Breaking News
മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  |
ഖത്തറിൽ ആദ്യഘട്ട ഇളവുകൾ നാളെ തുടങ്ങും,മാളുകളിലെ ഔട്‍ലെറ്റുകളും പാർക്കുകളും പള്ളികളും ഉപാധികളോടെ തുറക്കും 

June 14, 2020

June 14, 2020

ദോഹ : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്തറിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നാളെ(തിങ്കളാഴ്ച) മുതൽ ഇളവുകൾ അനുവദിച്ചു തുടങ്ങും. രാജ്യത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്നും ആദ്യഘട്ടം ജൂൺ 15 ന് നിലവിൽ വരുമെന്നും വിദേശകാര്യ സഹമന്ത്രിയും  സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവുമായ ലുലുവ അല്‍ ഖാത്തര്‍ അറിയിച്ചിരുന്നു.. നാല് ഘട്ടങ്ങളായാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത്.ഇതനുസരിച്ച് തിങ്കളാഴ്ച ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ മാളുകളിലെയും  വാണിജ്യ സമുച്ചയങ്ങളിലെയും വാണിജ്യ സ്ഥാപനങ്ങൾ,ചില പള്ളികൾ,പാർക്കുകൾ എന്നിവ ഉപാധികളോടെ തുറക്കും.സ്വകാര്യ ക്ലിനിക്കുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും നാളെ മുതൽ കൂടുതൽ പ്രവർത്തനാനുമതി നൽകും.

മാളുകളിലെ സമയക്രമവും നിബന്ധനകളും

  • രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണിവരെ വരെയാണ് പ്രവർത്തിക്കാൻ അനുമതിയിയുണ്ടാവുക.
  • ഇഹ്തിറാസ് ആപ്പില്‍ പച്ച  തെളിയുന്നവരെ മാത്രമാണ് മാളുകളിലും വാണിജ്യ സമുച്ചയങ്ങളിലും പ്രവേശിപ്പിക്കുക.
  • മാസ്ക് ധരിക്കണം.മാളിൽ നിന്ന് പുറത്തിറങ്ങുന്നത് വരെ മാസ്ക് നീക്കം ചെയ്യാൻ പാടില്ല.
  • 12 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.
  • പ്രവേശന കവാടത്തില്‍ ശരീര താപനില പരിശോധിക്കും. 38 ഡിഗ്രിയില്‍ കൂടുതല്‍ ഉള്ളവരെ കടത്തിവിടില്ല
  • വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മൊത്തം ശേഷിയുടെ 50 ശതമാനം മാത്രമായിരിക്കും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുക.
  • പ്രവേശന കവാടത്തിലോ പരിസരത്തോ  കൂട്ടംകൂടി നില്‍ക്കരുത്.
  • ടാക്‌സികൾ യാത്രക്കാരെ കാത്തുനിൽക്കാൻ പാടില്ല.
  • ഷോപ്പിങ് സെന്ററുകളില്‍ 300 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയില്ലാത്ത കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി നൽകുക. മാളുകൾക്കകത്തെ ഹോം ഡെലിവറി സേവനം നല്‍കുന്ന റസ്‌റ്റോറന്റുകളും മധുരപലഹാര കടകളും തുറക്കാം.(നേരത്തെ മാളുകൾക്കും വാണിജ്യ സമുച്ചയങ്ങൾക്കും പുറത്തുള്ള കഫെകൾക്കും റെസ്റ്റോറന്റുകൾക്കും മാത്രമാണ് അനുമതി നൽകിയിരുന്നത്)
  • ഗെയിമിങ് സെന്ററുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, സ്‌കേറ്റ്‌ബോര്‍ഡ് അരീനകള്‍, പ്രാര്‍ഥനാ ഹാളുകള്‍, സിനിമാ ഹാളുകള്‍ എന്നിവ തുറക്കില്ല. മാളുകളിലും ഷോപ്പിങ് സെന്ററുകളിലും കലാ, സാംസ്‌കാരിക, വിനോദ പരിപാടികള്‍ അനുവദിക്കില്ല
  • മാളിന്റെ മൊത്തം ശേഷിയില്‍ 30 ശതമാനം മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടുള്ളു.
  • മാളുകളുടെയും വാണിജ്യ സമുച്ചയങ്ങളിലെയും പ്രവേശന കവാടങ്ങളിൽ പുകവലി അനുവദിക്കില്ല. ആഷ്ട്രേകള്‍  നീക്കം ചെയ്യണം
  • സ്‌റ്റോറിന്റെ ശേഷിക്ക് അനുസരിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. ഒമ്പതു ചതുരശ്ര മീറ്ററില്‍ ഒരാള്‍ എന്നതാണ് ഇതിന്റെ തോത്.
  • വാരാന്ത്യ ദിനങ്ങളായ വെള്ളി,ശനി ദിവസങ്ങളിൽ പ്രവർത്തിക്കരുത്.
  • ഔട്ട്‌ലെറ്റ് മുഴുവനായി തുടര്‍ച്ചയായി അണുനശീകരണം നടത്തണം.


സ്വകാര്യ ക്ലിനിക്കുകൾ

രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും  എല്ലാ സ്‌പെഷ്യാലിറ്റികളും തിങ്കളാഴ്ച്ച മുതല്‍ തുറന്നു പ്രവർത്തിക്കാൻ  ആരോഗ്യമന്ത്രാലയം അനുമതി നൽകി. മൊത്തം ശേഷിയുടെ 40 ശതമാനം മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിബന്ധന. സേവനങ്ങൾ പരമാവധി  ടെലി മെഡിസിന്‍ സര്‍വീസ് വഴിയാക്കണം.

അതേ സമയം, വീടുകളിൽ ചെന്നുള്ള ഡോക്ടര്‍മാരുടെ സേവനം, ഫിസിയോ തെറാപ്പി, ദിവസേനയുള്ള നഴ്‌സിങ് എന്നിവയ്ക്കുള്ള നിരോധനം തുടരും.

പാർക്കുകൾ തുറക്കുമ്പോൾ

തിങ്കളാഴ്ച്ച മുതല്‍ ഏതാനും പബ്ലിക് പാര്‍ക്കുകള്‍ തുറക്കാൻ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. അല്‍ വക്‌റ പബ്ലിക് പാര്‍ക്ക്, അല്‍ ഖോര്‍ പാര്‍ക്ക്, അല്‍ ഖുതൈഫ പാര്‍ക്ക്, അല്‍ ശമാല്‍ സിറ്റി പാര്‍ക്ക്, അല്‍ സൈലിയ പാര്‍ക്ക്, അല്‍ ദഫ്‌ന പാര്‍ക്ക്, അല്‍ റയ്യാന്‍  മ്യൂസിയം പാര്‍ക്ക് എന്നിവയാണ് ആദ്യഘട്ടത്തില്‍ തുറക്കുക.

രാവിലെ 4 മുതല്‍ 9 വരെയും വൈകീട്ട് 4 മുതല്‍ രാത്രി 10വരെയും പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. പാര്‍ക്കിലെത്തുന്നവർ  ഇഹ്തിറാസ് ആപ്പില്‍ പച്ച തെളിഞ്ഞതായി കാണിക്കണം.  ശരീര താപനില പരിശോധിച്ചാണ് അകത്തേക്കു പ്രവേശിപ്പിക്കുക. വ്യായാമത്തിന് മാത്രമായാണ് ഇപ്പോള്‍ പാര്‍ക്കുകള്‍ അനുവദിക്കുകയെന്നും വെറുതെ പാർക്കിൽ ചെന്നിരിക്കാൻ പാടില്ലെന്നും മുനിസിപ്പൽ പരിസ്ഥിതി മന്ത്രാലയം നിർദേശിച്ചു.

പള്ളികൾ തുറക്കും
ജൂണ്‍ 15ന് ആരംഭിക്കുന്ന ആദ്യ ഘട്ടത്തില്‍ രാജ്യത്തെ ചില പള്ളികൾ പ്രാർത്ഥനക്കായി തുറക്കും. വലിയ ജനസാന്ദ്രതയില്ലാത്ത പ്രദേശങ്ങളിലെ 494 പള്ളികളാണ് ആദ്യഘട്ടത്തിൽ തുറക്കുക. തുറക്കുന്ന പള്ളികളുടെ പട്ടിക ഔഖാഫ് മതകാര്യ മന്ത്രാലയം ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

  • മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി, മസ്ജിദുകളിലെ കുളിമുറികളും അംഗശുദ്ധി സൗകര്യവും അടച്ചിടും. പ്രാര്‍ഥനയ്ക്കെത്തുന്നവര്‍ വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തേണ്ടിവരും. ബാങ്ക് വിളിയുടെ സമയത്ത് മാത്രമേ പള്ളികൾ  തുറക്കൂ എന്നതിനാല്‍ വിശ്വാസികള്‍ നേരത്തേ എത്താന്‍ ശ്രമിക്കരുത്. മസ്ജിദിന് അകത്ത് രണ്ട് മീറ്റര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കണം.
  • കൈയുറ ധരിച്ചിട്ടുണ്ടെങ്കിലും ഹസ്തദാനം പാടില്ല. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മുഖവും മറയ്ക്കണം. മസ്ജിദില്‍ പ്രവേശിക്കും മുമ്പ് ഇഹ്തിറാസ് ആപ്പ് കാണിക്കണം. പ്രാര്‍ഥനയ്ക്കെത്തുന്നവര്‍ മുസല്ല(പ്രാര്‍ഥനാ വിരിപ്പ്) കൊണ്ടുവരണം. ഇതു മറ്റുള്ളവരുമായി പങ്കുവയ്ക്കാനോ മസ്ജിദിന് അകത്ത് ഉപേക്ഷിച്ചു പോകാനോ പാടില്ല. ഖുര്‍ആന്‍ പാരായണം ആഗ്രഹിക്കുന്നവര്‍ സ്വന്തമായി മുസ്ഹഫുകള്‍ കൊണ്ടുവരണം. ഇത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനോ മൊബൈലില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാനോ പാടില്ല.

ആദ്യഘട്ടത്തിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് അനുമതിയുണ്ടാവില്ല.  ആഗസ്തില്‍ ആരംഭിക്കുന്ന മൂന്നാംഘട്ടത്തില്‍ രാജ്യത്തെ 54 മസ്ജിദുകളില്‍ ജുമുഅ പ്രാര്‍ഥന അനുവദിക്കും. സപ്തംബറില്‍ ആരംഭിക്കുന്ന നാലാംഘട്ടത്തിലാണ് മസ്ജിദുകള്‍ തുറക്കുന്നത് പൂര്‍ണമാവുക.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News