Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
നാട്ടിലേക്കുള്ള മടക്കം,പ്രവാസികൾക്കും വേണം അൽപം കരുതൽ  

June 10, 2020

June 10, 2020

ദോഹ : ഗൾഫ് രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നതായുള്ള പരാതികൾ വർധിക്കുന്നു. വിമാനത്താവളങ്ങളിൽ നിന്ന് ഇവരെ സ്വദേശങ്ങളിൽ  തിരിച്ചെത്തിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളിലെ ഡ്രൈവർമാർ ഉൾപെടെ പല തവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പ്രവാസികളിൽ ഒരു വിഭാഗം വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്നാണ് ;പരാതി.. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും എല്ലാ നിർദേശങ്ങളും പാലിച്ചാണ് നാട്ടിലെത്തുന്ന പ്രവാസികളെ ക്വറന്റൈൻ കേന്ദ്രങ്ങളിലോ അതാത് പ്രദേശങ്ങളിലോ എത്തിക്കുന്നത്.

ഒരു കെ.എസ്.ആർ.ടി.സി ബസിൽ പരമാവധി ഇരുപതോ ഇരുപത്തിയൊന്നു പേരെയോ മാത്രമാണ് അനുവദിക്കാറുള്ളത്. പലപ്പോഴും പത്തോ അതിൽ കുറവോ യാത്രക്കാരുമായാണ് ഓരോ വിമാനത്താവളത്തിൽ നിന്നും ബസുകൾ മറ്റു ജില്ലകളിലേക്ക് പോകുന്നത്.തിരുവനന്തപുരം മുതൽ കാസർകോട് വരെ ഇത്തരം ബസ് സർവീസുകൾ നടത്തുന്നുണ്ട്. ബസ് പുറപ്പെട്ടു കഴിഞ്ഞാൽ ലക്ഷ്യ സ്ഥാനത്ത് അല്ലാതെ മറ്റൊരിടത്തും നിർത്താൻ അനുമതിയില്ല.എന്നാൽ ഇടക്ക് ബസ് നിർത്തണമെന്നാവശ്യപ്പെട്ട് ബഹളം വെക്കുന്നത് ഉൾപെടെ വിമാനയാത്രയിൽ ഉപയോഗിച്ച മാസ്കും ഗ്ലൗസുകളും അലക്ഷ്യമായി ബസിനുള്ളിൽ ഉപേക്ഷിക്കന്നതുവരെ യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെയുള്ള ചിലരുടെ പെരുമാറ്റം പല  ബസ് ഡ്രൈവർമാർക്കും തലവേദനയായിരിക്കുകയാണ്‌.

ഗൾഫിൽ നിന്നും നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളോട് മാന്യമായി പെരുമാറുന്നില്ലെന്നും അവരെ മനുഷ്യരായി പോലും പരിഗണിക്കാൻ തയാറാകുന്നില്ലെന്നുമുള്ള പരാതികൾ ഉയരുന്നതിനിടെയാണ് ഗൾഫ് മലയാളികളിൽ ചിലരെങ്കിലും ഇത്തരം പ്രവർത്തനങ്ങളിലൂടെ പ്രവാസി മലയാളികൾക്ക് മുഴുവൻ ചീത്തപ്പേരുണ്ടാക്കുന്നത്. ഏറ്റവുമധികം രോഗവ്യാപനമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്നവരായതു കൊണ്ടു തന്നെ നാട്ടിലുള്ളവരിൽ ഭീതിയുണ്ടാകുന്നത് സ്വാഭാവികമാണ്. ജോലി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയാൽ ഭാര്യയും കുഞ്ഞുങ്ങളും ഉൾപെടെയുള്ള കുറെയധികം ആളുകൾ അവിടെ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് ഈ ബസുകളിലെ ഡ്രൈവർമാർ പറയുന്നു. ചില പ്രവാസികൾ ബസുകളിൽ അലക്ഷ്യമായി വലിച്ചെറിയുന്ന മാസ്കും ഗ്ലൗസുകളും മാത്രമല്ല ബസിനകത്തെ സാമൂഹ്യ അകലം ലംഘിച്ചു കൊണ്ടുള്ള ചിലരുടെ പെരുമാറ്റം പോലും ജീവന് ഭീഷണിയായാണ് അവർ കാണുന്നത്.അതിനാൽ ഗൾഫിൽ നിന്നും ഏറെ പ്രയാസപ്പെട്ട് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾ നാട്ടിലെ എല്ലാ സുരക്ഷാ നിർദേശങ്ങളും പാലിക്കണമെന്നാണ് ഇവർ അഭ്യർത്ഥിക്കുന്നത്.

വീട്ടിൽ സൗകര്യങ്ങളുള്ളവർക്ക്  ഇൻസ്റ്റിറ്റ്യുഷണൽ ക്വറന്റൈൻ നിർബന്ധമില്ലാതായതോടെ വീടുകളിൽ തിരിച്ചെത്തുന്നവരും സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അത് വലിയ അപകടത്തിനിടയാക്കും.അതുകൊണ്ടു തന്നെ വന്ദേ ഭാരത് മിഷൻ വഴിയോ ചാർട്ടേഡ് വിമാനങ്ങളിലോ നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികൾ തുടക്കം മുതൽ അവസാനം വരെ  അതാത് സ്ഥലങ്ങളിലെ ബന്ധപ്പെട്ട അധികൃതർ നൽകുന്ന എല്ലാ നിർദേശങ്ങളും കൃത്യമായി പാലിക്കുക തന്നെ വേണം.

നിർബന്ധമായും ഓർത്തിരിക്കേണ്ട ചില നിർദേശങ്ങൾ ചുവടെ :

  • നാട്ടിലെത്തിയാൽ വിമാനത്താവളത്തിൽ നൽകേണ്ട എല്ലാ വിവരങ്ങളും യാത്രക്ക് മുമ്പ് തന്നെ കുറിച്ച് വെച്ച് സൂക്ഷിക്കുന്നത് നന്നാവും. പേന,പേപ്പർ എന്നിവ സ്വന്തമായി കരുതണം. പഴയ ശീലമനുസരിച്ച് മറ്റുള്ളവരിൽ നിന്ന് പേന വാങ്ങി ഉപയോഗിക്കരുത്.
  • യാത്രയിൽ പാകത്തിനുള്ള ഹാൻഡ്ബാഗ് കയ്യിൽ കരുതുക.സാനിടൈസർ,രണ്ടോ അതിൽ കൂടുതലോ ഗ്ലൗസും മാസ്കുകളും ഇതിൽ സൂക്ഷിക്കാം. 
  • ശരീരം മുഴുവൻ മറക്കുന്ന തരത്തിലുള്ള പി.പി.ഇ കിറ്റുകൾ യാത്രയിൽ ഉപയോഗിക്കാൻ പറ്റുമെങ്കിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാം.പ്രായമായവരോ മറ്റ് ഗുരുതരമായ അസുഖങ്ങൾ ഉള്ളവരോ ആണെങ്കിൽ വിമാന യാത്രയിൽ ഉൾപെടെ പിപിഇ കിറ്റ് ഉപയോഗിക്കുന്നത് നന്നാവും.
  • വിമാനത്താവളത്തിൽ വെച്ചോ വിമാനത്തിനകത്തോ ഒരു കാരണവശാലും മാസ്ക് എടുത്ത് മാറ്റരുത്. കൈകൊണ്ടു മുഖത്തോ കണ്ണിലോ സ്പർശിക്കുന്നത് ഒഴിവാക്കുക.
  • വിമാനത്താവളത്തിലോ വിമാനത്തിനകത്തോ ടോയിലറ്റ് ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.അഥവാ ഉപയോഗിക്കേണ്ടി വന്നാൽ പുറത്തിറങ്ങിയ ശേഷം  സാനിടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. 
  • ടിക്കറ്റിനൊപ്പം ലഭിക്കുന്ന ഫോമുകൾ യാത്രക്ക് മുമ്പ് തന്നെ പൂരിപ്പിച്ചു കയ്യിൽ കരുതുക.
  • വിമാനത്താവളം മുതൽ യാത്രയിലുടനീളം സാമൂഹിക അകലം പാലിക്കുക. സഹയാത്രക്കാരുമായി തൽകാലം സംസാരം ഒഴിവാക്കുക.യാത്രയിലെ ബോറടി മാറ്റാൻ ഇഷ്ടമുള്ള സിനിമകളോ മറ്റു പരിപാടികളോ മൊബൈലിൽ ഡൗൺ ലോഡ് ചെയ്ത് സൂക്ഷിക്കുക.യാത്രയിൽ ബാറ്ററി തീരില്ലെന്ന് ഉറപ്പാക്കുക.വായന ഇഷ്ടമുള്ളവർ പുസ്തകം കയ്യിൽ കരുതുക.
  • വീട്ടിൽ നിന്ന് ഇറങ്ങുന്നതി മുമ്പ് ഭക്ഷണം കഴിക്കുക.ഒരു കുപ്പി വെള്ളം കയ്യിൽ കരുതുക.
  • കുട്ടികൾ കൂടെ ഉണ്ടെങ്കിൽ അവരെ ഓടി നടക്കാനോ എവിടെയും സ്പർശിക്കാനോ അനുവദിക്കരുത്.ഒപ്പം തന്നെ ഇരുത്തുക.
  • നാട്ടിലെ വിമാനത്താവളത്തിൽ എത്തിയാൽ അവിടെ നിന്ന് ലഭിക്കുന്ന എല്ലാ നിർദേശങ്ങളും കൃത്യമായി പിന്തുടരുക.പോലീസിന്റെയോ ആരോഗ്യപ്രവർത്തകരുടെയോ ബന്ധപ്പെട്ട അധികൃതരുടെയോ കണ്ണുവെട്ടിച്ച് ഒന്നും ചെയ്യാതിരിക്കുക.കാരണം നിങ്ങളുടെ കുടുംബത്തിന്റെ മാത്രമല്ല നാട്ടുകാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതും നിങ്ങളുടെ ഉത്തരവാദിത്തമാണ്.
  • ഇനിയും നാട്ടിലേക്ക് പോകാൻ ഗൾഫ് രാജ്യങ്ങളിലെ എംബസികളിൽ നിന്ന് അറിയിപ്പൊന്നും ലഭിക്കാത്തവർ അൽപം കൂടി ക്ഷമയോടെ കാത്തിരിക്കുക. എംബസിയുടെ നമ്പർ തരപ്പെടുത്തി വിളിച്ചത് കൊണ്ടോ നേരിട്ട് ഇന്ത്യൻ എംബസിയിൽ പോയതുകൊണ്ടോ പ്രയോജനമില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക     


Latest Related News