Breaking News
ഖത്തറിലെ അൽ വക്രയിൽ പുതിയ പാർക്ക് വരുന്നു  | അസ്ഥിരമായ കാലാവസ്ഥ: യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം; മെട്രോ സര്‍വീസിലും മാറ്റം | ഇസ്രായേലിന്റെ വ്യോമാക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹമാസ് നേതാവിന്റെ ചെറുമകൾ മരിച്ചു ​ | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: ഉദ്ഘാടന മത്സരത്തിൽ ഖത്തറിന് വിജയം  | ശക്തമായ മഴ: ഖത്തറിൽ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും മാറ്റം | കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ മരിച്ചു | ഒമാനിൽ മഴ: മരണം 18 ആയി | ഖത്തറിൽ അതിശക്തമായ മഴ; സർക്കാർ സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ജിസിസി-മധ്യേഷ്യ കരട് കരാറിൽ ചർച്ച നടത്തുമെന്ന്  ഖത്തർ പ്രധാനമന്ത്രി | ഖത്തറില്‍ ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത |
കോവിഡ് 19, ഒമാനിൽ സന്ദർശക വിസക്ക് വിലക്ക്

March 13, 2020

March 13, 2020

മസ്കത്ത് : കോവിഡ് 19 വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി  ഒമാൻ സന്ദർശക വിസക്ക് വിലക്കേർപ്പെടുത്തി. വൈറസ് ബാധയുടെ വ്യാപനം തടയുന്നതിനുള്ള തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനായി സുല്‍ത്താെന്‍റ ഉത്തരവു പ്രകാരം രൂപം നല്‍കിയ സുപ്രീം കമ്മിറ്റി യോഗമാണ് ഒരു മാസത്തേക്ക് വിസ വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച നടന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി അധ്യക്ഷത വഹിച്ചു. മാര്‍ച്ച്‌ 15 മുതല്‍ ഏപ്രില്‍ 15 വരെയാണ് വിസ വിലക്ക് അടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതു പ്രകാരം ഒരു രാജ്യത്തുള്ളവര്‍ക്കും പുതിയ ടൂറിസ്റ്റ് വിസ അനുവദിക്കില്ല. ക്രൂസ് കപ്പലുകള്‍ രാജ്യത്തെ തുറമുഖങ്ങളില്‍ ഇക്കാലയളവില്‍ അടുക്കാന്‍ അനുവദിക്കില്ല. എല്ലാ കായിക പരിപാടികളും സ്കൂളുകളിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ശീഷ ഉപയോഗം നിര്‍ത്തിവെക്കാനും കമ്മിറ്റി നിര്‍ദേശിച്ചു.

കോടതി നടപടികളില്‍ കേസുകളുമായി ബന്ധപ്പെട്ടവര്‍ മാത്രം പെങ്കടുത്താല്‍ മതിയെന്നും നിര്‍ദേശമുണ്ട്. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കുകയും സിനിമാശാലകളില്‍ പോകുന്നത് ഒഴിവാക്കുകയും വേണം. മതപരമായതും കുടുംബപരമായതും സാമൂഹിക പരവുമായ ഒത്തുചേരലുകളില്‍ എല്ലാവിധ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുള്ള അറിയിപ്പില്‍ പറഞ്ഞു. കോവിഡ്19 രോഗബാധയുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്തെ സ്കൂളുകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കമ്മിറ്റി യോഗം വിലയിരുത്തി. ഒമാനിലെ വൈറസ് ബാധ സംബന്ധിച്ച പൊതുവായ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി വരുകയാണെന്ന് അല്‍ ബുസൈദി പറഞ്ഞു. വൈറസ് ബാധയെ നേരിടാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. ഒമാനിലെയും മറ്റു രാജ്യങ്ങളിലെയും രോഗബാധ അവലോകനം ചെയ്ത ശേഷം കമ്മിറ്റി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

യോഗത്തില്‍ ആരോഗ്യ മന്ത്രാലയം, ഗതാഗത മന്ത്രാലയം, റോയല്‍ ഒമാന്‍ പൊലീസ്, വിദ്യാഭ്യാസ മന്ത്രാലയം, നിയമകാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, റേഡിയോ ആന്‍ഡ് ടെലിവിഷന്‍ പൊതുഅതോറിറ്റി എന്നിവയുടെ പ്രതിനിധികള്‍ പെങ്കടുത്തു. സ്കൂളുകള്‍ക്ക് അവധി നല്‍കാത്തതിനാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഇൗദി യോഗത്തിനുശേഷം പറഞ്ഞു. ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തിവരുന്നുണ്ട്. യു.എ.ഇയിലും ഖത്തറിലും കുവൈത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയതിെന്‍റ പശ്ചാത്തലത്തില്‍ രക്ഷാകര്‍ത്താക്കളുടെ ആകുലതകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒാരോ രാജ്യവും അതത് ഇടങ്ങളിലെ സ്ഥിതിഗതികള്‍ക്ക് അനുസരിച്ചാണ് നടപടി കൈകൊള്ളുക. നിലവിലെ ഒമാനിലെ സ്ഥിതി തീര്‍ത്തും നിയന്ത്രണ വിധേയമാണെന്ന് തനിക്കു പറയാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഒമാനില്‍ ഇതുവരെ 18 കോവിഡ് ബാധകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജി.സി.സി രാഷ്ട്രങ്ങളിലെ കുറഞ്ഞ രോഗബാധയാണിത്.

വ്യാഴാഴ്ച ഉച്ചവരെയുള്ള കണക്കനുസരിച്ച്‌ ജി.സി.സി രാഷ്ട്രങ്ങളില്‍ മൊത്തം 675 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 67 പേര്‍ രോഗമുക്തരായി. ഏറ്റവും പുതിയ കണക്കനുസരിച്ച്‌ ഖത്തറാണ് രോഗബാധിതരുടെ പട്ടികയില്‍ മുന്‍നിരയില്‍. 262 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ബഹ്റൈനില്‍ 195 പേര്‍ക്കും കുവൈത്തില്‍ 80 പേര്‍ക്കും യു.എ.ഇയില്‍ 74 പേര്‍ക്കും സൗദി അറേബ്യയില്‍ 45 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ 1,26,513 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4637 പേര്‍ മരിക്കുകയും 68,317 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഏപ്രില്‍ 15 വരെ ഇന്ത്യ ട്രാവല്‍ വിസകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യയിലെ ഒമാന്‍ എംബസി ഒമാനി പൗരന്മാര്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ത്യയിലേക്ക് യാത്രപുറപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്ഥിതിഗതികള്‍ ശാന്തമാകാന്‍ കാത്തിരിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. ഇതോടൊപ്പം നിലവില്‍ ഇന്ത്യയിലുള്ള സ്വദേശികള്‍ ജനങ്ങള്‍ ഒത്തുചേരുന്ന സ്ഥലങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്നും സംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. അടിയന്തര സഹായം ആവശ്യമുള്ളവര്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ എംബസിയുമായോ മുംബൈയിലെ കോണ്‍സുലേറ്റുമായോ ബന്ധപ്പെടണം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News