഖത്തര്‍ ബഹ്‌റൈനെ വെല്ലുവിളിച്ചു. ഇടയ്ക്ക് സമുദ്ര ഏറ്റമുട്ടലുകളും ഉണ്ടായി. 1958 ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിന്റെ വക്കോളം എത്തി. ആ വര്‍ഷം ബഹ്‌റൈന്‍ ഫാഷ്ത് ദ്വീപില്‍ ബഹ്‌റൈന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു. എന്നാല്‍ ഈ നിര്‍മ്മാണം 1978 ലെ കരാറിന്റെ ലംഘനമാണെന്ന് ഖത്തര്‍ ആരോപിച്ചു. 1986 ന്റെ തുടക്കത്തില്‍ ഈ ദ്വീപുകളില്‍  ഖത്തര്‍ വായുമാര്‍ഗം സൈന്യത്തെ വിന്യസിച്ചു. ദ്വീപുകളെ അടച്ചു പൂട്ടിയ പ്രദേശം എന്ന് അവര്‍ വിശേഷിപ്പിച്ചു. കൂടാതെ നിരവധി ബഹ്‌റൈനി ഉദ്യോഗസ്ഥരെയും 29 ഡച്ച് കരാറുകാരെയും ബഹ്‌റൈന്‍ സര്‍ക്കാര്‍ നിയമിച്ച തൊഴിലാളികളെയും ഖത്തര്‍ അറസ്റ്റ് ചെയ്തു. 

1990 കളില്‍ മറ്റ് അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ അനുരഞ്ജന കരാറുകള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. അവസാനം ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം അന്താരാഷ്ട്ര നീതിന്യായ കോടതിയിലെത്തുകയായിരുന്നു. വര്‍ഷങ്ങളോളം നീണ്ട കേസിന്റെ വിധി ഒടുവില്‍ 2001 ലാണ് കോടതി പുറപ്പെടുവിച്ചത്. ഈ വിധി പ്രകാരം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമുദ്രാതിര്‍ത്തി രേഖപ്പെടുത്തുകയും തര്‍ക്ക ദ്വീപുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയും ചെയ്തു. അല്‍ സുബാര, ജനന്‍, ഫഷ്ത് ദിബാല്‍ എന്നിവ ഖത്തറിനും ഹവാര്‍, ജരാദ എന്നിവ ബഹ്‌റൈനാണെന്നും കോടതി വിധിച്ചു. 

തര്‍ക്കങ്ങളെ ഉണര്‍ത്തിയ ഗള്‍ഫ് പ്രതിസന്ധി

അന്താരാഷ്ട്ര കോടതിയുടെ വിധിയെ തുടര്‍ന്ന് ഖത്തറും ബഹ്‌റൈനും തമ്മിലുള്ള ബന്ധം പ്രശ്‌നങ്ങളില്ലാതെ തുടര്‍ന്നു. എന്നാല്‍ ഏതു നിമിഷവും ആളിപ്പടരാന്‍ പാകത്തില്‍ ചാരത്തിനടിയിലെ കനലായി ഖത്തറിനും ബഹ്‌റൈനും ഇടയിലെ പ്രശ്‌നം നിലനിന്നിരുന്നു. 

എന്നാല്‍ ചാരം മൂടിക്കിടന്നിരുന്ന അതിര്‍ത്തി തര്‍ക്കങ്ങളുടെയും രാഷ്ട്രീയ തര്‍ക്കങ്ങളുടെയും പഴയ മുറിവുകള്‍ 2017 ആയപ്പോള്‍ വീണ്ടും മറ നീക്കി  പുറത്തുവന്നു. ആ വര്‍ഷം ജൂണില്‍ സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ബഹ്‌റൈനും ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചു. ഇതേ തുടര്‍ന്നാണ് ഗള്‍ഫ് പ്രതിസന്ധി രൂപപ്പെട്ടത്. 

വിവിധ കാരണങ്ങള്‍ ആരോപിച്ച് ഖത്തറിനെ ഉപരോധിക്കാനുള്ള സൗദിയുടെ തീരുമാനത്തെ പിന്തുണച്ചു കൊണ്ട് പ്രശ്‌നങ്ങള്‍ വീണ്ടും ആരംഭിക്കാനുള്ള അവസരം ബഹ്‌റൈനിലെ അല്‍ ഖലീഫ ഭരണാധികാരികള്‍ ഉപയോഗിക്കുകയായിരുന്നു.

പ്രതിപക്ഷ നേതാക്കള്‍ ഖത്തറിനു വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന ബഹ്‌റൈന്റെ ആരോപണവും ഖത്തറുമായുള്ള ബഹ്‌റൈന്റെ അതിര്‍ത്തി പ്രശ്‌നവുമെല്ലാം ഗള്‍ഫ് പ്രതിസന്ധിക്ക് വലിയ തോതിൽ തീ പകർന്നിട്ടുണ്ട്. 2020 ഡിസംബര്‍ ഒമ്പതിന് ബഹ്‌റൈന്റെ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ അതിക്രമിച്ചു കയറിയതായി ഡിസംബര്‍ 24 ന് ഖത്തര്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചിരുന്നു. കൂടാതെ ഖത്തറിന്റെ ജലാതിര്‍ത്തിക്കുള്ളിലെത്തിയ ബഹ്‌റൈന്റെ ഒരു മത്സ്യബന്ധന ബോട്ട് പിടികൂടിയതായി ഖത്തര്‍ പറഞ്ഞിരുന്നു. 

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിക്ക് ശേഷം അവസാനിച്ചു എന്ന് കരുതിയ ഖത്തര്‍-ബഹ്‌റൈന്‍ സമുദ്രാതിര്‍ത്തി കേസുകള്‍ യു.എ.ഇയുടെയും സൗദിയുടെയും സഹായത്തോടെ ബഹ്‌റൈന്‍ വീണ്ടും പൊടിതട്ടിയെടുക്കുകയായിരുന്നു.. കോടതിയുടെ തീര്‍പ്പില്‍ ബഹ്‌റൈന്‍ തൃപ്തരായിരുന്നില്ല. 

ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്ന്  നടക്കുന്ന ജി.സി.സി ഉച്ചകോടിയ്ക്ക് പ്രാധാന്യം ഏറുന്നത്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News