Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
കൊവിഡിനെതിരായ ഫൈസര്‍ വാക്‌സിന്‍ അടുത്ത ആഴ്ച മുതല്‍ ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങാന്‍ ബ്രിട്ടന്‍ അനുമതി നല്‍കി

December 02, 2020

December 02, 2020

ലണ്ടന്‍: കൊവിഡ്-19 രോഗത്തിനെതിരായ ഫൈസര്‍/ബയോന്‍ടെക് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ബ്രിട്ടന്‍ അനുമതി നല്‍കി. അമേരിക്കന്‍ ബഹുരാഷ്ട്ര മരുന്നു കമ്പിനിയായ ഫൈസറും ജര്‍മ്മന്‍ ബയോടെക്‌നോളജി കമ്പിനിയായ ബയോന്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനാണ് അടുത്ത ആഴ്ച മുതല്‍ ജനങ്ങള്‍ക്ക് നല്‍കി തുടങ്ങാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 

ഫൈസര്‍/ബയോന്‍ടെക് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ലോകത്തെ ആദ്യ രാജ്യവും കൊവിഡിനെതിരെ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ആദ്യ പാശ്ചാത്യ രാജ്യവുമാണ് ബ്രിട്ടന്‍. കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ഒരുങ്ങാന്‍ ആശുപത്രികള്‍ക്ക് ബ്രിട്ടന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

പത്തു ദിവസങ്ങള്‍ക്കുള്ളില്‍ ഫൈസര്‍/ബയോന്‍ടെക് വാക്‌സിന്‍ ബ്രിട്ടനില്‍ വിതരണത്തിന് എത്തിക്കുമെന്ന് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിലെ (എന്‍.എച്ച്.എസ്) ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

കൊവിഡ്-19 രോഗത്തിനെതിരെ ഫൈസര്‍/ബയോന്‍ടെക് വാക്‌സിന്‍ 95 ശതമാനം സംരക്ഷണം നല്‍കുമെന്ന് ബ്രിട്ടന്റെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആര്‍.എ) പറയുന്നു. അടുത്ത ആഴ്ച മുതല്‍ വാക്‌സിന്റെ ആദ്യത്തെ 800,000 ഡോസുകള്‍ യു.കെയില്‍ ലഭ്യമാകുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. എന്‍.എച്ച്.എസ് ബന്ധപ്പെടുന്നതുവരെ ജനങ്ങള്‍ വാക്‌സിനു വേണ്ടി കാത്തിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

മുന്‍ഗണനാ ക്രമത്തിലായിരിക്കും ബ്രിട്ടനില്‍ വാക്‌സിന്‍ നല്‍കുക. കെയര്‍ ഹോമുകളിലുള്ള വയോധികര്‍ക്കും കെയര്‍ ഹോമുകളിലെ ജീവനക്കാര്‍ക്കുമാണ് ആദ്യം വാക്‌സിന്‍ നല്‍കുക. തുടര്‍ന്ന് രാജ്യത്തെ 80 വയസിനു മുകളില്‍ പ്രായമുള്ള പൗരന്മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ ലഭിക്കും. വാക്‌സിനുകള്‍ -70 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കാനുള്ള സൗകര്യം ആശുപത്രികളില്‍ നിലവിലുള്ളതിനാല്‍ വാക്‌സിനുകള്‍ പാഴായിപ്പോകില്ല. 

ഒരു വ്യക്തിക്ക് ഫൈസര്‍/ബയോന്‍ടെക് വാക്‌സിന്റെ രണ്ട് ഡോസുകളാണ് നല്‍കുക. നാല് കോടി വാക്‌സിന്‍ ഡോസുകള്‍ക്കാണ് ബ്രിട്ടന്‍ ഓര്‍ഡര്‍ നല്‍കിയത്. അതായത് ആദ്യഘട്ടത്തില്‍ ബ്രിട്ടനിലെ രണ്ട് കോടി പേര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. ബെല്‍ജിയത്തിലാണ് ഫൈസര്‍/ബയോന്‍ടെക് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. വാക്‌സിന്റെ ആദ്യ ലോഡ് അടുത്ത ആഴ്ച എത്തും. പിന്നീട് ഡിസംബറിലുടനീളമായി ദശലക്ഷക്കണക്കിന് വാക്‌സിനുകള്‍ കൂടി എത്തും. 

വാക്‌സിന്‍ ജനങ്ങള്‍ക്ക് നിര്‍ബന്ധമാക്കില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രികളില്‍ നിന്ന്, വാക്‌സിന്‍ സെന്ററുകളില്‍ നിന്ന്, കമ്യൂണിറ്റികളിലെ ജനറല്‍ ഫിസിഷ്യന്‍മാരുടെയും ഫാര്‍മസിസ്റ്റുകളുടെയും അടുത്ത് നിന്ന് എന്നിങ്ങനെ മൂന്ന് ഇടങ്ങളില്‍ നിന്നാണ് ബ്രിട്ടീഷ് ജനതയ്ക്ക് വാക്‌സിന്‍ ലഭിക്കുക. വാക്‌സിന്‍ നല്‍കാന്‍ തയ്യാറായി 50 ഓളം ആശുപത്രികള്‍ സജ്ജമാണ്. കോണ്‍ഫറന്‍സ് സെന്ററുകള്‍, സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളെ വാക്‌സിന്‍ സെന്ററുകളാക്കി മാറ്റും. 

ആവശ്യത്തിന് ഡോസുകള്‍ ലഭ്യമായാല്‍ ആഴ്ചയില്‍ പത്ത് ലക്ഷം പേര്‍ക്ക് വീതം വാക്‌സിന്‍ നല്‍കാമെന്നാണ് കരുതുന്നത്. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ക്യാമ്പെയിനു വേണ്ടി തങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് എന്‍.എച്ച്.എസ് ചീഫ് എക്‌സിക്യുട്ടീവ് സര്‍ സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. 

അതേസമയം വാക്‌സിന്‍ വിതരണം ഉടന്‍ ആരംഭിക്കുമെങ്കിലും ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ശാരീരിക അകലം പാലിക്കുന്നതും മാസ്‌കുകള്‍ ധരിക്കുന്നതും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും സെല്‍ഫ് ഐസൊലേഷനുമെല്ലാം ജനങ്ങള്‍ പാലിക്കണം. സുരക്ഷാ മുന്‍കരുതലുകള്‍ ഒഴിവാക്കാന്‍ സമയമായിട്ടില്ലെന്നും ബ്രിട്ടീഷ് സര്‍ക്കാറിന്റെ ചീഫ് മെഡിക്കല്‍ അഡൈ്വൈസര്‍ പ്രൊഫസര്‍ ക്രിസ് വിറ്റി പറഞ്ഞു. 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News