Breaking News
യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ |
അതിർത്തികൾ കൊട്ടിയടച്ച ഉപരോധത്തിന് നാലു വയസ്സ്,ഭൂതകാലത്തിലേക്ക് നോക്കുന്നില്ലെന്ന് യു.എ.ഇ

June 07, 2021

June 07, 2021

അൻവർ പാലേരി
ദോഹ : ഖത്തറിനെതിരെ കര,ജല,വ്യോമപാതകൾ കൊട്ടിയടച്ച് നാല് അയൽരാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധത്തിന് ഇന്ന് നാല് വർഷം പൂർത്തിയാവുന്നു.2017 ജൂൺ ഏഴിനാണ് സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ,ഈജിപ്ത് എന്നീ അയൽ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.മറ്റുരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നും തീവ്രവാദത്തെ പിന്തുണക്കുന്നുവെന്നും ആരോപിച്ചായിരുന്നു വിശുദ്ധറമദാനിൽ ഒരു മുന്നറിയിപ്പുമില്ലാതെ അയൽരാജ്യങ്ങൾ ഇത്തരമൊരു കടുത്ത നടപടിയിലേക്ക് നീങ്ങിയത്.അതേസമയം,ഗൾഫ് രാജ്യങ്ങൾക്കിടയിൽ വര്ഷങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന താൻപോരിമയുടെയും കിടമാത്സര്യത്തിന്റെയും അനിവാര്യമായ പൊട്ടിത്തെറി മാത്രമായിരുന്നു ഉപരോധമെന്ന് വിലയിരുത്തിയവരുമുണ്ട്.ഏതായാലും ലക്ഷക്കണക്കിന് മലയാളികൾ ഉൾപെടെ അധിവസിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ ഉപരോധമുണ്ടാക്കിയ നടുക്കവും വിള്ളലും ഗൾഫ് മേഖലയെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കാൻ തക്ക പ്രഹര ശേഷിയുള്ള നടപടിയായിരുന്നു.

തലേദിവസം വരെ,അയൽരാജ്യങ്ങളിൽ നിന്നും സൽവാ അതിർത്തി കടന്നെത്തുന്ന ചരക്കുവാഹനങ്ങളെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന  ഒരു ജനതയുടെ ജീവന്റെ നിലനിൽപിന് വരെ ഭീഷണി ഉയർത്തുന്നതായിരുന്നു ഉപരോധം.യുദ്ധഭീതിയിൽ അതിജീവനത്തിനുള്ള മാർഗം തേടി പരിഭ്രാന്തരായി ജനങ്ങൾ ഒന്നടങ്കം പുറത്തിറങ്ങിയതോടെ രാജ്യത്തെ ഹൈപ്പർ മാർക്കറ്റുകളിലെയും സൂപ്പർമാർക്കറ്റുകളിലെയും ഷെൽഫുകൾ മണിക്കൂറുകൾക്കകം കാലിയായി.ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം നേരിടില്ലെന്നും പരിഭ്രാന്തരാവരുതെന്നും ഭരണാധികാരികൾ ആവർത്തിച്ച് ആഹ്വനം ചെയ്തിട്ടും ജനങ്ങളുടെ ആശങ്ക ഒഴിഞ്ഞിരുന്നില്ല.എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ ഭരണാധികാരികൾ നൽകിയ  ഉറപ്പ് വെറും വാക്കല്ലെന്നും കരുതലിന്റെ മനുഷ്യസ്പർശമുള്ള ചേർത്തുനിർത്തലായിരുന്നുവെന്നും മണിക്കൂറുകൾക്കകം ജനങ്ങൾ തിരിച്ചറിയുന്ന വിധത്തിലുള്ള നടപടികളാണ് പിന്നീടുണ്ടായത്.ഇറാനും തുർക്കിയും എല്ലാ പിന്തുണയുമായി രംഗത്തെത്തിയതോടെ ഖത്തർ എയർവേയ്‌സിന്റെ  ഒരു ഡസനിലധികം  വിമാനങ്ങളാണ് ഭക്ഷ്യോല്പന്നങ്ങളുമായി ദോഹയിൽ പറന്നിറങ്ങിയത്.തൊട്ടുപിന്നാലെ ഇന്ത്യയിൽ നിന്നുൾപ്പെടെ നിരവധി ചരക്കുകപ്പലുകൾ ദോഹ തുറമുഖത്ത് നങ്കൂരമിട്ടു. മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു കൊച്ചു രാജ്യം ഉപ്പുമുതൽ കുഞ്ഞുങ്ങൾക്കുള്ള ബേബിഫുഡിനു വരെ ആശ്രയിച്ചിരുന്ന ഏക കരമാർഗം കൂടി ഇല്ലാതായതോടെ 'ക്രൈസിസ് മാനേജ്‌മെന്റി'ന്റെ അതുവരെയില്ലാത്ത മികച്ച  മാതൃകക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു.

ഗോത്രസംസ്കാരത്തിന്റെ അടിവേരുകൾക്ക് ഏറെ വേരോട്ടമുള്ള അറബ് ജനതയുടെ ക്ഷിപ്രകോപത്തിന്റെ പ്രതിഫലനം മാത്രമാണ് ഉപരോധമെന്നായിരുന്നു ആദ്യദിവസങ്ങളിൽ പലരും വിലയിരുത്തിയത്. എന്നാൽ ഉപരോധം പിൻവലിക്കാൻ അൽജസീറ ചാനൽ അടച്ചുപൂട്ടുന്നതുൾപ്പെടെ പതിനാലിന ഉപാധികൾ മുന്നോട്ടുവെച്ചതോടെ കാര്യങ്ങൾ കൈവിടുകയാണെന്ന് ഏറെക്കുറെ ഉറപ്പാവുകയായിരുന്നു.രാജ്യത്തിന്റെ അഭിമാനവും സ്വയംനിർണയാവകാശവും അടിയറവ് വെച്ച് കീഴടങ്ങാൻ തയാറാവില്ലെന്ന നിലപാടിൽ ഖത്തർ ഉറച്ചുനിൽക്കുകയായിരുന്നു. അന്താരാഷ്ട്രസമൂഹത്തിന്റെ ശക്തമായ ഇടപെടലുകളെ തുടർന്ന് പല തവണ പ്രശ്നപരിഹാരത്തിനുള്ള അടുത്തെത്തിയിരുന്നെങ്കിലും കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെടുകയായിരുന്നു.തുടർന്നങ്ങോട്ട് രാജ്യം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്നതിന്റെ അത്യപൂർവമായ കാഴ്ചകൾക്കാണ് ലോകം സാക്ഷിയായത്.വിദേശരാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് പശുക്കളെ വിമാനത്തിലെത്തിച്ച് പാലുല്പാദന മേഖലയിൽ ധവളവിപ്ലവത്തിന് തുടക്കമിട്ട വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇടം പിടിച്ചു. മണൽപ്പരപ്പിൽ പച്ചപ്പുവിരിച്ച് ഹരിതവിപ്ലവത്തിന് കൂടി തുടക്കമിട്ടതോടെ രാജ്യത്തെ ഹൈപ്പർമാർക്കറ്റുകളിലെ ഷെൽഫുകളിൽ 'മെയിഡ് ഇൻ ഖത്തർ' എന്ന പ്രത്യേക ബോർഡുകൾ നിരന്നു.രാജ്യത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ നിർമിക്കുന്നതിന് പ്രത്യേകം പാക്കേജുകൾ ഉണ്ടായി.സർവമേഖലകളിലും സ്വയം പര്യാപ്തതയുടെ അടയാളങ്ങൾ നാട്ടി രാജ്യം മുന്നേറുമ്പോഴും പ്രശ്നപരിഹാരത്തിനായുള്ള നയതന്ത്ര നീക്കങ്ങൾ സജീവമായിരുന്നു.

2021 ജനുവരി അഞ്ചിന് സൗദിയിലെ അൽ ഉലയിൽ ചേർന്ന ഗൾഫ് ഉച്ചകോടിയിയോടെ മൂന്നരവർഷം നീണ്ട ഉപരോധം അവസാനിച്ചെങ്കിലും ഉപരോധം ഗൾഫ് രാജ്യങ്ങൾക്കിടയിലുണ്ടാക്കിയ മുറിവുകൾ ഉണങ്ങി ബന്ധം പൂർവ സ്ഥിതിയിലാകാൻ സമയമെടുക്കുമെന്ന് അന്ന് തന്നെ വിലയിരുത്തലുകൾ ഉണ്ടായിരുന്നു.സൗദിയും ഈജിപ്തും ഖത്തറുമായുള്ള ബന്ധം പൂർവസ്ഥിതിയിലാക്കുന്നതിൽ ഏറെ മുന്നോട്ടുപോയെങ്കിലും യു.എ.ഇയും ബഹ്‌റൈനും ഇക്കാര്യത്തിൽ വേണ്ടത്ര താല്പര്യം കാണിച്ചിരുന്നില്ല.സമുദ്രാതിർത്തി ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തറിനും ബഹ്റൈനുമിടയിൽ ഇടക്കിടെ അഭിപ്രായ ഭിന്നതകൾ തുടരുകയുമാണ്.യു.എ.ഇയാവട്ടെ,അർധമനസ്സോടെയാണ് അൽ ഉലാ കരാറിൽ ഒപ്പുവെച്ചതെന്ന പൊതുധാരണയെ ബലപ്പെടുത്തുന്ന നിലപാടാണ് ഇപ്പോഴും തുടർന്ന് പോരുന്നത്.ഈ സാഹചര്യത്തിലാണ്,അൻവർ ഗർഗാഷ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന കൂടുതൽ പ്രസക്തമാകുന്നത്.

ഉപരോധം അടഞ്ഞ അധ്യായം,ഭൂതകാലത്തിലേക്ക് നോക്കി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് അൻവർ ഗർഗാഷ്

ഉപരോധത്തിന്റെ മൂന്നാം വാർഷികത്തിൽ ട്വിറ്ററിലൂടെയാണ് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അൻവർ ഗർഗാഷ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.'ഉപരോധത്തിന്റെയും ഖത്തർ പ്രതിസന്ധിയുടെയും വാർഷികത്തിൽ ഇക്കാര്യത്തിലുള്ള യു.എ.ഇയുടെ നിലപാട് എന്താണെന്ന് പലരും അന്വേഷിക്കുന്നുണ്ട്.അതെല്ലാം പിന്നിട്ട അധ്യായങ്ങളാണ്.ഭൂതകാലത്തലേക്ക് നോക്കി മുന്നോട്ടുപോകാൻ യു.എ.ഇ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ പഴയ താളുകൾ മറിക്കുകയാണ്.ശുഭാപ്തിവിശ്വാസത്തോടും ആത്മവിശ്വാസത്തോടും കൂടി ഞങ്ങൾ ഭാവിയിലേക്ക് ഉറ്റുനോക്കുകയാണ്. അതിന്റെ വികസന ലക്ഷ്യങ്ങളിലേക്കും അവിടത്തെ ജനങ്ങളുടെ അഭിവൃദ്ധിക്കായുള്ള അഭിലാഷങ്ങളിലേക്കും പുതിയ താളുകൾ ചേർക്കുന്നു'- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.


Latest Related News