Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
തുഷാറിന്റെ അറസ്റ്റ്: രാഷ്ട്രീയവും സമുദായവും പറഞ്ഞു കേസിൽ നിന്ന് ഊരിപ്പോരാൻ ഇത് കേരളമല്ല

August 22, 2019

August 22, 2019

അൻവർ പാലേരി 

സ്വന്തം സമുദായത്തെ അപ്പുറവും ഇപ്പുറവും നിർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന കേരളത്തിലെ മത-സാമുദായിക നേതാക്കളുടെ തനിനിറം വെളിച്ചത്തു കൊണ്ടുവരുന്നതാണ് ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റ്. കോടിയേരി - നടേശ മുതലാളിമാരുടെത് ഉൾപെടെ രാഷ്ട്രീയ നേതാക്കളുടെ മക്കൾക്ക് എവിടെയൊക്കെ ബിസിനസുകൾ ഉണ്ടെന്നും അവിഹിത ഇടപാടുകൾ എന്തൊക്കെയാണെന്നും മനസ്സിലാകണമെങ്കിൽ അവർ വിദേശ രാജ്യങ്ങളിൽ പിടിയിലാവണം എന്ന അവസ്ഥയാണ്. കേരളത്തിലാണെങ്കിൽ രാഷ്ട്രീയ പക്ഷഭേദം നോക്കാതെ ഇവരെയൊക്കെ രക്ഷിച്ചെടുക്കാൻ എല്ലാ രാഷ്ട്രീയ നേതാക്കളും രംഗത്തുണ്ടാവും. നമ്മുടെ നടപ്പു രീതിയനുസരിച്ച് പണവും രാഷ്ട്രീയ സ്വാധീനവും സാമുദായിക ബന്ധങ്ങളുമാണ് ഒരു പൗരനുള്ള നീതിയും നിയമവും നിർണയിക്കുന്നത്.മദ്യപിച്ച് വാഹനോമോടിച്ച ശ്രീറാം വെങ്കിട്ടരാമന് ഒരു നിയമവും അതേ കുറ്റം ചെയ്ത സാധാരണക്കാരന് മറ്റൊരു നിയമവും.അതേസമയം,ഗൾഫ് രാജ്യങ്ങളിലെ നിയമ സംവിധാനം ഇതിൽ നിന്ന് വ്യത്യസ്തമാണ്.തുഷാർ വെള്ളാപ്പള്ളിയായാലും അറ്റ്‌ലസ് രാമചന്ദ്രനായാലും കൊടുക്കാനുള്ള പണം തിരിച്ചു നൽകുകയോ അതിനുള്ള പരിഹാരമുണ്ടാക്കുകയോ ചെയ്യാതെ ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നിന്ന് ആർക്കും ഊരിപ്പോരാൻ കഴിയില്ല.

പറഞ്ഞുവന്നത് മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും പ്രമുഖ വ്യവസായി എം.എ യുസുഫ് അലിയെ കുറിച്ചുമാണ്.തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായപ്പോൾ വെള്ളാപ്പള്ളി നടേശനെക്കാൾ മനസ് വേദനിക്കുന്നത് ഇപ്പറഞ്ഞ രണ്ടു പേർക്കുമാണെന്ന് തോന്നിപ്പിക്കുന്നതാണ് ഇവരുടെ പ്രതികരണങ്ങളും ഇടപെടലുകളും.തുഷാറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രിയുടെ കാര്യം തന്നെയെടുക്കാം. തുഷാറിന്റെ ആരോഗ്യ കാര്യത്തിൽ ആശങ്ക അറിയിച്ച മുഖ്യമന്ത്രി ഗൾഫിലെ ജയിലുകളിൽ കിടക്കുന്ന എത്ര മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുണ്ട് എന്നറിയാൻ കൗതുകമുണ്ട്.ഗൾഫിലെ നിലവിലെ സാഹചര്യത്തിൽ നല്ല നിലയിൽ ബിസിനസ് നടത്തി വന്നിരുന്ന പലരും ഇപ്പോൾ മാസങ്ങളായി ജയിലുകളിൽ കഴിയുകയാണ്.അവരിൽ പലരുടെയും ബാധ്യതകൾ ഒരു പക്ഷെ തുഷാർ വെള്ളാപ്പള്ളിയുടേതിനേക്കാൾ നാലിൽ ഒന്ന് പോലും വരില്ല.മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ഗൾഫ് രാജ്യങ്ങളിൽ വരുമ്പോൾ പട്ടും പരവതാനിയും വിരിച്ചു സ്വീകരിക്കാനും തിരികെ പോകുമ്പോൾ കൈനിറയെ സമ്മാനങ്ങൾ തന്നയാക്കാനും പരസ്പരം മത്സരിച്ചവരാണ് അവരിൽ പലരും.പ്രളയം ഉൾപ്പെടെ കേരളത്തിൽ എന്തു ദുരന്തമുണ്ടാകുമ്പോഴും കൈമെയ് മറന്ന് സഹായിക്കാൻ മുന്നിൽ നിന്നവരും അക്കൂട്ടത്തിലുണ്ട്.അവരിൽ പലരുടെയും ഭാര്യയും മക്കളും അന്നത്തിന് വകയില്ലാതെ ഗൾഫിൽ തന്നെയുള്ള ഫ്‌ളാറ്റുകളിൽ ഒതുങ്ങി കഴിയുകയോ നാട്ടിൽ കണ്ണീരും പരിവേദനങ്ങളുമായി ഒതുങ്ങി കഴിയുകയോ ആണ്.ഇവരിൽ ആരെയെങ്കിലും രക്ഷിക്കാനോ ആരോഗ്യനിലയിൽ ആശങ്കപ്പെടാനോ മുഖ്യമന്ത്രി തയാറായിട്ടുണ്ടോ...? കൃത്യമായ ഉത്തരം ലഭിക്കുന്നില്ലെങ്കിൽ അതിനു കാരണം ഈ പ്രവാസികൾക്കൊന്നും നടേശ മുതലാളിയുടെത് പോലെ കോർപറേറ്റ് സമുദായങ്ങളുടെ പിൻബലമോ കൊടിയേറ്റിയ പുത്രബലമോ ഇല്ലെന്നത് തന്നെയാണ്. അധികാരത്തിന്റെ അടുക്കളപ്പുറങ്ങളിൽ കയറി തിണ്ണബലം കാണിക്കുന്ന മക്കളെ ചുമക്കാൻ പിണറായി മുതൽ യുസുഫ് അലി വരെയുള്ളവർ ഊഴം കാത്തു നിൽക്കുന്നതാണ് ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ എന്ന് ചുരുക്കം. ലോകത്തിന്റെ ഏതു കോണിലായാലും ഇവരുടെയൊക്കെ മക്കളുടെ രോമത്തിൽ ആരെങ്കിലും തൊട്ടാൽ ഉയിർത്തെഴുന്നേൽക്കുന്നതാണ് ഇവരുടെയൊക്കെ 'മലയാണ്മ'യും ഐക്യവും. ബി.ഡി.ജെ.എസിനെയും തുഷാറിനെയും ഉന്നമാക്കി സമുദായത്തിന്റെ അനുകമ്പയെ വോട്ടുപെട്ടിയിലാക്കാൻ ശ്രമിക്കുന്ന പിണറായിയെ ആനുകാലിക കേരള രാഷ്ട്രീയത്തിന്റെ വാർപ്പു മാതൃകയായി കാണേണ്ടി വരുന്നത് ലജ്‌ജാകരമാണ്‌.

യുസുഫ് അലി കാറ്റുള്ളപ്പോൾ തൂറ്റാനറിയുന്ന കച്ചവടക്കാരനായത് കൊണ്ട് ആരെയൊക്കെ,എങ്ങിനെയൊക്കെ ഉപയോഗിക്കണമെന്ന് അദ്ദേഹത്തിന് നന്നായറിയാം.രാഷ്ട്രീയ -കോർപറേറ്റ് അവിഹിതങ്ങളുടെ എച്ചിൽ തുടക്കുന്ന വേറെയും ബിസിനസ് കങ്കാണിമാർ ഗൾഫിൽ ആവശ്യത്തിലധികം ഉള്ളത് കൊണ്ട് അക്കാര്യത്തിലേക്ക് കടക്കുന്നില്ല.പള്ളിക്കും പട്ടക്കാർക്കും മാത്രമല്ല,നടേശ- കോടിയേരി പുത്രാദികൾക്കും സഹായം നൽകി മൈക്ക് കെട്ടി വിളംബരം ചെയ്യേണ്ടത് അവരുടെ നിലനിൽപിന് അനിവാര്യമാണെന്ന തിരിച്ചറിവ് തന്നെയാണ് മുതലാളിമാർക്ക് ആളും അർത്ഥവും കൂട്ടാനുള്ള എളുപ്പ വഴി. 


Latest Related News