Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
സൗദി അറേബ്യ തല കുനിക്കേണ്ടി വരും; ഖഷോഗിയുടെ കൊലപാതകത്തിന്റെ വീഡിയോ ഹാജരാക്കണമെന്ന് യു.എസ് ജഡ്ജി

December 10, 2020

December 10, 2020

വാഷിങ്ടണ്‍: പ്രമുഖ സൗദി മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും കൊലപാതകത്തിന്റെ വീഡിയോ ദൃശ്യവും കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കാന്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയോട് (സി.ഐ.എ) നിര്‍ദ്ദേശിച്ച് യു.എസ് ജഡ്ജി. ഖഷോഗി വധം സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള തീരുമാനം തള്ളിക്കൊണ്ടാണ് ഫെഡറല്‍ ജഡ്ജിയായ പോള്‍ ഏംഗല്‍മേയര്‍ ചൊവ്വാഴ്ച ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 

ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച വിവരങ്ങളും കേസിനെ കുറിച്ചുള്ള അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്തു വിടുന്നതിലേക്കുള്ള ആദ്യപടിയാണ് അമേരിക്കന്‍ ഇന്റലിജന്‍സ് സര്‍വ്വീസിനോടുള്ള കോടതി ഉത്തരവ് എന്ന് ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സ് പറഞ്ഞു. വിവര സ്വാതന്ത്ര്യ നിയമം (എഫ്.ഐ.എ) പ്രകാരം നല്‍കിയ അപേക്ഷയോട് സി.ഐ.എയും അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളും പ്രതികരിക്കാത്തതിനാലാണ് ഓപ്പണ്‍ സൊസൈറ്റി ജസ്റ്റിസ് ഇനിഷ്യേറ്റീവ് ഇവര്‍ക്കെതിരെ സിവില്‍ കോടതിയെ സമീപിച്ചത്. 


ജമാൽ ഖഷോഗി

2018 ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി അറേബ്യന്‍ കോണ്‍സുലേറ്റില്‍ വച്ച് നടന്ന ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലെ ആവശ്യം. ദേശീയ സുരക്ഷ പരിഗണിച്ച് ഇത് നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് സി.ഐ.എയും നാഷണല്‍ ഇന്റലിജന്‍സിന്റെ ഓഫീസും ഈ ആവശ്യം തള്ളിയത്. 

എന്നാല്‍ ട്രംപ് ഭരണകൂടം ഈ രേഖകളെ കുറിച്ച് പരസ്യമായി സംസാരിച്ചതിനാല്‍ രേഖകള്‍ നല്‍കാതിരിക്കാനായി സി.ഐ.എയും ഇന്റലിജന്‍സും പറഞ്ഞ കാരണം അപര്യാപ്തമാണെന്ന് ജഡ്ജ് ഏംഗല്‍മേയര്‍ നിരീക്ഷിച്ചു. കൊലപാതകം സംബന്ധിച്ച രേഖകളുടെ അസ്തിത്വം ഔദ്യോഗികമായി അംഗീകരിക്കാനും അവ രഹസ്യമായി സൂക്ഷിക്കേണ്ടതിന്റെ നിയമപരമായ കാരണങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു.  


ഡൊണാൾഡ് ട്രംപ്, മുഹമ്മദ് ബിൻ സൽമാൻ

സൗദി അറേബ്യയ്ക്ക് വലിയ അസ്വസ്ഥതയുണ്ടക്കുന്നതാണ് കോടതി ഉത്തരവ്. ഉത്തരവ് അനുസരിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ഖഷോഗിയുടെ പൈശാചികമായ കൊലപാതകം സംബന്ധിച്ച രേഖകള്‍ പുറത്തു വിട്ടാല്‍ അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ സൗദി അറേബ്യയ്ക്ക് തല കുനിക്കേണ്ടി വരും.

2018 അവസാനം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനകള്‍ ജഡ്ജ് ഏംഗല്‍മേയര്‍ പരാമര്‍ശിച്ചു. യു.എസ്സിന്റെ കൈവശം 'ടേപ്പ്' ഉണ്ട് എന്ന് ട്രംപ് അന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് കൊലപാതകത്തിന് പിന്നില്‍ എന്ന നിഗമനത്തിലാണ് സി.ഐ.എ എത്തിച്ചേര്‍ന്നത്. 


ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക്  പ്രവേശിക്കുന്ന ഖഷോഗിയുടെ സി.സി.ടി.വി ദൃശ്യം.

അതേസമയം ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച രേഖകള്‍ കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കണമെന്നാണ് ഉത്തരവ് എന്നും അവ വെളിപ്പെടുത്തണമെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News