Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
അമേരിക്ക-ഇറാൻ സംഘർഷം നിഴൽ യുദ്ധമോ?

October 21, 2019

October 21, 2019

ഒരു പതിറ്റാണ്ട് മുമ്പ് വരെ അറബ് ലോകത്തിന്റെ ഏറ്റവും വലിയ ശത്രു  ഇസ്രായേലായിരുന്നു. എന്നാൽ അറബ് രാജ്യങ്ങൾക്ക്  ഇസ്രായേലിനേക്കാൾ വലിയ ശത്രുവായി ഇറാനെ മാറ്റിയെടുത്ത ജിയോ പൊളിറ്റിക്സിനു പിന്നിൽ ഈ മേഖലയിലെ രാഷ്ട്രീയ മേൽക്കോയ്മക്ക് വേണ്ടിയുള്ള സുന്നി - ഷിയാ പോരാട്ടത്തിനുമപ്പുറം, അങ്കിൾ സാമിന്റെ രാഷ്ട്രീയ താല്പര്യങ്ങളാണെന്നതാണ് യാഥാർഥ്യം .

അമേരിക്കയും സോവിയറ്റ് യൂനിയനും തമ്മിൽ നിലനിന്നിരുന്ന സംഘർഷത്തിന്റെ ശീതസമര കാലത്തിനു ശേഷം അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവായി അവർ സ്വയം  അവരോധിച്ചത് അവരോട് കൊടും പകയുള്ള ഇറാനെയാണ്. അമേരിക്കയും  ഇറാനുമായുള്ള  സംഘർഷത്തിന്റെ വേരുകൾ ചെന്നെത്തുന്നതോ 1953 ൽ ഇറാൻ പ്രധാനമന്ത്രിയായി  തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മൊസദ്ദിഖിനെ ബ്രിട്ടനും അമേരിക്കയും  ചേർന്ന് പുറത്താക്കിയ രാഷ്ട്രീയ ഇടപെടലുകളിലും .അന്ന് ഇറാന്റെ എണ്ണ മേഖലയെ ദേശസാൽക്കരിക്കാൻ പദ്ധതിയിട്ട മുഹമ്മദ് മൊസദ്ദിഖിനെ അട്ടിമറിച്ച് കൊണ്ട് മുഹമ്മദ് റസാ ഷാ പഹ്ലവിയുടെ രാജ ഭരണം കൊണ്ടുവന്നതിലും  ഇറാന്റെ വ്യവസ്ഥിതി മാറ്റിമറിച്ചതിലും ഏറ്റവും വലിയ പങ്ക് വഹിച്ചത് അമേരിക്കൻ ചാരസംഘടനയായ സിഐഎ ആയിരുന്നു.എന്നാൽ ഷായുടെ ഭരണം അധിക കാലം നീണ്ടു നിന്നില്ല 1979 -ൽ തനിക്കെതിരെ നടന്ന വിപ്ലവത്തിൽ നിന്നും രക്ഷപ്പെട്ട് ഷാ രാജ്യം വിട്ടു .അങ്ങിനെ 1979 -ൽ ഇറാൻ ഇന്ന് കാണുന്ന ഭരണ വ്യവസ്ഥിതിയിലേക്ക് മാറുകയായിരുന്നു. ഷായ്ക്ക് അമേരിക്ക അഭയം പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് തെഹ്റാനിലെ അമേരിക്കൻ എംബസിയിൽ ഇരച്ചുകയറിയ വിപ്ലവകാരികൾ  63 അമേരിക്കൻ ഉദ്യോഗസ്ഥരെ ബന്ദികളാക്കുകയുണ്ടായി .  ഇതാണ് പിന്നീട് ഇറാനും അമേരിക്കയുമായുള്ള ബന്ധം കൂടുതൽ വഷളാവാൻ കാരണമായത്.

ഷായെ ഇറാനിലേക്ക് വിചാരണയ്ക്കായി വിട്ട് നൽകണമെന്ന ആവശ്യം തള്ളിയ അമേരിക്ക ഇറാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും  അവസാനിപ്പിക്കുകയും ഇറാനുമേൽ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. ഇറാനുമേൽ  അമേരിക്കയുടെ ആദ്യ ഉപരോധമായിരുന്നു അത്. 1979 ൽ ഇറാനുമേൽ നിലവിൽ വന്ന ഉപരോധം  അൽജീരിയ മുൻകൈയെടുത്തു നടത്തിയ സമാധാന ചർച്ചകളിലൂടെ 1981 ലാണ് പിൻവലിക്കപ്പെട്ടത്.ഉപരോധം നീങ്ങിയെങ്കിലും ഇറാനുമായുള്ള യു എസ് ബന്ധത്തിൽ വലിയ പുരോഗതിയൊന്നും ഉണ്ടായില്ല .1980 ൽ സദ്ദാം ഹുസൈന്റെ നേതൃത്വത്തിൽ ഇറാഖ്  ഇറാനെ ആക്രമിച്ചത് അമേരിക്കയുടെ പിന്തുണയോടെയായിരുന്നു.പത്ത് ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ട യുദ്ധം എട്ട് വർഷത്തോളം നീണ്ടു നിന്നു . പിന്നാലെ ഇറാൻ തീവ്രവാദം പ്രോൽസാഹിപ്പിക്കുന്നുവെന്ന കാരണം പറഞ്ഞ് ഇറാനെതിരെ അമേരിക്ക 1987 ൽ വീണ്ടും ഉപരോധം പ്രഖ്യാപിച്ചു.

ഒരുവർഷം കഴിഞ്ഞ് 1988 -ൽ  തെഹ്റാനിൽ നിന്നും ദുബായിലേക്ക് പറക്കുകയായിരുന്ന ഇറാന്റെ യാത്രാ വിമാനം അമേരിക്ക വെടിവെച്ചിട്ടു.യുദ്ധവിമാനമെന്ന് തെറ്റിദ്ധരിച്ചാണ് വിമാനം ആക്രമിച്ചതെന്നായിരുന്നു ഇതിനുള്ള ന്യായം. 66 കുട്ടികൾ ഉൾപെടെ എയർ ബസ്സ് വിമാനത്തിലുണ്ടായിരുന്ന 299 യാത്രക്കാരാണ് റെയ്‌ഗന്റെ ഭരണകാലത്തെ ആ വലിയ 'പിഴവിൽ' കൊല്ലപ്പെട്ടത്. ഈ സംഭവമാണ് ദുരന്തം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം യു എൻ മുന്നോട്ട് വെച്ച വെടിനിർത്തൽ കരാർ  ഒപ്പ് വെക്കാൻ ഇറാനെ പ്രേരിപ്പിച്ചതെന്ന്  സി ഐ എ അനാലിസ്റ്റായിരുന്ന കെന്നത് പൊള്ളാക്കിന്റെ 'പേർഷ്യൻ പസ്സ്ൾ ' എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നുണ്ട്.

 

1995ൽ ഇറാനെ  'തെമ്മാടി രാജ്യം' (Rogue State) എന്ന  വിശേഷണം നൽകി അന്നത്തെ അമേരിക്കൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റണ്‍ ഇറാന് മേലുള്ള ഉപരോധം വീണ്ടും  ശക്തിപ്പെടുത്തുകയുണ്ടായി.  ഇറാൻ വൻ ആണവ പദ്ധതിക്ക് രൂപം നൽകുന്നതായുള്ള സി ഐ എ റിപ്പോർട്ട് 2001ൽ പുറത്ത് വന്നതോടെ  നോൺ-പ്രോലിഫിറേഷൻ കരാർ നടപ്പിലാക്കുവാൻ (മറ്റ് രാജ്യങ്ങളുടെ ആണവോർജ്ജ ഉത്പാദനം തടയാൻ വ്യവസ്ഥ ചെയ്യുന്ന നിയമം) ഇറാനുമേൽ അമേരിക്ക  സമ്മർദ്ദം ചെലുത്തുകയുണ്ടായി. അതിനു വഴങ്ങാതിരുന്നപ്പോൾ വടക്കൻ കൊറിയയോടൊപ്പം ഇറാനെയും തിന്മയുടെ അച്ചുതണ്ടായി   (Axis of evil) അന്നത്തെ പ്രസിഡണ്ടായിരുന്ന ജോർജ് ഡബ്ല്യു ബുഷ് മുദ്രയടിച്ചു.എന്നാൽ 2003 ൽ പുറത്തുവന്ന അന്താരാരാഷ്ട്ര ആണവോർജ്ജ  ഏജൻസിയുടെ റിപ്പോർട്ടിൽ ഇറാനിലെ ആണവ പദ്ധതി, ഊർജാവശ്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണെന്ന്  സ്ഥിരീകരിച്ചിരുന്നു.

ഒബാമ യു എസ് പ്രസിഡണ്ടായപ്പോൾ ഇറാനുമായുള്ള അമേരിക്കയുടെ സംഘർഷത്തിന് ഒരു മഞ്ഞുരുക്കം പ്രകടമായിരുന്നു.യുറേനിയം സംഭരിക്കുന്നത് കുറക്കാമെന്ന് സമ്മതിച്ചുകൊണ്ട് ആണവ കരാറിൽ ഇറാൻ ഒപ്പ് വെച്ചതോടെ ഇറാന് നേരെയുള്ള  ഉപരോധം പിൻവലിക്കാനും സൗഹൃദ പാതയിൽ നീങ്ങാനും അമേരിക്ക തയ്യാറായി. എന്നാൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതോടെ അമേരിക്ക ആണവ കരാറിൽ നിന്ന് പിൻവാങ്ങി. യു എസ്സിനും ,പശ്ചിമേഷ്യയ്ക്കും ഇറാൻ ഒരു വൻ ഭീഷണിയാണെന്നും അവർ ആണവ  പദ്ധതി നിർത്തിവെച്ചു എന്ന് പറയുന്നതിൽ യാതൊരു വ്യക്തതയുമില്ലെന്നും പറഞ്ഞാണ് അമേരിക്ക ആണവ  കരാറിൽനിന്നു പിൻവാങ്ങിയത്.
   
ശാക്തികമായി തുലനം ചെയ്യുമ്പോൾ അമേരിക്കയുടെ നാലിലൊന്ന് ജനസംഖ്യ വരുന്ന ഇറാനെ ഇന്നും ഒരു ഭീഷണിയായി യു എസ്  കാണുന്നതിനെ അബദ്ധജടിലമെന്ന് വേണം പറയാൻ . അമേരിക്കയും പശ്ചിമേഷ്യയിലെ അവരുടെ സഖ്യ കക്ഷികളായ സൗദി അറേബ്യ, യു എ ഇ, ഇസ്രായേൽ എന്നീ രാജ്യങ്ങളും ചേർന്ന് ആയുധങ്ങൾക്ക് വേണ്ടി വർഷത്തിൽ ചിലവഴിക്കുന്നത് 750 മില്യൻ ഡോളറാണ്.ഇറാൻ എന്ന മേഖലയിലെ 'ഭീഷണി'യെ മുൻനിർത്തിയാണ് അമേരിക്കയുടെ ഈ കച്ചവടം മുന്നോട്ടു പോകുന്നത്.(പ്രതിരോധാവശ്യങ്ങൾക്കായി ഇറാൻ ചിലവഴിക്കുന്നതിനേക്കാൾ  അമ്പത് മടങ്ങ് കൂടുതലാണ് ഈ തുകയെന്ന് ഓർക്കണം) . ഇറാനേക്കാൾ അത്യാധുനികമായ ആയുധങ്ങൾ രൂപകല്പന ചെയ്യാൻ ശേഷിയുള്ളവരാണ് ഇസ്രായേലും അമേരിക്കയും.അവരെ ആയുധബലം കൊണ്ട് തോൽപ്പിക്കാൻ ഇറാനാവില്ല എന്നതാണ് യാഥാർഥ്യം. അതേസമയം,ശിയാ വികാരം ആളിക്കത്തിച്ച്  മേഖലയിൽ ഇറാൻ നടത്തുന്ന നിഴൽ യുദ്ധം  അറബ് രാജ്യങ്ങളുടെ പ്രത്യേകിച്ച് സൗദി അറേബ്യയുടെ സുരക്ഷിതത്വത്തിന് പലപ്പോഴും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ഇറാനുമായുള്ള  പ്രശ്നങ്ങൾ പരിഹരിക്കാൻ ആയുധ സന്നാഹത്തെക്കാൾ ഇന്നാവശ്യം നയോപായ കൗശലമാണ് . ഇറാനിലെ യു എസ് എംബസ്സി പുനരാരംഭിച്ചാൽ ഇറാന്റെ നയതന്ത്ര തീരുമാനങ്ങളെ സ്വാധീനിക്കാൻ അമേരിക്കക്ക് എളുപ്പം സാധിക്കും. വാഷിംഗ്ടണിൽ ഇരുന്നുകൊണ്ട്  പശ്ചിമേഷ്യൻ നയരേഖ തയ്യാറാക്കുന്നവർക്ക്  ഇതറിയാഞ്ഞിട്ടല്ല. അതിന് രാഷ്ട്രീയമായി വലിയ വില നൽകേണ്ടി വരുമോ എന്ന ട്രംപ് ഭീതിയാണ് എല്ലാറ്റിനും  തടസ്സം. എന്നാൽ അങ്ങിനെ ഒരു തീരുമാനം നടപ്പിലാക്കാൻ വൈകുന്തോറും അതിന് വിലയായി നൽകേണ്ടി  വരുന്നത് അറബ് രാജ്യങ്ങളുടെ ഐക്യവും സാമ്പത്തിക കെട്ടുറപ്പും സുരക്ഷിതത്വവുമായിരിക്കും.

mansoorpalloor@gmail.com   

(ലേഖനത്തിലെ നിലപാടുകൾ ലേഖകന്റേത് മാത്രമാണ്) 


Latest Related News