Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ട്രംപിസം അറബ് മേഖലയിൽ സമാധാനം കൊണ്ടുവരുമോ ?

January 09, 2020

January 09, 2020

അൻവർ പാലേരി 

ഇറാനെതിരെ ഒരു തുറന്ന യുദ്ധത്തിനില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ മേഖലയിൽ ഉരുണ്ടുകൂടിയ യുദ്ധഭീതി ഒഴിവായതിന്റെ ആശ്വാസത്തിലാണ് പശ്ചിമേഷ്യ. അറബ്-ഗൾഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് മലയാളികൾ ഉൾപെടെയുള്ള ഇന്ത്യക്കാരുടെ ആശങ്കകൾക്കും ഇതോടെ ഒരു പരിധിവരെ അറുതിയായിട്ടുണ്ട്. എന്നാൽ ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ തികച്ചും നാടകീയമായ പ്രഖ്യാപനത്തോടെ പെട്ടെന്നുള്ള യുദ്ധ സാധ്യതകൾ അവസാനിച്ചെങ്കിലും മേഖലയിൽ ആത്യന്തികമായ സമാധാനം തിരിച്ചുകൊണ്ടുവരാൻ ഇതിലൂടെ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. അത്തരം ശുഭസൂചനകളൊന്നും ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനങ്ങളിൽ ഇല്ല എന്നതാണ് യാഥാർഥ്യം.

മുൻവിചാരങ്ങളില്ലാതെ പലപ്പോഴും കടുത്ത തീരുമാനങ്ങളെടുക്കാറുള്ള ഡൊണാൾഡ് ട്രംപ് ഇറാനെതിരെ എന്തു തീരുമാനമെടുക്കുമെന്നറിയാൻ ഇന്നലെ രാത്രി വൈകുന്നതുവരെ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ രാഷ്ട്രത്തെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്യാനെത്തിയ ട്രംപിന്റെ ശരീര ഭാഷയിൽ പോലും നിരാശയും ആത്മവിശ്വാസമില്ലായ്മയും പ്രകടമായിരുന്നു.അമേരിക്കയുടെ സൈനിക ശക്തിയെയും സമ്പദ്ഘടനയെയും ഉയർത്തിക്കാട്ടി ട്രംപ് നടത്തിയ പ്രസംഗത്തിൽ ഇറാനുമായി പെട്ടെന്നൊരു യുദ്ധത്തിനില്ലെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഇറാൻ ഭീകരതയുടെ സ്പോൺസർ ആണെന്നും ഉപരോധം ഉൾപെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിലെ തങ്ങളുടെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരു സൈനികന് പോലും പരിക്കേറ്റിട്ടില്ല എന്നും ട്രംപ് കൂട്ടിച്ചേർത്തു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖസ്സെം സുലൈമാനി ലോകം മുഴുവൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന വാദത്തെ സമർത്ഥിക്കാൻ തക്ക യാതൊരു പരാമർശവും ട്രംപിൽ നിന്ന് ഉണ്ടായില്ല. പകരം,സുലൈമാനി നേരത്തെ വധിക്കപ്പെടേണ്ട ആളാണെന്നും നിരവധി അമേരിക്കൻ സൈനികരുടെ ജീവഹാനിക്ക് കാരണക്കാരനാണെന്നും മാത്രമാണ് ട്രംപ് പറഞ്ഞത്. അന്താരാഷ്ട്ര സമൂഹം ഇത് എത്രത്തോളം  മുഖവിലക്കെടുക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

സൈനിക പിൻമാറ്റവും മിലീഷ്യകളുടെ സാന്നിധ്യവും 

അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന ട്രംപിന്റെ വാദം ശരിയാണെങ്കിൽ ആസന്നമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ സംഭവങ്ങൾ ട്രംപിന് തുണയാകും. ഇനി മറിച്ചാണ് സംഭവിച്ചതെങ്കിൽ അമേരിക്കൻ ജനത ട്രംപിനെ വിലയിരുത്തുന്നത് മറ്റൊരു തരത്തിലായിരിക്കും. ഇപ്പോൾ തന്നെ ഉപരോധം പിൻവലിക്കാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും തയാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വന്നാൽ വീണ്ടും ഒറ്റപ്പെട്ട തിരിച്ചടികൾ നൽകി അമേരിക്കക്ക് ശക്തമായ പ്രഹരമേൽപിക്കാൻ തന്നെയായിരിക്കും ഇറാൻ ശ്രമിക്കുക. അതേസമയം ഇറാനുമായി നേരിട്ടൊരു യുദ്ധത്തിലേക്ക് നീങ്ങുന്നത് മേഖലയിലെ അമേരിക്കൻ താല്പര്യങ്ങൾക്ക് വിരുദ്ധമാവും. ഒപ്പം,ഇത്തരമൊരു ആക്രമണത്തിലൂടെ അറബ് മേഖലയിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഹൂതികളും ഹിസ്ബുള്ളയും ഉൾപ്പെടെയുള്ള മിലീഷ്യകളുടെ ഏകീകരണത്തിന് കാരണമാകുമോ എന്നും അമേരിക്ക ഭയപ്പെടുന്നുണ്ട്.മുല്ലപ്പൂ വിപ്ലവത്തിന് ശേഷം രാഷ്ട്രീയമായി അസ്ഥിരമായ മിക്ക അറബ് രാജ്യങ്ങളിലും പ്രാദേശികമായി ശക്തിപ്രാപിച്ചു വന്ന മിലീഷ്യകൾ അത്ര നിസ്സാരക്കാരല്ല എന്നതാണ് സത്യം. പല രാജ്യങ്ങളിൽ പല ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ഈ സംഘങ്ങൾക്ക് എപ്പോൾ എവിടെ വേണമെങ്കിലും ഒളിയാക്രമണങ്ങൾ നടത്താനുള്ള ശേഷിയുണ്ട്.സൗദി അരാംകോയ്ക്ക് നേരെ പോലും യമനിലെ ഹൂതികൾ നടത്തിയ ആക്രമണങ്ങൾ ഇതിന്റെ തെളിവാണ്.

ഗൾഫ് രാജ്യങ്ങളിൽ ഉൾപെടെ വിവിധ അറബ് - മുസ്‌ലിം രാജ്യങ്ങളിലുള്ള അമേരിക്കൻ സൈനികരെ തിരിച്ചുവിളിക്കണമെന്ന ആവശ്യമുയർന്നാൽ അതും അമേരിക്കക്ക് വലിയ വെല്ലുവിളിയാകും. ഖസ്സെം സുലൈമാനിയുടെ വധത്തിന് പിന്നാലെ വിദേശസൈന്യം രാജ്യം വിടണമെന്ന് ഇറാഖ് പാർലമെന്റ് പ്രമേയം പാസാക്കിയത് ഇതിലേക്കുള്ള അപായ സൂചനയായി ട്രംപ് മനസ്സിലാക്കുന്നുണ്ട്. ഇറാഖിന്റെ പരമാധികാരം ലംഘിച്ചുകൊണ്ടാണ്‌ തലസ്ഥാനനഗരിയിലെ വിമാനത്താവളത്തിൽ വച്ച്‌ ഇറാനിയൻ കമാൻഡർ സുലൈമാനിയെ അമേരിക്ക വധിച്ചത്‌. അതിനു മുമ്പ്‌ ഇറാഖ്‌ ഗവൺമെന്റിന്റെ അനുമതിയില്ലാതെ നടത്തിയ വ്യോമാക്രമണത്തിൽ 25 പേരെ അമേരിക്ക വധിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇറാഖിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന നടപടിയായി ഈ കൊലപാതകങ്ങൾ വിലയിരുത്തപ്പെടുന്നത് സ്വാഭാവികമാണ്. ശക്തമായ ഒരു രാജ്യത്തിന്റെ ഭരണാധികാരിയിൽ നിന്നും ഉണ്ടാവേണ്ട നയതന്ത്ര പരമായ ഔചിത്യം പുലർത്തിക്കൊണ്ടുള്ള മറുപടിക്ക് പകരം ഒരു റിയൽ എസ്റ്റേറ്റ് കച്ചവടക്കാരന്റെ ഭാഷയിലാണ് ട്രംപ് ഇതിനോട് പ്രതികരിച്ചത്. ഇറാഖിൽ സൈനിക താവളം നിർമിക്കുന്നതിന് തങ്ങൾക്ക് ചിലവായ തുക തിരിച്ചു തരാതെ രാജ്യം വിടില്ലെന്നായിരുന്നു ഇറാഖ് പാർലമെന്റ് പ്രമേയത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ആറു വർഷങ്ങൾക്ക് മുമ്പാണ് വർധിച്ചുവരുന്ന ഐ എസ് ഭീഷണി നേരിടാൻ ഇറാഖ് അമേരിക്കൻ സൈന്യത്തെ ഇറാഖിലേക്ക് ക്ഷണിച്ചുവരുത്തിയത്. ഇതിന്റെ ഭാഗമായി അയ്യായിരത്തോളം സൈനികരാണ് ഇറാഖിന്റെ വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ചിട്ടുള്ളത്. 

ഗൾഫ് യുദ്ധത്തിന് ശേഷം സൗദിയിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ സൈന്യത്തെ തിരിച്ചയക്കണമെന്ന ആവശ്യം അറബ് രാജ്യങ്ങളിൽ ശക്തിപ്പെട്ടതും തുടർന്ന് അമേരിക്കൻ സൈന്യത്തിന് സൗദിയിൽ നിന്ന് പുറത്തുപോകേണ്ട സാഹചചര്യമുണ്ടായതും ട്രംപ് മറന്നു കാണില്ല. പിന്നീട് ഒസാമാ ബിൻലാദന്റെ വധത്തിന് ശേഷം ഇസ്‌ലാമിക് സ്റ്റേറ്റ്‌സ് ഭീകരരെ ചൊല്ലും ചിലവും കൊടുത്തു വളർത്തിയാണ് അമേരിക്ക പശ്ചിമേഷ്യയിൽ ഭീതി വളർത്തിയത്. മിക്ക അറബ് രാജ്യങ്ങളിലും ഐഎസിന് വളരാനുള്ള സാഹചര്യമൊരുക്കി ഈ ഭീതി നിലനിർത്താൻ ഇതുവരെ അമേരിക്കക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം,സിറിയ,യമൻ,ലബനാൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഒന്നും ചെയ്യാൻ കഴിയാതെ പോയ സൗദി സഖ്യരാജ്യങ്ങളെ മറികടന്ന് ഇവിടങ്ങളിലെല്ലാം ഇറാൻ മേധാവിത്തം ഉറപ്പിക്കുന്ന കാഴ്ചയാണ് ലോകം പിന്നീട് കണ്ടത്. ഇറാന്റെ പരമോന്നത സൈനിക മേധാവിയായിരുന്ന ഖസ്സെം സുലൈമാനിയുടെ വധത്തോടെ ഇറാനും ഇറാഖും ഒന്നിക്കുമെന്ന ഭീതിയും അമേരിക്കക്കുണ്ട്. 

ഖസ്സെം സുലൈമാനിയുടെ വധം ഇറാൻ സൗദി അനുരഞ്ജനം തടയാൻ 

ഇറാഖ് പാർലമെന്റ് പാസാക്കിയ പ്രമേയം മറ്റു രാജ്യങ്ങൾ കൂടി പിന്തുടരുമോ എന്ന ഭയം അമേരിക്കയുടെ യുദ്ധ പിന്മാറ്റ പ്രഖ്യാപനത്തിൽ നിർണായകം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് തന്നെ വിശ്വസിക്കേണ്ടി വരും. ഇറാനെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ തക്ക ആയുധ ശേഷി നിലവിൽ അമേരിക്കയുടെ കയ്യിലുണ്ടെന്നു തന്നെയാണ് വിശ്വസിക്കേണ്ടത്. വർഷങ്ങളായി ഉപരോധം നേരിടുന്ന രാജ്യമെന്ന നിലയിൽ വലിയൊരു യുദ്ധത്തിലേക്ക് പോകാനുള്ള ശേഷി ഇപ്പോൾ ഇറാനില്ലെന്ന് അമേരിക്കക്ക് നന്നായറിയാം. അതേസമയം,മേഖലയിൽ നിലനിൽക്കുന്ന സുന്നി-ഷിയാ സംഘർഷം അതുപോലെ നിലനിർത്തി 'ഇറാൻഫോബിയ' ഒന്നുകൂടി ഊതിപ്പെരുപ്പിച്ചാൽ അമേരിക്കക്ക് കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ കഴിയും. മേഖലയിൽ ആധിപത്യമുറപ്പിക്കാൻ സൗദിയും ഇറാനും തമ്മിൽ വർഷങ്ങളായി തുടർന്നുവരുന്ന കിടമത്സരം ഇന്ധനമാക്കിയാണ് അമേരിക്ക പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം ഉറപ്പിക്കുന്നത്. ഇതോടൊപ്പം ഈ ഭീതി ഒന്നുകൂടി പെരുപ്പിച്ചു നിലനിർത്താൻ കഴിഞ്ഞാൽ ഇനിയും ബില്യൺ കണക്കിന് വിലവരുന്ന ആയുധങ്ങൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് കയറ്റിവിടാനാവുമെന്നും ട്രംപ് കണക്കുകൂട്ടുന്നുണ്ട്. സൗദിയും ഇറാനും തമ്മിൽ ഏതെങ്കിലും തരത്തിൽ അനുരഞ്ജനം നിലവിൽ വന്നാൽ മേഖലയെ ഭിന്നിപ്പിക്കാനുള്ള ഈ നീക്കം വിജയിക്കില്ലെന്ന് ട്രംപിന് നന്നായറിയാം. അതുകൊണ്ട് ഇത്തരം സാധ്യതകൾ എന്ത് വില കൊടുത്തും തടയേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. ഇറാഖിന്റെ മധ്യസ്ഥതയിൽ ഇറാൻ - സൗദി അനുരഞ്ജന സാധ്യതകൾ ചർച്ച ചെയ്യാൻ ബാഗ്ദാദിലെത്തിയപ്പോഴാണ് ഖസ്സെം സുലൈമാനിയും സംഘവും വധിക്കപ്പെട്ടതെന്ന ഇറാഖ് പ്രധാനമന്ത്രിയുടെ പ്രസ്താവന വിരൽ ചൂണ്ടുന്നതും ട്രംപിന്റെ ഈ ദുഷ്ടലാക്കിലേക്കാണ്.

അമേരിക്ക - ഇറാൻ സംഘർഷം 

അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുതക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 1953 -ൽ   ഇറാനിൽ ജനാധിപത്യപരമായി തെരഞ്ഞടുക്കപ്പട്ട  മുഹമ്മദ് മൊസാദേഗ് സർക്കാരിനെ അട്ടിമറിക്കാൻ വേണ്ടി അണിയറയിൽ ഗൂഢാലോചനകൾ നടത്തിയത് അമേരിക്കൻ, ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസികൾ ചേർന്നായിരുന്നു.  ബ്രിട്ടീഷ് താത്പര്യങ്ങൾക്ക് വിരുദ്ധമായി രാജ്യത്തെ എണ്ണ മേഖല ദേശസാത്കരിച്ചു എന്നതായിരുന്നു ഇറാൻ ഭരണകൂടം ചെയ്ത കുറ്റം. വർഷങ്ങളായി ഇറാനിലെ എണ്ണ വളരെ ലാഭത്തിന് ഊറ്റിക്കൊണ്ടിരിക്കുകയായിരുന്ന ബ്രിട്ടന് തടയിടാനായിരുന്നു ഇറാൻ അത്തരമൊരു നടപടിയിലേക്ക് കടന്നത്. പട്ടാള അട്ടിമറിയെ തുടർന്ന് അധികാരം, ഷാ റെസ പെഹ്‌ലവിയെന്ന ഏകാധിപതിയുടെ കയ്യിലെത്തി.ഈ ഒരു നീക്കം അന്ന് വിജയം കണ്ടെങ്കിലും അമേരിക്കക്കാരെ വിശ്വസിക്കാൻ കൊള്ളില്ല എന്ന വികാരം അന്നുതൊട്ട് തന്നെ ഇറാൻ ജനതയിൽ വേരുറച്ചിരുന്നു. എന്നാൽ തങ്ങളുടെ കാർമികത്വത്തിൽ നടന്ന സൈനിക അട്ടിമറിക്കുശേഷം അധികാരത്തിലെത്തിയ ഇറാനിലെ ഷാ ഗവൺമെന്റിനെ അമേരിക്ക എല്ലാ അർത്ഥത്തിലും പിന്തുണച്ചിരുന്നു. എന്നാൽ അധികം താമസിയാതെ അമേരിക്കയുടെ തനിനിറം പുറത്തുവരികയായിരുന്നു. 1972 -ൽ ഇറാൻ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്‌സൺ ഗൾഫ് മേഖലയിലെ അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കണം എന്ന് ഷായോട് ആവശ്യപ്പെട്ടു. പകരം, ഷായ്ക്ക് വേണ്ട എന്തായുധവും നൽകാൻ താൻ സന്നദ്ധനാണെന്നായിരുന്നു നിക്‌സൺ ഉറപ്പ് നൽകിയത്. നിക്സൻറെ ഉറപ്പിൽ  അമേരിക്കയുടെ പക്കൽ നിന്ന് വൻ തോതിൽ ഹൈടെക്ക് ആയുധങ്ങൾ വാങ്ങിക്കൂട്ടുന്ന രാജ്യമായി ഇറാൻ മാറി. അതേസമയം ഷാ പെഹ്‌ലവിയുടെ ഏകാധിപത്യത്തിനെതിരെ ഇറാനിലെ പള്ളികൾ കേന്ദ്രീകരിച്ചുകൊണ്ട് ഒരു ഭാഗത്ത് ശക്തമായ അമേരിക്കൻ വിരോധം വളരുന്നുണ്ടായിരുന്നു. ആ പ്രതിഷേധസ്വരങ്ങളുടെ നേതൃസ്ഥാനത്തേക്ക് വന്ന അയത്തൊള്ളാ ഖൊമേനിക്ക് താമസിയാതെ  ഇറാഖിൽ അഭയം തേടേണ്ടി വന്നു.

1977 ൽ പ്രസിഡന്റ് ജിമ്മി കാർട്ടർ ഇറാൻ സന്ദർശിക്കുന്ന ഘട്ടമെത്തിയപ്പോഴേക്കും രാജ്യത്തെ പ്രതിഷേധ സ്വരങ്ങൾ പൂർവാധികം ശക്തി പ്രാപിച്ചിരുന്നു. കാർട്ടർ തിരികെപ്പോയി ദിവസങ്ങൾക്കകം ഇറാനിൽ പ്രതിഷേധങ്ങൾ ശക്തിയാർജ്ജിച്ച് ഒടുവിൽ  തെരുവുകളിലേക്ക് കത്തിപ്പടർന്നു. 1978 സെപ്റ്റംബർ 8  എന്ന ദുഃഖവെള്ളിയാഴ്ച  ടെഹ്റാനിലെ ജാലെ സ്‌ക്വയറിൽ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന ആയിരക്കണക്കിന് ഇറാനിയൻ പൗരന്മാർക്കു നേരെ ഷായുടെ പട്ടാളം നടത്തിയ വെടിവെപ്പിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു. 1979  ജനുവരി 16 -ന് ഷാ ഇറാന് പുറത്ത് അവധിക്കാലം ചെലവിടാൻ പോകുന്നതായി പ്രഖ്യാപിച്ച സമയം വിപ്ലവകാരികൾ രാജ്യം തിരിച്ചു പിടിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. ഫ്രാൻസിൽ ഇരുന്നുകൊണ്ട് ഖൊമേനി ഒരു ഇസ്ലാമിക റിപ്പബ്ളിക്കിനായുള്ള തന്റെ പരിശ്രമങ്ങളെപ്പറ്റി ലോകത്തോട് പറയുകയും ഇറാൻ ജനത ഒറ്റക്കെട്ടായി അതേറ്റെടുക്കുകയും ചെയ്തതോടെയാണ് ഇന്ന് നാം കാണുന്ന ഇറാൻ രൂപം കൊണ്ടത്. ലക്ഷക്കണക്കിന് പേരുടെ അകമ്പടിയോടെ, ഖൊമേനി ഇറാനിലേക്ക് തിരിച്ചെത്തി ദിവസങ്ങൾക്കകം ഇറാന്റെ സൈന്യവും, സർക്കാരും, മാധ്യമങ്ങളുമൊക്കെ വിപ്ലവകാരികളുടെ കൈപ്പിടിയിലാവുകയായിരുന്നു. ഇതിനുശേഷം നടന്ന ജനഹിത പരിശോധനയ്ക്ക് ശേഷമാണ് 1979 ഏപ്രിൽ ഒന്നാം തീയതി മുതൽ ഇറാൻ ഒരു പരമാധികാര ഇസ്ലാമിക രാഷ്ട്രമായത്.അന്ന് മുതൽ ഇന്നേവരെ ഇറാൻ മണ്ണിൽ തങ്ങളുടെ  താല്പര്യങ്ങൾ കരുപ്പിടിപ്പിക്കാൻ അമേരിക്ക നിരന്തരം ശ്രമിച്ചു വരികയാണ്. ഇതിനെ ശക്തമായി പ്രതിരോധിക്കാൻ കഴിഞ്ഞുവെന്നതാണ് ഇറാനോടുള്ള അമേരിക്കയുടെ ചരിത്രപരമായ വിരോധത്തിന് ആധാരം.

ഇറാൻ - ഇറാഖ് യുദ്ധവും ആണവക്കരാറും 

1980 -ൽ ഇറാനിലെ രാഷ്ട്രീയ അസ്ഥിരതകൾ മുതലെടുക്കാൻ ഇറാഖിനെ ഉപയോഗിച്ച്  ഇറാനെ ആക്രമിച്ചെങ്കിലും അതും വേണ്ടത്ര ഫലം കണ്ടില്ല. ഇറാഖിന് ആവശ്യമായ സാങ്കേതിക സഹായങ്ങളും ആയുധങ്ങളും നൽകി അമേരിക്ക കൂടെ നിന്നാണ് യുദ്ധം നയിച്ചത്. ആ യുദ്ധത്തിൽ ഇറാഖ് ഇറാനെതിരെ രാസായുധം പ്രയോഗിച്ചപ്പോൾ ലോകസമൂഹത്തിന് മുന്നിൽ അമേരിക്ക അതിനെ വിമർശിച്ചെങ്കിലും ഇറാഖിനുള്ള സഹായങ്ങൾ തുടർന്ന്.ഒടുവിൽ എട്ടു വർഷം നീണ്ടു നിന്ന യുദ്ധം അവസാനിക്കുമ്പോഴേക്കും രണ്ടുരാജ്യങ്ങളും സാമ്പത്തികമായി തകർന്നടിഞ്ഞിരുന്നു. ഇതുതന്നെയായിരുന്നു ആത്യന്തികമായി  അമേരിക്ക ലക്ഷ്യമിട്ടതും.

അതുകഴിഞ്ഞും അമേരിക്ക ഇറാനെ ഒതുക്കാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു. 1984 -ൽ ഇറാൻ തീവ്രവാദത്തിനു വേണ്ട ധനസഹായം നൽകുന്നു എന്ന ആരോപണമുന്നയിച്ചാണ് അമേരിക്ക രംഗത്തെത്തിയത്. തുടർന്ന് ലബനാനിലെ അമേരിക്കൻ എംബസി ആക്രമണം അടക്കമുള്ള പല തീവ്രവാദ അക്രമണങ്ങളിലും പങ്കുണ്ടെന്ന് ആരോപിച്ച് ഇറാനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെ,1988  ജൂലൈ 3 ന്  മക്കയിലേക്ക് പോയ ഇറാൻ വിമാനം അമേരിക്ക വെടിവെച്ചിട്ട്  290 പേരെ കൊലപ്പെടുത്തി. ആ വലിയ യാത്രാവിമാനം എഫ് 16 പോർവിമാനം എന്ന് തെറ്റിദ്ധരിച്ചാണ് തങ്ങൾ വെടിവെച്ചിട്ടതെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. തൊണ്ണൂറുകളിൽ തുടർച്ചയായ ഉപരോധങ്ങൾ അമേരിക്ക ഇറാനു മേൽ ചുമത്തി. 1997 പുരോഗമനവാദിയായ മുഹമ്മദ് ഖാതിമി പ്രസിഡന്റായപ്പോൾ അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും 2001 -ൽ വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെട്ടതോടെ വീണ്ടും ബന്ധങ്ങൾ വഷളായി. ട്രേഡ് സെന്റർ ആക്രമണത്തിൽ ഇറാന് എന്തെങ്കിലും പങ്കുള്ളതായി തെളിയിക്കപ്പെട്ടില്ലെങ്കിലും അതിന്റെ പേരിൽ ഇറാനെ പഴിചാരൻ കിട്ടിയ അവസരം അമേരിക്ക നഷ്ടപ്പെടുത്തിയില്ല. ഇക്കാലത്താണ് അന്താരാഷ്ട്ര അന്താരാഷ്ട്ര പരിശോധകർ ഇറാനിൽ സമ്പുഷ്ട യുറേനിയം കണ്ടെത്തുന്നത്. തങ്ങൾ അത് ആയുധങ്ങൾക്കായല്ല, മറിച്ച് ഊർജാവശ്യങ്ങൾക്കായാണ് ഉപയോഗപ്പെടുത്തുന്നതെന്നായിരുന്നു ഇറാന്റെ വിശദീകരണം. 2015 -ൽ ആറ് ആണവ ശക്തികളുമായി ചേർന്നുകൊണ്ട് ആണവവിഷയത്തിൽ അമേരിക്കയുടെ നേതൃത്വത്തിൽ തന്നെ ഒരു കരാർ നിലവിൽ വന്നത് വലിയ ആശ്വാസമായാണ് ലോകം നോക്കികണ്ടത്. ഇതേതുടർന്ന് 2016 -ൽ ഇറാനെതിരെയുള്ള ഉപരോധങ്ങളിൽ അയവുണ്ടായതോടെ ഇറാൻ എണ്ണ വിപണിയിലടക്കം സ്വാധീനമുറപ്പിക്കുന്നു എന്ന് മനസിലാക്കിയതോടെയാണ് ട്രംപ് കടുത്ത ചില തീരുമാനങ്ങളുമായി രംഗത്തെത്തിയത്. 2017-ൽ അധികാരത്തിലെത്തിയ ഡോണൾഡ്‌ ട്രംപ് ഏകപക്ഷീയമായി കരാറിൽ നിന്നും പിൻമാറി ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തിയതോടെ ഇരു രാജ്യങ്ങൾക്കിമിടയിൽ സംഘർഷം രൂക്ഷമാവുകയായിരുന്നു.

ഇറാനെ സംബന്ധിച്ചിടത്തോളം അമേരിക്കയുമായുള്ള ശത്രുത ഈ ചരിത്ര പശ്ചാത്തലത്തിൽ നിന്നുകൊണ്ടുള്ള ഒരു ദേശവത്കരണത്തിന്റെ ഭാഗം കൂടിയാണ്.  അതുകൊണ്ടുതന്നെ ഉപരോധം പിൻവലിക്കുന്നത് വരെ അമേരിക്കയുടെ ഉറക്കം കെടുത്തുന്ന നടപടികളുമായി അവർ മുന്നോട്ടു പോകും. ഇതിനു പരിഹാരമാകണമെങ്കിൽ ഉപരോധം പിൻവലിക്കണം. എന്നാൽ ഏതുവിധേനയും ഇറാനെ ഒതുക്കണമെന്ന സൗദിയുടെയും സഖ്യകക്ഷികളുടെയും താല്പര്യങ്ങൾ ഇത് അനുവദിക്കില്ല. മറുവശത്ത്,ഇറാൻ ശക്തിപ്പെടുന്നതിനെ ഭയപ്പെടുന്ന ഇസ്രായേലിൽ നിന്നുള്ള ശക്തമായ സമ്മർദവും അമേരിക്കക്ക് മീതെയുണ്ട്. അതുകൊണ്ടുതന്നെ അമേരിക്ക - ഇറാൻ സംഘർഷം എന്നന്നേക്കുമായി അവസാനിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. പകരം ഒരു നേർക്കുനേർ യുദ്ധം ഒഴിവാക്കി പശ്ചിമേഷ്യയിൽ എന്നന്നേക്കുമായി ഭീതി നിലനിർത്താൻ തന്നെയായിരിക്കും അമേരിക്ക ശ്രമിക്കുക. ഇതുതന്നെയാണ് ട്രംപ് കഴിഞ്ഞ ദിവസം ലോകത്തോട് പറഞ്ഞതും.


Latest Related News