Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
സ്‌കൂളിൽ ബെല്ലടിച്ചു,ആദ്യ രണ്ടാഴ്ച ഹാജർ നില പരിഗണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം 

September 01, 2020

September 01, 2020

ദോഹ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ഖത്തറിലെ സ്‌കൂളുകളിൽ മാസങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷം ഇന്ന് വീണ്ടും മണി മുഴങ്ങി.കോവിഡിന്റെ പശ്ചാത്തലത്തിൽ ഏറെ ആശങ്കകളോടെയാണ് മലയാളികൾ ഉൾപെടെയുള്ള രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കുന്നതെങ്കിലും എല്ലാ മുൻകരുതലുകളും പൂർത്തിയാക്കിയാണ് വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഘട്ടം ഘട്ടമായി കുട്ടികളെ വിദ്യാലയങ്ങളിൽ തിരിച്ചെത്തിക്കുന്നത്. 

അതേസമയം,പ്രതീക്ഷിച്ചതിനേക്കാൾ വളരെ കുറച്ച് കുട്ടികൾ മാത്രമാണ് ഇന്ന് മിക്ക ഇന്ത്യൻ സ്‌കൂളുകളിലും എത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഒരു ക്‌ളാസ് മുറിയിൽ ഏഴ് കുട്ടികളെ വരെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഓരോ ക്‌ളാസിലും മൂന്നോ നാലോ കുട്ടികൾ മാത്രമാണ് ഇന്ന് ഹാജരായത്. .ഇപ്പോൾ സ്‌കൂൾ തുറക്കുന്നതിൽ എൺപത് ശതമാനം രക്ഷിതാക്കളും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.നേരത്തെ ഒരു പ്രമുഖ പത്രം നടത്തിയ സർവേയിൽ ഡിസംബർ വരെയെങ്കിലും ഓൺലൈൻ പഠനം തുടരണമെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.

ക്ലാസ് മുറി-ഓൺലൈൻ മിശ്ര പഠന സംവിധാനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ഇന്നാരംഭിക്കുന്ന അധ്യയന വർഷത്തിന്റെ ആദ്യ സെമസ്റ്ററിൽ മിശ്ര പഠന സംവിധാനമാണ് നടക്കുക.നവംബർ വരെ പ്രതിദിനം 30 ശതമാനം വിദ്യാർഥികൾ മാത്രം സ്‌കൂളിലെത്തിയാൽ മതിയെന്നാണ് നിർദേശം.ഇതുപ്രകാരം ഒരു വിദ്യാർഥി ആഴ്ചയിൽ പരമാവധി 2 തവണ സ്‌കൂളിലെത്തി പഠിക്കണം.ഓരോ ക്ലാസ് മുറികളിലും പ്രതിദിനം പരമാവധി 15 കുട്ടികൾ മാത്രമേ പാടുള്ളു. എത്ര വിദ്യാർഥികൾ സ്‌കൂളിലെത്തണം, എത്ര പേർ ഓൺലൈൻ പഠനത്തിൽ പങ്കെടുക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ ഷെഡ്യൂൾ ഓരോ സ്‌കൂളുകളും രക്ഷിതാക്കൾക്ക് നൽകിയിട്ടുണ്ട്.മുഴുവൻ സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാരും കോവിഡ്-19 പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്.അധ്യാപകർ ഉൾപെടെ കോവിഡ് നെഗറ്റിവ് ആയ ജീവനക്കാർ മാത്രമാണ് ഇന്ന് മുതൽ സ്‌കൂളുകളിൽ എത്തുന്നത്.

ഇതിനിടെ,ആദ്യത്തെ രണ്ടാഴ്ച്ച കുട്ടികള്‍ ഹാജരാവാത്തത് പരിഗണിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്‌റാഹിം അല്‍ നുഐമി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കുന്നതിന് സമയം അനുവദിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ അവസാനിച്ച രണ്ടാം റൗണ്ട് പരീക്ഷയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ആര്‍ക്കും കോവിഡ് കണ്ടെത്തിയിട്ടില്ലെന്ന് ഡോ. അല്‍ നുഐമി പറഞ്ഞു. ഖത്തറിലെ പൊതു, സ്വകാര്യ സ്‌കൂളുകള്‍ മുഴുവന്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌കൊണ്ട് വിദ്യാര്‍ഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുട്ടികള്‍ ഫേസ് മാസ്‌ക്ക് ധരിക്കുന്നുണ്ടെന്നും ഉയര്‍ന്ന ശരീരോഷ്മാവ് ഇല്ലെന്നും രക്ഷിതാക്കള്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ ആരോഗ്യ മന്ത്രാലയം വിദ്യാര്‍ഥികള്‍ക്കിടയില്‍ റാന്‍ഡം കോവിഡ് ടെസ്റ്റ് നടത്തും.

പുതിയ അധ്യയന വര്‍ഷം ലുസൈല്‍ യൂനിവേഴ്‌സിറ്റി തുറന്നു പ്രവര്‍ത്തനമാരംഭിക്കും. 800ഓളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കാനെത്തുക. ലിവര്‍ പൂള്‍ ജോണ്‍ മൂര്‍സ് യൂനിവേഴ്‌സിറ്റിയുടെ ശാഖയും ഖത്തറില്‍ ആരംഭിക്കും.

2020-21 വിദ്യാഭ്യാസ വര്‍ഷം 3,40,000 വിദ്യാര്‍ഥികളാണ് ഖത്തറിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളില്‍ എത്തുക. അഞ്ച് പുതിയ സര്‍ക്കാര്‍ സ്‌കളുകളും 13 സ്വകാര്യ സ്‌കൂളുകളും കിന്റര്‍ ഗാര്‍ട്ടനുകളുമാണ് രാജ്യത്ത് പുതുതായി ആരംഭിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം 283 ആയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 334 ആയും വര്‍ധിക്കും.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News