Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഖത്തര്‍ അമീറിന്റെ മാതാവും മിഷേല്‍ ഒബാമയും തമ്മിലുള്ള ഇ-മെയിലുകള്‍ യു.എ.ഇ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്

February 19, 2021

February 19, 2021

ദുബായ്: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മാതാവ് ശൈഖ മോസ ബിന്‍ത് നാസറും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയും തമ്മിലുള്ള ഇ-മെയില്‍ സന്ദേശങ്ങള്‍ യു.എ.ഇ ചാരന്മാര്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ ലേഖകന്‍ എഴുതിയ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. 

യു.എസ് ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ കമ്പനിയായ സൈബര്‍ പോയിന്റില്‍ ജോലി ചെയ്യുന്ന കരാറുകാര്‍ക്ക് ഗള്‍ഫിലെ തീവ്രവാദ സെല്ലുകള്‍ കണ്ടെത്താനുള്ള ചുമതലയാണ് ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് മുസ്‌ലിം ബ്രദര്‍ഹുഡിന് ഖത്തര്‍ ധനസഹായം നല്‍കുന്നുവെന്ന് തെളിയിക്കാന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതിനായുള്ള ഏകമാര്‍ഗം ഖത്തറിനെ ഹാക്ക് ചെയ്യുക എന്നതാണെന്ന് മുന്‍ ദേശീയ സുരക്ഷാ ഏജന്‍സി അനലിസ്റ്റായ ഡേവിഡ് ഇവെന്‍ഡന്‍ ന്യൂയോര്‍ക്ക് ടൈംസ് ലേഖകനായ നിക്കോള്‍ പെര്‍റോത്തിനോട് പറഞ്ഞു. 

2015 അവസാനം അന്നത്തെ അമേരിക്കയുടെ പ്രഥമ വനിതയായിരുന്ന മിഷേല്‍ ഒബാമയും ഖത്തര്‍ അമീറിന്റെ മാതാവ് ശൈഖ മോസ ബിന്‍ത് നാസറുമായി ആശയവിനിമയം നടത്തിതായി ഇവെന്‍ഡന്‍ കണ്ടെത്തി. വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ എഡ്യുക്കേഷനില്‍ 'പെണ്‍കുട്ടികള്‍ പഠിക്കട്ടെ' എന്ന പരിപാടിയില്‍ മിഷേല്‍ പങ്കെടുക്കാനിരിക്കവെയായിരുന്നു ഇത്. 

'ഞങ്ങള്‍ ഇത് ചെയ്യാന്‍ പാടില്ല എന്ന് ഞാന്‍ പഞ്ഞ നിമിഷമായിരുന്നു അത്. ഈ വ്യക്തികളെ ഞങ്ങള്‍ ലക്ഷ്യമിടാന്‍ പാടില്ല.' -ഇവെന്‍ഡന്‍ പറഞ്ഞു. 

അബുദാബിയാണ് ഈ ആശയവിനിമയങ്ങളില്‍ നുഴഞ്ഞു കയറിയത്. വ്യക്തിപരമായ സന്ദേശങ്ങള്‍, സുരക്ഷാ വിശദാംശങ്ങള്‍, യാത്രയിലെ മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉണ്ടായിരുന്നു. 

യു.എ.ഇയില്‍ നിന്ന് പുറത്തു പോയ ശേഷം ഇതില്‍ ഉള്‍പ്പെട്ടവര്‍ എഫ്.ബി.ഐക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കി. എന്‍.എസ്.എയുടെ മുന്‍ ജീവനക്കാര്‍ ഗള്‍ഫില്‍ നടത്തുന്ന വ്യാപകമായ ചാരപ്രവൃത്തിയെയും ഹാക്കിങ്ങിനെയും കുറിച്ച് ചില മുന്‍ ജീവനക്കാര്‍ നേരത്തേ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തിയിരുന്നു. 

യു.എസ് നെറ്റ്‌വര്‍ക്കുകള്‍ ഹാക്ക് ചെയ്യുന്നതും അമേരിക്കക്കാരുടെ ആശയവിനിമയങ്ങള്‍ മോഷ്ടിക്കുന്നതും തടയുന്ന യു.എസ്സിലെ ശക്തമായ നിയമങ്ങള്‍ കാരണം ഈ ആരോപണം ഇപ്പോള്‍ എഫ്.ബി.ഐ അന്വേഷിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

യു.എ.ഇയുടെ പ്രൊജക്റ്റ് റേവന്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുന്‍.യു.എസ് രഹസ്യ ഏജന്റുമാരുടെ സഹായത്തോടെ യു.എ.ഇ നൂതനരീതിയില്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് വാര്‍ത്തകള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഐക്യരാഷ്ട്രസഭയുടെ ന്യൂയോര്‍ക്കിലെ ഓഫീസുകള്‍, ഫിഫ എക്‌സിക്യുട്ടീവുകള്‍ എന്നിവരെയാണ് ഈ ചാരപ്രവൃത്തിയിലൂടെ യു.എ.ഇ ലക്ഷ്യമിട്ടത്. പ്രൊജക്റ്റ് റേവന്‍ എന്നാണ് യു.എ.ഇയുടെ ഈ ഹാക്കിങ് ദൗത്യം അറിയപ്പെടുന്നത്. 

മറ്റ് സര്‍ക്കാറുകള്‍, സായുധ സംഘങ്ങള്‍, രാജഭരണത്തെ വിമര്‍ശിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എന്നിവരെ പ്രൊജക്റ്റ് റേവന്റെ ഭാഗായി ഹാക്കര്‍മാര്‍ രഹസ്യമായി നിരീക്ഷിച്ചു. ഇതിനായി അത്യാധുനിക സൈബര്‍ സംവിധാനങ്ങളാണ് അവര്‍ ഉപയോഗിച്ചത്. 

ഇത്തരത്തില്‍ ഉപയോഗിച്ച ഒരു ടൂളാണ് കര്‍മ്മ. കര്‍മ്മ ഉപയോഗിച്ച് നൂറുകണക്കിന് ആക്റ്റിവിസ്റ്റുകളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഭീകരവാദ ആരോപണങ്ങള്‍ നേരിടുന്നവരുടെയും ഐഫോണുകള്‍ തങ്ങള്‍ ഹാക്ക് ചെയ്തതായി പ്രൊജക്റ്റ് റേവന്‍ പ്രവര്‍ത്തകര്‍ പറയുന്നു. 

അബുദാബിയില്‍ പ്രവര്‍ത്തിക്കാനായി യു.എസ് പ്രവര്‍ത്തകര്‍ക്ക് മുന്‍കാല ശമ്പളത്തിന്റെ ഇരട്ടിയാണ് എമിറാത്തി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ചാരപ്രവൃത്തിയുടെയും ഹാക്കിങ്ങിന്റെയും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം 2010 ല്‍ നേടിയ ഖത്തര്‍. 

സ്വിറ്റ്‌സര്‍ലാന്റ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ ഡയറക്ടര്‍മാരെയും ഖത്തര്‍ ലോകകപ്പിന്റെ സംഘാടക സമിതിയില്‍ ഉള്ളവരെയും  2014 ല്‍ യു.എ.ഇ ലക്ഷ്യമിട്ടു. ഫിഫയെയും ഖത്തറിനെയും ലക്ഷ്യമിട്ട ഈ സൈബര്‍ ആക്രമണ പദ്ധതിയുടെ പേര് 'ഓപ്പറേഷന്‍ ബ്രൂട്ടല്‍ ചാലഞ്ച്' എന്നായിരുന്നു. 

'വേള്‍ഡ് കപ്പ് ഗേള്‍സ്' എന്ന വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് ഫേസ്ബുക്ക് സന്ദേശങ്ങളായും ഇ-മെയിലുകളായും ഹാക്കര്‍മാര്‍ അയച്ചു. ലിങ്ക് തുറക്കുന്നതോടെ ലക്ഷ്യമിട്ടവരുടെ കമ്പ്യൂട്ടറികളില്‍ സ്‌പൈവെയര്‍ നുഴഞ്ഞുകയറും. ഇതായിരുന്നു ഓപ്പറേഷന്‍ ബ്രൂട്ടല്‍ ചലഞ്ച്. 

ഖത്തറിലെ ഫിഫ സംഘാടക സമിതി സെക്രട്ടറി ജനറല്‍ ഹസന്‍ തവാദിയെയും ഈ സൈബര്‍ ആക്രമണം ലക്ഷ്യമിട്ടിരുന്നു. അതേസമയം ഈ ദൗത്യം വിജയിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 


അൽ ജസീറ മാധ്യമപ്രവർത്തക ഗദ ഒയിസ് 

2020 ഡിസംബറില്‍ ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള അല്‍ ജസീറ ചാനല്‍ ശൃംഖലയിലെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നില്‍ യു.എ.ഇയും സൗദി അറേബ്യയുമാണെന്നാണ് കരുതപ്പെടുന്നത്. 

മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും എതിരായ 'സൈബര്‍ ഭീകരാക്രമണങ്ങള്‍'ക്ക് നേതൃത്വം നല്‍കുന്നത് സൗദിയും യു.എയഇയുമാണെന്ന് അല്‍ ജസീറയിലെ അവതാരകയും മാധ്യമപ്രവര്‍ത്തകയുമായ ഗദ ഒയിസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.  


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News