Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
കോവിഡ് കാലത്തെ പുണ്യമാസം,പ്രവാസികളെ കാത്തിരിക്കുന്നത് അതിജീവനത്തിന്റെ നോമ്പുകാലം 

April 23, 2020

April 23, 2020

റഈസ് അഹമ്മദ്

ബാച്ചിലര്‍ മുറികളിലെ ചുമരുകള്‍ക്കുള്ളിലും വീട്ടകങ്ങളിലും റബ്ബിന് മുന്നില്‍ സുജൂദ് നിര്‍വഹിക്കാനാണ് ഈ റമദാനിലെ വിധി. ഏകദേശം രണ്ടു ബില്യണോളം വരുന്ന ലോക മുസ്ലിംകള്‍ക്ക് മുന്നിലെ കടുത്ത പരീക്ഷണകാലമായിരിക്കും ഈ വ്രതകാലം.   

റമദാന്‍ മാസം ഗള്‍ഫ് ‌നാടുകളിലെ ഉത്സവകാലമാണ്. ഭക്തിയിലും സൂക്ഷമതയിലും അധിഷ്ഠിതമായ ഉത്സവാഘോഷങ്ങളുടെ കാലം. മതവും നിറവും ദേശവും ഭാഷയും പരിഗണിക്കാതെ ഗള്‍ഫില്‍ ജീവിക്കുന്ന മുഴുവന്‍ മനുഷ്യരും ഏതെങ്കിലും വിധത്തില്‍ റമദാന്‍ എന്ന പുണ്യ കാലത്തിന്റെ കൂടി ഭാഗമാണ്. ആതിഥ്യത്തിന്റെയും സല്‍ക്കാരത്തിന്റെയും പാരമ്പര്യവുമായി അറബികള്‍ കൂടുതല്‍ വെച്ചുവിളമ്പി വിരുന്നൂട്ടുകയും ദാനധര്‍മ്മങ്ങള്‍ നല്കുകയും ചെയ്യുന്ന പുണ്യങ്ങളുടെ പൂക്കാലമാണിത്.

ഗൾഫ് രാജ്യങ്ങളിലെ പതിവ് രീതിയനുസരിച്ച് നോമ്പ് കാലത്ത് ആരും താമസസ്ഥലങ്ങളില്‍ ഭക്ഷണമുണ്ടാക്കണമെന്നില്ല. അടുത്തുള്ള പള്ളികളിലൊ വഴിയോരത്ത് കെട്ടിയുയര്‍ത്തിയ തമ്പുകളിലൊ എത്തിയാല്‍ മതി. വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പിവെച്ച് അല്ലാഹുവില്‍ നിന്നുള്ള പുണ്യവും പ്രതീക്ഷിച്ച് അവര്‍ നോമ്പുകാരെ കാത്തിരിക്കുന്നുണ്ടാവും. കുടുംബമില്ലാതെ താമസിക്കുന്ന പ്രവാസികളാണ് ഈ സൗകര്യം കൂടുതലായി ഉപയോഗപ്പെടുത്തിയിരുന്നത്. വൈകുന്നേരമാവുമ്പോഴേക്കും പള്ളികളുടെ മുറ്റത്തും ഖൈമകളുടെ (റമദാന്‍ തമ്പ്) മുന്നിലും വലിയ ഭക്ഷണച്ചെമ്പുകള്‍ വന്നിറങ്ങും. മന്തി, കബ്‌സ, കുലാഫ,  ബിരിയാണി, ആട്ടിറച്ചിയും ഗോതമ്പും നെയ്യില്‍ വേവിച്ചെടുത്ത അലീസ തുടങ്ങി വിവിധ ഇനം ഭക്ഷണങ്ങളും ഈന്തപ്പഴം ഉള്‍പ്പെടെയുള്ള മധുരമൂറുന്ന പഴങ്ങളും മധുരപാനിയങ്ങളും പലഹാരങ്ങളും നോമ്പു തുറക്കാനെത്തുവര്‍ക്ക് വയറു നിറയെ തിന്നാം. കഴിഞ്ഞ വര്‍ഷം വരെയുള്ള ഗള്‍ഫിലെ റമദാനിനെക്കുറിച്ചാണ് പറഞ്ഞു വന്നത്. കൊറോണ വൈറസ് നുഴഞ്ഞുകയറിയ 2020മാണ്ട് ചരിത്രത്തില്‍ മാറ്റത്തിന്റെ കാലമെഴുതിച്ചേര്‍ത്തിരിക്കുന്നു. മസ്ജിദുകള്‍ അടച്ചിട്ട് വിശ്വാസികളോട് വീട്ടില്‍ നിന്നു മാത്രം ആരാധനകള്‍ നിര്‍വ്വഹിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ബാങ്കൊലികളാണ് ഈ റമദാനില്‍ മിനാരങ്ങളില്‍ നിന്നുയരുക. നിര്‍ബന്ധിത നമസ്‌കാരങ്ങള്‍ക്കും നോമ്പു തുറക്കുന്നതിനും രാത്രി നമസ്‌കാരങ്ങള്‍ക്കും അതിനപ്പുറമുള്ള ഇഅ്ത്വികാഫ് ധ്യാനങ്ങള്‍ക്കും ദൈവഭവനമായി കാണുന്ന പള്ളിയിലേക്ക് ആരും തന്നെ വരേണ്ടതില്ല. വിശ്വാസികളെ ദൈവഭവനത്തില്‍ നിന്നും റമദാന്‍ തമ്പുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്ന പുണ്യ റമദാനാണ് സമാഗതമായിരിക്കുന്നത്. മുഖം മറക്കുന്ന മാസ്‌കും കയ്യുറകളും അണിഞ്ഞ് ഒരാള്‍ക്ക് ഒരുമീറ്റര്‍ അകലം പാലിച്ച് സ്വയം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ബാച്ചിലര്‍ മുറികളിലെ ചുമരുകള്‍ക്കുള്ളിലും വീട്ടകങ്ങളിലും റബ്ബിന് മുന്നില്‍ സുജൂദ് നിര്‍വഹിക്കാനാണ് ഈ റമദാനിലെ വിധി. ഏകദേശം രണ്ടു ബില്യണോളം വരുന്ന ലോക മുസ്ലിംകള്‍ക്ക് മുന്നിലെ കടുത്ത പരീക്ഷണകാലമായിരിക്കും ഈ വ്രതകാലം.

പുണ്യരാത്രികളെ വീടുകളിലൊതുക്കണം

റമദാനിലെ ഏറ്റവും ഭക്തിനിര്‍ഭരവും അവര്‍ണനീയവുമായ കാഴ്ചകളാണ് തറാവീഹ് എന്ന രാത്രികാല നമസ്‌കാരങ്ങളും പള്ളികളില്‍ ഭജനയിരിക്കുന്ന ഇഅ്ത്വികാഫും. വിശുദ്ധമക്കയിലെ മസ്ജിദുല്‍ ഹറമില്‍ പോലും ഇക്കുറി ഇത്തരം കാഴ്ചകള്‍ക്ക് അവസരമുണ്ടാകില്ലെന്നത് വിശ്വാസലോകത്തെ ഒന്നടങ്കം സങ്കടക്കടലിലാഴ്ത്തും. നോമ്പനുഷ്ഠിച്ച് ജീവിതശുദ്ധി കൈവരിച്ച് സ്വര്‍ഗമാഗ്രഹിച്ച് ലോകത്തിന്റെ നാനാഭാഗത്തു നിന്നുമായി മക്കയിലേക്ക് ഒഴുകിയിരുന്നവരും നീണ്ട രാത്രി നമസ്‌കാരങ്ങളില്‍ ഖുര്‍ആന്‍ വചനങ്ങള്‍ പൊട്ടിക്കരഞ്ഞ് ഓതിയിരുന്ന ഹറമിലെ ഇമാമുമാരും നോമ്പുകാലത്തിന്റെ വലിയ അടയാളങ്ങളായിരുന്നു.  
ലൈലത്തുല്‍ഖദ്വറിന്റെ പുണ്യവും രാത്രി കാല നമസ്‌കാരങ്ങളിലൂടെ സ്രഷ്ടാവിന്റെ കാരുണ്യവും തേടി പള്ളികളിലേക്ക് പോകരുതെന്ന അധികാരികളുടെ കല്പനകള്‍ വിശ്വാസികളുടെ മനസ്സിനെ കുറച്ചൊന്നുമായിരിക്കില്ല നോവിക്കുന്നത്. മനുഷ്യരുടെ വിജയത്തിന് ഈ വൈറസ് കാലത്ത് ആ കല്പനകള്‍ അനുസരിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് വിശ്വാസികള്‍ തിരിച്ചറിയുന്നുണ്ടാവും.  

 റമദാനിലെ ജീവസുറ്റ രാത്രികള്‍ ഓര്‍മയിലേക്ക്

രാവുകളെ ജീവസുറ്റതാക്കുന്നു എന്നതാണ് ഗള്‍ഫിലെ നോമ്പുകാലത്തിന്റെ പ്രത്യേകത. വൈകുേന്നരങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങി പുലര്‍ച്ചെവരെ സജീവമായി തുടരുന്ന കടകളും മാര്‍ക്കറ്റുകളും റമദാനിന്റെ മാത്രം സവിശേഷതയാണ്. ലോക്ഡൗണ്‍ നിയമങ്ങള്‍ നിലവില്‍ വന്നതോടെ രാവിനെ പകലാക്കി മാറ്റിയിരുന്ന റമദാനിന്റെ രാത്രി വിപണി ഇക്കുറി ഉണ്ടാവില്ലെന്ന് ഉറപ്പാണ്. ആഫ്രിക്കയുടെ അങ്ങേയറ്റത്ത് സെനഗല്‍ മുതലുള്ള എല്ലാ റമദാന്‍ പ്രത്യേക വിപണികളും ഈ വര്‍ഷം ഉണ്ടാവില്ലെന്ന് അതാത് രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന ഈജിപ്തിലെ കെയ്‌റൊ റമദാന്‍ വിപണി  നിരോധിച്ചതായി സര്‍ക്കാര്‍ വക്താവ് ഏറെ സങ്കടത്തോടെയാണ് പ്രഖ്യാപിച്ചത്.  ഗള്‍ഫ് രാജ്യങ്ങളും ഇറാന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും റമദാനിലും ലോക്ഡൗണ്‍ നടപടികളില്‍ ഇളവില്ലെന്ന് ഗദ്ഗദത്തോടെയാണ് ജനങ്ങളെ അറിയിച്ചിട്ടുള്ളത്. വിപണിക്കപ്പുറം രാത്രികാലങ്ങള്‍ ചെലവഴിക്കാനായി അറബികള്‍ കെട്ടിയുയര്‍ത്തിയിരുന്ന ഖൈമകളും താത്ക്കാലിക മജ്‌ലിസുകളും 2020ല്‍ ആശയങ്ങള്‍ മാത്രമായി ഒതുക്കപ്പെടും.

ഇഫ്താര്‍ സംഗമങ്ങള്‍ക്കും വൈറസിന്റെ നിരോധനം

ലോകം വൈറസിന്റെ നിയന്ത്രണത്തിലേക്ക് വഴിമാറിയതിനാല്‍ അറബികള്‍ക്കിടയിലും പ്രവാസികള്‍ക്കിടയിലും സജീവമായി നിലനിന്നിരുന്ന, റമദാന്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടിയിരുന്ന ഇഫ്താര്‍ വിരുന്നുകളും രാത്രികാല സല്‍ക്കാരങ്ങളും ഇല്ലാതാകുന്നതില്‍ ആരും നിരാശരാകാന്‍ വഴിയില്ല.
പ്രവാസി സംഘടനകളും സൗഹൃദകൂട്ടായ്മകളും എല്ലാ വര്‍ഷവും നടത്തിവന്നിരുന്ന ഇഫ്താര്‍ വിരുന്നുകളുടെ ഫണ്ട് ഇക്കുറി ജോലി നഷ്ടപ്പെട്ടും ശമ്പളം മുടങ്ങിയും പ്രയാസമനുഭവിക്കുന്നവരെ തേടിയെത്തുമെന്ന് കരുതാം. റമദാന്‍ ദാനധര്‍മ്മത്തിന്റെ മാസം കൂടിയായതിനാല്‍ അറബികളും പ്രവാസി ധനികരും പാവങ്ങളുടെ കണ്ണിരൊപ്പാനായി കൈമെയ് മറന്ന് രംഗത്തുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. അതുതന്നെയാണല്ലൊ റമദാനിന്റെ സത്തയും സന്ദേശവും. വളരെ നിസ്സാരനായ ഒരു വൈറസ് മുഴുവന്‍ മനുഷ്യരുടെയും പ്രാര്‍ത്ഥനകളുടെ ഭാഗമായ കാലത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഈ സമയവും അതോടൊപ്പം വൈറസ് ഉയര്‍ത്തിയ പ്രതിസന്ധിയും കടന്നുപോകുമെന്ന പ്രത്യാശയോടെ നമുക്ക് തുടരാം..

ബാച്ചിലര്‍ മുറികളിലെ ചുമരുകള്‍ക്കുള്ളിലും വീട്ടകങ്ങളിലും റബ്ബിന് മുന്നില്‍ സുജൂദ് നിര്‍വഹിക്കാനാണ് ഈ റമദാനിലെ വിധി. ഏകദേശം രണ്ടു ബില്യണോളം വരുന്ന ലോക മുസ്ലിംകള്‍ക്ക് മുന്നിലെ കടുത്ത പരീക്ഷണകാലമായിരിക്കും ഈ വ്രതകാലം.   

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.   

 


Latest Related News