Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഉത്തർപ്രദേശിലെ ബിജ്‌നോറിൽ നടക്കുന്നത് വംശഹത്യ,പ്രദേശത്ത് സർക്കാർ ഭീകരതയെന്ന് വസ്തുതാന്വേഷണ സംഘം 

December 30, 2019

December 30, 2019

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ നടക്കുന്നത് വ്യാപകമായ വംശഹത്യകളാണെന്ന് തെളിയിക്കുന്നതാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഓരോ ദിവസവും പുറത്തു വരുന്ന വാർത്തകൾ. ക്രമസമാധാന പാലനത്തിന്റെ പേരിൽ പോലീസും അർധസൈനിക വിഭാഗവും മുസ്‌ലിംകളുടെ വീടുകളിൽ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും രോഗികളായി കിടക്കുന്നവരെ പോലും ക്രൂരമായി മർദിക്കുന്നതിന്റെയും കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നതിന്റെയും വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 20 ന് വെള്ളിയാഴ്ച മാത്രം യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന യു.പി യുടെ വിവിധ ഭാഗങ്ങളിൽ ആറോളം പേരാണ് കൊല്ലപ്പെട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ബിജിനോർ,മീററ്റ്,സംബാൽ,ഫിറോസാബാദ്,കാൺപൂർ എന്നിവിടങ്ങളിൽ നടന്ന ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ 20 ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

യു.പിയിലെ മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ ബിജിനോറിൽ സന്ദർശനം നടത്തിയ അൽജസീറ റിപ്പോർട്ടർ എലിസബത്ത് പുരനം തയാറാക്കിയ റിപ്പോർട്ട് മുസ്‌ലിംകൾക്ക് ഭൂരിപക്ഷമുള്ള ജില്ലയിൽ പോലീസ് നടത്തുന്ന അതിക്രമത്തിന്റെ ക്രൂരതകളിലേക്ക് വെളിച്ചം വീശുന്നതാണ്. 

ഇന്ത്യൻ സിവിൽ സർവീസ് എൻട്രൻസിന് പഠിക്കുന്ന ഉത്തർപ്രദേശിലെ ബിജ്‌നോർ നഗരവാസിയായ സുലൈമാൻ ഹുസൈൻ (20) ഇവരിൽ ഒരാളാണ്. പനിബാധിച്ച് വീട്ടിൽ വിശ്രമിക്കുകയായിരുന്ന സുലൈമാനെ ജുമുഅ നമസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിയിലാണ് പോലീസ് പിടികൂടി വെടിവെച്ചു കൊന്നത്. നമസ്കാരത്തിനു ശേഷം നടന്ന പ്രതിഷേധത്തിൽ സുലൈമാൻ പങ്കെടുത്തിരുന്നില്ലെന്ന് സഹോദരൻ ശുഐബ് മാലിക് പറയുന്നു.

'എന്റെ സഹോദരൻ പ്രതിഷേധത്തിലൊന്നും പങ്കെടുത്തിരുന്നില്ല. പനിയായതിനാൽ കഴിഞ്ഞ കുറെ ദിവസങ്ങളായി പള്ളിയിലൊന്നും പോയിരുന്നില്ല. വെള്ളിയാഴ്ചയായതിനാൽ നമസ്കാരം കഴിഞ്ഞു പെട്ടെന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പള്ളിയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകവും ലാത്തി ചാർജ്ജും നടത്തി. എല്ലാവരും ഓടിയെങ്കിലും പനിബാധിച്ച് ക്ഷീണിതനായതിനാൽ അവന് ഓടാൻ കഴിഞ്ഞില്ല. പോലീസ് അവനെ പിടിച്ചുകൊണ്ടുപോയി വെടിവെച്ചു കൊല്ലുകയായിരുന്നു.' ഇരുപത്തിയൊന്നുകാരനായ അനീസ് എന്ന മറ്റൊരു ചെറുപ്പക്കാരനും അന്നത്തെ പോലീസ് വെടിവെപ്പിൽ ജീവൻ നഷ്ടപ്പെട്ടു.

എന്നാൽ മറ്റെവിടെയും പോലെ സ്വയം രക്ഷക്കായി പ്രതിഷേധക്കാർക്ക് നേരെ വെടിവെച്ചു എന്നാണ് പോലീസിന്റെ വാദം. പ്രദേശത്ത് വർഗീയകലാപത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും വളരെ പണിപ്പെട്ടാണ് വർഗീയ കലാപത്തിൽ നിന്നും പ്രദേശത്തെ രക്ഷിച്ചതെന്നുമാണ് ബിജിനോറിലെ പോലീസ് ഓഫീസർമാരിൽ ഒരാളായ അരുൺകുമാർ പിന്നീട് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. 

'ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുമെന്ന് ഭയപ്പെടുന്ന ഒരു ഘട്ടമുണ്ടായി.അത് സംഭവിക്കുന്നത് എങ്ങനെ തടഞ്ഞുവെന്ന് ഞങ്ങൾക്കറിയാം.ഞങ്ങൾ അവിടെ എത്തിയിരുന്നില്ലെങ്കിൽ കാര്യങ്ങൾ വഷളാകുമായിരുന്നു'

അതേസമയം,ഇത്തരമൊരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്ന് പിന്നീട് സ്ഥലം സന്ദർശിച്ച വസ്തുതാന്വേഷണ സംഘം വെളിപ്പെടുത്തി.സ്വന്തം വീടുകളിൽ വെച്ചാണ് പോലീസ് ആളുകളെ ആക്രമിച്ചതെന്ന് ബിജ്‌നോർ നിവാസികൾ വസ്തുതാന്വേഷണ സംഘത്തോട് പറഞ്ഞു.

മുസ്‌ലിം സമുദായങ്ങൾക്ക് നേരെ പോലീസ് വ്യാപകമായ ആക്രമണം അഴിച്ചുവിടുകയാണെന്ന് വസ്തുതാന്വേഷണ സംഘത്തിലെ അംഗങ്ങൾ പറയുന്നു.

"അവിടെ അക്ഷരാർത്ഥത്തിലുള്ള ഭീകരതയാണ് നിലനിൽക്കുന്നത്....മുസ്‌ലിം കോളനികളിൽ കഴിയുന്നവർ രാത്രി മുഴുവൻ അവരുടെ വീടുകൾക്ക് കാവൽ നിൽക്കുകയാണ്. തങ്ങൾക്ക് നേരെ എപ്പോൾ വേണമെങ്കിലും പോലീസിന്റെ ഭാഗത്തു നിന്നോ വർഗീയവാദികളിൽ നിന്നോ ആക്രമണമുണ്ടാകുമെന്ന് അവർ ഭയപ്പെടുന്നു...' സാമൂഹ്യപ്രവർത്തകയും വസ്തുതനേഷണ സംഘത്തിലെ അംഗവുമായ കവിതാ കൃഷ്ണൻ ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വീട്ടിലേക്ക് പോലീസ് അതിക്രമിച്ച് കയറി തളർവാതരോഗിയായ സഹോദരൻ ഷംസുദ്ദീനെ ഉൾപെടെ കുടുംബത്തെ മുഴുവൻ പേരെയും ബാറ്റൺ ഉപയോഗിച്ച് മർദ്ദിച്ചതിന്റെ നടക്കുന്ന ഓർമകളാണ്  മുഹമ്മദ് സിറാജുദ്ദീന് പറയാനുള്ളത്.

'പോലീസ് വീടിന്റെ വാതിൽ തകർത്ത് ഉള്ളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തളർവാതം പിടിപെട്ടു കിടക്കുന്ന സഹോദരനെ അവർ പുറത്തേക്ക് വലിച്ചിഴച്ചു. പിന്നെ ഏറെ നേരം മർദിച്ചു. അവനിപ്പോഴും പോലീസിന്റെ കസ്റ്റഡിയിലാണ്' സിറാജുദ്ധീൻ അൽ ജസീറയോട് പറഞ്ഞു..

"ഇവിടത്തെ ആളുകൾ ഭീതിയിലാണ് കഴിയുന്നത്. പലരും വീടുകൾക്കുള്ളിൽ തന്നെ കഴിയുകയാണ്. പോലീസ് അതിക്രമങ്ങൾ കാരണം പലരും ഈ പ്രദേശം വിട്ടുപോയി." കൊല്ലപ്പെട്ട സൗലൈമാന്റെ പിതാവ് ഹുസൈൻ പറഞ്ഞു.

രാജ്യവ്യാപകമായി പ്രതിഷേധം നടക്കുമ്പോൾ, ഉത്തർപ്രദേശ് പോലുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് പ്രതിഷേധക്കാർ കൊല്ലപ്പെട്ടതെന്ന് സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഉത്തരേന്ത്യയിലെ പോലീസ് അതിക്രമങ്ങളെ കുറിച്ച് പുറംലോകം അറിയാതിരിക്കാൻ ഡൽഹിയിൽ നിന്ന് ബിജിനോറിലേക്ക് വരുന്ന എല്ലാവരെയും പോലീസ് തടയുകയാണെന്ന് അൽ ജസീറയുടെ എലിസബത്ത് പുരനം  പറയുന്നു. ബിജിനോറിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാൻ പോയ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെയും പോലീസ് തടഞ്ഞിരുന്നു. പിന്നീട് പാതിവഴിയിൽ വാഹനത്തിൽ നിന്നും ഇറങ്ങി നടന്നാണ് പ്രിയങ്ക ഇവരുടെ വീടുകൾ സന്ദർശിച്ചത്.

പോലീസ് അറസ്റ്റു ചെയ്ത നിരപരാധികളായ പ്രതിഷേധക്കാരെ ഉടൻ മോചിപ്പിക്കണമെന്ന് സിവിൽ റൈറ്റ്സ് ഗ്രൂപ്പുകൾ ആവശ്യപ്പെടുന്നുണ്ട്. പോലീസ് നടത്തിയ അതിക്രമങ്ങളെ കുറിച്ച്  സുപ്രീം കോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെടുന്നു. ആറായിരത്തിലധികം പേർ നിലവിൽ ഉത്തർപ്രദേശ് പോലീസിന്റെ കസ്റ്റഡിയിൽ കഴിയുന്നതായാണ് ഔദ്യോഗിക കണക്ക്.

മുഗൾ പാരമ്പര്യമുള്ള മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ ബിജിനോറിനെ പൗരത്വ ഭേദഗതി നിയമത്തിന്റെ ഭാഗമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഉത്തർപ്രദേശിലെ മുസ്‌ലിം ഭൂരിപക്ഷ ജില്ലകളെ ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം പോലീസ് അതിക്രമങ്ങൾ ജനങ്ങളിൽ ഭീതി വളർത്തി കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ചിലർ നിരീക്ഷിക്കുന്നു.


Latest Related News