Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ദുബായിലെ അറബ് സമൂഹത്തിന് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന മറിയാമ്മ വർക്കിയുടെ സംസ്കാരം ഇന്ന്

April 01, 2021

April 01, 2021

ദുബായ്: കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തിൽ നിന്നും ദുബായിലെത്തി രാജകുടുംബത്തിൽ പെട്ടവർ ഉൾപെടെയുള്ളവർക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന  ഇന്നലെ അന്തരിച്ച മറിയാമ്മ വർക്കിയുടെ സംസ്കാരം ഇന്ന് ദുബായിൽ നടക്കും.. ദുബായിൽ ആദ്യത്തെ  സ്വകാര്യ സ്‌കൂള്‍ സ്ഥാപകയായ മറിയാമ്മ വർക്കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ആദ്യകാല അധ്യാപികയെന്ന നിലയിലാണ് മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്. 90മത്തെ വയസ്സിൽ മകൻ സണ്ണി വർക്കിയുടെ ദുബായിലെ  വീട്ടിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. പത്തനംതിട്ട റാന്നി സ്വദേശിനിയാണ്. ബ്രിട്ടീഷ് ബാങ്കില്‍ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന പരേതനായ കാച്ചാണത്ത് കെ.എസ്. വര്‍ക്കിയുടെ ഭാര്യയാണ്. ദുബായ് ആസ്ഥാനമായുള്ള ജെംസ് എജ്യുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കിയുടെ മാതാവാണ് മറിയാമ്മ വര്‍ക്കി. മകള്‍: സൂസന്‍ വര്‍ക്കി. മരുമക്കള്‍: മന്ദമരുതി പനവേലില്‍ ഷേര്‍ളി വര്‍ക്കി, തിരുവനന്തപുരം കൊല്ലമന കെ.എ. മാത്യു.

ഭര്‍ത്താവ് കെ.എസ്. വര്‍ക്കിക്കൊപ്പം 1959ല്‍ ദുബായിലെത്തി അദ്ധ്യാപികയായ മറിയാമ്മ സ്വദേശികളായ കുട്ടികളെ ഇംഗ്ലിഷ് പഠിപ്പിച്ച്‌ ദുബായുടെ ചരിത്രത്തില്‍ തന്നെ ഇടംപിടിക്കുകയായിരുന്നു. രാജകുടുംബത്തിലുള്ളവര്‍ക്കടക്കം ഇംഗ്ലിഷ് പാഠങ്ങള്‍ പകര്‍ന്നുകൊടുത്ത അവര്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ അദ്ധ്യാപികയായിരുന്നു മാഡം വര്‍ക്കി എന്നറിയപ്പെട്ടിരുന്ന മറിയാമ്മ. രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരടക്കം ഒട്ടേറെപ്പേര്‍ മറിയാമ്മയുടെ പ്രിയ ശിഷ്യരാണ്.

ആദ്യകാലത്ത് ദുബായിലെത്തി സ്ഥിരതാമസം തുടങ്ങിയ ഇന്ത്യന്‍ വനിതകളിലൊരാളായ മറിയാമ്മ വർക്കി 1968ല്‍ ആദ്യത്തെ സ്വകാര്യ വിദ്യാലയമായ ഔവര്‍ ഓണ്‍ ഇംഗ്ലിഷ് സ്‌കൂള്‍ ദുബായില്‍ തുടങ്ങി. 1980ലാണ്  സ്ഥാപനങ്ങളുടെ നേതൃത്വം സണ്ണി വര്‍ക്കി ഏറ്റെടുത്തത്.. 2000ല്‍ ജെംസ്(ഗ്ലോബല്‍ എജ്യുക്കേഷന്‍ മാനേജ്‌മെന്റ് സിസ്റ്റംസ്) തുടങ്ങിയതോടെ ലോകത്തെ ഏറ്റവും വലിയ സ്‌കൂള്‍ ശൃംഖലയായി വളര്‍ന്നു. അക്കാലത്ത് ദുബായില്‍ സ്‌കൂളുകള്‍ കുറവായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു.

ദുബായിലേക്ക് വരുന്നതിനുമുന്‍പ് കേരളത്തില്‍ അദ്ധ്യാപികയായിരുന്നു. മകന്‍ സണ്ണി വര്‍ക്കി 2000-ത്തില്‍ ആരംഭിച്ച ജെംസ് ഗ്രൂപ്പിന് കീഴില്‍ ഇന്ന് നാല് രാജ്യങ്ങളിലായി അമ്ബതിലേറെ സ്‌കൂളുകളുണ്ട്. അറബിയും ഉറുദുവും പഠിപ്പിക്കുന്ന പള്ളികള്‍ മാത്രമുണ്ടായിരുന്നൊരു കാലത്താണ് മറിയാമ്മ ദുബായിലെത്തി സ്വദേശികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം പകര്‍ന്നു നല്‍കിയും രാജകുടുംബത്തിലടക്കം ശിഷ്യ ഗണങ്ങളെ ഉണ്ടാക്കി എടുത്തതും.

വിദ്യാഭ്യാസത്തിന്റെ മികവും പ്രാധാന്യവും അറബ് ജനതയെ ബോധ്യപ്പെടുത്താന്‍ മറിയാമ്മയ്ക്ക് കഴിഞ്ഞതാണ് ജീവിതത്തില്‍ നേട്ടമായി മാറിയത്. ഒപ്പം ഭാര്യയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഭര്‍ത്താവ് താങ്ങായി നിന്നു. പ്രിയപ്പെട്ടവര്‍ക്കിടയില്‍ അമ്മച്ചിയെന്നും ജീവനക്കാര്‍ക്കിടയില്‍ മാഡം വര്‍ക്കിയെന്നും അറിയപ്പെട്ടിരുന്ന മറിയാമ്മ വര്‍ക്കി വിദ്യാഭ്യാസപ്രവര്‍ത്തനത്തിന്റെ പേരില്‍ തന്നെ വരുംതലമുറയില്‍ ഓര്‍മിക്കപ്പെടും. പെണ്‍കുട്ടികളുടെ പഠന വികസനത്തിലും അദ്ധ്യാപകരുടെ പുരോഗതിയിലും ശ്രദ്ധയൂന്നിയാണ് അവര്‍ പ്രവര്‍ത്തിച്ചത്.

മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവുംനല്ല സമ്മാനമാണ് വിദ്യാഭ്യാസവും ശരിയായ മാര്‍ഗനിര്‍ദേശവും. വിദ്യാഭ്യാസത്തിന് ഒരാളുടെ ഭാവി തീരുമാനിക്കാനാവുമെന്ന് മറിയാമ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. യു.എ.ഇ.യുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആക്കം കൂട്ടുകയായിരുന്നു മറിയാമ്മയുടെയും ഭര്‍ത്താവ് കെ.എസ്. വര്‍ക്കിയുടെയും ഓരോ പ്രവര്‍ത്തനവും. ഉന്നതവിദ്യാഭ്യാസത്തിന്റെ മികവും പ്രാധാന്യവും അറബ് ജനതയെ ബോധ്യപ്പെടുത്താന്‍ ഈ ദമ്ബതികള്‍ക്ക് സാധിച്ചു.

1968-ല്‍ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഇരുവരും ചേര്‍ന്ന് ആരംഭിച്ചപ്പോള്‍ ആകെ 27 കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഗള്‍ഫിലെങ്ങും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിത്തറപാകി. 2016-ല്‍ ജെംസിലെ മികച്ച അദ്ധ്യാപിക എന്ന നിലയ്ക്ക് ഇവരെ ലോകം ആദരിച്ചു. കഠിനാധ്വാനത്തിന്റെ ഫലമായി ഒട്ടേറെ വിദ്യാഭ്യാസ ജീവകാരുണ്യ അന്താരാഷ്ട്ര അവാര്‍ഡുകളും തേടിയെത്തി. ഇന്ന് ലോകത്തിലെതന്നെ മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളും അനുബന്ധ സാങ്കേതിക വിദ്യകളും യു.എ.ഇ.യില്‍ വളർച്ച പ്രാപിക്കുമ്പോൾ ഈ ദമ്പതികൾ തുടക്കത്തിൽ ഇതിനായി നടത്തിയ പ്രയത്നങ്ങൾ എന്നും ഓർമ്മിക്കപ്പെടും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News