Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക് ഐക്യരാഷ്ട്ര സഭയുടെ ആദരം,നിപ അനുഭവങ്ങൾ ഗുണം ചെയ്തുവെന്ന് മന്ത്രി 

June 23, 2020

June 23, 2020

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിപയുടെ അനുഭവങ്ങള്‍ നന്നായി സഹായിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ വെബിനാറില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ.. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം ലഭിച്ചതിന്റെ ഭാഗമായിട്ടാണ് ആരോഗ്യമന്ത്രി വെബിനാറില്‍ പങ്കെടുത്തത്.

ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച്‌ (ജൂണ്‍ 23) കോവിഡ്-19 മഹാമാരി പ്രതിരോധത്തിനായി മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെയും ജനറല്‍ അസംബ്ലി പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി നിപ അനുഭവങ്ങൾ പങ്കുവെച്ചത്. കോവിഡ് മഹാമാരി ഫലപ്രദമായി പ്രതിരോധിക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ നിന്നുമുള്ള നിര്‍ണായക പങ്ക് വഹിച്ച മുന്‍നിര പ്രതിനിധികളെയാണ് പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരോടൊപ്പം വെര്‍ച്വല്‍ ഓണ്‍ലൈന്‍ ഇവന്റിലും പാനല്‍ ചര്‍ച്ചയിലും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പങ്കെടുത്തു. കോവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച ഫലപ്രദമായ നടപടികള്‍ എന്ന വിഷയം ആസ്പദമാക്കിയായിരുന്നു ചർച്ച. മഹാമാരിയും പൊതുസേവനവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പാനല്‍ ചര്‍ച്ചയിലും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പങ്കെടുത്തു.

യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ജനറല്‍ അസംബ്ലി പ്രസിഡന്റ് ടിജ്ജനി മുഹമ്മദ്ബന്ദെ, എത്യോപ്യ പ്രസിഡന്റ് സഹ്‌ലെ വര്‍ക്ക് സ്യൂഡെ, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, യു.എന്‍. സാമ്ബത്തിക, സാമൂഹ്യകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ ലിയു ഷെന്‍മിന്‍, കൊറിയ ആഭ്യന്തര-സുരക്ഷാ മന്ത്രി ചിന്‍ യങ്, സഹ മന്ത്രി ഇന്‍ജെയ് ലീ, സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ലോകാരോഗ്യ സംഘടന ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് വിഭാഗം ഡയറക്ടര്‍ ജിം കാംപെൽ, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് പ്രസിഡന്റ് അനറ്റി കെന്നഡി, പബ്ലിക് സര്‍വീസസ് ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി റോസ പവേനെല്ലി എന്നിവര്‍ക്കാണ് സംസാരിക്കാനുള്ള അവസരം ലഭിച്ചത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിപയുടെ അനുഭവങ്ങള്‍ നന്നായി സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിപാ കാലത്ത് തന്നെ ആവിഷ്‌ക്കരിച്ച സര്‍വയലന്‍സ് സംവിധാനവും വികേന്ദ്രീകൃത പൊതുജനാരോഗ്യ വിതരണ സംവിധാനവും വികസിപ്പിച്ചെടുത്തത്. നിപ സമയത്ത് ആദ്യ കേസിന് തൊട്ടുപിന്നാലെ നിപയാണെന്ന് കണ്ടെത്താനും ശക്തമായ പ്രതിരോധം ഒരുക്കാനും കൂടുതല്‍ ആളുകളിലേക്ക് പകരാതെ തടയാനും കഴിഞ്ഞു. മാത്രമല്ല 2018 ലും 2019 ലും ഉണ്ടായ രണ്ട് വലിയ പ്രളയത്തിലും ആരോഗ്യ മേഖല ശക്തമായി ഇടപെട്ടു. അതിലൂടെ പ്രളയകാല പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി തടയുന്നതിന് സാധിച്ചു. ഇത്തരം പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുന്ന സമയത്ത് പൊതുജനാരോഗ്യ ഇടപെടലുകളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയോ പ്രവര്‍ത്തിക്കാന്‍ കാലതാമസമോ ഉണ്ടാകരുത് എന്ന അനുഭവ പാഠം ഞങ്ങള്‍ക്ക് ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ്-19 മഹാമാരി ചൈനയിലെ വുഹാനില്‍ പിടിപെട്ട സമയത്ത് തന്നെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളവും ശക്തമായ മുന്നൊരുക്കം നടത്തി. മുഴുവന്‍ നിരീക്ഷണ ശൃംഖലയും സജീവമാക്കി സ്‌ക്രീനിംഗ്, രോഗനിര്‍ണയം, പൊതുജനാരോഗ്യ ഇടപെടലുകള്‍ എന്നിവയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും എസ്‌ഒപികളും അന്താരാഷ്ട്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടപ്പാക്കി.

ഒന്നാം ഘട്ടത്തില്‍ 3 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാവരേയും ചികിത്സിച്ച്‌ ഭേദമാക്കാനായി. വ്യാപനവും മരണനിരക്കും പൂജ്യമായിരുന്നു. രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ശക്തമായ പ്രതിരോധമാണ് സൃഷ്ടിച്ചത്. അണുബാധയുടെ സാധ്യതയുള്ള ഉറവിടങ്ങള്‍ കണ്ടെത്തി നിരീക്ഷണം ശക്തമാക്കുക, സമൂഹത്തില്‍ വൈറസിന്റെ അളവ് കുറയ്ക്കുക, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ക്കായി റിവേഴ്‌സ് ക്വാറന്റൈന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കി. വൈറസിന്റെ കണ്ണി പൊട്ടിക്കാനായി കേരളം നടപ്പിലാക്കിയ ബ്രേക്ക് ദ ചെയിന് വലിയ സ്വീകാര്യത ലഭിച്ചു. ഈ മൂന്ന് പ്രധാന തന്ത്രങ്ങളിലൂടെ വൈറസിനെ ഫലപ്രദമായി തടയാനും സമ്പർക്ക  വ്യാപനവും മരണനിരക്കും കുറയ്ക്കാന്‍ സാധിച്ചു. സമ്പർക്ക  വ്യാപനം 12.5 ശതമാനത്തില്‍ താഴെയും മരണ നിരക്ക് 0.6 ശതമാനവും ആക്കാന്‍ സാധിച്ചു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ദുര്‍ബലരുമായ ആളുകള്‍ക്കും നിയന്ത്രണ നടപടികളാല്‍ രോഗം ബാധിക്കില്ലെന്ന് ഉറപ്പാക്കി സാമൂഹ്യ സുരക്ഷ ശൃംഖല ശക്തിപ്പെടുത്തി. അങ്ങനെ വണ്‍ വേള്‍ഡ് വണ്‍ ഹെല്‍ത്ത് എന്ന ആശയം പ്രാവര്‍ത്തികമാക്കിയതായും മന്ത്രി വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News