Breaking News
ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  |
ചന്ദ്രയാന്‍ 2 ലാന്‍ഡിംഗ് വിജയകരമായില്ല, ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐ.എസ്.ആര്‍.ഒ

September 07, 2019

September 07, 2019

ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ മാത്രമല്ല നാസയിലെയും ചൈനയിലെയും റഷ്യയിലെയും ശാസ്ത്രസമൂഹവും ഇന്ത്യന്‍ ദൗത്യത്തെ ഉറ്റുനോക്കുകയാണ്. അവര്‍ക്കും ഇന്നലെ പുലര്‍ച്ചെ ഉദ്വേഗ നിമിഷങ്ങളായിരുന്നു.

തിരുവനന്തപുരം: ചന്ദ്രന്റെ മണ്ണില്‍ ചരിത്രം കുറിക്കുന്ന മുഹൂര്‍ത്തത്തിന് കാത്തുനിന്ന രാജ്യത്തെ ജനങ്ങളെ നിരാശയിലാഴ്ത്തി ചന്ദ്രയാന്‍ -2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടു.ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച്‌ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള സിഗ്നല്‍ബന്ധം നഷ്ടപ്പെട്ടു. റഫ് ബ്രേക്കിംഗിന് ശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെ സാങ്കേതികപ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചതോടെയാണ് ലാന്‍ഡിംഗ് പ്രക്രിയ തടസപ്പെട്ടത്.

ചന്ദ്രയാന്‍ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബംഗലുരുവിലെ പീനിയ ഐ.എസ്.ആര്‍.ഒ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് കേന്ദ്രത്തിലെ(ഇസ്ട്രാക്) മിഷന്‍ കോംപ്ലക്സിന് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ അറിയിച്ചു. വിവരങ്ങള്‍ക്കായി കാത്തിരിപ്പ് തുടരുകയാണ്.

നാലു ലക്ഷം കിലോമീറ്റര്‍ അകലെ നിന്നുള്ള ചന്ദ്രയാന്‍ 2 ദൗത്യത്തിലെ സന്ദേശങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഇസ്റോയുടെ ഈ കേന്ദ്രം വിലയിരുത്തി തുടര്‍നിര്‍ദ്ദേശങ്ങള്‍ നല്‍കിവന്നത്. ഇതിനിടെയാണ് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്.

ഇന്നലെ പുലര്‍ച്ചെ 1.55നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി പ്രജ്ഞാന്‍ എന്ന റോവറിനെയും വഹിച്ചുകൊണ്ട് ലാന്‍ഡര്‍ അവസാന ലാപ്പിലെ യാത്ര തുടങ്ങിയത്.

പല ഷിഫ്റ്റുകളിലായി ഇസ്ട്രാക്കില്‍ രാപകല്‍ ഇമചിമ്മാതെ പ്രവര്‍ത്തിക്കുന്ന ഇരുന്നൂറോളം ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധര്‍ക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ പ്രശ്നോത്തരിയിലൂടെ തിരഞ്ഞെടുത്ത 70 വിദ്യാര്‍ത്ഥികളും ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തെ അതിജീവിച്ച്‌, ഒരു നവജാതശിശുവിനെ കിടത്തുന്നത്ര ശ്രദ്ധയോടെ ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ സോഫ്‌റ്റ്ലാന്‍ഡ് ചെയ്യിക്കാനുള്ള തപസ്യയിലായിരുന്നു ഇന്നലെ രാത്രി ശാസ്‌ത്രജ്ഞര്‍.

അതീവ സങ്കീര്‍ണമായ സാങ്കേതിക പ്രക്രിയകളുടെ കാല്‍മണിക്കൂറാണ് ലാന്‍ഡറിന് കടന്നു പോകേണ്ടിയിരുന്നത്. ഈ ഘട്ടത്തിലാണ് ദൗത്യം പരാജയപ്പെട്ടത്.ഈ കടമ്പ കടന്നതിന് ശേഷം ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖല അരിച്ചുപെറുക്കാനുള്ള ഒരുക്കത്തിലായിരുന്നു എല്ലാവരും.

ചന്ദ്രനെ തൊട്ടറിയാനുള്ള ശാസ്‌ത്ര പരീക്ഷണങ്ങള്‍ക്ക് സജ്ജമാക്കിയാണ് ഓര്‍ബിറ്റര്‍ - ലാന്‍ഡര്‍ - റോവര്‍ ത്രയത്തെ ഐ.എസ്.ആര്‍.ഒ തൊടുത്തുവിട്ടത്. സെപ്തംബര്‍ രണ്ടിന് ചന്ദ്രയാന്‍ 2 പേടകം ചന്ദ്രന്റെ മുകളിലെത്തി. പിന്നാലെ പേടകത്തില്‍ നിന്ന് വിക്രം ലാന്‍ഡര്‍ സ്വതന്ത്രമായി ചന്ദ്രനിലേക്ക് കൂടുതല്‍ കൂടുതല്‍ അടുത്തെങ്കിലും ഇതിലെ ഉപകരണങ്ങളൊന്നും പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയിരുന്നില്ല. ലാന്‍ഡറിനെ ചന്ദ്രനിലേക്ക് വിട്ട ചന്ദ്രയാന്‍ 2 പേടകം ഇപ്പോള്‍ ഒാര്‍ബിറ്ററായി ചന്ദ്രന്റെ 94 കിലോമീറ്റര്‍ മുകളില്‍ ചുറ്റുകയാണ്

അമേരിക്കയും റഷ്യയും ചൈനയും നേരത്തെ ചന്ദ്രനിലിറങ്ങിയിട്ടുണ്ട്. അമേരിക്ക 50 കൊല്ലം മുന്‍പ് മനുഷ്യരെ ചന്ദ്രന്റെ മണ്ണിലിറക്കി. എന്നാല്‍ മനുഷ്യന്റെ ശാസ്ത്ര അറിവുകളും ഉപകരണങ്ങളുടെ മേന്‍മയും വര്‍ദ്ധിച്ച പുതിയ യുഗത്തില്‍ ഇന്ത്യയുടെ ചാന്ദ്രപര്യവേഷണത്തിനും കിട്ടുന്ന വസ്തുതകള്‍ക്കും പ്രാധാന്യമേറെയാണ്. അത് മനസിലാക്കി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ മാത്രമല്ല നാസയിലെയും ചൈനയിലെയും റഷ്യയിലെയും ശാസ്ത്രസമൂഹവും ഇന്ത്യന്‍ ദൗത്യത്തെ ഉറ്റുനോക്കുകയാണ്. അവര്‍ക്കും ഇന്നലെ പുലര്‍ച്ചെ ഉദ്വേഗ നിമിഷങ്ങളായിരുന്നു.
 


Latest Related News