Breaking News
ഖത്തറിലെ അൽ വക്രയിൽ പുതിയ പാർക്ക് വരുന്നു  | അസ്ഥിരമായ കാലാവസ്ഥ: യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം; മെട്രോ സര്‍വീസിലും മാറ്റം | ഇസ്രായേലിന്റെ വ്യോമാക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹമാസ് നേതാവിന്റെ ചെറുമകൾ മരിച്ചു ​ | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: ഉദ്ഘാടന മത്സരത്തിൽ ഖത്തറിന് വിജയം  | ശക്തമായ മഴ: ഖത്തറിൽ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും മാറ്റം | കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ മരിച്ചു | ഒമാനിൽ മഴ: മരണം 18 ആയി | ഖത്തറിൽ അതിശക്തമായ മഴ; സർക്കാർ സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ജിസിസി-മധ്യേഷ്യ കരട് കരാറിൽ ചർച്ച നടത്തുമെന്ന്  ഖത്തർ പ്രധാനമന്ത്രി | ഖത്തറില്‍ ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത |
കോവിഡാണെങ്കിലും ഖത്തറിൽ ഈ ദേശീയ ദിനം പൊളിക്കും,ചില കാരണങ്ങളും പ്രതീക്ഷകളും 

December 17, 2020

December 17, 2020

അൻവർ പാലേരി

ദോഹ : നാളെ ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിന് ഇത് ഇരട്ടി മധുരം.ദീർഘനാൾ നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം അതിജീവനത്തിന്റെയും ശോഭനമായ ഭാവിയിലേക്കുള്ള പ്രതീക്ഷകളുടെയും വാതിലുകൾ മലർക്കെ തുറന്നിട്ടാണ് ഖത്തർ ഇത്തവണ ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നത്.കുട്ടിക്കുറുമ്പുകളും കുടുംബ സമേതമുള്ള ആഘോഷ തിമിർപ്പുകളും കൊണ്ട് ശബ്ദമുഖരിതമാകാറുള്ള ദർബ് അൽ സായി മൈതാനം കുഞ്ഞൻ വൈറസിന്റെ ഒളിയാക്രമണം ഭയന്ന് ഇത്തവണ മൗനത്തിലാണെങ്കിലും ദേശീയ ദിനത്തിന്റെ ആവേശത്തിന് ഒട്ടും കുറവുണ്ടാകാൻ ഇടയില്ല.സമൂഹ മാധ്യമങ്ങളിലൂടെ ദേശീയ ദിന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തും പരസ്പരം ആശംസകൾ അറിയിച്ചും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹവും ആഘോഷത്തിമർപ്പിൽ തന്നെയാണ്.

ദേശീയ ദിനത്തിന് നിറശോഭ വർധിപ്പിക്കുന്ന ഒട്ടേറെ കാരണങ്ങളുടെ നിറവിൽ കൂടിയാണ് രാജ്യം ഇത്തവണ ആഘോഷങ്ങളിലേക്ക് മിഴി തുറക്കുന്നത്.രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും മനസ്സിൽ പ്രതീക്ഷയുടെ വിത്തുപാകുന്ന ഈ കാരണങ്ങൾ മുൻനിർത്തി  തന്നെ കോവിഡ് നിയന്ത്രങ്ങളുടെ പിടി ഒട്ടും അയയാതെ കഴിയാവുന്ന വിധത്തിൽ ആഘോഷം കെങ്കേമമാക്കാൻ തന്നെയാണ് എല്ലാവരുടെയും തീരുമാനം.

ഗൾഫ് രാജ്യങ്ങളുടെ ഐക്യത്തിനും സഹവർത്തിത്വത്തിനും വിള്ളലുകൾ വീഴിത്തി 2017 ജൂൺ അഞ്ചിന് ഏതാനും ചില അയൽ രാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കപ്പെടാനുള്ള സാധ്യതകൾ എന്നത്തേക്കാളുമുപരി ഫലപ്രാപ്തിയിലെത്തിയ ഘട്ടത്തിലാണ് രാജ്യം ഇത്തവണ ദേശീയ ദിനം ആഘോഷിക്കുന്നത്. ഗൾഫ് രാജ്യങ്ങൾക്കിടയിൽ മഞ്ഞുരുക്കത്തിന്റെ സൂചനകൾ നൽകി കുവൈത്തും സൗദിയും കുറേകൂടി വ്യക്തമായ സൂചനകൾ നൽകിയതോടെ ദേശീയ ദിനത്തോടൊപ്പം 2021 ഉം ഖത്തറിനൊപ്പം എല്ലാ ഗൾഫ് രാജ്യങ്ങൾക്കും ഉണർവിന്റെയും തിരിച്ചുവരവിന്റെയും പ്രതീക്ഷാ നിർഭരമായ സാധ്യതകളാണ് തുറക്കുന്നത്.സർവമേഖലകളിലും പരസ്പര സഹകരണത്തോടെ മാത്രം നിലനിൽക്കുകയും വളർച്ച പ്രാപിക്കുകയും ചെയ്യുന്ന സവിശേഷ സമ്പദ് ഘടനയുള്ള ഗൾഫ് രാജ്യങ്ങളിൽ ഉപരോധമുണ്ടാക്കിയ മുറിവുകൾ പ്രവാസി സമൂഹത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്.എന്നെങ്കിലുമൊരിക്കൽ എല്ലാം നേരെയാവുമെന്ന പ്രതീക്ഷയിൽ വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെ നാട്ടിൽ സ്വരുക്കൂട്ടിയതെല്ലാം വിറ്റഴിച്ച് പിടിച്ചു നിൽക്കാൻ ശ്രമിച്ച മലയാളികൾ ഉൾപെടെയുള്ള പ്രവാസി സമൂഹത്തിന് ഇത് സംബന്ധിച്ച ചെറിയ പ്രതീക്ഷകൾ പോലും അത്രയേറെ വിലപ്പെട്ടവയാണ്.

ഇതിനു പുറമെ, 2022 ലെ ഫിഫാ ലോകകപ്പെന്ന ലക്‌ഷ്യം മുൻനിർത്തി കോടിക്കണക്കിന് റിയാൽ ചിലവഴിച്ചു ഖത്തറിൽ പൂർത്തിയാക്കിയ സന്നാഹങ്ങളും ഒരുക്കങ്ങളും ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ വെറുതെയാകുമോ എന്ന ആശങ്കയും പ്രവാസികൾക്കിടയിൽ രൂഢമൂലമായിരുന്നു.എന്നാൽ ഇക്കാര്യത്തിലും മാസങ്ങൾക്ക് മുമ്പ് തന്നെ അന്തിമ തീർപ്പുണ്ടായതോടെ കളിയാവേശത്തിനൊപ്പം രാജ്യത്തിന്റെ പ്രതീക്ഷകളും വാനോളം ഉയരുകയായിരുന്നു.ഇതിനു പിന്നാലെ ലോകോത്തര പരിശീലന ക്ലബുകളും പരിശീലകരും അനുബന്ധ വ്യവസായങ്ങളും ഖത്തറിന്റെ മണ്ണിൽ ചുവടുറപ്പിച്ചു തുടങ്ങിയതോടെ ഏറെക്കുറെ നിരാശയിലാണ്ടു പോയ പ്രവാസി സമൂഹത്തിന് അത് നൽകിയ ഉണർവും ആവേശവും ചില്ലറയായിരുന്നില്ല.

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും വാശിയേറിയ മത്സരത്തിനും ശേഷം 2030 ലെ ഏഷ്യൻ ഗെയിംസിനുള്ള വേദിയായി ഖത്തറിനെ തെരഞ്ഞെടുത്തുകൊണ്ടുള്ള അന്തിമ പ്രഖ്യാപനമുണ്ടായത് ദേശീയ ദിനത്തിന് രണ്ടു ദിവസം മുമ്പ് മാത്രമാണ്.ഒമാനിൽ ചേർന്ന 45 മത് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഓ.സി.എ) സമിതി യോഗത്തിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ചെയർമാൻ ശൈഖ് അഹമദ് ഫഹദ് അൽ അഹ്‌മദ്‌ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചതോറ്റ ഖത്തർ ലോക കായിക ഭൂപടത്തിലെ നിർണായക പദവിയിലേക്ക് ഒരിക്കൽ കൂടി ഉയർത്തപ്പെടുകയായിരുന്നു.കിടമാത്സര്യം ഒഴിവാക്കി അന്തിമ പട്ടികയിലെത്തിയ സൗദിക്കും ഖത്തറിനുമിടയിൽ സമവായത്തിന്റെ പരിഹാരമാണ് തേടുന്നതെന്ന് ശൈഖ് അഹമദ് ഫഹദ് അൽ അഹ്‌മദ്‌ തലേദിവസം അറിയിച്ചിരുന്നു. ഒടുവിൽ അതുതന്നെ സംഭവിച്ചു.2030 ലെ ഏഷ്യൻ ഗെയിംസ് ഖത്തറിലും 2034 ലെ ഏഷ്യൻ ഗെയിംസ് സൗദിയിൽ നടത്താനുമാണ് തീരുമാനം.ഉപരോധത്തിന്റെ പേരിൽ പരസ്പരം അകന്നുകഴിഞ്ഞിരുന്ന രാജ്യങ്ങൾക്കിടയിൽ സമവായത്തിന്റെ പരിഹാരം കണ്ടെത്തിയതിലൂടെ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം പഴയ പടിയിലാക്കുന്നതിനുള്ള നല്ല ചുവടുവെപ്പ് കൂടിയായി ഈ നീക്കത്തെ വിദഗ്ധർ വിലയിരുത്തുന്നു.

അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ലോകകപ്പ് മാതൃകയില്‍ അറബ് കപ്പ് സംഘടിപ്പിക്കാനുള്ള ഫിഫയുടെ  തീരുമാനമാണ് ഈ ദേശീയ ദിനത്തിന് നിറം കൂട്ടുന്ന മറ്റൊരു കാരണം. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫാന്റിനോ ഇക്കാര്യം അറിയിച്ചത്.അടുത്ത വര്‍ഷം ഖത്തറില്‍ വെച്ചാണ് ടൂര്‍ണമെന്‍റ് നടക്കുക. 2022 ലോകകപ്പിന്‍റെ മുന്നൊരുക്കമെന്ന നിലയിലാണ് ടൂര്‍ണമെന്‍റ് നടക്കുക. അറബ്, ആഫ്രിക്കന്‍ മേഖലകളില്‍ നിന്നായി മൊത്തം 22 രാജ്യങ്ങളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക. 2021 ഡിസംബര്‍ 1 മുതല്‍ 18 വരെയാണ് മത്സരങ്ങള്‍. ലോകകപ്പിനായി ഖത്തര്‍ പണികഴിപ്പിച്ച സ്റ്റേഡിയങ്ങളില്‍ വെച്ച് ലോകകപ്പ് മത്സരങ്ങളുടെ അതെ സമയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടത്തുക.

ആതിഥേയരായ ഖത്തറിന് പുറമെ ബഹ്റൈന്‍ ഇറാഖ് ജോര്‍ദ്ദാന്‍, കുവൈത്ത്, ലബനന്‍, ഒമാന്‍, പലസ്തീന്‍, സൌദി അറേബ്യ, സിറിയ, യുഎഇ, യെമന്‍ എന്നീ ടീമുകളാണ് മധ്യേഷ്യയില്‍ നിന്നും ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക. ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് അള്‍ജീരിയ, കോമറോസ്, ജിബൂത്തി, ഈജിപ്ത്, ലിബിയ, മൌറിത്താനിയ, മൊറോക്കോ, സോമാലിയ, സുഡാന്‍, തുണീഷ്യ എന്നീ ടീമുകളും. ഫിഫ, ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍, ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി തുടങ്ങിയവരായിരിക്കും സംഘാടകര്‍.

കോവിഡ് കാലത്തെ ആത്മസമർപ്പണത്തോടെയുള്ള പ്രവർത്തനങ്ങൾക്കുള്ള ആദരവെന്ന നിലയിൽ  ദേശീയ ദിന പരേഡില്‍ ആദ്യമായി ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യം,ഖത്തർ ലോകകപ്പിനായി നിർമിച്ച റയാൻ സ്റ്റേഡിയത്തിന്റെ ഉത്ഘാടനം,48-മത് അമീര്‍ കപ്പ് ഫൈനല്‍ മത്സരം,ഖത്തറിന്റെ കറന്‍സി ശ്രേണിയിലേക്ക് 200 റിയാലിന്റെ നോട്ടുകളും പുത്തന്‍ ഡിസൈനുകളില്‍ പുതിയ കറൻസികളുടെയും വരവ് തുടങ്ങി ഒട്ടേറെ സവിശേഷതകളും ഈ വർഷത്തെ ഖത്തർ ദേശീയ ദിനത്തിനുണ്ട്.

ഏറെക്കാലത്തെ അതിജീവനത്തിനും സഹനത്തിനും ശേഷമുള്ള പ്രതീക്ഷയിലേക്കുള്ള ഊർജസ്വലമായ ചുവടുവെപ്പിന് ദൈവത്തിന് നന്ദി അറിയിച്ചു കൊണ്ടാണ് ഇത്തവണത്തെ ദേശീയ ദിനത്തിനുള്ള മുദ്രാവാക്യം തെരഞ്ഞെടുത്തതെന്ന കാര്യവും ശ്രദ്ധേയമാണ്.'സർവ്വപ്രതാപിയായ ദൈവത്തിന് സ്തുതി' എന്ന ഒരു രാജ്യത്തിന്റെ കൃതജ്ഞതാപൂർവമുള്ള ഏറ്റുപറച്ചിലായാണ് ഇത്തവണത്തെ മുദ്രാവാക്യം ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുക.

എല്ലാ വായനക്കാർക്കും ന്യൂസ്‌റൂമിന്റെ ഹൃദയം നിറഞ്ഞ ദേശീയ ദിനാശംസകൾ.

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/LZ20WFU8hdbBkgtTcfkxq7

 

 


Latest Related News