Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
അരാംകോ ആക്രമണം,സൗദിയിലും യു.എ.ഇയിലും കൂടുതൽ അമേരിക്കന്‍ പട്ടാളമെത്തുന്നു

September 21, 2019

September 21, 2019

അൻവർ പാലേരി, ന്യൂസ്‌റൂം ഗൾഫ് ഡെസ്ക്  

ഖത്തറിനെതിരായ ഉപരോധത്തിന്റെ മറവിൽ വിവിധ ഗൾഫ് രാജ്യങ്ങളെ ആയുധപ്പുരകളാക്കി മാറ്റിയ ട്രംപ്, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇറാനെയും ഹൂതി ആക്രമണങ്ങളെയും പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ്.


റിയാദ് : ഹൂതികളിൽ നിന്നുള്ള ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിൽ  കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ സൗദിയിലേക്ക് എത്തുന്നു. സൗദിയിലും യുഎഇയിലും കൂടുതൽ അമേരിക്കന്‍ സൈനികരെ വിന്യസിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചു. സൗദിയുടെയും യുഎഇയുടെയും ആവശ്യം പരിഗണിച്ചാണ് സൈനികരെ അയക്കുന്നതെന്നാണ് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്കയും സൗദിയും ആരോപിച്ചതിന് പിന്നാലെയാണ് യുദ്ധഭീഷണി നേരിടാൻ സൗദിയിലും യു.എ.ഇ യിലും കൂടുതൽ പടയൊരുക്കം നടത്തുന്നത്.സൗദിക്ക് പിന്നാലെ യു.എ.ഇ യിലും വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്ന് ഹൂതി സൈനിക വക്താവ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

വ്യോമ ആക്രമണം ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക തങ്ങളുടെ സഖ്യ കക്ഷികളായ ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിക്കാൻ ഒരുങ്ങുന്നത്.സൗദിയും യു.എ.ഇയും ഉൾപെടെയുള്ള ഗള്‍ഫ് മേഖലയില്‍ നേരത്തെ നിലയുറപ്പിച്ച  അമേരിക്കന്‍ സൈനികർക്ക് പുറമെയാണ് കൂടുതൽ സൈനികരെ അയക്കാനുള്ള തീരുമാനം. ഇതിന് പുറമെ മെഡിറ്ററേനിയന്‍ കടലിലേക്ക് അമേരിക്കന്‍ സൈന്യത്തിന്റെ രണ്ട് യുദ്ധക്കപ്പലുകള്‍ അടുത്തിടെ അയച്ചിരുന്നു.അരാംകോ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധസാധ്യത വർധിച്ച സാഹചര്യത്തിലാണ്  ഇപ്പോള്‍ കൂടുതല്‍ സൈനികരെ അയക്കാന്‍ അമേരിക്ക തീരുമാനിച്ചത്.

2015 ൽ യമനിൽ ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദിയും യു.എ.ഇ യും ഉൾപെട്ട സഖ്യസേന സൈനിക നടപടികൾ ആരംഭിച്ചത് മുതലാണ് ഹൂതികൾ സൗദിക്ക് നേരെ ആക്രമണം ശക്തമാക്കിയത്. കഴിഞ്ഞ ജൂണ്‍ മാസം മുതൽ നിരവധി ആക്രമണങ്ങളാണ് മേഖലയിൽ ഉണ്ടായത്. യുഎഇയിലെ ഫുജൈറയില്‍ സൗദിയുടെ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. കൂടാതെ ഇറാഖിലെ അമേരിക്കന്‍ എംബസിക്കടുത്തും ആക്രമണമുണ്ടായി. സൗദിയിലെ അരാംകോയ്ക്ക് നേരെ നിരവധി തവണ ഡ്രോൺ ആക്രമണം നടത്തിയിരുന്നെങ്കിലും കഴിഞ്ഞ ശനിയാഴച നടന്ന ആക്രമണം അരാംകോയുടെ എണ്ണ സംസ്കരണ കേന്ദ്രങ്ങൾക്കും സൗദി സമ്പദ് വ്യവസ്ഥയ്ക്കും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു.

ലക്‌ഷ്യം ഇറാൻ തന്നെ 

ഇറാനും വിവിധ ലോക രാഷ്ട്രങ്ങളും ഉൾപെട്ട ആണവക്കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയ അമേരിക്ക കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഇറാന് മേൽ ഉപരോധം പ്രഖ്യാപിച്ചതാണ് മേഖലയിൽ സംഘർഷം രൂക്ഷമാക്കിയത്.എല്ലാ കുറ്റങ്ങളും ഇറാന് മേൽ ആരോപിച്ചു ആ രാജ്യത്തെ ഇല്ലാതാക്കാനുള്ള ട്രംപിന്റെ നീക്കങ്ങൾക്ക് ബദ്ധവൈരികളായ സൗദിയും യു.എ.ഇയും ശക്തമായ പിന്തുണ നൽകുന്നുണ്ട്.നിലവിൽ ഹൂതികൾക്കെതിരെയുള്ള സൈനിക നടപടികളുടെ പേരിൽ യമനിൽ ആയിരക്കണക്കിന് സാധാരണക്കാരെ കൊന്നൊടുക്കുന്ന സഖ്യസേനയുടെ നടപടിയെ യു.എൻ അടക്കമുള്ള രാജ്യാന്തര സംഘടനകൾ വിമർശിച്ചിരുന്നു.എന്നാൽ സൗദിക്ക് നേരെ നടക്കുന്ന തുടർച്ചയായ ഹൂതി ആക്രമണങ്ങളെ മുൻനിർത്തി ഇറാനെ ആക്രമിക്കാനാണ് അമേരിക്കയും സൗദിയും ഇപ്പോൾ നീക്കം നടത്തുന്നത്.അതേസമയം,അരാംകോ ആക്രമണത്തിന്റെ പേരിൽ തങ്ങൾക്കെതിരെ എന്തെങ്കിലും നീക്കങ്ങളുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനെതിരെ ആക്രമണം നടത്തിയാൽ അത്രയെളുപ്പം ഊരിപ്പോകാനാവില്ലെന്ന് നന്നായി അറിയാവുന്ന ഡൊണാൾഡ് ട്രംപ് അത്തരമൊരു നീക്കത്തിന് മുതിരില്ലെന്ന് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

മേഖലയിൽ യുദ്ധഭീതി നിലനിർത്തി ഗൾഫ് മേഖലയിൽ നിന്ന് കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന വിമർശനമാണ് രാഷ്ട്രീയ നിരീക്ഷകർ പ്രധാനമായും ഉന്നയിക്കുന്നത്.ഖത്തറിനെതിരായ ഉപരോധത്തിന്റെ മറവിൽ വിവിധ ഗൾഫ് രാജ്യങ്ങളെ ആയുധപ്പുരകളാക്കി മാറ്റിയ ട്രംപ്, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇറാനെയും ഹൂതി ആക്രമണങ്ങളെയും പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ്.


Latest Related News