Breaking News
ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ |
സുപ്രധാനമായ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്; വ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി മുതല്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല

December 05, 2020

December 05, 2020

മെന്‍ലോ പാര്‍ക്ക്, കാലിഫോർണിയ: സുപ്രധാനമായ മാറ്റങ്ങള്‍ അവതരിപ്പിക്കാന്‍ ലോകത്തെ ഏറ്റവും വലിയ മെസഞ്ചര്‍ ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ്. 2021 ഫെബ്രുവരി മുതല്‍ രണ്ട് പ്രധാന മാറ്റങ്ങള്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുമെന്ന് വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഈ മാറ്റങ്ങള്‍ ആന്‍ഡ്രോയിഡിലും  ഐ.ഒ.എസ്സിലും v2.20.206.19 എന്ന ബീറ്റ വെര്‍ഷനില്‍ ലഭിക്കും. 

വാട്ട്‌സ്ആപ്പിന്റെ പ്രധാന എതിരാളിയായ ടെലിഗ്രാമില്‍ നേരത്തേ തന്നെ നിലവിലുള്ള ഫീച്ചറാണ് വാട്ട്‌സ്ആപ്പ് ഇപ്പോള്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. വാട്ട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്കായുള്ള അനൗണ്‍സുമെന്റുകള്‍ ആപ്പിനുള്ളില്‍ തന്നെ ഇന്‍-ആപ്പ് അനൗണ്‍സ്‌മെന്റുകളായി കാണിക്കുന്നതാണ് ഒന്നാമത്തെ മാറ്റം. 

ആപ്പ് അപ്‌ഡേറ്റ് ചെയ്യാനുള്ള അറിയിപ്പും പുതിയ ഫീച്ചറുകളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വാട്ട്‌സ്ആപ്പിനുള്ളില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് അറിയാന്‍ കഴിയും. നിലവില്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യണോ എന്ന് അറിയാന്‍ പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ നോക്കണം. 

ടെലിഗ്രാമില്‍ ഇത് ഔദ്യോഗിക ബോട്ടിനോടുള്ള ചാറ്റ് രൂപത്തിലാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ വാട്ട്‌സ്ആപ്പില്‍ ഇത് ബാനറായിട്ടാകും ലഭിക്കുക. ഈ ബാനറുകളില്‍ വാട്ട്‌സ്ആപ്പ് പരസ്യങ്ങള്‍ കാണിക്കുമോ എന്ന ആശങ്ക ഇതിനകം പലരും പങ്കുവച്ചിട്ടുണ്ട്. 

ഇതിനൊപ്പം വാട്ട്‌സ്ആപ്പ് സേവന വ്യവസ്ഥകളിലും മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിന്റെ പുതിയ നിബന്ധനകള്‍ അംഗീകരിക്കാത്തവര്‍ക്ക് ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. വാട്ട്‌സ്ആപ്പിന്റെ നിബന്ധനകള്‍ അംഗീകരിക്കുന്നതായി സമ്മതിച്ചാല്‍ ആപ്പ് തുടര്‍ന്നും ഉപയോഗിക്കാം. ഇത് വിസമ്മതിക്കുന്നവര്‍ക്ക് സെറ്റിങ്‌സില്‍ പോയി വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്നും വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. 2021 ഫെബ്രുവരി എട്ട് മുതല്‍ ഇത് നിലവില്‍ വരും. പുതുക്കിയ സേവന വ്യവസ്ഥകളും നിബന്ധനകളും വരുന്ന ആഴ്ചകളില്‍ തന്നെ പ്രഖ്യാപിക്കും എന്നാണ് അറിയുന്നത്. 

ഈ വര്‍ഷം നിരവധി പുതിയ ഫീച്ചറുകള്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് പുറത്തിറക്കിയ സ്റ്റോറേജ് മാനേജ്‌മെന്റ് ടൂളാണ് ഇതില്‍ അവസാനത്തേത്. ഇതുപയോഗിച്ച് സ്റ്റോറേജ് മാനേജുമെന്റ് വിഭാഗത്തിലെ ഫയലുകള്‍, ഫോര്‍വേര്‍ഡുചെയ്ത ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവയെല്ലാം പരിശോധിക്കാനും ഒരുമിച്ച് ഡിലീറ്റ് ചെയ്യാനും കഴിയും. ഒരോ വ്യക്തിഗത ചാറ്റിന്റെയും ഫയലുകളെ വെവ്വേറെ ഇല്ലാതാക്കാനും ഇത് ഉപയോഗിച്ച് കഴിയും. അഞ്ച് എം.ബിയില്‍ കൂടുതലുള്ള ഫയലുകള്‍ കാണിക്കുന്നതിനുള്ള ഓപ്ഷനും ഈ ഫീച്ചറില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

കൊവിഡ് കാരണം ലോകമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയിലാണ് ഗ്രൂപ്പ് കോളില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം വോട്ട്‌സ്ആപ്പ് ഉയര്‍ത്തിയത്. നേരത്തേ നാലു പേരെ മാത്രമാണ് ഗ്രൂപ്പ് വോയിസ്/വീഡിയോ കോളുകളില്‍ വാട്ട്‌സ്ആപ്പ് അനുവദിച്ചിരുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ വീടിനകത്തായതോടെ ഇത് എട്ടാക്കി ഉയര്‍ത്തുകയായിരുന്നു. 

ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച ഫീച്ചറാണ് ഡാര്‍ക്ക് മോഡ്. ഉപഭോക്കാക്കളുടെ കണ്ണിന് ആയാസം കുറയ്ക്കാന്‍ സഹായിക്കുന്ന ഡാര്‍ക്ക് മോഡ് സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ഉപയോഗം കുറയ്ക്കാനും സഹായിക്കും. 

സര്‍ക്കാറിന്റെ അനുമതി ലഭിച്ചതോടെ വാട്ട്‌സ്ആപ്പ് പെയ്‌മെന്റ് എന്ന ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതും ഈ വര്‍ഷമാണ്. വാട്ട്‌സ്ആപ്പിലെ കോണ്‍ടാക്റ്റുകള്‍ക്ക് പണം അയക്കാനും അവരില്‍ നിന്നും പണം സ്വീകരിക്കാനും ഉപഭോക്താക്കളെ സഹായിക്കുന്ന ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത് യു.പി.ഐ അധിഷ്ഠിതമായാണ്. 

അഡ്വാന്‍സ്ഡ് സെര്‍ച്ച് എന്ന ഫീച്ചറും വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോകള്‍, ജി.ഐ.എഫുകള്‍, ഡോക്യുമെന്റുകള്‍, ലിങ്കുകള്‍ എന്നിവ തരംതിരിച്ച് സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചറാണ് ഇത്. 

വാട്ട്‌സ്ആപ്പിന്റെ ഡെസ്‌ക്ടോപ്പ് ആപ്പില്‍ വോയ്‌സ്, വീഡിയോ കോള്‍ ഫീച്ചറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News