Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
എസ്.വി അബ്ദുല്ലയുടെ വിയോഗം,വിടവാങ്ങിയത് ഖത്തറിലെ കലാസാംസ്കാരിക രംഗത്തെ ഊർജസ്വലമാക്കിയ സാംസ്കാരിക പ്രവർത്തകൻ 

January 16, 2021

January 16, 2021

ദോഹ : കഴിഞ്ഞ ദിവസം കോഴിക്കോട്ട് അന്തരിച്ച പ്രവാസി ലീഗ് അഖിലേന്ത്യാ ട്രഷററും യുഡിഎഫ് പയ്യോളി മുനിസിപ്പല്‍ കമ്മിറ്റി ചെയര്‍മാനുമായ ഇരിങ്ങല്‍ കോട്ടയ്ക്കല്‍ സീതിവീട്ടില്‍ എസ് വി അബ്ദുല്ല (73)യുമായി ഖത്തറിലെ മലയാളികൾക്കുള്ള ബന്ധം എസ്.വി എന്ന ചുരുക്കപ്പേരിൽ ഒതുങ്ങുന്നതായിരുന്നില്ല.രണ്ടു പതിറ്റാണ്ടു മുമ്പ്, കുറഞ്ഞ കാലത്തേക്കാണെങ്കിലും പ്രവാസിയായി ഖത്തറിൽ എത്തിയ അദ്ദേഹം 1998 -2000 കാലഘട്ടത്തിൽ ഐസിആർസി എന്ന സാംസ്കാരിക സംഘടനയിലൂടെ ഖത്തറിലെ കലാ-സാംസ്കാരിക-സാമൂഹിക ജീവിതത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു.

കെ.എം.സി.സിയുടെ നേതൃത്വത്തിൽ  ഖത്തറില്‍ ഐ സി ആര്‍ സി എന്ന സാംസ്കാരിക കേന്ദ്രത്തിനു തുടക്കമിട്ടപ്പോൾ തങ്ങളുടെ ക്ഷണം സ്വീകരിച്ചു ഖത്തറിലെത്തിയ എസ്.വി അക്ഷരാർത്ഥത്തിൽ സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്ന് ഐ.സി.ആർ.സിയുടെ അമരക്കാരനും കെ.എം.സി.സി സംസ്ഥാന അധ്യക്ഷനുമായ എസ്.എ.എം.ബഷീർ അനുസ്മരിക്കുന്നു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ്, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, മുസ്‌ലിം ലീഗ് പയ്യോളി പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹം പ്രവർത്തിച്ചിരുന്നു.എന്നാൽ ഒരിക്കൽ പോലും ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം നോക്കി അധികാരത്തിനും മറ്റു നേട്ടങ്ങൾക്കുമായി അദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തെ ഉപയോഗിച്ചിരുന്നില്ല.പകരം കലയോടും സംഗീതത്തോടുമുള്ള അടങ്ങാത്ത അഭിനിവേശവുമായി അവശത അനുഭവിക്കുന്ന കലാകാരന്മാരുടെ ക്ഷേമത്തിനായി നിരന്തരം പ്രയത്നിച്ചു. മരിയ്ക്കുമ്പോൾ കലാകാരന്മാരുടെ കൂട്ടായ്മയായ ‘ഇക്കാമ’യുടെ സംസ്ഥാന ചെയര്‍മാനായിരുന്നു.

മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ  ഒരു സ്വതന്ത്ര ടെലിവിഷൻ ചാനൽ എന്ന സ്വപനം യാഥാർഥ്യമായി കാണാൻ നിരന്തരം പ്രവർത്തിച്ചിരുന്ന അദ്ദേഹം ഇന്ത്യാവിഷൻ ചാനലിന് പിൽക്കാലത്തുണ്ടായ അനിഷ്ടകരമായ പര്യവസാനത്തിൽ വല്ലാതെ വേദനിച്ചിരുന്നു. തുടർന്ന് ഈ അടുത്തകാലത്തായി പുതിയൊരു വാർത്താ ചാനൽ യാഥാർഥ്യമാക്കാനുള്ള നടപടികളും കൂടിയാലോചനകളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് അസുഖബാധിതനായി കിടപ്പിലായത്..പി വി ആയിഷയാണ് ഭാര്യ.മസ്കത്തിലുള്ള .  ശിഹാദ് (മസ്‌കത്ത്) ഉൾപ്പെടെനാൾ മക്കളുണ്ട്.

എസ്.വി യുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീർ എഴുതിയ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :

എന്തിനാണ് എസ് വി  ഇങ്ങനെ പെട്ടെന്ന് പോയ്ക്കളഞ്ഞത്?പറയാന്‍ ബാക്കി വെച്ചത് മുഴുവനും പറയാതെ. ? ചെയ്യാന്‍ തുനിഞ്ഞത് മുഴുവനും ചെയ്യാതെ ?പുതിയ ചാനലിന്റെ രൂപീകരണ ചർച്ചയിലായിരുന്നല്ലോ അങ്ങ്.
അതിന്റെ പേര് സ്വഭാവം , ഉള്ളടക്കം, സാമ്പത്തിക പിന്‍ബലം അങ്ങനെ ഒത്തിരിയൊത്തിരി കാര്യങ്ങളാണ് അങ്ങ് വോയ്സ് ക്ളിപ്പിലൂടെ, ഫോണിലൂടെ പറഞ്ഞു കൊണ്ടേയിരുന്നത് ?
സത്യത്തില്‍ നിങ്ങളെനിക്ക് ആരായിരുന്നു ? ജ്യേഷ്ടനോ ? സുഹൃത്തോ ? കുടുംബക്കാരനോ ? എപ്പോള്‍ മുതലാണ്‌ താങ്കള്‍ എന്റെ മനസ്സിലേക്ക് സമ്മതം ചോദിക്കാതെ തന്നെ കടന്നു വന്നത് ? ഏറെ സ്വാതന്ത്ര്യമെടുത്തു ഇടപഴകാന്‍ തുടങ്ങിയത് ? എസ് വി എന്നാല്‍ സഹിക്കാന്‍ വിധിക്കപ്പെട്ടവന്‍ എന്ന അങ്ങയുടെ വാക്കുകളെ സ്നേഹ വീഥി എന്നാക്കിയാലെന്തേ എന്ന് ഞാന്‍ തിരുത്തിത്തുടങ്ങിയതെപ്പോഴാണ് ?

വ്യക്തിപരമായ ഒരു ദുരന്തത്തില്‍ നൊന്ത വേദനയില്‍ ഡയറിയില്‍ ഞാന്‍ കുറിച്ചിട്ട നൊമ്പരങ്ങളെ കവിത എന്ന് പേരിട്ടു രാഘവന്‍ മാസ്റ്ററുടെ കയ്യില്‍ ഈണമിടാന്‍ ഞാനറിയാതെ താങ്കള്‍ കൊടുത്തു. അത് ഒരു ആല്‍ബം ആക്കി ഇറക്കണമെന്ന് പറഞ്ഞു വി ടി മുരളിയോടു രാഘവന്‍ മാസ്റ്റര്‍ എന്ന അതുല്യ പ്രതിഭയെ ഓര്‍മ്മിപ്പിക്കാന്‍ ചട്ടം കെട്ടി.
അങ്ങനെ മിഴി നീര്‍ എന്ന ലളിതഗാന ആല്‍ബം പുറത്തിറങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും ഒന്ന് രണ്ടു വര്‍ഷക്കാലം ഏറ്റവും നന്നായി വിറ്റഴിഞ്ഞ ലളിതഗാന ആല്‍ബമാണ് എന്ന് അഭിമാനത്തോടെ പറഞ്ഞു കൊണ്ടിരുന്നതും അങ്ങായിരുന്നുവല്ലോ.

 

ഞങ്ങള്‍ ഖത്തറില്‍ ഐ സി ആര്‍ സി എന്ന സാംസ്കാരിക കേന്ദ്രം തുട ങ്ങിയപ്പോള്‍ അതിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ താങ്കളുടെ പേരല്ലാതെ വേറെ ഒരു പേര് ഞങ്ങളുടെ മനസ്സില്‍ വന്നതേ ഇല്ല. അങ്ങനെ താങ്കള്‍ ഖത്തറില്‍ വന്നു.
അക്കാലത്ത് എം എസ് ബാബു രാജിന്റെ പേരിലുള്ള സംഗീത പ്രതിഭ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതില്‍ , കെ പി ബ്രഹ്മാനന്ദനെയും വി ടി മുരളിയെമൊക്കെ കൊണ്ടുവന്ന്   സംഗീത സാഗരം എന്ന പേരില്‍ ഖത്തറില്‍ ആദ്യമായി സ്ഥിരം മ്യൂസിക് ക്ലാസ്സുകൾ തുടങ്ങുന്നതില്‍, നാടകോത്സവങ്ങളും, നാടക കളരികളും, കലോല്സവങ്ങളും, എണ്ണമറ്റ കലാ സാഹിത്യ പരിപാടികളും സംഘടിപ്പിക്കുന്നതില്‍ ഒക്കെ അതിന്റെ മുമ്പിലും പിറകിലും എസ് വീ താങ്കള്‍ ഉണ്ടായിരുന്നു.
ഞാനെഴുതി ഫാറൂഖ് വടകര സംവിധാനം ചെയ്ത‍ “ശഹീദുകള്‍ക്ക് മരണമില്ല” എന്ന ലൈറ്റ് ആന്‍ഡ്‌ സൌണ്ട് ഷോ വിജയിപ്പിക്കുന്നതില്‍, പിന്നീട് കെ എം സി സി ക്ക് വേണ്ടി ഞാനെഴുതി ഫാറൂഖ് വടകര സംവിധാനം ചെയ്ത “ഉറങ്ങിക്കിട ക്കുന്ന സിംഹം” എന്ന ലീഗിന്റെ ചരിത്രം സൌണ്ട് ആന്‍ഡ്‌ ലൈറ്റ് ഷോ ദോഹയില്‍ അരങ്ങേറുന്നതിനും പിന്നീട് ചില കാലിക മാറ്റങ്ങളോടെ നാട്ടില്‍ അവതരിപ്പിക്കുന്നതിനും അങ്ങ് മുന്നില്‍ നിന്നു.
എത്രയെത്ര പരിപാടികള്‍ ? എണ്ണമറ്റ സ്നേഹ മുഹൂര്‍ത്തങ്ങള്‍? എന്തൊക്കെ ഓര്‍മ്മകള്‍ ?ഏറ്റവും ഒടുവില്‍ അങ്ങ് ഖത്തറില്‍ വന്നു ഒരാഴ്ച താമസിച്ചപ്പോഴും നമുക്ക് പറയാനുണ്ടായിരുന്നത് ചാനലിനെക്കുറിച്ചും ഞാന്‍ ചന്ദ്രികക്ക് സമര്‍പ്പിച്ചിരുന്ന പ്രോപോസലിനെക്കുറിച്ചും ആയിരുന്നുവല്ലോ. അതിന്റെ നടത്തിപ്പിനെക്കുറിച്ചും അതുണ്ടാക്കാവുന്ന സാമ്പത്തിക ബാധ്യതകളെ ക്കുറിച്ചും അന്നും വിശദമായി ചര്‍ച്ച ചെയ്തു.
അങ്ങ് പ്രവാസി ലീഗിന്റെ തലപ്പത്തെത്തിയപ്പോഴും പ്രവാസിയായി അത്തരമൊരു സംഘടനയുടെ തലപ്പത്തെത്തുവാന്‍ കാരണക്കാരന്‍ എന്ന നിലയില്‍ എന്നെ പരിചയപ്പെടുത്തുവാനും അങ്ങ് ഒരിക്കലും വിട്ടു പോയില്ല.
അങ്ങയുടെ ഖത്തര്‍ ജീവിതവും ഒരിക്കലും മറന്നില്ല.
കിട്ടിയ പദവി ഉപയോഗിച്ച് പ്രവാസി ലീഗ് എന്ന സംഘടനക്കു മേല്‍വിലാസം ഉണ്ടാക്കാനും അതിനെ ജനകീയവല്‍ക്കരിക്കാനും അങ്ങ് ഏറെ പരിശ്രമിച്ചു.
വിദേശത്തു ആദ്യമായി തുടക്കം കുറിച്ച ഖത്തര്‍ കെ എം സി സി യുടെ അഭിമാനപദ്ധതിയായ സ്നേഹ സുരക്ഷാ പദ്ധതി പ്രവാസി ലീഗിനും നടപ്പാക്കാന്‍ വേണ്ടി അങ്ങ് ഏറെ പ്രാവശ്യം ഫോണിലും നേരിട്ടും എന്നെ വിളിച്ചു കൊണ്ടേയിരുന്നു. എന്തൊക്കെയോ കാരണവശാല്‍ അത് നടക്കാതെ പോയി.
ഒടുവില്‍ പ്രാദേശിക പരിഗണനയുടെ പേരില്‍ പ്രവാസി ലീഗിലെ പദവി ഒഴിവാകേണ്ടി വന്നപ്പോഴും അങ്ങെന്നെ നൊമ്പരത്തോടെ വിളിച്ചു. വേദനകള്‍ പങ്കു വെച്ചു. പിന്നീട് പ്രവാസി ലീഗിന്റെ ദേശീയ കമ്മിറ്റിയില്‍ പദവി ലഭിച്ചപ്പോള്‍ അതാദ്യം അറിയിക്കേണ്ടത് പ്രവാസിപ്പട്ടം എനിക്ക് നല്‍കിയ ബഷീര്‍, താങ്കളെയാണ്‌ എന്നെനിക്കു തോന്നി എന്ന് പറഞ്ഞു താങ്കള്‍ എനിക്കയച്ച അങ്ങയുടെ വോയ്സ് ക്ലിപ്പ് ഇതാ ഇപ്പോഴും എന്റെ ഫോണില്‍ ഉറങ്ങിക്കിടക്കുന്നു.

 

മുഴങ്ങുന്ന ശബ്ദത്തില്‍ ശ്രവണ സുഖമുള്ള ആ ശബ്ദം ഇനി കേള്‍ക്കില്ലല്ലോ എസ് വീ.
ഖത്തര്‍ കെ എം സി സി യെ ജനകീയവല്‍ക്കരിച്ചതില്‍ ഐ സി ആര്‍ സി എന്ന സാംസ്കാരിക കേന്ദ്രത്തിനു വലിയ പങ്കുണ്ട്.
ഐസി ആര്‍ സിയെ സജീവവും ചടുലവുമാക്കി ഇന്ത്യക്കാരുടെ തന്നെ ഏറ്റവും വലിയ സാംസ്കാരി ക കേന്ദ്രമാക്കി ഉയര്‍ത്തുന്നതില്‍ എസ്.വിക്കും വലിയ പങ്കുണ്ട്.
കെ എം സി സി യുടെ സാംസ്ക്കാരിക മുഖമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി റിക്രിയേഷന്‍ സെന്റര്‍ എന്ന ഐ സി ആര്‍സി ഖത്തറില്‍ ജ്വലിച്ചു നിന്ന ഒരു കാലമുണ്ടായിരുന്നു.
ആ ജ്വാലയെ ഉലയൂതി ജ്വലിപ്പിച്ചു നിര്‍ത്തിയതില്‍ എസ്. വി അങ്ങയുടെ പങ്കും ഞങ്ങള്‍ നന്ദി പൂര്‍വ്വം സ്മരിക്കുന്നു.
ആറു പതിറ്റാണ്ടിലേറെക്കാലം കുത്തും കോമയുമില്ലാതെ അവിരാമമായി സംഘടനക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഏഴു പതിറ്റാണ്ടിലധികം നീണ്ട ആ സുകൃത സഫല ജീവിതത്തിനു പൂര്‍ണ്ണ വിരാമമിട്ടു മരണത്തിന്റെ തണുത്ത ലോ കത്തേക്ക് എസ വീ അങ്ങ് മറഞ്ഞു പോയിരിക്കുന്നു.
എം എസ് എഫിന്റെ സംസ്ഥാന പ്രസിഡണ്ടായും അഖിലേന്ത്യാ ഓർഗനൈ സർ ആയും പ്രവാസി ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ആയും ദേശീയ ട്രഷറർ ആയും ഒക്കെ ഇരിക്കുമ്പോഴും അധികാര രാഷ്ട്രീയത്തിന്റെ നാലയലത്തു പോലും അങ്ങ് ഉണ്ടായില്ല. അവയില്‍ നിന്നൊക്കെ വഴിമാറി നടന്നു.
സ്വന്തം പരിധികളെ ക്കുറിച്ചും പരിമിതിക ളെ ക്കുറിച്ചും മറ്റാരേക്കാളും ബോധവും ബോധ്യ വും അങ്ങേക്ക് ഉണ്ടായിരുന്നു. അങ്ങയുടെ ലോകം കലയും സാഹിത്യവും സംഘാടനവു മായിരുന്നുവല്ലോ..
ഏറെ സ്വപ്നങ്ങളും അതി ലേറെ പദ്ധതികളും പാതി വഴിയില്‍ നിര്‍ത്തി പോകുമ്പോള്‍ അങ്ങയുടെ സ്നേഹസ്പര്‍ശം തലോടിയ എത്രയോ പേര്‍ അവരുടെ നെഞ്ചകങ്ങളിൽ  തങ്ങളുടെ സ്വന്തം ആരോ ഒരാള്‍ പോയ വേദനയോടെ നില്‍ക്കുകയാണിപ്പോഴും.
മലിക്കുല്‍ ജബ്ബാറായ തമ്പുരാന്‍ സ്വര്‍ഗത്തില്‍ ഇടം നല്‍കി അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ഥന യോടെ പ്രിയപ്പെട്ട എസ് വീ, സഹിക്കാന്‍ വിധി ക്കപ്പെട്ടവന്‍ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന അങ്ങേക്ക് , സ്നേഹവീഥിയിലെ ഹരിത താരകത്തിനു അങ്ങയുടെ നൊമ്പര സ്മരണകളെ നെഞ്ചോട്‌ ചേര്‍ത്തു ഉള്ളുലയുന്ന വിങ്ങലോടെ എന്റെ സ്നേഹവിലാപം (എസ് വി) അര്‍പ്പിക്കട്ടെ.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക

 


Latest Related News