Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിൽ പുരോഗതിയെന്ന് ഖത്തർ വിദേശകാര്യ മന്ത്രി

December 04, 2020

December 04, 2020

ദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ ചില മുന്നേറ്റങ്ങൾ സംഭവിച്ചതായി ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി അറിയിച്ചു. പ്രശ്നത്തിൽ ഉടനടി പരിഹാരം കാണാനാവുമെന്നോ പൂർണമായും ഒത്തുതീർപ്പിലെത്തിയെന്നോ ഈ ഘട്ടത്തിൽ പറയാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.

“നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ സഹായകമായ ചില മുന്നേറ്റങ്ങൾ നടന്നുവരികയാണ്. ഈ രാജ്യങ്ങളിലാരോടും ഖത്തറിന് പക്ഷപാതമില്ല. നിലവിൽ കാര്യങ്ങൾ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. പരിഹാരം വാതിൽക്കലെത്തിയെന്നോ ഒറ്റദിവസത്തിനുള്ളിൽ പ്രശ്നപരിഹാരം ഉണ്ടായേക്കുമെന്നോ ഇപ്പോൾ നമുക്ക് ഉറപ്പിച്ചു പറയാൻ സാധിക്കില്ല”, ഇന്ന് പുറത്തുവിട്ട ഒരു വീഡിയോ ലിങ്കിൽ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ഗൾഫ് മേഖലയുടെയാകെ സുരക്ഷയ്ക്കും ഇവിടുത്തെ ജനങ്ങളുടെ നന്മയ്ക്കുമായി നിലവിലെ പ്രതിസന്ധിക്ക് അവസാനമുണ്ടായേ മതിയാവൂ എന്ന് അദ്ദേഹം പറഞ്ഞു. പരസ്പര ബഹുമാനത്തോടെയും ഗൾഫിലെ ജനങ്ങളുടെ അവകാശത്തെ സംരക്ഷിച്ചുകൊണ്ടുമാവണം പ്രതിസന്ധിക്ക് പരിഹാരമുണ്ടാവേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"മറ്റ് രാജ്യങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ സ്ഥാപിക്കാനുള്ള അവകാശം ആർക്കുമില്ല. വ്യത്യസ്തതകളെ പരസ്പരം മനസിലാക്കി അവയെ തരണം ചെയ്യണം. ഏതെങ്കിലും വിഷയത്തിൽ എതിർപ്പോ എതിരഭിപ്രായമോ വന്നാൽ അവ പരിഹരിച്ച് മുന്നോട്ട് പോവാനുള്ള ചർച്ചകളും നടത്തണം. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ പരസ്പരം ബഹുമാനിച്ചുകൊണ്ടാവണം നാം തമ്മിൽ ബന്ധങ്ങൾ കെട്ടിപ്പെടുത്തേണ്ടത്" അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപരോധ രാജ്യങ്ങളിൽ ചിലരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രശ്ന പരിഹാരത്തിനാണ് സാധ്യതയെന്ന തരത്തിൽ ചില ഊഹാപോഹങ്ങൾ നിലനില്ക്കുന്നുണ്ടെങ്കിലും ഖത്തർ വിദേശകാര്യമന്ത്രി ഇത്തരം സാധ്യതകളെ തള്ളിക്കളഞ്ഞു.

“ഖത്തറുമായും മറ്റ് നാല് ഉപരോധ രാജ്യങ്ങളുമായും സംയുക്തമായാണ് കുവൈത്ത് മധ്യസ്ഥ ചർച്ചകളിൽ ഏർപ്പെടുന്നത്. എല്ലാ വശങ്ങളും പരിഗണിച്ചു കൊണ്ടുള്ള അന്തിമ തീരുമാനമേ ഉണ്ടാവുകയുള്ളൂ എന്ന് ഞങ്ങൾക്ക് ഉറപ്പാണ്“, വിദേശകാര്യമന്ത്രി പറഞ്ഞു.

“ഗൾഫ് മേഖലയിലെ പ്രതിസന്ധിക്ക് അന്തിമ പരിഹാരമുണ്ടായാലും ഇതിനോടകം സംഭവിച്ചു കഴിഞ്ഞ മുറിവുണങ്ങാൻ ഇനിയും സമയമെടുത്തേക്കാം. ഒരു രാജ്യത്തെ (സൌദി അറേബ്യ) മാത്രം മുഖവിലയ്ക്ക് എടുക്കാതെ എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാവും പ്രശ്നപരിഹാരമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. എല്ലാ വിഭാഗത്തിൽപ്പെട്ടവരുമായും ഞങ്ങൾ ചർച്ച നടത്തുന്നുണ്ട്. എല്ലാ പരിശ്രമങ്ങൾക്കും ഒടുവിൽ ഗൾഫ് മേഖലയുടെ ഐക്യം യാഥാർത്ഥ്യമാവും“, ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ഗൾഫിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കുവൈത്തിൻറെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ മുൻപും നിരവധി തവണ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഏതാണ്ട് ഒരു വർഷം മുൻപ് ‘ചില പുരോഗതികൾ’ ഉണ്ടായതായും ഖത്തർ വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു.

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഉപദേഷ്ടാവ് കുഷ്ണർ ബുധനാഴ്ച ഖത്തർ അമീറുമായി ചർച്ച നടത്തിയതിന് ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ പ്രതിസന്ധി പരിഹരിച്ചതായി പ്രഖ്യാപനം ഉണ്ടാകുമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു. ഉന്നത ഗൾഫ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് ആ വാർത്ത നൽകിയത്.

കുവൈത്തിൽ വെച്ചായിരിക്കും പ്രഖ്യാപനമെന്നും രാത്രിയിലായിരിക്കുമെന്നും ഖത്തറി സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. എന്നാൽ ഖത്തർ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത് പരിഹാര ഫോർമുല തീരുമാനമായെങ്കിലും പ്രഖ്യാപനം ഏതെങ്കിലും ദിവസങ്ങൾ കൂടി വൈകാൻ സാധ്യതയുണ്ട് എന്നാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News