Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഈ ജനതയെ എന്തിനാണ് കൊന്നൊടുക്കുന്നത് ..?

October 13, 2019

October 13, 2019

ഹരിതാ സാവിത്രി 
 

സ്വന്തം സംസ്‌കാരവും ഭാഷാ പാരമ്പര്യവുമുള്ള തനത് മുസ്‌ലിം ജനതയാണ് കുര്‍ദുകള്‍. ചരിത്രത്തില്‍, അധികാരത്തിന്റെയും മണ്ണിന്റെയും ആര്‍ത്തിമൂത്ത ലോകരാഷ്ട്രീയം നടത്തിയ കൊടും ചതിയുടെ ഇരകള്‍.

കഷ്ടിച്ച് ഇരുന്നൂറു കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ഒരു ഉള്‍നാടന്‍ കുര്‍ദ് ഗ്രാമമായിരുന്നു അത്. മധുരമിടാത്ത ചായയും തേന്‍ പോലെ മധുരിക്കുന്ന റംസാന്‍ പലഹാരങ്ങളും കഴിച്ചു എന്റെ വയര്‍ വല്ലാതെ നിറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തേതു പോലെ അന്നും രാവിലെ ജോലിയെല്ലാം ഒതുക്കിയ ശേഷം ബെറിവാനും അവളുടെ അമ്മയും അനിയത്തിയും അമ്മായിയും ചേട്ടത്തിയമ്മയും ഒക്കെക്കൂടി എന്നെയും എഴുന്നള്ളിച്ചു ഗ്രാമത്തിലെ വീടുകള്‍ കയറി ഇറങ്ങുക എന്ന കലാപരിപാടി ആരംഭിച്ചു. അവിടെ വരുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയാണ് ഞാന്‍ എന്ന് ബെറിവാന്റെ അമ്മ ഓരോ വീട്ടിലും കയറി ഇറങ്ങുന്ന നേരത്തു ആഹ്ലാദത്തോടെ പ്രഖ്യാപിച്ചു. ഓരോ വീട്ടിലെയും സ്ത്രീകള്‍ എന്നെ കൗതുകത്തോടെയും സംശയത്തോടെയും നിരീക്ഷിക്കുകയും പുരുഷന്മാര്‍ തമാശകള്‍ പറഞ്ഞും പാട്ടുപാടിയും എന്നെ രസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കാരണവത്തികള്‍ വീട്ടിലുണ്ടാക്കിയ റംസാന്‍ പലഹാരങ്ങള്‍ കൂറ്റന്‍ തളികകളില്‍ നിറച്ചു മുന്നിലെത്തിച്ചു.

'എന്റെ വീട്ടില്‍ വന്നിട്ട് വായ മധുരിപ്പിക്കാതെയും ചായ കുടിക്കാതെയും പോവുകയോ?' എന്ന ചോദ്യവുമായി ഓരോരുത്തരും നിര്‍ബന്ധിച്ച് പലതരത്തിലുള്ള മധുരത്തുണ്ടുകള്‍ കഴിപ്പിച്ചു കൊണ്ടേയിരുന്നു.

ഗ്രാമത്തിന്റെ അതിരു നിശ്ചയിക്കുന്ന വേലിയ്ക്ക് സമീപമായിരുന്നു ആയിഷയുടെ വീട്. അതുകൂടി കഴിഞ്ഞാല്‍ അന്നത്തെ പര്യടനം അവസാനിപ്പിക്കുകയാണ് എന്ന് ബെറിവാന്റെ അമ്മ പ്രഖ്യാപിച്ചു. ഇനി എന്തെങ്കിലും കഴിച്ചാല്‍ ഞാന്‍ ഛർദ്ദിക്കും എന്ന മുന്നറിയിപ്പ്, ചെന്ന് കയറിയപ്പോള്‍ തന്നെ കൊടുത്തതിനാല്‍ ആയിഷ തന്റെ മധുരത്തളിക പുറത്തെടുത്തില്ല. പക്ഷെ ചായ കുടിക്കാതെ വിടില്ല എന്നവള്‍ ശഠിച്ചു.

ബാല്‍ക്കണിയുടെ കൈവരിയില്‍ പിടിച്ചു നിന്ന് വീടിനോട് ചേര്‍ന്നുള്ള വിശാലമായ പച്ച പുതച്ച കൃഷിസ്ഥലവും അത് ചെന്നവസാനിക്കുന്നയിടത്തെ കൃത്രിമ ജലാശയവും മറ്റും കൗതുകത്തോടെ നോക്കി നിന്ന എന്നോട് ബെറിവാന്‍ അടക്കിയ ശബ്ദത്തില്‍ പറഞ്ഞു, 'നിന്നോട് ഞാന്‍ പറഞ്ഞിരുന്നോ ആയിഷയുടെ സഹോദരന്‍ ഒരു രക്തസാക്ഷിയാണ് എന്ന്? ഐ എസുമായുള്ള പോരാട്ടത്തില്‍ സിറിയയില്‍ വച്ചാണ് അയാള്‍ മരിച്ചത്.'
ഞാന്‍ ഞെട്ടിയില്ല. കുര്‍ദിസ്ഥാനിലെ ഓരോ കുടുംബങ്ങള്‍ക്കും ഇത്തരമൊരു കഥ പറയാനുണ്ടാവുമെന്ന് അതിനകം എനിക്ക് ബോധ്യമായിക്കഴിഞ്ഞിരുന്നു. പട്ടാളക്കാര്‍ വെടിവച്ചു കൊന്ന നിരപരാധികള്‍, അനേക വര്‍ഷങ്ങളായി ജയിലില്‍ കിടക്കുന്നവര്‍, കലാപങ്ങളില്‍ അപ്രത്യക്ഷമായവര്‍, ഭരണകൂടങ്ങള്‍ക്കും അവര്‍ ഊട്ടിവളര്‍ത്തുന്ന ഭീകര സംഘടനകള്‍ക്കും എതിരെ സായുധവിപ്ലവം നടത്താന്‍ എന്നേയ്ക്കുമായി വീട് വിട്ടിറങ്ങിയവര്‍....

മധുരത്തളികകള്‍ നീട്ടി, പുഞ്ചിരിയോടെ സല്‍ക്കരിക്കുന്ന ഓരോ അമ്മമാരും ചവിട്ടി നില്‍ക്കുന്നത് ചോരയും വേര്‍പാടും ചേര്‍ന്നെരിയിക്കുന്ന ജീവിതത്തിന്റെ കനലിലാണ് എന്ന ഓര്‍മ്മയില്‍ ആ മധുരക്കഷണങ്ങള്‍ പൊള്ളിച്ചു കൊണ്ടാണ് ഓരോ തവണയും തൊണ്ടയിലൂടെ ഇറങ്ങിയത്. അവരുടെ കഥകള്‍ കേട്ട് പരിചയമുണ്ടായിരുന്നുവെങ്കിലും ബെറിവാന്‍ അത് പറഞ്ഞപ്പോള്‍ എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.

അടുക്കളയില്‍ നിന്ന് തിടുക്കപ്പെട്ട് ചായ കൂട്ടുന്ന ആയിഷയെ ഞാന്‍ ഒളിഞ്ഞു നോക്കി. കഷ്ടിച്ച് ഇരുപത്തി മൂന്നു വയസ്സുള്ള ഒരു ചെറുപ്പക്കാരി. കയ്യിലിരുന്ന ചിണുങ്ങുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാനായി ഇടയ്ക്ക് അവള്‍ ഒരു പാട്ടു മൂളുന്നുണ്ട്. അറിയാതെ ഒരു ദീര്‍ഘനിശ്വാസം എന്നില്‍ നിന്ന് പുറപ്പെട്ടു.
'കഴിഞ്ഞ മാസം ആയിഷയുടെ കുഞ്ഞനിയനും വൈപിജിയില്‍ ചേരാനായി വീട് വിട്ടിറങ്ങി.' ബെറിവാന്‍ മന്ത്രിച്ചു.
ഇത്തവണ എനിക്ക് നിലതെറ്റി. ചായയുമായി മുന്നിലേക്ക് വന്ന ആയിഷയുടെ മുഖത്തേയ്ക്ക് നോക്കാനാവാതെ ഞാന്‍ വിഷമിച്ചു. എന്റെയും ബെറിവാന്റെയും മുഖത്തെ മുറുക്കം കണ്ടപ്പോള്‍ ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്ന വിഷയം എന്താണെന്ന് അവള്‍ ഊഹിച്ചിരുന്നു. ഒരു പുഞ്ചിരിയോടെ, കയ്യിലിരുന്ന കുഞ്ഞിനെ തലോടിക്കൊണ്ട് ആയിഷ കുര്‍ദിഷ് ഭാഷയിൽ പറഞ്ഞത് കേട്ട് ബെറിവാന്റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ ശ്രദ്ധിച്ചു.
'എന്താ ആയിഷ പറഞ്ഞത്?'
പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ബെറിവാനോട് അന്വേഷിച്ചു.
'അവള്‍ക്ക് ദുഖമില്ലത്രേ.' ബെറിവാന്‍ നിശ്വസിച്ചു.
'വളരുമ്പോള്‍ അവളുടെ കുഞ്ഞും കുര്‍ദ് മണ്ണിനു വേണ്ടി പൊരുതാന്‍ തീരുമാനിച്ചാല്‍ തനിക്ക് അഭിമാനമേ ഉണ്ടാകൂ എന്നാണ് അവള്‍ പറഞ്ഞത്.'
ഞങ്ങള്‍ നിശ്ശബ്ദരായി വീട്ടിലേക്കു നടന്നു.
സിറിയയില്‍ ഐസിസിനെതിരെ പൊരുതുന്ന കുര്‍ദ് പോരാളികളെ മരണത്തിനു നടുവില്‍ ഒറ്റയ്ക്കാക്കി അമേരിക്കന്‍ സൈന്യം തിരിച്ചുപോവുന്ന വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ആയിഷയെ പറ്റിയും ആയുധമെടുത്ത് സ്വന്തം മണ്ണിനായി പോരാടാനിറങ്ങിയ അവളുടെ ഇരുപതു തികയാത്ത അനിയനെ പറ്റിയുമാണ് ചിന്തിച്ചത്. ലോകത്തിന് മാരകമായ ഭീഷണിയായി വളര്‍ന്ന ഐസിസിനെ ജീവന്‍മരണ പോരാട്ടത്തിലൂടെ തറപറ്റിച്ച കുര്‍ദ് പോരാളികള്‍ ഇപ്പോള്‍ ഇരുതലമൂര്‍ച്ചയുള്ള ഒരു വാളിനു മുന്നിലാണ്. ഒരു ഭാഗത്ത്, കുര്‍ദുകളെ വംശഹത്യ ചെയ്യാന്‍ ഒരുമ്പെട്ടിറങ്ങിയ ടര്‍ക്കി ഭരണകൂടം. മറുഭാഗത്ത് പ്രതികാര ദാഹവുമായി, മുറിവേറ്റ ഐസിസ്.

തുർക്കിയുമായുള്ള വ്യാപാര ബന്ധങ്ങള്‍ക്ക് വേണ്ടി ട്രംപ് എടുത്ത ഈ മണ്ടന്‍ തീരുമാനം ലോക സമാധാനത്തിനു മേല്‍ ഒരു ആഘാതമായി പതിക്കാന്‍ പോവുകയാണ്. അമേരിക്ക പിന്‍വാങ്ങിയ സിറിയന്‍ മണ്ണില്‍ ഇരച്ചുകയറിയ തുർക്കി സൈന്യം അതിനു പറഞ്ഞ ന്യായം, സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുക എന്നാണെങ്കിലും ആക്രമണം ഏറെ നാളായി പത്തി മടക്കിയിരിക്കുന്ന ഐസിസിനെതിരെയല്ല എന്നത് വ്യക്തമാണ്. തീവ്രവാദ സംഘങ്ങളെ ഉന്മൂലനം ചെയാന്‍ പ്രധാന പങ്കു വഹിച്ച കുര്‍ദ് പോരാളികളെ കൊന്നൊടുക്കുകയാണ് ടര്‍ക്കിഷ് പട്ടാളം. സമാധാന പരിപാലനം എന്ന പേരില്‍ കുര്‍ദ് ഗ്രാമങ്ങളിലെ സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന സാധാരണക്കാരായ ജനങ്ങളെ വ്യോമാക്രമണങ്ങളിലൂടെ ടര്‍ക്കി തുടച്ചു നീക്കുന്നത് ലോകം നിര്‍വികാരതയോടെ നോക്കി നില്‍ക്കുകയാണ്.
പ്രാദേശിക സുരക്ഷയുടെ ചുമതല തുര്‍ക്കിയെ ഏല്‍പ്പിച്ചതിനു ശേഷം അമേരിക്ക പിന്‍വാങ്ങിയതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ 'സമാധാന ഇടനാഴി' സ്ഥാപിക്കാനെന്ന പേരിലാണ് എര്‍ദോഗന്റെ പട്ടാളം സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് കുര്‍ദ് വിപ്ലവകാരികളുടെ നിയന്ത്രണത്തിലായിരുന്ന ഭൂവിഭാഗത്തില്‍ ആക്രമണം തുടങ്ങിയത്. തുര്‍ക്കിയുടെ ശത്രു കുര്‍ദ് ജനത മാത്രമാണ്. ഐസിസിന്റെ തിരിച്ചുവരവാകും ഇതിന്റെ ബാക്കിപത്രം. അത് ലോകത്തെ എങ്ങനെ ബാധിക്കുമെന്ന് കാണാനായി നമുക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിഷ്ക്രിയരായി കാത്തിരിക്കാം.

എന്തിനാണ് കുര്‍ദുകള്‍ ആക്രമിക്കപ്പെടുന്നത്..?
സ്വന്തം സംസ്‌കാരവും ഭാഷാ പാരമ്പര്യവുമുള്ള തനത് മുസ്‌ലിം ജനതയാണ് കുര്‍ദുകള്‍. ചരിത്രത്തില്‍, അധികാരത്തിന്റെയും മണ്ണിന്റെയും ആര്‍ത്തിമൂത്ത ലോകരാഷ്ട്രീയം നടത്തിയ കൊടും ചതിയുടെ ഇരകള്‍. ഒന്നാംലോകയുദ്ധത്തിന് ശേഷം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അവര്‍ക്കൊരു വാക്കു നല്‍കിയിരുന്നു. സ്വന്തം രാജ്യം തിരികെ നല്‍കുമെന്ന കരാര്‍. ആ കരാർ ലംഘിച്ച് അതേ രാജ്യങ്ങള്‍ ചേര്‍ന്ന് കുര്‍ദ് മണ്ണിനെ നാലു രാജ്യങ്ങള്‍ക്കായി വീതംവെച്ചുകൊടുക്കുകയായിരുന്നു. അങ്ങനെ ടര്‍ക്കി, ഇറാന്‍, ഇറാഖ്, സിറിയ, എന്നീ നാലുരാജ്യങ്ങളില്‍ ന്യൂനപക്ഷമായി, രണ്ടാം തരം പൗരന്‍മാരായി കഴിയാന്‍ ആ ജനത വിധിക്കപ്പെട്ടു.
സ്വന്തം മണ്ണും രാജ്യവും ഇല്ലാത്തതിനാല്‍, നിരന്തരം അടിച്ചമര്‍ത്തലിന് വിധേയരാവുകയാണ് കുര്‍ദുകള്‍. ഇറാക്കില്‍ പെട്ടുപോയ ലക്ഷക്കണക്കിന് കുര്‍ദുകളെയാണ് ഭരണകൂടം കൊന്നുകളഞ്ഞത്. സദ്ദാം ഹുസൈന്‍ മാത്രം കുര്‍ദു ഗ്രാമങ്ങളില്‍ അഞ്ച് മണിക്കൂര്‍ രാസായുധപ്രയോഗം നടത്തി കൊന്നത് അരലക്ഷം പേരെയാണ്. തുര്‍ക്കി ഭരണകൂടവും സ്വന്തം അതിര്‍ത്തിക്കുള്ളിലെ കുര്‍ദുകളെ പല തവണ കൂട്ടക്കുരുതി നടത്തിയിട്ടുണ്ട്. നിരന്തര അപമാനങ്ങളും അരുംകൊലകളും സഹിക്കുന്ന സ്വന്തം ജനതയെ സംരക്ഷിക്കുന്നതിനായി രൂപം കൊണ്ട കുര്‍ദ് സായുധ സംഘടനകള്‍ ചവിട്ടി നില്‍ക്കാന്‍ അല്‍പ്പം മണ്ണും അസ്തിത്വവും വീണ്ടെടുക്കാനുള്ള പോരാട്ടങ്ങള്‍ നടത്തുന്നതാണ് അതാത് രാജ്യങ്ങളിലെ ഭരണകൂടങ്ങളെ ചൊടിപ്പിക്കുന്നത്.
ആ കുര്‍ദുകളാണ് ലോകത്തെ ഐസിസ് ഭീഷണിയില്‍നിന്നു മോചിപ്പിക്കാന്‍ ആയുധമെടുത്ത് അടരാടിയത്. അവകാശവാദങ്ങള്‍ പലതുമുണ്ടായെക്കാം, പക്ഷെ ലോകം ഐസിസ് എന്ന മാരകവിപത്തില്‍ നിന്ന് താല്‍ക്കാലികമായി കരകയറിയതിന്‍റെ പിന്നിലെ പ്രധാന ശക്തി കുര്‍ദുകള്‍ തന്നെയാണ്.അതിനു പകരമായി, ട്രംപിന്റെ പിന്തുണയോടെ തുര്‍ക്കി ഭരണകൂടം അതേ മനുഷ്യരെ കൊന്നൊടുക്കി ഐസിസിന്റെ രണ്ടാം വരവിന് അരങ്ങൊരുക്കുകയാണിപ്പോള്‍. ഐസിസ് ഭീകരവാദികളെ സൂക്ഷിച്ചിരിക്കുന്ന ജയിലുകളുടെ സംരക്ഷണ ചുമതലയുള്ള കുർദ് പോരാളികളെയാണ് തുർക്കി ആക്രമിക്കുന്നത്.‌ ആ ജയിലുകൾ സുരക്ഷിതമല്ലാതാകുന്നതോടെ ഐസിസ് ഭീകരർ തടവിൽ നിന്നു രക്ഷപ്പെടുകയാണ്.‌ അമേരിക്കന്‍ ഭരണകക്ഷികള്‍ പോലും എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ട്രംപ് തീരുമാനം മാറ്റാനിടയില്ല. ലോകം ശക്തമായി പ്രതിഷേധിക്കാത്തിടത്തോളം തുര്‍ക്കി ഈ കൂട്ടക്കൊലകള്‍ അവസാനിപ്പിക്കാനും പോവുന്നില്ല.

 


Latest Related News