Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
നടപടിക്രമങ്ങൾ നീളുന്നു : ഖത്തറിലെ പ്രവാസി സംഘടനകളുടെ ചാർട്ടേഡ് വിമാനങ്ങൾ പ്രതിസന്ധിയിൽ 

June 11, 2020

June 11, 2020

NEWSROOM EXCLUSIVE 

അൻവർ പാലേരി 

ദോഹ : കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ നാനൂറിലധികം ചാർട്ടേഡ് വിമാനങ്ങൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഖത്തറിലുള്ള മലയാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും. തൊട്ടടുത്ത ദിവസങ്ങളിൽ ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് തുടങ്ങുമെന്ന് വിവിധ പ്രവാസി സംഘടനകൾ അറിയിച്ചിട്ടുണ്ടെങ്കിലും നാമ മാത്രമായ സർവീസുകൾ മാത്രമായിരിക്കും ഇത്തരത്തിൽ നടത്താൻ കഴിയുക. കോർപറേറ്റ് കമ്പനികളോ വ്യോമയാന വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവരോ നടത്തുന്ന ചാർട്ടേഡ് സർവീസുകൾക്ക് തടസ്സമുണ്ടാകില്ലെങ്കിലും കെ.എം.സി.സി പോലുള്ള സംഘടനകൾ നേരിട്ട് നടത്തുന്ന സർവീസുകൾക്ക് ഇനിയും കാലതാമസമെടുക്കുമെന്നാണ് ഇതുസംബന്ധിച്ച് ഡൽഹിയിൽ നിന്ന് ലഭിക്കുന്ന വിവരം.

ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിച്ച് ഗൾഫിലെ ഏതെങ്കിലും സംഘടനകൾക്ക് സർവീസ് നടത്തണമെങ്കിൽ നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ തയാറുള്ളവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് ആദ്യം അതാത് രാജ്യത്തെ ഇന്ത്യൻ എംബസിക്ക് കൈമാറണം. എംബസി ഈ വിവരങ്ങൾ ഡൽഹിയിലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് അയച്ച ശേഷം അതാത് സംസ്ഥാനങ്ങൾക്ക് നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും അന്വേഷിച്ച് ഉറപ്പുവരുത്തിയ ശേഷം ഇക്കാര്യങ്ങൾ സംസ്ഥാനം കേന്ദ്രത്തിന് തന്നെ കൈമാറും.കേന്ദ്രം ഈ വിവരങ്ങൾ വീണ്ടും ഗൾഫിലെ ഇന്ത്യൻ എംബസികൾക്ക് നൽകുന്നതോടെയാണ് ഓരോ വിമാനത്തിലും യാത്ര ചെയ്യേണ്ടവരുടെ അന്തിമ പട്ടിക തയ്യാറാവുന്നത്. എന്നാൽ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകുന്നതായുള്ള പ്രഖ്യാപനം വന്നതോടെ ഡൽഹിയിലെ വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട ഓഫീസുകളിൽ ചാർട്ടേഡ് വിമാനങ്ങൾക്ക് വേണ്ടിയുള്ള അപേക്ഷകൾ കുന്നുകൂടുകയാണ്.വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാത്രമായി നൂറ്റി എൺപതോളം അപേക്ഷകൾ ഇനിയും തീരുമാനമാകാതെ കിടക്കുന്നതായി ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ 'ന്യൂസ്‌റൂമി'നോട് പറഞ്ഞു.കോവിഡിന്റെ പശ്ചാത്തലത്തിൽ പല ഓഫീസുകളിലും പകുതിയിൽ താഴെ മാത്രം ജീവനക്കാർ മാത്രമേ ഉള്ളൂവെന്നും ചാർട്ടേഡ് സർവീസുകൾ സംബന്ധിച്ച അപേക്ഷകളിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാലതാമസം വേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,ഖത്തർ കെ.എം.സി.സിക്ക് കീഴിൽ തന്നെയുള്ള കൂത്തുപറമ്പ്-കുറ്റ്യാടി മണ്ഡലങ്ങൾ സംയുക്തമായി ഈ മാസം - 11 - 12 തിയ്യതികളിലായി കണ്ണൂരിലേക്ക് നടത്താനിരുന്ന സർവീസുകൾ ചുരുങ്ങിയത് പത്തു ദിവസമെങ്കിലും വൈകാനാണ് സാധ്യത.ഖത്തറിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ പേരിലാണ് ഈ വിമാനം ചാർട്ടർ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ നടപടിക്രമങ്ങളിലെ കാലതാമസം ഒരു പരിധി വരെ ഒഴിവാക്കി അൽപം വൈകിയാണെങ്കിലും സർവീസുകൾ നടത്താൻ കഴിയുമെന്ന് തന്നെയാണ് സംഘാടകർ പറയുന്നത്..900 റിയാലാണ് ഈ വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.എന്നാൽ കെ.എം.സി.സി,കൾച്ചറൽ ഫോറം ഉൾപെടെയുള്ള സംഘടനകൾ നേരത്തെ പ്രഖ്യാപിച്ച ഷെഡ്യുൾ പ്രകാരം ഖത്തറിൽ നിന്നും ഒരു സർവീസും ഉണ്ടായിരിക്കില്ലെന്ന് തന്നെയാണ് ന്യൂസ്‌റൂം നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.അൽപം വൈകിയാലും എപ്പോൾ സർവീസുകൾ തുടങ്ങാൻ കഴിയുമെന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.ഇനിയും നിരവധി കടമ്പകൾ കടന്നാൽ മാത്രമേ സർവീസുകളുമായി ഈ സംഘടനകൾക്ക് മുന്നോട്ടു പോകാൻ കഴിയൂ.

മറ്റ് ഗൾഫ് രാജ്യങ്ങളിലെ വിവിധ സംഘടനകൾ ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിച്ച് സർവീസുകൾ തുടങ്ങിയ ശേഷം മാത്രമാണ് ഖത്തർ കെ.എം.സി.സി,കൾച്ചറൽ ഫോറം ഉൾപെടെയുള്ള സംഘടനകൾ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയത്. സംഘടനകൾക്ക് സർവീസ് നടത്താൻ അനുമതി നൽകുന്ന കാര്യത്തിൽ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ പി.കുമരൻ തുടക്കത്തിൽ കാണിച്ച വൈമനസ്യവും ഇതിനുള്ള നടപടികൾ വൈകാൻ ഇടയാക്കിയിട്ടുണ്ട്. ജൂൺ പതിനാലിന് സർവീസുകൾ തുടങ്ങാൻ കഴിയുമെന്നായിരുന്നു  കെ.എം.സി.സി അറിയിച്ചിരുന്നത്. കൾചറൽ ഫോറം ഷെഡ്യുൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നേരത്തെ തീരുമാനിച്ചത് പ്രകാരം സർവീസ് നടത്താൻ കഴിയില്ലെന്ന നിഗമനത്തിൽ തന്നെയാണുള്ളത്. ടിക്കറ്റ് നിരക്ക് ഈടാക്കാതെ സ്പോൺസർമാരെ കണ്ടെത്തി ഒരു സൗജന്യ സർവീസെങ്കിലും നടത്താൻ കഴിയുമോ എന്നാണ് ഇപ്പോൾ കൾച്ചറൽ ഫോറവും അന്വേഷിക്കുന്നത്.

ഒട്ടും ലാഭം പ്രതീക്ഷിക്കാതെ ദുരിതം നേരിടുന്ന പ്രവാസികളെ ഏതെങ്കിലും വിധത്തിൽ നാട്ടിലെത്തിക്കുകയെന്ന നല്ല ലക്ഷ്യത്തോടെ മാത്രം രംഗത്തിറങ്ങിയ ഖത്തറിലെ മുഴുവൻ പ്രവാസി സംഘടനകളും ഇതോടെ ധർമ സങ്കടത്തിലായിരിക്കുകയാണ്.നല്ലതു ചെയ്യാനിറങ്ങി അവസാനം നടന്നില്ലെങ്കിൽ ചീത്തപ്പേര് കേൾക്കേണ്ടിവരുന്ന അവസ്ഥ തന്നെ ഇക്കാര്യത്തിലും ഉണ്ടാകുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ട്.ഈ സാഹചര്യത്തിൽ എന്തൊക്കെ സാങ്കേതിക കാരണങ്ങൾ ഉണ്ടെങ്കിലും നേരത്തെ പ്രഖ്യാപിച്ച പ്രകാരം സർവീസുകൾ നടത്താൻ കഴിയില്ലെങ്കിൽ അക്കാര്യം ഖത്തറിലെ പ്രവാസി സമൂഹത്തെ അറിയിക്കാനുള്ള ഉത്തരവാദിത്തം സംഘടനകൾക്കുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക   


Latest Related News