Breaking News
ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം |
പ്രിയത്തിൽ എന്റെ മൈമൂന അറിയാൻ 

October 20, 2019

October 20, 2019

പ്രിയത്തിൽ എന്റെ മൈമൂന അറിയാൻ 
ഫോണും ഇന്റർനെറ്റും വാട്സാപ്പും ഇല്ലാത്ത കാലം.പ്രവാസത്തിന്റെ ആദ്യ നാളുകളിൽ ഗൾഫ് മലയാളികൾ തങ്ങളുടെ ജീവിതം തുന്നിച്ചേർത്തത് പ്രണയവും വിരഹവുമെല്ലാം ഒരു തുണ്ട് കടലാസിൽ ഒതുക്കിയായിരുന്നു. അന്യം നിന്ന് പോകുന്ന കാലത്തിരുന്ന് ആ പഴയ നാളുകളിലേക്ക് തിരിഞ്ഞു നോക്കുന്നു.
ഏകഇലാഹിൻറെ അനുഗ്രഹത്താൽ
പ്രിയം നിറഞ്ഞ എന്റെ മൈമൂനയും നൗഷാദ് മോനും വായിച്ചറിയുവാൻ നിൻറെ സ്വന്തം കുഞ്ഞാലി എഴുതുന്നത് എന്തെന്നാൽ ഞാനിവിടെ ദുബായിൽ എത്തി.സുഖംതന്നെ. അതിലുപരിയായി നിന്നെയും മോനേയും കരുതി സന്തോഷിക്കുന്നു. ഞാനിന്നലെ പണിക്ക് കയറി.പണി ഹോട്ടലിലാണ്, ബോംമ്പൈയിൽ എത്തിയ വിവരത്തിന് ഞാൻ കത്ത് അയച്ചിരുന്നല്ലോ.ആ കത്ത് കിട്ടിക്കാണുമെന്ന് കരുതട്ടെ. ഇവിടെ ബയങ്കര ചൂടാണ്. ഈ കൊല്ലം ചൂട് കൂടുമെന്നാ റൂമിലുള്ള മലപ്പുറത്ത്കാരൻ കുഞ്ഞാപ്പു പറഞ്ഞത്. ഇക്കണ്ട ഈത്തപ്പഴം മുഴുവനും പഴുക്കേണ്ടേ?
നീയറിയുമോ, ഈത്തപ്പഴം പൂക്കണമെങ്കിൽ നല്ല തണുപ്പും ഈത്തപ്പഴം പഴുക്കണമെങ്കിൽ നല്ല ചൂടും വേണമത്രെ.


പിന്നെ എന്തൊക്കയുണ്ട് വിശേഷങ്ങൾ? നൗഷാദ്മോൻ എന്നെ കാണാഞ്ഞ് കരയുന്നുണ്ടോ?
കഴിഞ്ഞ രണ്ടാം തിയ്യതി രാവിലെ സുബഹിക്ക് മുമ്പുള്ള  സമയം വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ശരിക്കും മംഗലപ്പുരയിൽ നിന്ന് ആടിനെ അറുക്കാൻ കൊണ്ട് പോകുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ജയിലിൽ വധ ശിക്ഷ നടപ്പാക്കുന്നതും ആ നേരത്താണത്രെ,നന്നെ വെളുപ്പിന്. ഞാൻ ജീപ്പിൽ കയറാൻ നേരം മോൻ അവനെ എടുക്കാൻ നിന്റെ ഒക്കത്ത് നിന്നും ചിരിച്ച് കൊണ്ട് കൈനീട്ടിയത് നീ കണ്ടിരുന്നോ? ഞാൻ അവനെ എടുക്കാതെ വണ്ടിയിൽ കയറിയപ്പോൾ അവന്റെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു മൈമൂനാ, ആ നേരം എന്റെ ഖൽബ് കത്തിപോയി മോളേ.അതിൻറെ രണ്ട് മൂന്ന് ദിവസം മുമ്പല്ലേ അവനെന്നെ ആദ്യമായി വാപ്പാന്ന് വിളച്ചു തുടങ്ങിയത്.

വരുന്ന വഴിയിൽ നാദാപുരം പള്ളിയിൽ വെച്ചാണ് ഞാൻ സുബഹി നിസ്കരിച്ചത്.ബസ്സ് പുറപ്പെടും മുമ്പെ അവിടത്തെ ഹോട്ടലിൽ നിന്നും കൽത്തപ്പവും ചായയും കുടിച്ചിരുന്നു, അന്നാദ്യമായി കൽത്തപ്പത്തിന് എനിക്ക് ഒരു രുചിയും തോന്നിയില്ല മൈമൂനാ.
പിന്നെ ഒന്നര ദിവസം ബസ്സിൽ ഒരേ ഇരുത്തം.ഇടക്ക് ഒന്ന് രണ്ട് ബസ്സുകൾ ആഹ്ളാദാരവങ്ങളോടെ ഞങ്ങളെ കടന്നു പോയി. അത് ദുബായിൽ നിന്നും ബോംബെ വഴി നാട്ടിലേക്ക് വരുന്നവരാണെന്ന് അടുത്തിരുന്ന ആള് പറഞ്ഞു.


പിന്നെ ബോംബൈയിലെത്തി അവിടെ എട്ട് ദിവസം കിടന്നു പാസ്പോർട്ടിൽ എമിഗ്രേഷൻ അടിച്ചു കിട്ടാൻ. പിന്നെ ഞാൻ ദുബായിലേക്ക്. ഇവിടെ എത്തിയെങ്കിലും ഇനി എന്നാണ് നാട് കാണുക എന്നറിയില്ല.പണക്കാരനാവാനല്ല,നിനക്കോർമയില്ലേ കഴിഞ്ഞ കർക്കടകത്തിൽ ചോർന്നൊലിക്കാത്ത ഒരു സഥലം പോലും ഇല്ലാത്ത ആ വീട്ടിൽ നമ്മൾ ഉറങ്ങാതെ കഴിച്ചു കൂട്ടിയ ചില രാത്രികൾ. ആ ഓലയൊന്ന് മാറ്റി ഓടിടണം. പടച്ചോൻ തൗഫീക്ക് ചെയ്യട്ടെ.
മൈമൂനേ നീ ഓർക്കുന്നില്ലേ ബന്ധുവീട്ടിൽ കല്ല്യാണത്തിന് പോകാൻ അടുത്ത വീട്ടിലെ ദുബായിക്കാരന്റെ ഭാര്യയോട് സാരി കടം ചോദിച്ചപ്പോൾ അവർ നിന്നെ അപമാനിച്ചു വിട്ടത്...?
ആദ്യ ശമ്പളം കിട്ടിയാൽ നിനക്കൊരു സാരിയും മോനൊരു ഉടുപ്പും വാങ്ങി കൊടുത്തയക്കാം.
മൈമൂനേ നീ മറന്നോ എന്നറിയില്ല അന്ന് വിസക്ക് പൈസ കൊടുക്കാൻ പൈസ തികയാതെ വന്നപ്പോൾ ഞാൻ തന്ന മഹർമാല നീ ഊരി തരുമ്പോൾ നിൻറെ കണ്ണ് കലങ്ങിയത് ഞാൻ കണ്ടിരുന്നു.അപ്പോൾ എൻറെ ഉള്ളവും തേങ്ങിയിരുന്നു മോളെ.സാരമില്ല ഞാൻ വരുമ്പോൾ എത്ര കഷ്ടപ്പെട്ടായാലും നിനക്കൊരു മാല ഞാൻ കൊണ്ട് വരും,ഇൻഷാഅള്ളാ.
 

ഇവിടെ വെള്ളിയാഴ്ച ലീവുണ്ടാകുമെന്നാണ് ഞാൻ കരുതിയത്ഇ.ത് പോലുള്ള ഹോട്ടലുകളിലും കഫ്റ്റേരിയ കളിലും പെരുന്നാളിന് പോലും ലീവ് തരില്ലത്രെ.
ഖിയാമന്നാളിൻറെ ഉച്ചവരെ ഇവർ ചിലപ്പോൾ കച്ചോടം ചെയ്യും എന്നാണ് തോന്നുന്നത്.ഇവിടുത്തെ വിവരങ്ങൾ ഒരുപാട് എഴുതാനുണ്ട്.ദുബായിൽ അറബികൾക്ക് ഒട്ടകമുണ്ട് എന്നൊക്കെ വെറുതെ പറയുന്നതാണെന്ന് തോന്നുന്നു. ഞാനിതുവരെ  ഒരു ഒട്ടകത്തെയും കണ്ടിട്ടില്ല.
ബാക്കി വിവരങ്ങൾ നിൻറെ,മറുപടിക്ക് ശേഷം എഴുതാം.നിനക്കും മോനും പ്രിയത്തിൽ സലാം.
മറുപടിക്ക് കാക്കുന്നു ,
എൻറെ അഡ്രസ്
വിപി, കുഞ്ഞാലി
റാവിയ റെസ്റ്റോറെൻറ്
പി.ബി.നമ്പർ 6896
കറാമ,ദുബായ്,
Nb. കത്തിന് മുകളിൽ വലിയപറമ്പത്ത് കുഞ്ഞാലി എന്ന് പ്രത്യേകം എഴുതണം കാരണം ഈ ബോക്സിൽ വേറെയും കുഞ്ഞാലിമാർ ഉള്ളതാണ്,
എന്ന് നിന്റെ കുഞ്ഞാലി


Latest Related News